കുട്ടിക്കാലംമുതല്‍ അറിയുന്ന, വളരെയധികം ഇഷ്ടപ്പെടുന്ന കവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞകുറച്ചുവര്‍ഷമായി ഈ സമയത്താണ് ജ്ഞാനപീഠം പുരസ്‌കാരജേതാവിനെ പ്രഖ്യാപിക്കാറുള്ളത്.

ഓരോ പ്രഖ്യാപനം വരുമ്പോഴും ഈ പേര് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിക്കും. നീണ്ടുപോയി എങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ വളരെ സന്തോഷം തോന്നി. കുട്ടിക്കാലംമുതല്‍ ഞാന്‍ അറിയുന്ന, എന്നെ കുട്ടിക്കാലം മുതല്‍ അറിയുന്ന അക്കിത്തത്തിന്റെ വളര്‍ച്ച അടുത്തുനിന്ന് ശ്രദ്ധിച്ചിട്ടുണ്ട്.

ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെ അക്കിത്തവും പഠിച്ചിരുന്നു. കവിത എഴുതുന്ന ആളാണെന്ന് അന്നേ അറിയാമായിരുന്നു. ആ കവിത വായിക്കാന്‍ തുടങ്ങി. ആദ്യസമാഹാരമായ വീരവാദം മുതല്‍ എല്ലാകവിതകളും വായിച്ചിട്ടുണ്ട്.

കുറച്ചുവര്‍ഷം മുമ്പ് അക്കിത്തത്തിന് മൂര്‍ത്തീദേവിപുരസ്‌കാരം ലഭിച്ചപ്പോള്‍ അന്ന് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ തിരുവനന്തപുരത്ത് ഞാനും ഉണ്ടായിരുന്നു. മലയാളകവിതയിലെ വലിയ പ്രതിഭ. ഏതുകാലത്തും നിലനില്‍ക്കുന്ന, ശോഭിക്കുന്ന സവിശേഷതയുള്ള കവിതകളാണ് അക്കിത്തത്തിന്റേത്. എനിക്കെന്നും പ്രിയപ്പെട്ട കവിയാണദ്ദേഹം.

എനിക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയുള്ളപ്പോള്‍ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' ഉള്‍പ്പെടെയുള്ള കവിതകള്‍ അന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കിത്തം കോഴിക്കോട്ട് ആകാശവാണിയില്‍ ജോലിചെയ്ത കാലത്ത് കുറച്ചുകാലം എന്നോടൊപ്പം കോഴിക്കോട് ആനിഹാള്‍ റോഡിലെ വാടകവീട്ടില്‍ താമസിച്ചിട്ടുമുണ്ട്. ഒരുജ്യേഷ്ഠസഹോദരനെ പോലെയാണ് അക്കിത്തം.

Content Highlights: M.T.Vasudevan Nair about Akkitham Achuthan Namboothiri