മാനവസമത്വത്തിൽ വിശ്വസിക്കുന്ന ജീവിതബോധമുണ്ടായിരുന്നതിനാൽ ജന്മിത്തത്തിന്റെ സാഹചര്യങ്ങളിൽ പിറന്നു വളർന്നിട്ടും അതിനെ നിഷേധിച്ചുകൊണ്ട് കവിതയിലേക്ക് കാലെടുത്തുവച്ചയാളാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന് ഡോ.എം. ലീലാവതി അനുസ്മരിച്ചു. മഹത്തായ ജീവിതദർശനവും ഛന്ദസ്സിന്റെ പ്രാധാന്യം നിഷേധിക്കാത്ത രൂപഘടനാബോധവും ഇണങ്ങിച്ചേർന്നവയാണ് അക്കിത്തത്തിന്റെ കവിതകളെന്നും ലീലാവതി ടീച്ചർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'ജീവിതദർശനവും വൃത്തബോധവും കൂടിച്ചേർന്ന ആ പാരമ്പര്യത്തിന് വൈദിക കാലത്തോളം പഴക്കമുണ്ട്. അതേസമയം സ്വന്തം കാലഘട്ടത്തിന്റെ സമസ്യകളോട് പ്രതികരിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകൃതികളെല്ലാം. ആ പ്രതികരണത്തിലാവട്ടെ വിഭാഗീയതയുടെ സങ്കുചിത്വങ്ങൾ തെല്ലുമില്ലായിരുന്നു. ഭാരതീയ സംസ്കാരം എന്നൊന്നുണ്ടെന്നും അതിലുള്ള അഭിമാനം മറച്ചുവയ്ക്കുന്നില്ലെന്നുമുള്ള നിലപാടെടുത്തപ്പോൾ അതിനെ സങ്കുചിത മതതത്‌പരതയായി ചിലർ തെറ്റിദ്ധരിച്ചു. അതുപോലെ ആർത്ഥികമായ സമത്വസ്വാതന്ത്ര്യങ്ങളെ മാനവികജീവിത ലക്ഷ്യമായി കാണുന്നതോടൊപ്പം അതിലേക്കുള്ള മാർഗം നിരുപാധിക സ്നേഹത്തിന്റേതാവണമെന്ന നിഷ്കർഷ അദ്ദേഹം കൈവിടാതിരുന്നപ്പോൾ അദ്ദേഹത്തെ അധ്വാനിക്കുന്നവരുടെ വക്താവെന്ന പദവിയിൽ നിന്ന് ചിലർ പുറന്തള്ളി. രണ്ടു സമീപനങ്ങളും ശരിക്കും തിരിച്ചറിയാൻ കഴിയാത്തവരായിരുന്നു അത് . പക്ഷേ, ആ സമീപനങ്ങൾ കൈക്കൊണ്ടവരെ അദ്ദേഹം വെറുക്കുകയോ അതിൽ അസ്വസ്ഥനാവുകയോ സ്വന്തം നിലപാട് വ്യക്തമാക്കാൻ വലിയ വെമ്പൽ പ്രകടിപ്പിക്കുകയോ ഉണ്ടായില്ല. സ്ഥിതപ്രജ്ഞന്റെ നിസ്സംഗത പുലർത്തി. നിരുപാധിക സ്നേഹത്തിന്റെ ശരിയായ വക്താവിന് ചേരുന്ന വിധത്തിൽ. അതിനാൽ ചില അംഗീകാരങ്ങൾ വേണ്ട സന്ദർഭങ്ങളിൽ എത്താതിരുന്നതിൽ അദ്ദേഹം വ്യഥിതനായില്ല. 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ' എന്ന അവബോധമുണ്ടായിരുന്നതിനാൽ അവയുടെ പുറത്തേറിയിരിക്കുമ്പോഴും താഴെ നിൽക്കുമ്പോഴും ഒരേ പോലെ നിസ്സംഗത പുലർത്തി. വേദജ്ഞാനം അദ്ദേഹത്തിന് 'ഇദംന മമ' എന്ന ദർശനത്തിന്റെ ആത്മബലം നൽകി.

'ആ നോ ഭദാ:ക്രതവോ യന്തുവിശ്വത:' എന്ന വേദവാക്യത്തിന്റെ അർത്ഥം (വിശ്വത്തിലെവിടെ നിന്നും ഭദ്രമായ വിശ്വാസങ്ങളും ചിന്തകളും ഇങ്ങോട്ടു വന്നെത്തട്ടെ) ഉൾക്കൊണ്ടവരുടെ ഉയർന്ന മാനസികാവസ്ഥയെയാണ് അദ്ദേഹം ബ്രാഹ്മണമായി കണ്ടത്. എന്നാൽ 'നിസ്സംഗതയ്ക്ക്' അദ്ദേഹം കൽപിച്ച അർത്ഥം നിർവികാരതയെന്നായിരുന്നില്ല. അദ്ദേഹം കണ്ണീരൊഴുക്കുന്നവന്റെ കൂടെയാണ് എന്നും നിന്നത്. നിരുപാധികമായ, അതായത് നിസ്വാർത്ഥമായ സ്നേഹത്തെയാണ് പരമമായ ബലമായി കണ്ടത്.

Content Highlights:Dr. M. Leelavathy share memories about Akkitham Achuthan Namboothiri