'അറിയപ്പെടുന്നവര്‍ മരിക്കുമ്പോള്‍ കൂട്ടത്തിലുള്ള ആരോ പോണപോലെയാണല്ലോ, എന്നാല്‍ അറിയപ്പെടാത്തവര്‍ മരിക്കുമ്പോഴോ.. ?.'ആ അറിയപ്പെടാത്തവരും നമ്മുടെ ആരൊക്കെയോ അല്ലേയെന്ന് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത്.  തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. മധു, അശാന്തന്‍ എന്നിവരുടെ മരണത്തിലുള്ള ദു:ഖം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

സുസ്‌മേഷ്  ചന്ത്രോത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം 

ഇന്നു രാവിലെ അഞ്ചേമുക്കാലിന് ഉണരുന്നത് ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞുകൊണ്ടാണ്. കഴിവുറ്റ ആ നടിയുടെ, കലാകാരിയുടെ വേര്‍പാടില്‍ വ്യസനം തോന്നി. അറിയപ്പെടുന്നവര്‍ മരിക്കുമ്പോള്‍ കൂട്ടത്തിലുള്ള ആരോ പോണപോലെയാണല്ലോ.  അറിയപ്പെടാത്തവര്‍ മരിക്കുമ്പോഴോ.. ? ഇന്നുരാവിലെ മുതല്‍ ഞാനാലോചിച്ചത് അതാണ്. അറിയപ്പെടാത്തവരും നമ്മുടെ ആരൊക്കെയോ അല്ലേ.. 
ഞാനോര്‍ത്തു. വിട്ടൊഴിയാതെ കുറേദിവസങ്ങളായി എന്നെ പിന്തുടരുന്നതെന്താണ്.? 

കുറച്ചുദിവസങ്ങളായി എന്തോ അലട്ടുന്നുണ്ടായിരുന്നു. കാരണം മനസ്സിലാകുന്നതുമില്ല. 'തേള്‍' വായിച്ച വിശേഷം പറയാന്‍ നാട്ടില്‍ നിന്നൊരു അപരിചിതന്‍ വിളിച്ചപ്പോള്‍ എന്റെ സ്വരം കേട്ടിട്ട് ചോദിച്ചു. 
'എന്താ സുഖമില്ലേ.. ?'
ഞാന്‍ പറഞ്ഞു. 
'ശാരീരികമായ അവശതകളൊന്നുമില്ല. എന്നാലും മനസ്സുഖമില്ല. കാരണമറിയില്ല.' 
ഇന്നുരാവിലെ കുറച്ചുനേരം ആലോചിച്ചുകിടന്നപ്പോള്‍ രണ്ടുമുഖങ്ങള്‍ മനസ്സിലേക്ക് വന്നു. 
അവര്‍ പറഞ്ഞു. 
'ഞങ്ങള്‍ക്കിവിടെ നിന്നും അടര്‍ന്നുപോകുവാന്‍ വയ്യ.' 
അത് അശാന്തനും പിന്നെ മധുവുമായിരുന്നു.

ശരിയാണ്. ഇത്രയേറെ വേദനിച്ച, വേദനിപ്പിച്ച രണ്ടുവേര്‍പാടുകള്‍ അടുത്ത കാലത്തുണ്ടായിട്ടില്ല. 
രണ്ടിലും അപമാനത്തിന്റെ കൊടുംകയ്പ്പുനീര്‍ അവരുടെ ഭൗതികദേഹത്തിനുമേല്‍ വീണിരുന്നു. ആത്മാവില്‍ വീണിട്ടുണ്ടാവില്ല. ഏറ്റം വിശുദ്ധമായ പനിനീരിനാല്‍ ലേപനം ചെയ്യപ്പെട്ടിട്ടേ അവരുടെ ആത്മാവ് നമുക്കിടയില്‍ നിന്നിട്ടുണ്ടാവൂ.. 
അശാന്തനെപ്പറ്റി വരുന്നതൊന്നും ഒരു ഖണ്ഡികയ്ക്കപ്പുറം വായിക്കാനാവുന്നില്ല. മധുവിന്റെ ചിത്രങ്ങള്‍ കാണാതിരിക്കാന്‍ രണ്ടുദിവസം ഇവിടെ വരാതെ ഒളിച്ചുനടന്നു. അശാന്തന്റെ വീടിന്റെ ചിത്രം കാണുമ്പോള്‍ നടുക്കമോ ദുഖമോ അല്ല സമുദ്രത്തോളം താഴ്ന്ന അപരാധബോധമാണ് ഉള്ളിലുണ്ടാകുന്നത്. അഭിമാനവും. അയാളാ വീട് കൊട്ടാരമാക്കാന്‍ കൈയിലുള്ള കലയെ ഉപയോഗിച്ചില്ലല്ലോ. 

