മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പ്

സ്‌നേഹനിധിയായ ഒരു ജ്യേഷ്ഠനും വാത്സല്യത്തിന്റെ ഉറവിടമായ ഒരു ഗുരുനാഥനുമാണ് നഷ്ടമായത്. ഈ നഷ്ടം ഇനിയീ ജീവിതകാലത്ത് നികത്താനാവുന്ന ഒന്നാണ് എന്നെനിക്ക് തോന്നുന്നില്ല. ഒരു കവിയെന്ന നിലയിലും ഒരു സാധാരണമനുഷ്യനെന്ന നിലയിലും ഒരുപോലെ ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുട്ടിത്തം എന്ന വാക്കിന് അക്കിത്തം എന്നൊരു പര്യായമുണ്ടെന്ന് ജീവിതംകൊണ്ട് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. ആ ജീവിതംകൊണ്ട് ഭാരതീയ ആര്‍ഷപാരമ്പര്യത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെന്ന് അവിടെനിന്നുള്ള വെളിച്ചംകൊണ്ടുവന്ന് ആധുനിക ജീവിതത്തിന്റെമേല്‍ പ്രസരിപ്പിച്ച്, അതിന്റെ ഗുണദോഷങ്ങള്‍ വിസ്തരിച്ച്, ഒരു ചെറിയ ചിരിയോടെ നമ്മെ രസിപ്പിച്ച് നമ്മുടെ മുമ്പില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. രസിപ്പിക്കാന്‍ വേണ്ടിമാത്രമായിരുന്നില്ല അത്, പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ വേണ്ടി കൂടിയായിരുന്നു. 

ഒരുകവിക്കുവേണ്ട മൂന്നു ഗുണങ്ങള്‍ എന്താണെന്ന് കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ഞങ്ങള്‍ക്കൊക്കെ പറഞ്ഞുതരികയുണ്ടായി. ഒന്ന് അന്യദുരിത അനുഭാവം, രണ്ട് ആ അനുഭാവം പ്രകടിപ്പിക്കാനുള്ള സ്ഥൈര്യം, മൂന്ന് ആ പ്രകടനത്തിനുവേണ്ട പാകം രൂപപ്പെടുത്തിയെടുക്കാനുള്ള അഗാധമായ ചിന്താശേഷി. ഇങ്ങനെ ഒരുവശത്ത് ആത്മാര്‍ഥതയും അതിന്റെയൊപ്പം നില്‍ക്കുന്ന ധീരതയും ഇതിന്റെ രണ്ടിന്റെയും അടിസ്ഥാനമായി പുറകില്‍നില്‍ക്കുന്ന അന്യദുരിത അനുകമ്പയും കൂടിച്ചേര്‍ന്നാണ് ഒരു കവിയെ സൃഷ്ടിക്കുന്നതെന്ന് വാത്മീകിയുടെ കാലംതൊട്ടേ നമുക്കറിയാം. എത്രകൂര്‍ത്ത അമ്പുമായി നില്‍ക്കുന്ന കാട്ടാളനോടും അരുത് കാട്ടാളാ എന്ന് പറയാനുള്ള ധീരത ആ മഹര്‍ഷി കാണിച്ചുവല്ലോ.. ഈ ഭൂമിയില്‍ ആര്‍ക്കും ഒരു പ്രയോജനമുണ്ടെന്ന് തോന്നാത്ത ഒരു ചെറുകിളിയുടെ നിര്യാണത്തില്‍ ഇത്രയധികം മനസ്സുനൊന്ത് ധാര്‍മികരോഷം കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവല്ലോ.. ഇങ്ങനെയൊരു ചെറിയ കാര്യത്തിന്റെ വെളിച്ചത്തില്‍ ലോകത്തിന്റെ എല്ലാ സ്വഭാവവും അപഗ്രഥിച്ച് ഒരു മഹാകാവ്യം രചിക്കാനുള്ള ആശയഗാംഭീര്യവും അദ്ദേഹത്തിനുണ്ടായിരുന്നുവല്ലോ. ഇങ്ങനെയൊക്കെയാണ് കവികളുണ്ടാകുന്നതെന്ന് ഒരു ക്യാമ്പില്‍വെച്ച് അദ്ദേഹം പണ്ടേ പറഞ്ഞ കാര്യം ഞാനിപ്പോഴും ഓര്‍ക്കുകയാണ്. കാര്യമില്ലാത്തത് പറയാനുള്ള മടികൊണ്ട് ഒരുതുണ്ട് അടയ്ക്കയും വായിലിട്ട് അന്യതാ വേറെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ തന്റെ മൗനംകൊണ്ട് ശാന്തിയിലേക്ക് നീങ്ങിയിരുന്ന് എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. 

