പാലക്കാട്, അമേറ്റിക്കരയിലെ 'ദേവായന'ത്തില്‍ വെള്ളിയാഴ്ച വൈകീട്ട് സന്തോഷം തുളുമ്പിനിന്നു. പടിയിറങ്ങി മുറ്റത്തെത്തുന്നവരുടെ നേരെ പുഞ്ചിരിയുമായി മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി. തേജസ്സാര്‍ന്ന വാക്കുകള്‍. സന്തോഷം. ഇടയ്ക്ക് ഓര്‍മകളുടെ നിലാവും നിഴലും മുഖത്ത് മിന്നിമാഞ്ഞു.

പൂച്ചെണ്ടുകളും പൊന്നാടകളുമായി മലയാളത്തിന്റെ സ്‌നേഹം 'ദേവായന'ത്തിലേക്ക് എത്തുമ്പോഴേക്കും എല്ലാവര്‍ക്കും മധുരമെത്തി. മഹാകവിക്ക് സ്‌പെഷ്യല്‍ മധുരം ഗുരുവായൂരപ്പന്റെ പാല്‍പ്പായസം. ഗുരുവായൂരില്‍നിന്ന് ഉച്ചപൂജയുടെ പാല്‍പ്പായസവും ത്രിമധുരവുമായെത്തിയത് ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത്.

'ദേവായന'ത്തിന്റെ പൂമുഖത്തെ ചിട്ടകള്‍ക്കൊന്നും മാറ്റമില്ല. പതിവുപോലെ കൈയുള്ള ബനിയനും മുണ്ടും രുദ്രാക്ഷമാലയുമായി അക്കിത്തമിരുന്നു. നെറ്റിയില്‍ നിറയെ ഭസ്മക്കുറി.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മകന്‍ അക്കിത്തം നാരായണന്റെ ഫോണിലേക്ക് പുരസ്‌കാരവാര്‍ത്ത ഡല്‍ഹിയില്‍നിന്നെത്തിയത്. രാവിലത്തെ ഭക്ഷണശേഷം വിശ്രമിക്കുകയായിരുന്നു അക്കിത്തം.

നാരായണന്‍ വീട്ടിലെത്തിയപ്പോഴേക്കും ജ്ഞാനപീഠസമിതി അധ്യക്ഷ പ്രതിഭാ റായിയും വിളിച്ചു. നേരിട്ട് മഹാകവിയുമായി സംസാരിച്ചു. ''സന്തോഷം, എനിക്ക് ദൈവം അവസരം തന്നു...'' പ്രതികരണം ചെറുവാക്കുകളിലൊതുങ്ങി.

അപ്പോഴേക്കും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അടക്കമുള്ളവരുടെ അഭിനന്ദനങ്ങള്‍ ഫോണ്‍വഴിയെത്തി. ഉച്ചയ്ക്ക് പതിവുള്ള മയക്കംകഴിഞ്ഞ് പൂമുഖത്തെത്തുമ്പോഴേക്കും മൂന്നര കഴിഞ്ഞിരുന്നു. അപ്പോഴേക്കും വി.ടി. ബല്‍റാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായെത്തി. തൊട്ടപ്പുറത്തുള്ള കുറ്റിപ്പാല എസ്.വി.ജെ.ബി.എസിലെ കുട്ടികള്‍ പ്രധാനാധ്യാപിക മീനാക്ഷിക്കുട്ടിയുടെയും പി.ടി.എ. പ്രസിഡന്റ് ഇ.പി. സുബ്രഹ്മണ്യന്റെയും കൂടെയെത്തി മഹാകവിയെ പൊന്നാടയണിയിച്ചു. മഹാകവിയുടെ കാല്‍ച്ചുവട്ടിലിരുന്ന് ചിത്രമെടുത്തു.

ബസിറങ്ങി ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു. ഇടയ്ക്ക് വീട്ടിനകത്തുനിന്ന് ആരോ അക്കിത്തത്തിന്റെയും പത്‌നിയുടെയും ചില്ലിട്ട പഴയ ചിത്രം മഹാകവിയുടെ കൈയിലേക്കു നല്‍കി. ഒരുനിമിഷം. ചിത്രത്തിലേക്കു നോക്കി അദ്ദേഹം മൗനിയായി. മുഖഭാവം മാറി.

അപ്പോഴേക്കും സന്ദര്‍ശകര്‍ കടന്നുവന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സംഘവുമെത്തുമ്പോള്‍ മുറ്റത്ത് മാധ്യമപ്രതിനിധികളുടെയും തിരക്കായി. 'കാസര്‍കോട്ട് കുട്ടികളുടെ കലോത്സവത്തില്‍നിന്ന് വരുകയാണ്' -മഹാകവിയെ പൊന്നാടയണിയിച്ച് വന്ദിച്ചുകൊണ്ട് സ്പീക്കര്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ. സി.പി. ചിത്രഭാനു ചെറുകാടിന്റെ മകനാണെന്ന് പരിചയം പുതുക്കി.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവരുടെ ആദരം അദ്ദേഹത്തെ അറിയിച്ചു. മഹാകവിക്ക് മാതൃഭൂമി യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് പൂച്ചെണ്ടുനല്‍കി.