മഹാകവി അക്കിത്തത്തിന്റെ മകള്‍ ലീലാനാരായണനുമായുള്ള അഭിമുഖം. പുനഃപ്രസിദ്ധീകരണം.

നുഷ്യനാണ് സത്യം എന്ന് തിരിച്ചറിവ് എക്കാലവും സുക്ഷിച്ച കവിയാണ് അക്കിത്തം. മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും നവോത്ഥാനകാലം തട്ടിത്തെറിപ്പിച്ചതുമുതല്‍ നമ്പൂതിരിയെ മനുഷ്യനാക്കി പരിവര്‍ത്തിച്ച വി.ടി.യുടെ പടയോട്ടത്തിനൊപ്പം അക്കിത്തം നിലകൊണ്ടു. അത് ചരിത്രമാണ്. പിന്നീട് എം. ഗോവിന്ദനിലൂടെ റാഡിക്കല്‍ ഹ്യുമാനിസത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് അക്കിത്തം വളര്‍ന്നു. കമ്യൂണിസത്തിന്റെ മാനവ സമത്വ ദര്‍ശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളില്‍ കലര്‍ന്നുപോയ ഹിംസാത്മകതയെ തുറന്നെതിര്‍ക്കാന്‍ അക്കിത്തം ധൈര്യം കാട്ടി. പിന്നീട് സര്‍വഭൂതദയയില്‍ ഊന്നിയ ദര്‍ശനത്തെയാണ് അക്കിത്തം തന്നോടൊപ്പംകൂട്ടി നടന്നത്.

ഓരോ മാതിരി ചായം മുക്കിയ 
കീറത്തുണിയുടെ വേദാന്തം 
കുത്തിനിറുത്തിയ മൈക്കിനു മുന്നില്‍ കെട്ടിയുയര്‍ത്തിയ മഞ്ചത്തില്‍ 
നിന്നു ഞെളിഞ്ഞുരുവിട്ടീടുന്നു 
തങ്ങടെ കൊടിയുടെ മാഹാത്മ്യം 

എന്ന് അക്കിത്തത്തിന് എഴുതേണ്ടിവന്നത് എല്ലാ ദര്‍ശനത്തിലൂടെയും സഞ്ചരിച്ച് കിട്ടിയ പുതിയ അവബോധത്തില്‍ നിന്നാണ്. മലയാള കാവ്യാനുശീലനത്തിന് ആധുനികതയിലേക്ക് ആദ്യവഴി വെട്ടിയ കവികളിലൊരാളാണ് അക്കിത്തം. പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ ചുറ്റിത്തിരിഞ്ഞിരുന്ന മലയാള കവിതയെ ആധുനികതയുടെ വഴിയിലേക്ക് തിരിച്ചുവിട്ടവരില്‍ അക്കിത്തവുമുണ്ടായിരുന്നു. ജീവിതദുഖങ്ങളുടെ പരിഹാരത്തെക്കുറിച്ച് സദാ സന്ദേഹിയാണ് അക്കിത്തം. അക്കിത്തത്തെ ലോകം വിലയിരുത്തുന്നത് ഇത്തരം കാഴ്ചകളിലൂടെയാണ്. എന്നാല്‍ മകള്‍ ലീലാ നാരായണന്‍ അക്കിത്തത്തെ കാണുന്നത് മറ്റൊരു കാഴ്ചയിലൂടെയാണ്. അക്കിത്തം അച്യുതന്‍ നമ്പൂതിരിയെപ്പറ്റി ഡോംബിവിലിയിലെ താമസക്കാരിയായ ലീലാ നാരായണന്‍ സംസാരിക്കുന്നു. ഡോംബിവിലിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് ലീല.

