ന്നിലേറെ രീതികളില്‍ അക്കിത്തത്തിന്റെ കവിതയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരു തലമുറയാണ് എന്റേത്; ഭാവുകത്വംകൊണ്ട് അദ്ദേഹത്തിന്റെ കവിത പലവിധത്തില്‍ ആധുനിക കവിതയുടെ മുന്നോടിയാണ് എന്നു പറയാം.

കവിതയുടെ ആമൂലമായ ദാര്‍ശനികത, എല്ലാം മാറ്റി മറിക്കുന്ന ഒരു മഹാവിപ്ലവത്തെക്കുറിച്ചുള്ള മോഹങ്ങള്‍ മങ്ങിയ ഒരു കാലത്തിന്റെ ഉദ്വിഗ്‌നത, ആ ശൂന്യത നികത്താനുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ, ബുദ്ധനിലും മാര്‍ക്‌സിലും ഗാന്ധിയിലും പല രൂപത്തില്‍ അവതീര്‍ണമായ, പരിവര്‍ത്തന വിശ്വാസം ഒരിക്കലും കൈവിടാത്ത, സര്‍വാശ്ലേഷിയായ കരുണ, ഏതു കൂരിരുട്ടിലും 'മുന്നോട്ട്, മുന്നോട്ട്' എന്ന്, എത്രമാത്രം ഒറ്റയ്ക്കായാലും ' നടക്കൂ, നടക്കൂ' എന്ന് സ്വയം മന്ത്രിക്കുന്ന പ്രത്യാശ, അവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തിന്റെ നിഗൂഢതയോടുമുള്ള നിരന്തരസംവാദം, ആ സംഭാഷണത്തിനു പറ്റിയ ഒരു ഭാഷയ്ക്ക്, അഥവാ പല ഭാഷകള്‍ക്ക്, ആയുള്ള അന്വേഷണം-ഇതെല്ലാമാണ്, പല വ്യത്യാസങ്ങള്‍ക്കുമിടയിലും ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് എന്ന് പറയാം. സത്യം അവിടെയുണ്ട്, ഇവിടെയുണ്ട് എന്ന ഭ്രമത്താല്‍ ചിലപ്പോള്‍ ഞങ്ങളെല്ലാം ചിലയിടങ്ങളില്‍ തങ്ങിയും തടഞ്ഞും നിന്നിട്ടുണ്ടാകാം; എന്നാല്‍? കവിത ആ സുനിശ്ചിതത്വങ്ങളെ വിട്ട്, ഒരു പാറയിലും തടയാതെ അതിനെയെല്ലാം ചുറ്റി മുന്നോട്ടൊഴുകുന്ന അരുവി പോലെ, മുന്നോട്ടു പോയിട്ടുമുണ്ട്. ഈ ചിരാന്വേഷണബുദ്ധി പലതലമുറകളിലെയും കവികളെ അവരുടെ പ്രത്യക്ഷവ്യത്യാസങ്ങള്‍ക്കിടയിലും ഒരൊറ്റ ചൈതന്യനിര്‍ഭരമായ അനുസ്യൂതിയുടെ ഭാഗമാക്കുന്നുണ്ട്.

എന്റെ തലമുറയിലെ പല കവികളിലേക്കുമെന്നപോലെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ' ത്തിലൂടെയാണ് എന്നിലേക്കും അക്കിത്തം ആദ്യം ഗൗരവമായി കടന്നു വരുന്നത്. കുട്ടിക്കാലം മുതലേ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലും മറ്റും വരുന്ന അദ്ദേഹത്തിന്റെ കവിത വായിച്ചിരുന്നില്ലാ എന്നല്ല, ഈ കവിതയിലെ അപരിഹാര്യമെന്നു തോന്നിക്കുന്ന ദാര്‍ശനികമായ പ്രതിസന്ധിയും മര്‍ത്ത്യശോകത്തിന്റെ നിലയ്ക്കാത്ത നിലവിളിയും കാരുണ്യത്തിന്റെ പ്രഭാമയമായ വെളിപാടും ആരെയും തന്നിലേക്കും ചുറ്റുപാടിലേക്കും നോക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. 'ഒരു കണ്ണീര്‍ക്കണം മറ്റു-/ ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ / ഉദിക്കയാണെന്നാത്മാവി- / ലായിരം സൗരമണ്ഡലം/ ഒരു പുഞ്ചിരി ഞാന്‍ മറ്റു-/ള്ളവര്‍ക്കായ്‌ച്ചെലവാക്കവേ/ ഹൃദയത്തിലുലാവുന്നൂ/ നിത്യ നിര്‍മല പൗര്‍ണമി' - ഈ വരികളില്‍ ബുദ്ധനും മാര്‍ക്‌സും കബീറും ഗാന്ധിയും ശ്രീനാരായണഗുരുവും ഒരൊറ്റ 'ദിവ്യപുളകോദ്ഗമ'ത്തിന്റെ പ്രഭവങ്ങളായി പരസ്പരം ആശ്ലേഷിക്കുന്നു.

