ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മഹാകവി അക്കിത്തം വിടവാങ്ങുന്നത്. ലളിതമായ ചടങ്ങില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും അക്കിത്തം സംസാരിച്ചത് കവിതയെയും മനുഷ്യരെയും കുറിച്ചായിരുന്നു. ജ്ഞാനപീഠം ഏറ്റുവാങ്ങിയ ശേഷം അക്കിത്തം പറഞ്ഞ വാക്കുകളുടെ പൂര്‍ണരൂപം വായിക്കാം.

ഭാരതീയ ജ്ഞാനപീഠത്തിന്റെ അമ്പത്തിയഞ്ചാം സമ്മാനത്തിന് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ജ്ഞാനപീഠപുരസ്‌കാരനിര്‍ണയസമിതി അധ്യക്ഷക ഡോ. പ്രതിഭാ റായ് അറിയിച്ചപ്പോള്‍ അദ്ഭുതവും സന്തോഷവും തോന്നി; ഒപ്പം ദുഃഖവും. എന്റെ പത്നി ശ്രീദേവി എന്നോടൊപ്പം ഇല്ലല്ലോ. എന്റെ സാഹിത്യജീവിതത്തിനായി അത്രമാത്രം ത്യാഗംചെയ്തതാണ് അവര്‍. ശ്രീദേവി എന്നെ വിട്ടുപോയതും ഈ 2019-ല്‍ത്തന്നെ. സന്തോഷവും ദുഃഖവും ഒപ്പമാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്, എപ്പോഴും

തൊണ്ണൂറ്റിനാലാം വയസ്സിലെത്തിയ എന്റെ മനസ്സിലൂടെ പലരും, പലതും ഒരു ഘോഷയാത്രയിലെന്നപോലെ കടന്നുപോയി. എത്രയെത്ര ആളുകളുടെ സ്‌നേഹവും സഹകരണവുമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. എന്നെക്കാള്‍ വലിയ സാഹിത്യകാരന്മാര്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഗുരുക്കന്മാരായ വി.ടി.ഭട്ടതിരിപ്പാടും ഇടശ്ശേരി ഗോവിന്ദന്‍ നായരും തന്നെ ഉദാഹരണം. അവര്‍ക്കൊന്നും ലഭിക്കാത്ത ഈ അംഗീകാരം എനിക്കുലഭിച്ചത് എന്റെ ആയുര്‍ബലംകൊണ്ടുകൂടിയാണെന്ന് ഞാന്‍ കരുതുന്നു.

ജ്ഞാനപീഠം എനിക്ക് തരുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. മൂര്‍ത്തീദേവി പുരസ്‌കാരം ലഭിച്ചപ്പോള്‍ തോന്നിയിരുന്നു അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന്. ഇതാ ഇപ്പോള്‍ ജ്ഞാനപീഠവും എനിക്ക് തന്നിരിക്കുന്നു. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്, അതേ ഗ്രാമത്തില്‍ ജീവിക്കുന്ന ഞാന്‍ ഇതെങ്ങനെ പ്രതീക്ഷിക്കാനാണ്? ജ്ഞാനപീഠത്തിനും എന്നെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത വ്യക്തികള്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഞാനൊരു കവിയാകണമെന്ന് കുടുംബത്തില്‍ ആരും ആഗ്രഹിച്ചിട്ടില്ല. കവിയാവുന്നത് വലിയ അന്തസ്സുള്ള കാര്യമാണ് എന്ന തെറ്റിദ്ധാരണയും ഇല്ലായിരുന്നു. ജനിച്ചത് വൈദികപശ്ചാത്തലമുള്ള ഒരു കുടുംബത്തിലായിരുന്നു. പഴയ ഭൂസ്വത്തിലും വൈദികവൃത്തിയിലും ഒതുങ്ങിനിന്ന ഒരു കുടുംബം. എന്റെ കുട്ടിക്കാലം മുഴുവന്‍ ചെലവിട്ടത് വേദപഠനത്തിനാണ്. എന്നാല്‍, അച്ഛന്‍ അക്കിത്തം വാസുദേവന്‍ നമ്പൂതിരി കൂടല്ലൂരില്‍പ്പോയി സംസ്‌കൃതം പഠിച്ച ഒരാളായിരുന്നു.

