അക്കിത്തത്തെ കുറിച്ച് വ്യക്തിപരമായി അനവധി കാര്യങ്ങള്‍ എനിക്ക് ഓര്‍മിക്കാന്‍ ഉണ്ട്. 1967ലാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുന്നത് അന്ന് അദ്ദേഹം കോഴിക്കോട് ആകാശവാണിയിലുണ്ട്. അന്നേ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിനെ പറ്റി ആലോചിക്കുമ്പോള്‍ ആദ്യം പറയാനുളളത് കണ്ടവരുണ്ടോ എന്ന കവിതയാണ്. അഞ്ച് നാടന്‍പാട്ടുകള്‍ എന്ന പുസ്തകത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണ്ടവരുണ്ടോ. അതില്‍ ചാത്തുവിനെ കണ്ടോ കുട്ട്യോളേ എന്നുപറഞ്ഞാണ് ഒരു കവിത തുടങ്ങുന്നത്. 

ചാത്തു ഒരു കാലിചെറുക്കനാണ് കാണാതായ അവനെ തിരഞ്ഞ് മുത്തശ്ശി ഇറങ്ങുന്നതാണ്. ഒരു ഘട്ടത്തില്‍ എന്റെ ഉണ്ണിക്കണ്ണനാണല്ലോ എന്ന് മുത്തശ്ശി പറയുന്നുണ്ട്. എന്നുപറഞ്ഞാല്‍ കൃഷ്ണന്‍. ഒരു ദളിത് ബാലനിലാണ് അക്കിത്തം നമുക്ക് കൃഷ്ണനെ കാണിച്ചുതന്നത്. ആത്മീയതയിലേക്ക് സമ്പന്നതയുടെയും സവര്‍ണതയുടേയും അധികാരത്തിന്റേയും രൂപങ്ങള്‍ കൊണ്ടുവരുമ്പോള്‍ അക്കിത്തം ജാതിയുടെ മേല്‍കീഴിനെതിരായിട്ട് അന്നേ ആലോചിക്കുന്നു. അക്കിത്തത്തിന്റെ രചനക്കുളള ഏറ്റവും വലിയ പ്രത്യേകത അത് ലളിതമാണ് എന്നുളളതാണ്. ഛന്ദസ്സിന്റേയോ, വൃത്തത്തിന്റേയോ പ്രശ്‌നം അക്കിത്തത്തിന് ഉണ്ടായിട്ടില്ല. ലളിതമായ പദങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം സാമാന്യമായി താളത്തില്‍ ഈണത്തില്‍ എഴുതി. നാട്ടുമൊഴിയുടെ ഭംഗിയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ അനേകം രചനകളില്‍ കാണാം. -കാരശ്ശേരി പറയുന്നു

Content Highlight: MN Karassery remembers Akkitham