ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ മഹാകവി അക്കിത്തത്തിന് സ്നേഹാദരവുമായി പ്രമുഖര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
വിനയാന്വിതനായ കവി - എം.പി. വീരേന്ദ്രകുമാര്‍
മഹാകവി അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠം മലയാളഭാഷയ്ക്കും കേരളത്തിനുമുള്ള വലിയ അംഗീകാരമാണ്. അദ്ദേഹം കവിതയില്‍ പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചു. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിന്റെ വരികള്‍ ഉരുവിടാത്ത മലയാളികളില്ല. ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയപ്പോഴും എന്നും വിനയാന്വിതനായിരുന്നു അദ്ദേഹം. വിവരവും വിവേകവും ഇഴചേര്‍ന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ പ്രധാനകവിതകളെല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്. മാതൃഭൂമി സാഹിത്യപുരസ്കാരംനല്കി ആദരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വ്യക്തിപരമായ സൗഹൃദം എപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
'മലയാളത്തിന്റെ ധന്യത' -മധുസൂദന്‍ ആനന്ദ്, ഡയറക്ടര്‍ ജ്ഞാനപീഠ സമിതി
മലയാളസാഹിത്യത്തില്‍ പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയില്‍ പാലമിട്ട അക്കിത്തത്തിന്റെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. മുന്‍കാലങ്ങളിലും അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ തീരുമാനത്തില്‍ എത്താനായിരുന്നില്ല. ഇത്തവണ പുരസ്കാരനിര്‍ണയസമിതി ഏകകണ്ഠമായാണ് അക്കിത്തത്തിനു ജ്ഞാനപീഠം നല്കാന് നിശ്ചയിച്ചത്.
അപരനുവേണ്ടിയുള്ള സമര്‍പ്പണം -മുഖ്യമന്ത്രി പിണറായി വിജയന്
അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരം. മനുഷ്യന്റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയാണ് അക്കിത്തം. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണശ്രമങ്ങളില്‍ ഇം.എം.എസ്. നമ്പൂതിരിപ്പാടിനും വി.ടി. ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു.
ഉത്കൃഷ്ടമായ കാവ്യപാരമ്പര്യം -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഉത്കൃഷ്ടമായ കാവ്യപാരമ്പര്യത്തിന്റെ ഉന്നതമാതൃകയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
മഹാമേരുവിന് പൂര്‍ണ ചന്ദ്രന്റെ മേലാപ്പ് - മോഹന്‍ലാല്‍
ജ്ഞാനപീഠ പുരസ്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിക്ക്.... സ്നേഹാദരം