സ്ഥലം കൂടല്ലൂരാണ്. ജ്ഞാനപീഠജേതാവായ എം.ടി.യെ തട്ടകവാസികള്‍ ആദരിക്കുന്ന ചടങ്ങ്, മലയാളസാഹിത്യ തറവാട്ടിലെ പ്രമുഖര്‍ വേദിയിലുണ്ട്.

മൈക്കിനുപിന്നില്‍ ഒരുമുഖം ഉദിക്കുന്നു. കുട്ടിക്കുസൃതിയും കൗതുകവും തുളുമ്പുന്ന സൂര്യതേജസ്സുള്ള ഒരുമുഖം.

നാവിന്‍തുമ്പുകൊണ്ട് വെറ്റിലത്തരി നുണഞ്ഞ് ഒരുനിമിഷത്തെ ഇടവേളയ്ക്കുശേഷം ആ മുഖത്തുനിന്ന് വാക്കുകള്‍ ഒഴുകി. കൊടിക്കുന്നത്ത് അമ്മയുടെ കാരുണ്യമാണ് കുഞ്ഞിക്കടുക്കനും കാലുറയുമിട്ടുനടന്ന കൂടല്ലൂരിലെ വാസുവിനെ ജ്ഞാനപീഠത്തിലേക്ക് പിടിച്ചുകയറ്റിയത്...

കവി അധികം പ്രസംഗിക്കരുതെന്ന് നാലാപ്പാടന്റെ വാക്കുകളദ്ദേഹം ഓര്‍ത്തുവോ? പ്രസംഗം ചുരുങ്ങിയ വാക്കുകളില്‍ തീര്‍ന്നു. മുഴങ്ങുന്ന പുരുഷശബ്ദത്തില്‍ അക്ഷരസ്ഫുടതയോടെ കണ്ണുകള്‍ പാതിയടച്ച് ഊന്നിയും നിര്‍ത്തിയും മുതുകത്ത് വരയില്ലാത്ത അണ്ണാനെക്കുറിച്ച് ഒരുകവിത തുള്ളിക്കളിച്ച് തള്ളിപ്പരന്നു.

കവിത കഴിഞ്ഞ് ഏറെനേരമായിട്ടും നിലയ്ക്കാത്ത കരഘോഷത്തിനിടയില്‍ ഒരുപെണ്‍കുട്ടി മെല്ലെ വേദിയിലിരുന്ന അക്കിത്തത്തിന് സമീപമെത്തി തൊട്ടുവിളിച്ചു ചോദിച്ചു.

മുത്തശ്ശാ, മുതുകത്തു വരയില്ലാത്ത അണ്ണാന്‍ ഉണ്ടാവ്വോ..

വിസ്തരിച്ച് ചിരിച്ച് അക്കിത്തം പറഞ്ഞു. അങ്ങനെ ഒരെണ്ണമുണ്ട്. അങ്ങ് അമേരിക്കയില്‍. അല്ലെങ്കിലും അങ്ങനെ ഒന്നിനെ ഉണ്ടാക്കാന്‍ കവിക്കാവും.

ഭാവനയുടെ അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്‍മേഖലയില്‍നിന്ന് വാക്കുകള്‍ വാരിയെറിഞ്ഞ് നക്ഷത്രങ്ങള്‍ തീര്‍ക്കുന്ന മാന്ത്രികവിദ്യ അക്കിത്തത്തിന് സിദ്ധമാണല്ലോ... അതാണല്ലോ അച്യുതകാവ്യങ്ങളുടെ മേന്മ.