വാക്ക് ആവശ്യമുള്ളപ്പോള്‍മാത്രം പ്രയോഗിക്കുകയും അത് പ്രയോഗിക്കുമ്പോള്‍ പോലും അതിന് നര്‍മത്തിന്റെ ഒരു മധുരംപുരട്ടി ആര്‍ക്കും വേദനിക്കാത്ത രൂപത്തില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇത് ഒരു ചെറിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഈ പരമ്പര അന്യംനിന്നുപോവുകയാണ് എന്നുള്ളതാണ് ഏറ്റവും വലിയ സങ്കടം. കാലത്തിന്റെ കാര്യങ്ങള്‍ മാത്രം നോക്കി, കാലത്തിന്റെ ഭാഷയില്‍ പ്രതികരിച്ച് കാലത്തിനുമാത്രം എന്തെങ്കിലും രസമുണ്ടാകുന്ന രീതിയില്‍ പറഞ്ഞുനിര്‍ത്തുന്ന സമ്പ്രദായങ്ങളാണല്ലോ ഇപ്പോള്‍, ഏറ്റവും പുതിയ ഭാഷയില്‍ പറഞ്ഞാല്‍ അതിപ്രചാരത്തിലുള്ള നിര്‍മിതികളുടെയൊക്കെ ശരിയായ ഒരു ശൈലി. അങ്ങനെയല്ല വേണ്ടത്, ആഴത്തില്‍ നിന്നുള്ള പൊടിപ്പാണ് എന്ന കാര്യം നമ്മെ ബോധ്യപ്പെടുത്താനും ഓര്‍മിപ്പിക്കാനും ഇനിയേറെപ്പേരൊന്നും നമുക്കില്ല എന്നത് നഷ്ടത്തേക്കാള്‍ വലിയ എന്തോ ഒന്നാണ്. അതിന് ഒരു പേരില്ല എന്നുകൂടി നമുക്ക് പറയേണ്ടിവരും. 

കുറച്ചുകൂടി കാലം ഉണ്ടായിരുന്നെങ്കിലോ ഈശ്വരാ എന്നൊരു മോഹം, വെറുതേയൊരു മോഹം, ആ മോഹത്തിന് മറുപുറത്ത് ഒരിത്തിരി സാന്ത്വനമായി അവശസ്ഥിതിയില്‍ ഏറെക്കാലം കഴിയേണ്ടി വന്നില്ലല്ലോ എന്ന ഒരു ചെറിയ ആശ്വാസം. ഇതുരണ്ടുംകൂടി ചേര്‍ന്ന ഒരു മിശ്രഭാവമാണ് മനസ്സിലുള്ളത്. ഇതുരണ്ടുംകൂടി ചേരുമ്പോഴും ഒരു മൗനത്തിലേക്കാണ് എന്നെയത് കൊണ്ടുപോകുന്നത്. ആ മൗനത്തില്‍ ഒരു വിഗ്രഹമായിട്ട് അദ്ദേഹം മനസിലെരിയുകയാണ്. ആ വിഗ്രഹത്തിന്റെ മുഖത്തുള്ള ചിരി ഭാവിജീവിതത്തിന് ഒരു മാര്‍ഗദീപമായിത്തീരട്ടേയെന്നാണ് എന്റെ പ്രാര്‍ഥന. ഒരു ചെറിയ കടമകൂടി എനിക്കുണ്ട്. അതുകൂടി നിര്‍വഹിച്ചേക്കാം. മഹാകവി അക്കിത്തം സമസ്ത കേരള സാഹിത്യപരിഷത്തില്‍ ഒരു വിശിഷ്ഠാംഗമായിരുന്നു. ഇപ്പോള്‍ ആ പരിഷത്തിന്റെ അധ്യക്ഷനായിരിക്കുന്നു എന്ന് തോന്നലുള്ള എനിക്ക് ഈ നിര്യാണത്തില്‍ പരിഷത്തിലെ എല്ലാ അംഗങ്ങള്‍ക്കുംവേണ്ടി അനുശോചിക്കുക എന്ന ഒരു പ്രാതിനിധ്യ കടമകൂടിയുണ്ട്. അതുകൂടി നിര്‍വഹിച്ചുകൊണ്ട് നിര്‍ത്തുന്നു.

Content Highlights: C Radhakrishnan about Akkitham Achuthan Namboothiri