അച്ഛന്‍

വീടിനുള്ളില്‍ സാധാരണക്കാരനാണ് അച്ഛന്‍. എന്നാല്‍ വീട്ടിലെ കാര്യങ്ങളില്‍ ഇടപെടാറില്ല. കുടുംബനാഥന്‍ എന്നനിലയില്‍ വളരെ നല്ലൊരു മനുഷ്യനാണ്. പലതും നമുക്ക് അച്ഛനില്‍നിന്ന് പഠിക്കാനുണ്ട്. വളരെയധികം പ്രത്യേകതകളുള്ള ആളാണ്. കുടുംബത്തോട് സ്നേഹമുള്ള ആള്‍. ജോലിത്തിരക്കുകാരണം വീട്ടിലെ നിത്യകാര്യങ്ങള്‍ നോക്കാന്‍ അച്ഛന് സമയം കിട്ടാറുണ്ടായിരുന്നില്ല. ഔദ്യോഗിക ജീവിതകാലത്ത് അധികവും പുറത്തായിരുന്നു. 

ആദ്യം കോഴിക്കോട് ആകാശവാണിയില്‍. അവിടെനിന്ന് 1975 തൃശ്ശൂരില്‍ എത്തിയപ്പോഴും വാരാന്തദിവസങ്ങളിലാണ് വീട്ടിലെത്തുക. ആ സമയത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് അച്ഛന്‍ നല്‍കിയത് ഗുണപരമായ സമയമാണ്. സ്നേഹംനിറഞ്ഞ പെരുമാറ്റംമാത്രം. ഒരിക്കലും അച്ഛന്‍ ദേഷ്യപ്പെട്ടതായി എന്റെ ഓര്‍മയിലില്ല.

കവിയെന്ന  നിലയില്‍

കവിയെന്നനിലയില്‍ അച്ഛനെ വിലയിരുത്താന്‍ എനിക്കാവില്ല. അച്ഛനെ മാറ്റിനിര്‍ത്തി കവിയെന്നനിലയില്‍ കാണാന്‍ ചെറിയ പ്രയാസങ്ങളുണ്ട്. എങ്കിലും പുറത്തുള്ള ഒരാളെ കാണുന്നതുപോലെ അച്ഛനെയും കവിതകളെയും കാണാനാവില്ല. അച്ഛന്റെ കവിതകള്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. മനുഷ്യജിവിതത്തിന്റെ ഓരോ മൂഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയി അത് കവിതയില്‍ ആവിഷ്‌കരിക്കാന്‍ അച്ഛനായിട്ടുണ്ട്. വളരെ ലളിതമായ കവിതകളും പാണ്ഡിത്യംനിറഞ്ഞ കവിതകളും എഴുതാന്‍ കഴിവുള്ള ആളാണ് അച്ഛന്‍. എല്ലാം ഓരേരീതിയില്‍ വായിച്ചെടുക്കാനാവില്ല.

രചനാരീതി

അച്ഛന്‍ എഴുതുന്ന സമയത്ത് ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ല. അച്ഛന്‍ എഴുതാന്‍ പോവുകയാണെങ്കില്‍ അക്കാര്യം നമുക്ക് മനസ്സിലാവും. സംസാരിക്കുന്നത് കുറയും. സംസാരം എഴുതാന്‍ പോകുന്ന വിഷയത്തില്‍ മാത്രമാവും. അതില്‍ കേന്ദ്രീകരിച്ചാവും സംസാരം മുഴുവന്‍. എഴുത്ത് അധികവും രാത്രിയാവും. ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞാവും അച്ഛന്റെ എഴുത്ത്. അപ്പോള്‍ ആരും അച്ഛനെ അലോസരപ്പെടുത്താനില്ലല്ലോ. മിക്ക കവിതകളും രാത്രിയിലാണ് എഴുതിയിട്ടുള്ളത്.

