യമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍' എന്ന നോവലില്‍ പരാമര്‍ശിക്കുന്നതുപോലുള്ള ജീവിതാനുഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ജാതീയ അധിക്ഷേപം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന ഡോ. പായലിന്റേതെന്ന് പി.സി. വിഷ്ണുനാഥ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഡോ. പായലിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും മനസാക്ഷിയ്ക്ക് മുമ്പില്‍ ഒരു നൂറുവട്ടം പ്രതിധ്വനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.സി. വിഷ്ണുനാഥിന്റെ കുറിപ്പ് വായിക്കാം 

വായനയ്ക്കു ശേഷം തരിച്ചിരുത്തിയ ഒരു നോവലാണ് ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍'. എന്നാല്‍ നോവലില്‍ പരാമര്‍ശിക്കുന്നതുപോലുള്ള ജീവിതാനുഭവങ്ങള്‍ പുതിയ ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ജാതീയ അധിക്ഷേപം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന ഡോ. പായലിന്റേത്.

പിന്നോക്ക വിഭാഗക്കാരനായി ജനിച്ച ഒരാള്‍ പിന്നീട് സ്വപ്രയത്‌നത്താലോ വിദ്യാഭ്യാസത്താലോ സമ്പത്തിനാലോ പദവിയാലോ 100 സിംഹാസനങ്ങള്‍ തീര്‍ത്താലും തന്റെമേലും ശരീരത്തിന്‍മേലും ആരോപിക്കപ്പെടുന്ന അവര്‍ണ്ണത മായ്ച്ചുകളയാന്‍ സമൂഹം ഒരു വിധത്തിലും അനുവദിക്കില്ലെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ജയമോഹന്റെ നോവല്‍ സംവേദനം ചെയ്യുന്ന രാഷ്ട്രീയം.

അധികാരി വര്‍ഗം എല്ലാപ്പോഴും സവര്‍ണ്ണന്‍ തന്നെയായിരിക്കും എന്ന ഇന്ത്യന്‍ സാഹചര്യങ്ങളെയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. അധികാര സ്ഥാനത്ത് എത്തിയാലും കീഴാളന്റെ മുഖത്ത് നിഴലിക്കുന്ന ഭീതി ഹൃദയഭേദകമായി വരച്ചിടുന്നു ജയമോഹന്‍.

നാം എന്ത് പുരോഗമനമാണ് കൈവരിച്ചതെന്ന ചോദ്യം അധ:സ്ഥിത ജീവിതത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ ഒരായിരം തവണ ആവര്‍ത്തിക്കുന്നു നൂറ് സിംഹാസനം. എത്ര ഉയര്‍ന്ന നിലയിലെത്തിയാലും വര്‍ണപരമായ അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു ജനത ഇവിടെ നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓരോ നാട്ടിലും അതിന്റെ ഏറ്റക്കുറച്ചില്‍ മാത്രമാണുള്ളത്.

ഡോ. പായല്‍ തദ്വിയെന്ന വംശീയതയുടെ രക്തസാക്ഷി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ നൂറ് സിംഹാസനങ്ങളിലെ ഓരോ ഏടും, ഓരോ രംഗവും മനസ്സില്‍ അലതല്ലി. അധികാര വര്‍ഗത്തിനൊപ്പം അക്കാദമിക മേഖലയുടെ തലപ്പത്തുള്ളവരിലും രൂഢമൂലമായ ജാതീയ-വംശീയ ബോധത്തിന്റെ ആണിക്കല്ല് തകര്‍ക്കാതെ നമുക്ക് ഒരു വിധ പുരോഗമനത്തെക്കുറിച്ചും സംസാരിക്കാന്‍ അവകാശമില്ല.

ഡോ. പായലിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും മനസാക്ഷിയ്ക്ക് മുമ്പില്‍ ഒരു നൂറുവട്ടം പ്രതിധ്വനിക്കണം. കലാലയങ്ങളില്‍ വംശീയവെറിക്കെതിരായ മാനവിക രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍ പാറുന്നതിലൂടെ മാത്രമേ ഇത്തരം പ്രതിലോമ ചിന്തകളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. 

നൂറ് സിംഹാസനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: nooru simhasanangal, dr payal tadvi, P. C. Vishnunath