മറ്റൊരു നിമിത്തം എന്റെ അമ്മയാണ്. വൈകുന്നേരങ്ങളില്‍ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ മലര്‍ത്തിവെച്ച് മധുരമായ ഈണത്തോടുകൂടി മെല്ലെമെല്ലെ വായിച്ചിരുന്നത് ഓര്‍മയുണ്ട്. എന്നെ കണ്ടാല്‍ അടുത്തിരുത്തി വായിക്കേണ്ട വരികള്‍ വിരല്‍വെച്ച് നിര്‍ദേശിച്ചുതരും. വിരലിന്റെ നീക്കത്തോടൊപ്പം ഓരോ അക്ഷരമായി ചൊല്ലുകയേ വേണ്ടൂ. എന്റെ കവിതാ വാസനയുടെ മറ്റൊരു വേര് ഈ അനുഭവത്തിലായിരിക്കണം.

മറ്റൊരുതരത്തില്‍ നോക്കിയാല്‍ ഏകാന്തതയില്‍ വളര്‍ന്ന എനിക്ക് ഒരപകര്‍ഷതാബോധം എന്നും കൂട്ടായുണ്ടായിരുന്നു. തന്മൂലം പലദിവസവും ഏകാന്തരാത്രികളില്‍, നിര്‍ജനമായ മൂലകളില്‍വെച്ച് ഞാന്‍ അന്തരാത്മാവിന്റെ ഇരുണ്ട അഗാധതകളിലേക്ക് ചുഴിഞ്ഞിറങ്ങി തേങ്ങിത്തേങ്ങി കരഞ്ഞു. പിന്നീട് എന്റെ ഒരു കവിതയില്‍ ഇക്കാര്യം അവതരിപ്പിക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് എന്റെ കവിതയുടെ ഉറവ ആ അനുഭവമായിരിക്കണം എന്നാണ്.

എന്നെ ഞാനാക്കിയത്

ചിത്രകലയില്‍ തുടങ്ങിയ ആദ്യകാല അഭിരുചി കവിതയിലേക്ക് മാറുന്നത് അപ്രതീക്ഷിതമായാണ്. അമ്പലച്ചുമരില്‍ കരിക്കട്ടകൊണ്ടുവരച്ച വികൃതചിത്രങ്ങള്‍ക്കുള്ള ഒരു താക്കീത് എന്നനിലയില്‍ ഞാന്‍ എഴുതി:

'അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകില്‍ വമ്പനാമീശ്വരന്‍ വന്നിട്ടെമ്പാടും നാശമാക്കിടും'. ഇതെഴുതുമ്പോള്‍ എനിക്ക് വയസ്സ് എട്ട്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പറഞ്ഞു: 'ഇത് കവിതയായിട്ടുണ്ടല്ലോ'. ഇതാകുമോ എന്റെ വഴി എന്ന് അന്നാണ് ആദ്യമായി ചിന്തിച്ചത്. വേദവും വീട്ടിലിരുന്നു പഠിച്ച സംസ്‌കൃതത്തിനും ജ്യോതിഷത്തിനുമപ്പുറം ഒരു ലോകം തുറക്കപ്പെട്ടത് എന്റെ ഗ്രാമത്തിലെ സ്‌കൂളില്‍ തേഡ് ഫോറത്തില്‍ ചേര്‍ന്നപ്പോഴാണ്. ഇന്റര്‍മീഡിയറ്റിനപ്പുറം അതു കടന്നതുമില്ല.

