ന്ത്യൻ സാഹിത്യത്തിൽ അക്കിത്തം ചെലുത്തിയ സ്വാധീനം ചെറുതല്ല. വിവർത്തനം എന്ന സർഗാത്മപ്രക്രിയയിലൂടെ അക്കിത്തത്തെ ഇന്ത്യയൊട്ടാകെയറിഞ്ഞു, ആഘോഷിച്ചു. അക്കിത്തം കവിതകൾ വിവർത്തനത്തിലൂടെ നോക്കിക്കാണുകയാണ് വിവർത്തനും അധ്യാപകനുമായ ഡോ. ആർസു

അക്കിത്തം കവിതകളുടെ വിവർത്തകനാവുക എന്നത് ഒരു സുകൃതമാണ്. ഉള്ളുണർവ് തരുന്ന കവിതകളാണവയെല്ലാം തന്നെ.കാൺപൂരിൽ നിന്നുള്ള മാസികയായ നവനികഷിൽ അക്കിത്തത്തിന്റെ പേരെന്ത്', കേശവായ നമ: എന്നീ കവിതകൾ വിവർത്തനം ചെയ്തുവന്നത് കൈപ്പറ്റിയ നിമിഷത്തിലാണ് അദ്ദേഹം അനശ്വരനായിരിക്കുന്നു എന്ന വാർത്തയും അറിയുന്നത്. 'പേരെന്ത്?' എന്ന കവിത ഇങ്ങനെയാണ്;

ഹിന്ദിയെ ശുദ്ധീകരിച്ച തുളസിയെ
വന്ദിക്കാതാരുണ്ടിബ്ഭാരതത്തിൽ
കൃത്തിവാസ്, മാധവകന്ദളി, രാമദാസ്
ഇത്തരമോരോ മഹാകവികൾ
ബംഗ്ലായിലാസ്സാമിയായിലുഡിയയി-
ലെങ്ങുമെ രാമകഥ പറഞ്ഞു.
കമ്പനെഴുതി തമിഴിൽ രാമായണം,
പമ്പനെഴുതീ കർണ്ണാടകത്തിൽ
രംഗനാഥൻ തെലുങ്കിൽത്തീർത്തു ഭാരത-
മംഗല്യസൂത്രമാക്കാവ്യഗംഗ.
ആരു നിർമ്മിച്ചു മലയാളഭാഷയി-
ലാരാദ്ധ്യമബ്ഭാരതാഭിമാനം?
ഉത്തർപ്രദേശി വന്നിങ്ങനെ ചോദിക്കെ-
യുത്തരംമുട്ടി ഞാൻ നിന്നുപോയി
പണ്ടൃഷീകേസത്തു ലക്ഷ്മൺതൻ തൂക്കു-
പാലത്തിലൂടെ നടന്നുപോകേ
'നിൽക്കുന്നതെന്താണനക്കമന്യേ, കവി-
ക്കിക്കാര്യം പോലുമറിഞ്ഞു കൂടേ?'
ചോദിക്കയാണാസ്സുഹൃത്തിന്റെ, പുഞ്ചിരി-
ചോരും തുടുത്ത കവളിച്ചുളികൾ.
രാമായണത്തില ജനിച്ചവളെന്നമ്മ
രാമായണത്തിലടഞ്ഞു മോക്ഷം
രാമായണത്തിൽനിന്നക്ഷരവിദ്യതൻ
രോമന്ഥമെന്തെന്നറിഞ്ഞു ഞാനും

എല്ലാ ഇന്ത്യൻ ഭാഷകളിലെയും രാമായണ കൃതികൾ ആരാണ് എഴുതിയതെന്നറിയാം. മലയാളത്തിലെ രാമായണ കർത്താവാരാണ് എന്നൊരു ചോദ്യം യാത്രവേളയിൽ കവിക്കു മുന്നിൽ ഒരാൾ അവതരിപ്പിക്കുകയാണ്. കവി ആലോചനയിൽ മുഴുകി. മലയാളകവിരാമായണത്തിൽ പേര് അടയാളപ്പെടുത്തിയിട്ടില്ല. രാമൻ എന്റെ ജ്യേഷ്ഠൻ ഞാൻ ആ ജ്യേഷ്ഠന്റെ അനുജൻ (രാമാനുജൻ എഴുത്തച്ഛൻ) എന്നു മാത്രമേ രാമായണത്തിൽ കാണുന്നുള്ളു. കവിയുടെ ഈ കണ്ടെത്തൽ വളരെ ശ്രദ്ധേയമായി.