വായനക്കാര്‍

ഏത് കവിത എഴുതിയാലും ആദ്യം വായിക്കുക അമ്മയാണ്. അമ്മ  അഭിപ്രായം അതില്‍ രേഖപ്പെടുത്തും. വീട്ടില്‍ ആരൊക്കെ ആ സമയത്തുണ്ടോ അവരെല്ലാം കവിത കേള്‍ക്കും. അതിന് ശേഷമാകും പ്രസിദ്ധീകരണത്തിന് നല്‍കുക. നിത്യജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ ഏറ്റവുംകൂടുതല്‍ പറയാനാവുക അമ്മയ്ക്കാണ്. അതുകൊണ്ടുതന്നെ എഴുതുന്ന കവിതകള്‍ അമ്മ വായിക്കണമെന്ന നിര്‍ബന്ധം അച്ഛനുണ്ടായിരുന്നു. 

കവിത-ഇഷ്ടം

അച്ഛന്റെ എല്ലാ കവിതകളും ഞങ്ങളുടെ ജീവിതാന്തരീക്ഷത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. അതില്‍ മുത്തച്ഛന്റെ മുത്തം എന്ന കവിത എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ മൂത്തസഹോദരി മകനെ വീട്ടിലാക്കി ജോലിക്ക് പോവുമായിരുന്നു. 

രണ്ടുവയസ്സുള്ള കുട്ടിയാണ്. അച്ഛന്‍ വാരാന്തത്തില്‍ വീട്ടിലെത്തുമ്പോള്‍ കുട്ടിക്ക് വലിയ ഉത്സാഹമാവും. ആ സന്തോഷത്തെ ബന്ധപ്പെടുത്തിയാണ് ഈ കവിത. ദാര്‍ശനിക കവിതകളെക്കാള്‍ എനിക്ക് താത്പര്യം ഇത്തരം കവിതകളാണ്. പണ്ടത്തെ മേല്‍ശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ കവിതകള്‍, ഗാന്ധിജിയെപ്പറ്റി എഴുതിയ ധര്‍മസൂര്യന്‍ അങ്ങനെ പല കവിതകളും ഇഷ്ടമാണ്.

ജ്ഞാനപീഠ പുരസ്‌കാരം

ജ്ഞാനപീഠപുരസ്‌കാരം കിട്ടിയതില്‍ വലിയ സന്തോഷം തോന്നി. ഈ പുരസ്‌കാരം ഇപ്പോള്‍ കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ നേരത്തേ കിട്ടുമെന്ന് പലപ്പോഴും പ്രതീക്ഷിച്ചിരുന്നു. ജ്ഞാനപീഠ പുരസ്‌കാര കമ്മിറ്റിയുടെ അമൃതകീര്‍ത്തി പുരസ്‌കാരം അച്ഛന് കിട്ടിയിരുന്നു. 

അതുകൊണ്ട് ജ്ഞാനപീഠത്തെപ്പറ്റി പ്രതീക്ഷയില്ലായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷയ്ക്ക് കിട്ടിയെന്ന സന്തോഷം. ഈ പുരസ്‌കാരത്തിന്റെ ഗരിമ മുംബൈപോലുള്ള നഗരത്തില്‍ താമസിക്കുമ്പോള്‍ അറിയാം. വടക്കെ ഇന്ത്യക്കാര്‍ക്കിടയില്‍ ദക്ഷിണേന്ത്യന്‍ ഭാഷയാണ് വിലമതിക്കപ്പെടുന്നത്.

രാഷ്ടീയം

അച്ഛനെ ഒരു രാഷ്ട്രീയത്തിലും ചേര്‍ത്തുനിര്‍ത്താനാവില്ല. അച്ഛന് ശരിയെന്ന കാര്യങ്ങള്‍ക്കൊപ്പം അച്ഛന്‍ ചേര്‍ന്നുനിന്നിട്ടുണ്ട്. അല്ലാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഇസത്തോടും അച്ഛന് ബന്ധമില്ല.
കവിത 

പുതുതലമുറയില്‍

ഏട്ടന്‍ ചിത്രകാരനാണ്. പുതിയ തലമുറയില്‍ ആരും കവിത എഴുതാറില്ല. കവിതകള്‍ വായിക്കും. അത് ഇഷ്ടമാണ്.

Content Highlights: Akkitham Achuthan Namboothiri daughter Leela Narayanan interview