എന്റെ വിദ്യാഭ്യാസം മുഴുവന്‍ ഉണ്ടായത് ഒരര്‍ഥത്തില്‍ വായനയിലൂടെയും സാഹിത്യബന്ധങ്ങളിലൂടെയും സാമൂഹികബന്ധങ്ങളിലൂടെയുമാണ്. മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുമായും സാഹിത്യകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ വി.ടി.ഭട്ടതിരിപ്പാടുമായുള്ള നിരന്തരസംസര്‍ഗമായിരുന്നു ഒരര്‍ഥത്തില്‍ എന്റെ സര്‍വകലാശാല. അവരുണ്ടായിരുന്നില്ലെങ്കില്‍ ഞാനില്ല. എനിക്ക് കവിത എന്താണെന്ന് പഠിപ്പിച്ചുതന്നത് ഇടശ്ശേരിയാണ്. മനുഷ്യജീവിതത്തില്‍ എവിടെ കുഴിച്ചാലാണ് കണ്ണീരുകിട്ടുക എന്ന് ഇടശ്ശേരി പഠിപ്പിച്ചു. സാഹിത്യകാരന്‍ ഒരു സാമൂഹികജീവികൂടിയാണെന്ന് വി.ടി.യും. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും മാറിനില്‍ക്കാന്‍ സാഹിത്യകാരന് കഴിയില്ല എന്ന് ഞാന്‍ നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. എന്റെ ആദ്യകാലകൃതികളില്‍ പലതും സ്വന്തം സമുദായത്തിലെ തിന്മകള്‍ക്കെതിരേയുള്ള പോര്‍വിളികളായിരുന്നു. എന്നാല്‍, മനുഷ്യഹൃദയത്തിലേക്ക് നോക്കാത്ത സാഹിത്യം വെറും പടപ്പാട്ടുമാത്രമാണെന്ന് ഞാന്‍ പെട്ടെന്ന് മനസ്സിലാക്കി. അതുകൊണ്ടുതന്നെ എന്നെ ആര്‍ക്കും തീറെഴുതിക്കൊടുക്കാന്‍ എന്റെ മനസ്സ് സമ്മതിച്ചില്ല. അവനവനോടുള്ള ആത്മാര്‍ഥതയാണ് ഏറ്റവും വലിയ സത്യം.

ലക്ഷ്യം മാത്രമല്ല മാര്‍ഗവും ശുദ്ധമാകണം

കമ്യൂണിസ്റ്റ് ആശയത്തോടടുത്തുനിന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അക്കാലത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ആ രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നവരായിരുന്നു. വര്‍ഗസമരസിദ്ധാന്തത്തോടൊപ്പം നടന്നപ്പോഴും ഞാനതിനോട് പൂര്‍ണമായ യോജിപ്പിലായിരുന്നില്ല. സാമ്പത്തിക, സാമൂഹിക സ്ഥിതിസമത്വം അവരെപ്പോലെത്തന്നെ ഞാനും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇപ്പോഴും എനിക്കുണ്ടുതാനും. ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍ത്തന്നെ ആ സമത്വബോധമുണ്ടെന്ന ബോധ്യമാണ് അതിനുകാരണം: 'സമാനോ മന്തസ്സമാനീ സമാനാം മനസ്സഹ ചിത്തമേഷാം' എന്ന സൂക്തമാണ് കമ്യൂണിസത്തോട് എന്നെ അടുപ്പിച്ചതെന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്. പക്ഷേ, ഒരിക്കല്‍പ്പോലും ആ പാര്‍ട്ടിയില്‍ ഒരു മെമ്പറായി ചേര്‍ന്നിരുന്നില്ല. കേരളത്തിലെ കമ്യൂണിസത്തിന്റെ താത്ത്വികാചാര്യനായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെകൂടെ യോഗക്ഷേമകാലത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞാന്‍ എന്റെ ചിന്താഗതിക്ക് കടിഞ്ഞാണിട്ടിരുന്നില്ല. മാര്‍ക്സിയന്‍ ചിന്തകള്‍ ഒരു ഘട്ടത്തില്‍ എന്നില്‍ ചെലുത്തിയ ആകര്‍ഷണം എന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം മാത്രമല്ല, മാര്‍ഗവും ശുദ്ധമായിരിക്കണം എന്ന ബോധ്യം എന്നോടൊപ്പം എന്നുമുണ്ടായിരുന്നു.

സത്യത്തിന് ആയിരം മുഖങ്ങള്‍

ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ? ഞാന്‍ സംശയിക്കുന്നു. മാര്‍ഗം ശുദ്ധമായാല്‍ അത്രത്തോളം ഞാന്‍ ലക്ഷ്യത്തോടടുത്തു എന്ന് സമാധാനിക്കാന്‍ എനിക്ക് കഴിയുമല്ലോ. ഭൗതികം, ആത്മീയം എന്നിങ്ങനെ വസ്തുക്കളെ വിഭജിക്കുന്നതിലും എനിക്ക് താത്പര്യമില്ല. ഇത് ബുദ്ധനിലൂടെയും ഗാന്ധിയിലൂടെയും എന്നിലേക്ക് ഇറങ്ങിവന്നതാണ്. അതുകൊണ്ടുതന്നെ എന്റെ കവിത ക്രമേണ ഭാരതീയമായ ചിന്താരീതിയിലേക്ക് നീങ്ങിത്തുടങ്ങുന്നത് കാണാം. ഭൗതികവും ആത്മീയവുമായുള്ള ജീവിതപ്രതിഭാസങ്ങളെ ഞാനംഗീകരിക്കുന്നു. സത്യത്തിന് ആയിരം മുഖങ്ങളുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അന്യോന്യം സഹകാരികളായിത്തന്നെ വര്‍ത്തിക്കുന്നു. അപ്പോഴാണവ ശക്തവും സുന്ദരവുമായി തോന്നുന്നത്. കാണാവുന്നവയുടെ ലക്ഷാംശംപോലും നാം കണ്ടുകഴിഞ്ഞിട്ടില്ല.