കാലമേറെമുമ്പാണ് മലപ്പുറം ജില്ലയിലേക്ക് കാലുനീട്ടിയിരിക്കുന്ന അമേറ്റൂര്‍ അക്കിത്തത്തുമനയില്‍ സന്തതികളുണ്ടാവുന്നില്ല. അക്കിത്തം വാസുദേവന്‍നമ്പൂതിരിയും ഭാര്യ ചേകൂര്‍ പാര്‍വതിഅന്തര്‍ജനവും ക്ഷേത്രത്തിന്റെ മുന്നിലിരുന്ന് ഉരുകുന്ന നെയ്യിനൊപ്പം ഉരുകുന്നമനസ്സോടെ ഒരു ഉണ്ണിയുണ്ടാവണേയെന്ന് ഉഷ്ണിച്ച് പ്രാര്‍ഥിച്ചു. മനമുരുകി ഈ പ്രാര്‍ഥനയ്ക്കുപുറമേ തിരുവോണമുട്ടുകള്‍ തുറന്നു. ഗണഹോമങ്ങള്‍, ഈശ്വരസേവകള്‍, കാലുകഴുകിച്ചൂട്ടുകള്‍, വരുന്നവര്‍ക്കൊക്കെ സദ്യയും മുണ്ടും എണ്ണയും കൊടുക്കല്‍. ഇതിന്റെയൊക്കെ ഫലമായാണ് അച്യുതന്‍ എന്ന ഉണ്ണി പിറക്കുന്നത്. 58 ഇല്ലങ്ങളുടെ ഓതിക്കസ്ഥാനീയനായ അച്ഛന്‍ ഉണ്ണിയെ നല്ലൊരു ഓതിക്കന്‍, തേവാരി, ശാസ്ത്രനിപുണന്‍, ബ്രഹ്മജ്ഞപൂര്‍ണന്‍ എന്നീപേരുകളില്‍ കേള്‍ക്കാന്‍ കൊതിച്ചു. ജട പഠിച്ചു. രഥ മുഴുമിപ്പിക്കാനായില്ല. എങ്കിലും മകന്‍ അച്ഛന്‍ മോഹിച്ചതുപോലായി. അതിനും അപ്പുറത്ത് മറ്റുചിലതുമായി.

കണ്ണാന്തളിപ്പൂതേടിയും കണ്ണാരംപൊത്തിക്കളിച്ചും കാടുകാട്ടി നടന്ന ബാല്യകാലത്ത് വേദപഠനം അച്യുതന് കഠിനമായി. എങ്കിലും വേദപഠനം പൂര്‍ത്തിയാക്കി. കുട്ടിക്കാലത്തുതന്നെ എല്ലാവരും വണ്ണന്‍വാഴ എന്നാണ് വിളിച്ചിരുന്നതെന്ന് അക്കിത്തം പറയാറുണ്ട്. ഒറ്റയ്ക്കിരുന്ന് മനോരാജ്യം കാണലായിരുന്നുവത്രേ പ്രധാന വിനോദം. ഗുരു പറയുന്നതൊന്നും ചെവിട്ടില്‍ പോവില്ല. പഠനത്തിലും മോശം. ആറ്റുനോറ്റുണ്ടായ ഉണ്ണിയുടെ ഗതിയില്‍ കാരണവര്‍ക്കെല്ലാം ഉത്കണ്ഠയായി. ഇല്ലത്തിന്റെ മാനം കാക്കേണ്ടവന്‍ പകല്‍ക്കിനാവില്‍ മുഴുകി നേരം കളയുന്നത് അവര്‍ക്ക് സങ്കല്പിക്കാവുന്നതിനപ്പുറമായിരുന്നു.

ആദ്യ കവിത പിറന്ന നാള്‍

ഒരുദിവസം ഓനിച്ചുണ്ണിക്ക് നിഷിദ്ധമായ പറങ്കിമാങ്ങ പൊട്ടിച്ചുതിന്നാന്‍ മാവില്‍ കയറിയതാണ് അച്യുതന്‍. ഒരു മാങ്ങ കടിച്ചുതിന്നുമ്പോള്‍ ഉള്ളിലൊരു കവിത വിരിഞ്ഞു. ഉടനെ വീട്ടിലെത്തി കടലാസില്‍ പകര്‍ത്തി. നേരെ തെക്കിനിയേടത്ത് പാപ്പി അമ്മയുടെ അടുത്തെത്തി.