'കിരണാവലിയാലൂടും / പാവുമിട്ട ദുകൂലവും/ മാരിവില്ലിന്‍ പൊളികളാല്‍-/പണ്ടവും തീര്‍ത്ത ജീവിതം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിക്കാലത്തിന്റെ നഷ്ടസ്വര്‍ഗവും 'ആനന്ദതുഹിനം വറ്റീ /ജ്ഞാനമാം വെയ്ലറയ്ക്കവേ' എന്നു പാടേണ്ടി വരുന്ന, ചോരയീമ്പുന്ന യന്ത്രങ്ങളുടെ ചക്രപ്പല്ലുകളില്‍ മാംസപേശികള്‍ കോര്‍ക്കേണ്ടി വരുന്ന മനുഷ്യത്തൊഴിലാളികളുടെ വിധിയില്‍ വേദനിക്കുന്ന, പുറത്തെ സമൃദ്ധികള്‍ക്കിടയില്‍, 'നിരത്തില്‍ കാക്ക കൊത്തുന്നൂ / ചത്ത പെണ്ണിന്റെ കണ്ണുകള്‍/ മുല ചപ്പി വലിക്കുന്നൂ/ നരവര്‍ഗ നവാതിഥി' എന്ന് മനുഷ്യന്റെ ദയാരാഹിത്യത്തിനു സാക്ഷി പറയേണ്ടി വരുന്ന അറിവിന്റെ നരകവും സമത്വസുന്ദരലോകത്തിന്റെ കനകക്കിനാക്കള്‍, 'ഉഗ്രപ്രേതപരമ്പര' യ്ക്ക് മാത്രം ജന്മംനല്‍കുന്ന പാതാളവും ജീവിതപ്രേമത്തിന്റെ കുരിശു നെഞ്ചിലാഴ്ത്തി നില്‍ക്കുന്ന സ്‌നേഹത്തിനു മാത്രമേ നവലോകം സൃഷ്ടിക്കാന്‍ കഴിയൂ എന്ന് പഠിപ്പിക്കുന്ന ഭൂമിയും അവതരിപ്പിക്കുന്ന 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം', എനിക്ക് ആറു വയസ്സുള്ളപ്പോള്‍ എഴുതപ്പെട്ടതായിരുന്നെങ്കിലും എന്റെ തലമുറയുടെ ഇരുപതുകളെ അര്‍ഥവത്തായി സംബോധന ചെയ്തു. 'നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാല്‍' എന്ന അതിന്റെ വെളിപാട് സത്യമാകുന്നത് സ്‌നേഹശക്തിയാല്‍ ഐക്യപ്പെട്ടവരുടെ ജനകീയ സമരങ്ങളിലൂടെ-ലെബനന്‍ മുതല്‍ മഹാരാഷ്ട്ര വരെ-നാം കണ്ടു നില്‍ക്കുന്നു.

'കണ്ണീരില്‍ ഉറഞ്ഞുകൂടിയ വെണ്ണക്കല്ല്' എന്ന രൂപകത്തിലൂടെ അക്കിത്തത്തിന്റെ കവിതയെക്കുറിച്ച് എം. ലീലാവതി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. അവയിലെ ചിരിപോലും 'കണ്ണുനീര്‍ക്കുത്തില്‍ നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടങ്ങള്‍' ആണ്. 'വെളിച്ചം ദുഃഖമാണുണ്ണീ/ തമസ്സല്ലോ സുഖപ്രദം' എന്ന വരികള്‍ അവ രചിക്കപ്പെട്ട കാലത്തെക്കാള്‍ ഇന്ന് -അറിവുള്ളവര്‍ അധികാരത്തോട് സത്യംപറയാന്‍ മടിക്കുകയും അറിവില്ലാത്തവര്‍ വിമതശബ്ദങ്ങളെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന, ഇക്കാലത്ത് -കൂടുതല്‍ സാരവത്തായി തോന്നുന്നു.

കവിത കവിയുടെ വൈയക്തികവിശ്വാസങ്ങളെ അതിജീവിച്ചു നിലനില്‍ക്കുന്ന, പല രീതിയില്‍ വായിക്കാവുന്ന, ഒരു ബഹുസ്വരാവിഷ്‌കാരമാണെന്ന് അക്കിത്തത്തിന്റെ രചനകള്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. 'ഹേ, കലാകാരന്മാരേ, നിങ്ങളെന്നാജ്ഞയ്‌ക്കൊത്തു/ ലോകത്തെപ്പുരോഗമിപ്പിക്കുവിന്‍ മേലേ മേലേ' ( 'ഡ്രൈവറുടെ പ്രസ്താവന') എന്ന് ലോകമെമ്പാടും 'വികാസപുരുഷന്മാര്‍' ആഹ്വാനം ചെയ്യുന്ന കാലത്ത് അക്കിത്തത്തിന്റെ കവിതയിലെ സമഗ്രാധിപത്യത്തിനു നേരെയുള്ള പരിഹാസവും അതിന്റെ മറുപുറമായ ദീനാനുകമ്പയും പുതിയ അര്‍ഥങ്ങള്‍ കൈ വരിക്കുന്നു. 'ആമാശയത്തിലകപ്പെട്ട സൂചി പോ/ലന്തരംഗത്തില്‍പ്പു ലര്‍ന്നിതാക്കണ്ണുനീര്‍' എന്നതു ഇന്ന് അനാവിഷ്‌കൃതമായ ഏറെ വേദനകളുടെ-കര്‍ഷകരും സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളുമെല്ലാമനുഭവിക്കുന്ന കൊടിയ പീഡനത്തിന്റെ-സൂചകം തന്നെയായിരിക്കുന്നു.