ഭൗതികവും മാനസികവുമായ എല്ലാതരം ചൂഷണങ്ങളെയും ഞാന്‍ വെറുക്കുന്നു. എല്ലാവരും വേല ചെയ്യുന്നതും കൈയിലും നാവിലും ചങ്ങല വീഴാത്തതും തലയും വയറും നിറയുന്നതുമായ ഒരു നവലോകം ഞാനും സ്വപ്നം കാണുന്നു. എങ്കില്‍ക്കൂടി മനുഷ്യമനസ്സ് സംതൃപ്തിയടയുന്ന കാലം ഉണ്ടാവുകയില്ല എന്നതാണ് എന്റെ ചെറുബുദ്ധിക്ക് തോന്നുന്നത്. ചക്രവാളം എത്രസുന്ദരമാണ്! എങ്കിലും, അതെപ്പോഴും അകലെയേ നില്‍ക്കൂ. ക്ഷമാശീലനംമാത്രമേ സുഖമുള്ളൂ. അഥവാ സുഖം എന്നത് ദുഃഖത്തെ മറയ്ക്കല്‍മാത്രമാണ്. ദുഃഖത്തിനൊരൊറ്റ പ്രത്യൗഷധമേ ഉള്ളൂ: നിരുപാധികസ്നേഹം. നിരുപാധികസ്നേഹമാണ് മനുഷ്യന്‍.

എങ്കിലും, ഞാനെന്തിനു ജനിച്ചു എന്നതുമുതല്‍ക്കുള്ള എല്ലാ ചോദ്യങ്ങളെയും അമ്പരപ്പോടെ നോക്കിനില്‍ക്കാതിരിക്കാനും അനുസന്ധാനം ചെയ്യാതിരിക്കാനും എനിക്ക് കഴിയുന്നില്ല. അങ്ങനെ അനുസന്ധാനംചെയ്യുമ്പോള്‍ എനിക്ക് എന്നെത്തന്നെ ശുദ്ധീകരിക്കാനാഗ്രഹമുണ്ടാവുന്നു. ആ ശുദ്ധീകരണപ്രക്രിയയില്‍ കടുത്ത വികാരങ്ങളാണ് മനസ്സില്‍ ഭാവചിത്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. ഭാവചിത്രസാമഗ്ര്യം എന്നും പുരാവൃത്തരൂപമെന്നും അതിനെ വിളിക്കാം.

കവിത നാളെ മന്ത്രമായിത്തീരും എന്ന അരവിന്ദന്റെ ഏറ്റവും പ്രസക്തമായ വാക്കുകളാണ് ഇവിടെ ഞാന്‍ ഓര്‍ക്കുന്നത്. അദ്ദേഹം പറയുന്നു;

''I spoke as one
Who would never speak again
as a dying man to a dying man.''

സാഹിത്യത്തിന് ലക്ഷ്യമുണ്ടോ?

