മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ മരണവാര്‍ത്തയെ ഞെട്ടലോടെയാണ് രാജ്യം സ്വീകരിച്ചത്. തീവ്രഹിന്ദുത്വത്തിനെതിരെ നിലപാടെടുത്തിരുന്ന അവര്‍ എന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ദളിത് നേതാക്കള്‍ക്കുമൊപ്പം നിലനിന്നിരുന്നു. അവര്‍ക്കെല്ലാം അമ്മയെപ്പോലെയായിരുന്നു ഗൗരി.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കറുത്ത ദിനമെന്നാണ് ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനി ഗൗരിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത്. കനയ്യക്കും ഷെഹ്‌ലയ്ക്കും ഉമറിനും തനിക്കും അവര്‍ അമ്മയെ പോലെ ആയിരുന്നുവെന്ന് ജിഗ്നേഷ് ഓര്‍ക്കുന്നു. 

ഹിന്ദുത്വ ശക്തികള്‍ക്കെതിരെ അവര്‍ നിരന്തരം എഴുതിയിരുന്നു. സംഘപരിവാറിനും ബിജെപിക്കും എതിരെ നിര്‍ഭയമായ നിലപാടെടുത്തതിന് അവര്‍ക്ക് തന്റെ ജീവന്‍ തന്നെ ഹോമിക്കേണ്ടി വന്നു. തങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും ഫാസിസ്റ്റ് ശക്തികള്‍ ഇല്ലായ്മ ചെയ്യും.- ജിഗ്നേഷ് എഴുതുന്നു. 

'നിങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല. ഇനി മുതല്‍ ആരാണ് ഇനിയെന്നെ 'എന്റെ സ്വീറ്റി' എന്ന് വിളിക്കുക. ഇന്നും ഇനിയെന്നും ഈ അഭാവം എന്നെ വിഷമിപ്പിക്കും.' മറ്റൊരു ട്വീറ്റില്‍ ജിഗ്നേഷ് വികാരഭരിതനായി. ഗൗരി വാങ്ങി നല്‍കിയ ഷര്‍ട്ടുമണിഞ്ഞ് ഗൗരിക്കൊപ്പം നില്‍ക്കുന്ന ചിത്രവും ജിഗ്നേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

'അവര്‍ എന്റെ അമ്മയെ പോലെ ആയിരുന്നു. അവര്‍ ഇനിയും എന്റെ ഹൃദയത്തില്‍ ജീവിക്കും.' ഗൗരിയുടെ മരണവാര്‍ത്തയെ ഞെട്ടലോടെയാണ് കനയ്യ കുമാറും സ്വീകരിച്ചത്. എന്നെ സത്യം പറയാന്‍ പഠിപ്പിച്ചത് അവരാണെന്നും മറ്റൊരു ട്വീറ്റില്‍ കനയ്യ പറയുന്നുണ്ട്.

gouri