വ്യക്തിസ്വാതന്ത്ര്യവും സമൂഹസൗഖ്യവും സമന്വയിക്കുന്നതാകണം നാളത്തെ സമുദായ വ്യവസ്ഥ എന്ന കവിയുടെ സങ്കല്പവും അത്തരമൊന്നു സൃഷ്ടിക്കാന്‍ സഹിക്കുന്ന മനുഷ്യരുടെ സ്‌നേഹാധിഷ്ഠിതമായ മഹാസഖ്യത്തിനേ കഴിയൂ എന്ന ചിന്തയും ഇന്ന് സാമൂഹ്യചിന്തരും രാഷ്ട്രീയദാര്‍ശനികരും കൂടുതലായി മനസ്സിലാക്കുന്നുണ്ട്.

കരിമ്പനകളും കുടപ്പനകളും തലയുയര്‍ത്തി ആകാശം കീഴടക്കി നില്‍ക്കുമ്പോള്‍ തെല്ലും അസൂയയില്ലാതെ, അവരെ അഭിനന്ദിക്കാന്‍ മടിയില്ലാത്ത ഒരു നിലപ്പനയായി സ്വയം കാണാന്‍ അക്കിത്തം ആഗ്രഹിച്ചിട്ടുണ്ട് (നിലപ്പനയുടെ പാട്ട് ) കാലില്‍ കോടാലി വീഴുമ്പോഴും പുരയ്ക്ക് കഴുക്കോലും ഉത്തരവുമായി മാറണേ എന്ന് പ്രാര്‍ഥിക്കുമ്പോള്‍, ആ വന്മരങ്ങള്‍ പോലും ആത്മബലിയുടെ പ്രതീകങ്ങളായി മാറുന്നുമുണ്ട്.

വാത്സല്യം, ഭക്തി, രതി, ഭൂതദയ , പ്രകൃതിസ്‌നേഹം-അക്കിത്തത്തിന്റെ കവിതയില്‍ കാണാത്ത ഭാവങ്ങള്‍ കുറവാണ്. നാടോടിപ്പാട്ടു മുതല്‍ സംസ്‌കൃതവൃത്തങ്ങള്‍ വരെ ഈ കവിക്ക് നന്നായി വഴങ്ങുമെന്ന് 'ദേശസേവിക' മുതല്‍ 'കുതിര്‍ന്ന മണ്ണ്' വരെയുള്ള അക്കിത്തം കവിതകള്‍ തെളിയിച്ചിട്ടുണ്ട്. ഭക്തിയെ ഈ കവി, ഇന്ത്യയിലെ ഭക്തികവികളെപ്പോലെ, പ്രപഞ്ച രഹസ്യത്തിനു മുന്നിലുള്ള വിനയമായാണ്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിളനിലമായല്ല കാണുന്നത്. 'പരദുഃഖത്തിന് അര്‍ഘ്യം നല്‍കുന്നതില്‍ സാഫല്യം കണ്ടെത്തുന്ന മനസ്സിന് നേരുന്ന സ്തുതിഗീതമാണ് അക്കിത്തത്തിന്റെ കവിത' എന്ന ആര്‍. വിശ്വനാഥന്റെ നിരീക്ഷണം തികച്ചും ശരിയാണ്.

'കരതലാമലകം'. 'പൂമ്പാറ്റകള്‍', 'ഭാരതീയന്റെ ഗാനം' ,'ഭൂമി',''ഇടിഞ്ഞു പൊളിഞ്ഞ ലോകം'. 'കടല്‍യാത്ര' 'നിത്യമേഘം', 'തുലാവര്‍ഷം' ഇങ്ങനെ അനേകം അക്കിത്തം കവിതകളില്‍ 'അശ്രുവിലെരിയുന്ന ഒരു തിരി' ഉണ്ട്. സമുദ്രത്തില്‍ ഉണ്ടെന്നു കരുതപ്പെടുന്ന ബഡവാഗ്‌നി പോലെയാണ് ഇത്. പീഡനത്തിന്റെ കണ്ണീരില്‍ നിന്നാണല്ലോ സാമൂഹ്യസംക്രമണങ്ങളുടെ അഗ്‌നിയും ഉദ്ഭവിക്കുന്നത്. ഇരുമ്പിനെ പൊന്നാക്കുന്ന വിദ്യ ഈ കവി ജീവിതം മുഴുവന്‍ പ്രയോഗിച്ചിട്ടുണ്ട്.

Content Highlights: K. Satchidanandan about Akkitham Achuthan Namboothiri