മൂഹത്തിലെ ദ്വന്ദ്വാത്മകവൈരുധ്യങ്ങളെ സംബോധന ചെയ്യുന്ന നവീനമായ ഒരു ഭാവുകത്വമാവിഷ്‌കരിച്ചുകൊണ്ട് മലയാള കവിതയില്‍ ആധുനികതയ്ക്കു ചാലുകീറി കടന്നുവന്ന കവിയാണ് ജ്ഞാനപീഠത്താല്‍ ആദരിക്കപ്പെടുന്നത്. ഭാഷയെ, കവിതയെ സ്‌നേഹിക്കുന്നവര്‍ക്കാകെ ധന്യതയുടേതായ മുഹൂര്‍ത്തമാണിത്.

അഗാധമായ ഉള്‍ക്കാഴ്ച, ദാര്‍ശനികമായ ഭാവദീപ്തി, ഇതിഹാസമാനങ്ങള്‍ എന്നിവയാണ് ജ്ഞാനപീഠജൂറിയുടെ പരിഗണനയ്‌ക്കെത്തിയ ഇതര സാഹിത്യവ്യക്തിത്വങ്ങളില്‍നിന്ന് അക്കിത്തത്തെ വേറിട്ടു നിര്‍ത്തിയ പ്രധാന ഘടകങ്ങള്‍. പാരമ്പര്യത്തെ സമ്പൂര്‍ണമായി വിച്ഛേദിക്കാത്ത ഒരു ആധുനികതയുടെ പ്രോല്‍ഘാടകനായി അക്കിത്തം വിലയിരുത്തപ്പെട്ടു. സര്‍ഗാത്മകതയുടെ അധിക്യതയിലെത്തിയ മികവ് അംഗീകരിക്കപ്പെടുകയായിരുന്നു; സജീവവും ശ്രദ്ധേയവുമായ ചര്‍ച്ചകളുടെ സമാപ്തിയില്‍. അങ്ങനെ 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജ്ഞാനപീഠം കേരളക്കരയിലേക്ക് വീണ്ടുമൊരിക്കല്‍ കൂടി എത്തി.

കാല്പനികമായ മായക്കാഴ്ചകളില്‍ ഭ്രമിച്ചുനിന്ന മലയാളകവിതയെ ജീവിതത്തിന്റെ പൊള്ളിക്കുന്ന കനല്‍ക്കാഴ്ചകളിലേക്കാനയിച്ച കവിയാണ് ജ്ഞാനപീഠപുരസ്‌കാരത്താല്‍ ആദരിക്കപ്പെടുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം ബലമായി വരുമെന്നു മലയാളത്തിന്റെ മനസ്സിനെ പഠിപ്പിച്ച കവി. പ്രതികാരത്തിന്റെ മഹാമാരി വഹിക്കുന്ന ക്ഷീണരോഗികള്‍ക്ക് സുഖം എന്ന മഹാശക്തി വിരചിക്കാനാവില്ലെന്നു പഠിപ്പിച്ച കവി. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ നേരിടേണ്ടിവരുമ്പോള്‍ ദുര്‍ബലമാവുന്ന നമ്മുടെ മനസ്സിന്റെ കൈപിടിക്കുന്ന ഒരുപാടുവരികള്‍ അക്കിത്തം കുറിച്ചുവെച്ചു. അതാണ് അക്കിത്തത്തെ നമുക്കു പ്രിയങ്കരനാക്കുന്നത്.

അകളങ്കമായ സ്‌നേഹത്തിന്റെ മഹാപ്രകാശമാണ് അക്കിത്തത്തിന്റെ കവിതകളില്‍നിന്നു പ്രസരിക്കുന്നത്. മറ്റുള്ളവര്‍ക്കായി ഒരു പുഞ്ചിരി ചെലവാക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ നിത്യനിര്‍മലമായ ഒരു പൗര്‍ണമി പൂത്തുലയുന്നുവെന്നു കണ്ടെത്തിയ കവിയാണദ്ദേഹം.

മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ സ്വന്തം ആത്മാവില്‍ ആയിരം സൗരമണ്ഡലം ഉദിച്ചുയരുന്നതായും അദ്ദേഹം കണ്ടെത്തി. കണ്ടെത്തലുകളാണു മൗലികമായ ദര്‍ശനങ്ങള്‍. വേദോപനിഷത്തുകളുടെ സാരസത്ത അക്കിത്തം കവിതകളില്‍ വന്നുനിറഞ്ഞു. 'ഇദം ന മമഃ' എന്നുണ്ടല്ലോ. 'ഇത് എന്റേതല്ല' എന്ന ചിന്ത. എല്ലാം തന്റേതാക്കാനുള്ള ഭൗതികമായ വ്യഗ്രത മനസ്സുകളെയൊക്കെ കീഴടക്കുന്ന ഒരു കാലത്ത്,

''എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍;
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ''
''വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം''

എന്ന് അക്കിത്തം എഴുതി. അതിന് അദ്ദേഹം ഒരുപാടു ശകാരവും കേട്ടു. വെളിച്ചം ദുഃഖമാണ് എന്നു കവിതയില്‍ പറഞ്ഞാലതിനര്‍ഥം വെളിച്ചമെല്ലാം തല്ലിക്കെടുത്താന്‍ കവി ആഹ്വാനം ചെയ്തിരിക്കുന്നു എന്നല്ല. കവിത ആവശ്യപ്പെടുന്നതു മറ്റൊരു പാരായണരീതിയാണ് എന്നു വിശദീകരിക്കാന്‍ പോലും

അക്കിത്തം കൂട്ടാക്കിയില്ല. എന്നാല്‍, ഒരു കാര്യം കാലം വ്യക്തമാക്കി. ഇരുട്ട് എത്ര കനക്കുന്നോ, അതിനനുസരിച്ചാണു നക്ഷത്രത്തിന്റെ തെളിച്ചം കൂടുന്നത് എന്ന്.

ബഹുവര്‍ണശബളാഭമായ കണ്ണാടിക്കൊട്ടാരമായി ലോകത്തെ കവികള്‍ സങ്കല്പിച്ചിരുന്ന ഒരു കാലത്താണ് അക്കിത്തം 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന് എഴുതിയത്. കവിതയുടെ ഭാഷയിലും ഭാവത്തിലും മാറ്റം കുറിക്കുകയായിരുന്നു അദ്ദേഹം.

'തുടുവെള്ളാമ്പല്‍പ്പൊയ്കയിലും നാല്പാമരക്കാട്ടിലും നീലോല്പലദള നയനങ്ങളി'ലുമൊക്കെ വ്യാപരിച്ചുനിന്ന മലയാളകവിതയുടെ അകമിഴികളെ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ ദുരന്തപൂര്‍ണമായ കനല്‍ക്കാഴ്ചകളിലേക്കാനയിച്ചൂ, അക്കിത്തം.

''നിരത്തില്‍ കാക്ക കൊത്തുന്നൂ
ചത്തപെണ്ണിന്റെ കണ്ണുകള്‍;
മുലചപ്പിവലിക്കുന്നൂ
നരവര്‍ഗ നവാതിഥി''

എന്നതും ഭാഷയിലും ഭാവത്തിലും മാറ്റം കുറിക്കുന്ന കവിതയായി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അതുകൊണ്ടു തന്നെ ആരുറപ്പുള്ള കാവ്യഭാഷയിലേക്കുള്ള വ്യതിയാനം കുറിക്കുന്ന കവിതയുമായി.

''അതിനിന്ദ്യമീ നരത്വം'' എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. ആ നരത്വത്തെ വന്ദ്യമാക്കാനെന്താണു വഴി? അതാലോചിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തകവിയാണ് അക്കിത്തം. ആ ഉത്തരമാണ് 'ബലിദര്‍ശന'ത്തിലും 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലും 'പണ്ടത്തെ മേല്‍ശാന്തി'യിലും ഒക്കെ കലര്‍ന്നുനില്‍ക്കുന്നത്.

പരീക്ഷണങ്ങളുടെ മലവെള്ളപ്പാച്ചില്‍ പലകുറി മലയാളത്തില്‍ വന്നുപോയി. എന്നാല്‍, അതിലൊന്നും ഭ്രമിക്കാതെ ഒരു തീര്‍ഥധാരയായി മലയാളത്തിന്റെ മനസ്സിലേക്ക് ഒഴുകിനിറയുന്നു ആ കാവ്യചൈതന്യം.

(ജ്ഞാനപീഠം ജൂറി അംഗം)

Content Highlights: Prabha Varma about Akkitham Achuthan Namboothiri