എന്താണ് എന്റെ ലക്ഷ്യം? താത്കാലികപ്രശസ്തിയാണോ? പണമാണോ? അതോ അതിനെക്കാള്‍ അപ്പുറമുള്ള വല്ലതുമാണോ? ഉദാത്തസാഹിത്യം രചിക്കാന്‍ സാധിക്കണമെങ്കില്‍ പരക്കംപാച്ചില്‍ വെറുതേയാണ്. അതിനുവേണ്ടത് നിശ്ചലതയാണ്, ഏകാഗ്രതയാണ്, തപസ്സാണ്. ശരാശരിക്കുതാഴെ ജീവിച്ചതുകൊണ്ട് ഒരു തരക്കേടുമില്ല. ശരാശരിക്കുമീതെ മനസ്സ് വ്യാപരിക്കുകയാണ് ആവശ്യം. അപ്പോള്‍മാത്രമേ ഉദാത്തഭാവത്തിലേക്ക് ഒരു തോരയെങ്കിലും ആത്മവത്ത ഉയരുകയുള്ളൂ. അപ്പോള്‍മാത്രമേ He who touches this book touches a man എന്ന വിറ്റ്മാന്റെ വാക്കുകള്‍ അനുവാചകനെക്കൊണ്ട് പറയിക്കാന്‍ എഴുത്തുകാരന് കഴിയുകയുള്ളൂ. ഉദ്ദേശ്യപൂര്‍വം കവിത രചിക്കാനാവില്ല. ഉദ്ദേശ്യപൂര്‍വം രചിക്കപ്പെട്ടതല്ലാത്ത ഒരു വാക്കെങ്കിലുമില്ലാത്ത കൃതി കവിതയല്ല. ഇതിനര്‍ഥം നിലവില്‍ സാഹിത്യത്തിന് ലക്ഷ്യമില്ല എന്നാണോ? അല്ല. ലക്ഷ്യമുണ്ട്. അത് കവിക്കല്ല, കവിയെ പഠിപ്പിക്കുന്ന പ്രകൃതിക്കാണ്. അതിനെ നമുക്ക് തത്കാലം അജ്ഞയത എന്നുവിളിക്കാം. ആ അജ്ഞയത പ്രത്യക്ഷപ്രകൃതിയുടെ അന്തര്‍ഭാഗത്തെവിടെയോ ഉണ്ടെന്ന് വ്യക്തിയുടെ അന്തസ്സത്ത അറിയുന്നു. വിവരിക്കാനാകാത്ത ആ അറിയലിനെ വിവരിച്ച് മറ്റുള്ളവര്‍ക്ക് അറിയിക്കലാണ് കാവ്യരചന എന്ന പ്രക്രിയയുടെ ഫലം. അതിനുവേണ്ടി എല്ലാ എഴുത്തുകാരെയും പോലെ ഞാനും ശ്രമിച്ചു.

അതെ, യഥാര്‍ഥകവിത കാലാതിവര്‍ത്തിയാണ്. എന്നുവെച്ച് കാലികാംശം ഉണ്ടായിക്കൂടെന്നില്ല. ഒരുതരത്തില്‍ നോക്കിയാല്‍ കവിതയിലെ കാലികാംശമാണ് കവിതയെ അനുവാചകഹൃദയത്തിലേക്ക് പൊടുന്നനെ കടത്തിവിടുന്നത്. കാലികാംശംമാത്രം എന്നില്ലതാനും. സ്വന്തം കാലഘട്ടത്തോട് സംസാരിക്കാത്ത കവി അംഗീകരിക്കപ്പെടുന്നില്ല എന്നുപറയാറുള്ളത് ഈ അര്‍ഥത്തിലാണ്. ഞാനെഴുതിയ കവിതകള്‍ ഒക്കെത്തന്നെ ഒരര്‍ഥത്തില്‍ വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളം കടന്നുപോയ കഴിഞ്ഞ ദശകങ്ങളുടെ ഒരു ചിത്രം അവ അനാവരണം ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതു ശരിയായിരിക്കാം, തെറ്റായിരിക്കാം. ഏതായാലും അവ മറയില്ലാതെ എഴുതിയവയാണ്.

എന്റെ മലയാളം

ഞാന്‍ മലയാളത്തിലെഴുതുന്ന സാഹിത്യകാരനാണ്. മലയാളം വായനക്കാരെ സങ്കല്പിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതുന്നത്. മറ്റു ഭാഷകളിലെ കവിതകളും സാഹിത്യവും എനിക്ക് പരിചിതമാണെങ്കിലും അതെന്റെ ചിന്താരീതിയെയും എഴുത്തുരീതിയെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മലയാള പദ്യകൃതികളുടെ ധാരയിലാണ് എന്റെ കവിത നില്‍ക്കുന്നത്. അതിനെ എങ്ങനെ നവീകരിക്കാം, എങ്ങനെ പുതിയ ലോകത്തെ ഉള്‍ക്കൊള്ളാവുന്നതാക്കാം എന്നായിരുന്നു എന്റെ പരീക്ഷണം. അതുകൊണ്ടുതന്നെ വാക്കുകളിലും പദഘടനയിലും വൃത്തത്തിലും അത് ഞാന്‍ ജനിച്ചുവളര്‍ന്ന ഒരു ഭൂമിശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് കേരളത്തിലെത്തന്നെ മറ്റു ഭാഗങ്ങളില്‍നിന്നുള്ള വായനക്കാര്‍ക്ക് എന്റെ കവിതയിലെ ചില ഭാവങ്ങള്‍ തേടിപ്പിടിച്ചു മനസ്സിലാക്കേണ്ടിവരാം.