''ഇത് അച്യുതന്‍തന്നെ എഴുതിയതാണോ...''
''അതെ''
''ന്നാല്‍ കുറച്ചേറെണ്ടെയ് അദ്ഭുതം.''
''എന്തൊരു ചേര്‍ച്ചയാ വാക്കിന്.
ഞാന്‍ ഇത് കാണാതെവശാക്കും.
എന്നിട്ട് ദിവസേന ഗുരുവായൂരപ്പനെ സേവിക്കും.''
തന്റെ ഹൃദയത്തിനും കണ്ണുണ്ടെന്ന് അച്യുതന് തോന്നി.
അതൊരു ആകാശംപോലെ വിടരുകയാണ്.
കവിത വാര്‍ന്നുവിഴാന്‍ തുടങ്ങി.

അമ്പലച്ചുമരില്‍ വികൃതിക്കുട്ടികള്‍ വികൃതചിത്രം വരച്ചതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആദ്യകവിത.

''അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നിട്ടെമ്പാടും നാശമാക്കിടും''

ഈ വരികളില്‍ കളിക്കൂട്ടുകാര്‍ കവിത കണ്ടു. പിന്നീട് അച്ഛന്റെ സുഹൃത്ത് ഉണ്ണിക്കൃഷ്ണമേനോന്‍ അച്യുതന്റെ പ്രതിഭ തിരിച്ചറിഞ്ഞു. ഇടശ്ശേരിക്കും കുട്ടിക്കൃഷ്ണമാരാര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തു.

ഞാന്‍ ഇയാളെ ഗോവിന്ദന് ഏല്‍പ്പിച്ചുതരുന്നു. നന്നാവുമോ എന്ന് പരീക്ഷിക്കൂ എന്ന് മേനോന്‍ പറഞ്ഞു. അച്യുതന്‍ ഓനിച്ചുണ്ണിയില്‍നിന്ന് മഹാകവി അക്കിത്തമായി. ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ നടുവിലിരുന്ന് ഭാവിപൗരനോട് വെളിച്ചം ദുഃഖമാണെന്ന് കരഞ്ഞുചൊല്ലി.

അക്കിത്തവും ഒളപ്പമണ്ണയുംകൂടി ഇ.എം.എസ്സിനെക്കുറിച്ച് കവിതകളെഴുതി. ഇതോടെ, ലോകം കവിയെ കമ്യൂണിസ്റ്റാക്കി. കവിയുടെ ഉള്ളിലും വിപ്ലവചിന്തയുണ്ടായിരുന്നു. എന്നാല്‍, കല്‍പ്പാന്തംവരെ നീണ്ടുനില്‍ക്കുമെന്ന് കരുതിയ വാകപ്പൂക്കള്‍ ഒരു വേനലുപോലും താങ്ങാനാവാതെ കൊഴിഞ്ഞുവീഴുന്നത് കവി കണ്ടു.

ഇമ്പവും തുമ്പവും നിഴലും നിലാവും അണിഞ്ഞ ജീവിതവഴിയിലൂടെ എല്ലാവര്‍ക്കും നന്മനേര്‍ന്ന് ഒരായുസ്സ് പിന്നിട്ട് അക്കിത്തം കാവ്യലോകത്തെ സമുന്നത സിംഹാസനങ്ങള്‍ സ്വന്തമാക്കി. ജാതകം നിശ്ചയിച്ച് ആയുസ്സിന്റെ കണക്ക് കര്‍മംകൊണ്ട് തെറ്റിച്ച ഈ മഹാന്‍ ഒടുവില്‍ കാലത്തിരശ്ശീലയ്ക്ക് പിറകിലേക്ക് മടങ്ങി..

Content highlights: Malayalam poet Akkitham Achuthan Namboothiri