കേരളത്തെ പിടിച്ചു കുലുക്കിയതായിരുന്നു കെവിന്‍ ജോസഫിന്റെ കൊലപാതകം. അതേ സമയം ലോകത്തിന്റെ മറ്റ് കോണുകളില്‍ നിന്ന് ചില നല്ല വാര്‍ത്തകളും പുറത്ത് വരുന്നു. ഇത്‌ ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം വായിക്കാം

ശനിയാഴ്ച രാത്രിയാണ് മൊമോസിനു വേണ്ടി കരഞ്ഞ ആറുവയസ്സുകാരനെ 31 വയസ്സുള്ള അച്ഛന്‍ ആഗ്ര കനാലിലെറിഞ്ഞ് കൊന്നുകളഞ്ഞത്. ഇന്നലെ മുതല്‍ കേരളത്തിലെ കെവിന്‍ ജോസഫിന്റെ കൊലപാതകം മനസ്സിനെ മഥിക്കുന്നു. എന്തൊരു ദാരുണമായ അവസ്ഥയാണിത്.

കെവിന്‍ ചൊരിഞ്ഞ രക്തത്തിനു നീനു ചാക്കോ അവസാന നിമിഷം വരെയും പോരാടണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. പൊലീസിന്റെ മാനസിക വൈകല്യങ്ങള്‍ക്ക് എക്കാലത്തേയും ഒരു പാഠമായി അത് നിലനില്‍ക്കണം. എന്നാലും പ്രത്യാശയുടേയും സന്തോഷത്തിന്റെയും വാര്‍ത്തകളും നമുക്കുചുറ്റിനുമില്ലേ. 

34 വര്‍ഷത്തെ സേവനത്തിനു ശേഷം ആസാം പൊലീസില്‍ നിന്നും ഡി.ജി.പിയായി വിരമിച്ച മുകേഷ് സഹായ് പിറ്റേന്നു മുതല്‍ ഗോഹത്തിയിലെ സൊനാരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഴുവന്‍ സമയ ഗണിതാദ്ധ്യാപകനായി ജോലിക്കു പോയി തുടങ്ങി. കണക്ക് പഠിപ്പിക്കാന്‍ ആളില്ലാതെ പ്രിന്‍സിപ്പല്‍ കറങ്ങിപ്പോയ പള്ളിക്കൂടത്തിലാണിത് സംഭവിക്കുന്നത്. 

ഒരു മനുഷ്യന്‍ എത്രത്തോളം ഊര്‍ജ്ജസ്വലനാവുന്നു എന്നതിന് മറ്റൊരു ഉദാഹരണം പാരീസില്‍നിന്നും. രണ്ടുദിവസം മുമ്പാണ് പാരീസിലെ നാലുനിലയുള്ള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നാലുവയസ്സുകാരന്‍ തൂങ്ങിക്കിടന്നത്. വഴിയെപോയ ഇരുപത്തിരണ്ട് വയസ്സുള്ള മാലിയന്‍ കുടിയേറ്റക്കാരന്‍ മാമൗദു ഗസാമ യാതൊരു സുരക്ഷാസന്നാഹങ്ങളുമില്ലാതെ നാലുനില കെട്ടിടത്തിന്റെ മതില്‍ പിടിച്ചു കയറി കുട്ടിയെ രക്ഷിച്ചു. 

തൊഴിലന്വേഷിച്ചുവന്ന മാമൗദുവിന് ഫ്രഞ്ച് പൗരത്വവും കിട്ടി റെസ്‌ക്യൂ ഫോഴ്സില്‍ ചേരാനുള്ള ക്ഷണവും കിട്ടി. ചിലയിടത്ത് മനുഷ്യന്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ചിലയിടത്ത് അത് പിച്ചിച്ചീന്തിയെറിയുന്നു. എങ്കിലും ലോകം സുന്ദരമാണ്.

fb post

Content Highlights : kevin joseph, Mamoudou Gassama, kevin murder