കവിത വെറും വ്യവഹാരിക ധാരയാണോ

പുതിയ മലയാളകവിതകളില്‍ ഈ ഒരംശം കുറെശ്ശെ കുറെശ്ശെയായി നഷ്ടപ്പെട്ടുപോവുന്നത് ഞാന്‍ കാണുന്നു. വെറും ഒരു വ്യവഹാരിക ധാരയായി കവിത മാറിക്കൊണ്ടിരിക്കയാണോ? ഇതാണ് എന്റെ കവിതയുടെ സ്ഥിതിയെങ്കിലും ഞാന്‍ വിചാരിക്കുന്നത് അ, ആ, ഇ, ഈ, ഉ, ഊ എന്നിങ്ങനെയുള്ള അക്ഷരമാലയെ ആശ്രയിക്കുന്ന എല്ലാ ഭാഷകളും സംസ്‌കൃതം തന്നെയാണെന്നാണ്. എന്നാല്‍, ദേവനാഗരി ലിപിതന്നെ ആശ്രയിക്കുന്ന ഹിന്ദി പോലെയുള്ള ഭാഷകളാണ് ഇന്ന് സംസ്‌കൃതത്തോട് അടുത്തുനില്‍ക്കുന്നത്. വാസ്തവത്തില്‍ വിനോബാജി ആവശ്യപ്പെട്ട രീതിയില്‍ ദേവനാഗരി ലിപി ഇവിടത്തെ എല്ലാ ഭാഷകളും സ്വീകരിക്കുകയേ വേണ്ടൂ. വാഹനങ്ങളും ആശയവി നിമയോപാധികളുംകൊണ്ട് ഇപ്പോള്‍ത്തന്നെ വലിയൊരളവോളം ഏകീ ഭവിച്ചുകഴിഞ്ഞ ഒരു ജനത ലിപിവൈവിധ്യം എന്ന തടസ്സത്തെക്കൂടി ഒഴിവാക്കിയാല്‍ ലോകത്തെ അമ്പരപ്പിക്കത്തക്കവിധം ഏകീഭവിക്കപ്പെടും.

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ഒട്ടേറെ സാഹിത്യകാരന്മാരെ ഞാന്‍ അടുത്തു പരിചയപ്പെട്ടിട്ടുണ്ട്. അലി സര്‍ദാര്‍ ജാഫി, അമൃതാ പ്രീതം, ഉമാശങ്കര്‍ ജോഷി, അഖിലന്‍, അനന്തമൂര്‍ത്തി ഇവരില്‍ പലരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. മലയാളത്തില്‍ എനിക്കുമുമ്പേ ജ്ഞാനപീഠം ലഭിച്ച അഞ്ച് സാഹിത്യകാരന്മാരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെകൂടെ എന്റെ പേരും ചേര്‍ക്കപ്പെടുന്നു എന്നത് എനിക്ക് ഇതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ അവിശ്വാസത്തോടെ ഞാനീ പുരസ്‌കാരം സന്തോഷപൂര്‍വം സ്വീകരിക്കുന്നു. എന്നെ എന്നും പിന്തുടരുന്ന കാളിദാസകവിതയിലെ, 'മരണം പ്രകൃതിഃശരീരിണാം വികൃതിര്‍ജ്ജീവിതം ഉച്യതേ ബുധൈഃ' എന്ന വരിക ളാണ് മനസ്സിലേക്ക് വരുന്നത്. എന്നാല്‍ 60-ാം വയസ്സിനുശേഷം ഈ 94-ാംവയസ്സുവരെ എന്നെ ഓരോ പ്രഭാതത്തിലും ഉണരുമ്പോള്‍ പ്രബുദ്ധനാക്കുന്നത് ആ ശ്ലോകത്തിന്റെ ഉത്തരാര്‍ധമാണ്.

'ക്ഷണമപ്യവതിഷ്ഠതേ ശ്വംസന്യദി
ജന്തുര്‍ന്നനു ലാഭവാനസൗ'.

എല്ലാവര്‍ക്കും എന്റെ നന്ദി.

കുമരനല്ലൂര്‍

24.09.2020

Content Highlights: Akkitham Achuthan Namboothiri last speech