മധു.. എന്താണ് പറയേണ്ടത്.. 
നിന്റെ വിശപ്പും നിന്റെ ഒളിച്ചോട്ടവും പലായനങ്ങളും എന്റേതുകൂടിയായിരുന്നു. എന്റെ രക്തത്തിലും വനവാസിയുടെ മണമുണ്ട്. ഗോത്രവാസിയുടെ ഊര്‍ജ്ജമുണ്ട്. മനുഷ്യന്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും അതിലെ ജാതികളും ഉപജാതികളും ആകുന്നതിനുമുമ്പ് വെറും വനവാസികളായിരുന്നല്ലോ. പ്രകൃതിയായിരുന്നല്ലോ നമ്മുടെയെല്ലാം അമ്മ. 
അമ്മയുടെ മടിത്തട്ടിലാണല്ലോ മധൂ നീ ജീവിച്ചത്. ഞങ്ങളൊന്നും അങ്ങനെയല്ലല്ലോ. പെറ്റമ്മയെ പോലും തിരിഞ്ഞുനോക്കാതെ ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ നിന്റെ തനിമയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പരിഷ്‌കൃതനാണെന്ന് നടിക്കാനുള്ള പരാക്രമത്തിനിടയില്‍ കൊലപാതകം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യമാത്രമാണല്ലോ. 

എന്റെ ചങ്ങാതിമാരേ.. നിങ്ങള്‍ വിട്ടൊഴിയുന്നില്ലല്ലോ ദിവസങ്ങളിത്ര കഴിഞ്ഞിട്ടും. 
ഞാനീ കുറിപ്പെഴുതുന്നതുപോലും ഇത് നിങ്ങള്‍ക്കു ലഭിച്ച നൃശംസതയ്ക്ക് പരിഹാരമാകുമെന്നോ സമാധാനമാകുമെന്നോ പ്രതീക്ഷിച്ചല്ല. അനുശോചനക്കുറിപ്പിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചും നന്നായറിയാം. എങ്കിലും ഇതെഴുതാതെ വയ്യ. മരിച്ചവന്റെ വീട്ടുമുറ്റത്ത് കുത്തിയിരിക്കുന്ന ഒരു ബന്ധുവിന്റെ മരവിച്ച പ്രതികരണമായിട്ടെടുത്തോളൂ. 

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചവരും മധുവിനെ ക്രൂശിച്ചവരും ഒന്നോര്‍ക്കണം. അടിസ്ഥാനപരമായി നമ്മളൊക്കെ സഹോദരങ്ങളാണ്. ഒരമ്മ പെറ്റ കുഞ്ഞുങ്ങളാണ്. മനുഷ്യനേക്കാള്‍ പ്രതിഭാശാലികളായ ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അവരുടേയും സഹോദരരാണ് ഇപ്പോള്‍ മരണപ്പെട്ട രണ്ടുപേരും. 

തീര്‍ച്ചയായും തങ്ങളിലൊരുവനോട് നമ്മള്‍ കാണിച്ചത് അവര്‍ കാണുന്നുണ്ട്. അറിയുന്നുണ്ട്. അമ്മയും കാണുന്നുണ്ട്. അമ്മയുടെ മുന്നില്‍ കള്ളനോ കൊലപാതകിയോ ആയി നില്‍ക്കുന്നതില്‍പ്പരം അധപ്പതനം വേറെന്തുണ്ട്. അതിലേറെ ഒരമ്മയെ വേദനിപ്പിക്കാനെങ്ങനെ കഴിയും.? അമ്മയും സഹോദരങ്ങളുമാരെന്ന് തിരിച്ചറിയുന്നവരുണ്ടെങ്കില്‍ ഈ പറഞ്ഞത് തിരിച്ചറിയട്ടെ.
ഇനി വേറെന്തുപറയാന്‍.!