ലയാളത്തിലെ മഹാകവികളുടെ പരമ്പരയിലെ അവസാനത്തെ കവിയും യാത്രയായി. കവിത്രയത്തിനുശേഷം ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരൊഴിച്ചാല്‍ കവിതയുടെ മഹത്ത്വംകൊണ്ട് മഹാകവിയെന്ന് വിശേഷിപ്പിക്കാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തമല്ലാതെ മറ്റാരുമില്ല.

സുദീര്‍ഘവും സംഭവബഹുലവുമായ ഒരു കാലഘട്ടം തന്നിലേല്‍പ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. രണ്ടു ലോകയുദ്ധങ്ങള്‍, സ്വാതന്ത്ര്യലബ്ധി, വിഭജനം, ശാസ്ത്രസാങ്കേതിക പുരോഗതി, ഗാന്ധിയന്‍ ആദര്‍ശം, സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനം, ആഗോളീകരണം, മതതീവ്രവാദം എന്നിങ്ങനെ പോയ നൂറ്റാണ്ടില്‍ മാനവരാശിക്ക് കൊടിയ ദുരന്തങ്ങളും വലിയ പ്രതീക്ഷകളും നല്‍കിയ സംഭവപരമ്പരകള്‍ക്ക് സാക്ഷിയാവുകയും തന്റെ മനഃസാക്ഷിക്കൊത്ത് കാലത്തോടു പ്രതികരിക്കുകയും ചെയ്ത കവി.

മനുഷ്യസങ്കീര്‍ത്തനമാണ് അക്കിത്തം പ്രതിനിധാനം ചെയ്ത കവിതയിലെ പൊന്നാനിക്കളരിയുടെ സാമാന്യസ്വഭാവം. മാനവികതാവാദവും അഹിംസാവാദവും താന്‍ ഗുരുതുല്യനായി കരുതുന്ന ഇടശ്ശേരിയില്‍നിന്ന് അക്കിത്തം സ്വീകരിച്ചതായി കരുതാം.

എന്നാല്‍, അക്കിത്തത്തിന്റെ മനുഷ്യന് അക്കാലത്തെ പൊതുസങ്കല്പത്തിന് വിപരീതമായ ഒരു വ്യക്തിത്വമുണ്ടായിരുന്നു. ചെയ്ത ശരികളെച്ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യനെയല്ല, തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെയാണ് അദ്ദേഹം ആരാധിച്ചത്. മനുഷ്യന്റെ കരുത്ത് കരബലത്തിലല്ല കരയാനുള്ള കരുത്തിലാണെന്ന് അക്കിത്തം വിശ്വസിച്ചു.

'ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം'

കണ്ണുനീര്‍ത്തുള്ളി എത്ര അമൂല്യമായ വസ്തുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഈ വരികള്‍ ഇന്നും കാവ്യാസ്വാദകര്‍ ചുണ്ടില്‍ കൊണ്ടുനടക്കുന്നു. ഒരര്‍ഥത്തില്‍ കണ്ണുനീര്‍ത്തുള്ളികള്‍കൊണ്ടു പണിഞ്ഞ വെണ്ണക്കല്‍ശില്പങ്ങളാണ് അക്കിത്തത്തിന്റെ രചനകള്‍.

മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും പഴയ വിജ്ഞാനസമ്പത്തായി കരുതുന്ന വേദങ്ങളിലാണ് അക്കിത്തത്തിന്റെ ജീവിതദര്‍ശനത്തിന്റെ അടിവേരുകള്‍ ഊന്നിയിട്ടുള്ളത്. 'ഇദം ന മമ (ഇത് എന്റെയല്ല)' എന്ന വേദമന്ത്രം അദ്ദേഹത്തിന്റെ വിശ്വാസാദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്നു.

'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!'

എന്ന് 'പണ്ടത്തെ മേശാന്തി' എന്ന കവിതയില്‍ അദ്ദേഹം പറയുന്നുമുണ്ട്. ഇങ്ങനെ വേദകാലത്തോളം നീണ്ട ഒരു ഭൂതകാലത്തെ ഉള്‍ക്കൊണ്ട് സമകാലത്തെ നേരിടുകയായിരുന്നു അക്കിത്തം.

വിപ്ലവത്തിന്റെപേരില്‍ നടന്ന ഹിംസയുടെ താണ്ഡവം കണ്ട് പശ്ചാത്താപവിവശമായ ഒരു ഹൃദയത്തിന്റെ പൊട്ടിക്കരച്ചിലായിരുന്നു അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്ത ആ കൃതി രചിക്കപ്പെട്ട് ആറുപതിറ്റാണ്ടു പിന്നിട്ടുവെങ്കിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

'വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം!'

സ്ഥാനത്തും അസ്ഥാനത്തും - കറന്റു പോയാല്‍ വിശേഷിച്ചും! - ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തില്‍. അക്കിത്തം ഇരുട്ടിന്റെ ഉദ്ഗാതാവാണെന്നുവരെ തീര്‍പ്പുകല്പിച്ചവരുണ്ട്. എന്നാല്‍, അദ്ദേഹംതന്നെ ആ വരികള്‍ക്കിടയിലെ കാണാവരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. രഘുവംശത്തിലെ 'മരണം പ്രകൃതിശ്ശരീരിണാം വികൃതിര്‍ജീവിതമുച്യതൈ ബുധൈഃ' എന്ന ശ്ലോകത്തിന്റെ സത്തയാണ് ആ വരികളുടെ അന്തശ്ശോഭ എന്ന്. മരണം ശരീരികള്‍ക്ക് പ്രകൃതിയാണ്. ജീവിതമാണ് വികൃതി അഥവാ മായ. മൃത്യു സത്യം ജഗന്മിഥ്യ എന്ന ദര്‍ശനം. സുഖദുഃഖസമ്മിശ്രമായ ജീവിതമാകുന്ന വെളിച്ചം, ശാശ്വതമായ മൃതിതമസ്സിലെ ക്ഷണപ്രഭ മാത്രമാണെന്ന വിവേകം. 'കണ്ണിന്നകത്തൊരു കണ്ണി'ല്ലാത്തവര്‍ അര്‍ഥത്തിന്റെ ഈ അന്തര്‍വാഹിനിയെ കാണാതെപോയി എന്നതാണ് വാസ്തവം.

അസ്തമയ സൂര്യനെപ്പോലെ ശാന്തരശ്മികള്‍ തൂകിക്കൊണ്ട് അക്കിത്തം അക്ഷരങ്ങളായി കവിതയായി ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് ആദരാഞ്ജലികള്‍.

Content Highlights: Akkitham Achuthan Namboothiri life and poems