രണ്ടാമത്തെ കവിതയായ കേശവായ നമയിൽ പ്രതിഫലം പ്രതീക്ഷിക്കുന്ന കാര്യത്തിന് ഒന്നും കിട്ടുന്നില്ല. പ്രതീക്ഷിക്കാത്തതിന് കിട്ടുകയും ചെയ്യുന്നു എന്ന് കവി പറഞ്ഞു വയ്ക്കുന്നു.
രാജ്കമൽ പ്രകാശൻ പ്രസാധകർ അക്കിത്തം കവിതകളുടെ- സംഭാഷണം, പ്രഭാഷണം- എന്നിവ ഉൾപ്പെടുത്തി ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്..

ജ്ഞാനപീഠപുരസ്കാര ലബ്ധിക്കു ശേഷം മൂന്നു തവണ അക്കിത്തത്തെ ചെന്നു കാണാനും നമസ്കരിക്കാനും സാധിച്ചു. ജഞാനപീഠചടങ്ങിലും സംബന്ധിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഹിന്ദിയിൽ ജ്ഞാനപീഠം പ്രസിദ്ധീകരിച്ചു.കേന്ദ്ര സാഹിത്യ അക്കാദമി മാസിക സമകാലീൻ ഭാരതീയ സാഹിത്യ വിവർത്തനത്തിൽ വായിൽ കല്ലിട്ട വിദുരൻ, യുദ്ധപ്പുഴ എന്നീ കവിതകൾ അച്ചടിച്ചുവന്നു.
രണ്ടും മഹാഭാരത സന്ദർഭത്തിലുള്ളവയാണ്. കവി ഏറെ ഇഷ്ടപ്പെടുന്ന രണ്ട് കവിതകൾ.

അക്കിത്തത്തോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് പൂർവ്വാപർ മാസിക ഉത്തർപ്രദേശ് തയ്യാറാക്കിയ ലയാള വിശേഷാൽ പതിപ്പ് നവംബറിൽ പുറത്തിറങ്ങും. 35 മലയാള സാഹിത്യകാരന്മാരുടെ കഥകളും കവിതകളുമാണ് ഉള്ളടക്കം. അക്കിത്തത്തിന്റെ സന്ദേശമാണ് തുടക്കത്തിൽ. കൈപ്പട മാതൃകയും ചേർത്തിരിക്കുന്നു. അദ്ദേഹത്തിന്റെ അഞ്ച് കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

കാളിദാസ കവിയുടെ ജന്മഭൂമിയായ ഉജ്ജയിനിയിൽ നിന്നുള്ള സമാവർത്തൻ മാസികയുടെ 150-ാം ലക്കം അക്കിത്തം വിശേഷാൽ പതിപ്പായി പുറത്തിറക്കി. കവി അക്കിത്തത്തിന് അതിന്റെ പ്രഥമകോപ്പി നൽകിക്കൊണ്ട് സെപ്റ്റംബർ 19 ന് ദേവായനത്തിൽ മാസികയുടെ റിലീസ് നടന്നു.

കല്ലുടക്കുന്നവർ, വെണ്ണക്കല്ലിന്റെകഥ, കരതലാമലയം, സ്പർശമണികൾ... എന്നീ കവിതകൾ ഇതിൽ ചേർത്തിട്ടുണ്ട്. എന്റെ കാവ്യാനുഭവങ്ങൾ എന്ന സ്മരണയും എന്റെ ജീവിതാനുഭവങ്ങൾ എന്ന സംഭാഷണവും പ്രസിദ്ധീകരിച്ചിരിക്കുന്നു. വിശ്വമാനവികതയുടെ മലയാളകാവ്യമായി അക്കിത്തം എക്കാലവും ശോഭിച്ചുകൊണ്ടേയിരിക്കും. ആദരാഞ്ജലികൾ

Content Highlights: Dr Arsu share memories about Akkitham Achuthan Namboothiri