ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം. 2006ല്‍ സമാനമായ സാഹചര്യത്തിലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടിത്തിയത്. 

എസ്. സരോജത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 

കൂട്ടുകാരേ ബ്ലൂവെയില്‍ പോലുള്ള സൂയിസൈഡ് ഗെയിമുകള്‍ ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16 നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍. അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു..... ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! 

ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗെയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത്. അവന്റെ കമ്പ്യൂട്ടര്‍ ഡെസ്‌ക്ടോപ് നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! 

ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പു തന്നതുമാണ്. എന്നിട്ടും അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്‌റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. 

ഇക്കാര്യങ്ങള്‍ പുറം ലോകത്തോട്. വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്.പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്റെ സ്വസ്ഥത കെടുത്തുന്നു. ആകെ തളരുന്നു.

2006-ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു. 

ഉണ്ണികള്‍ പോകുന്നതെങ്ങോട്ട് ?
ഇന്റര്‍നെറ്റില്‍ കയറിപ്പറ്റി
വെബ്ബുകളെല്ലാം തപ്പിനടന്ന്
കണ്ടുപിടിച്ചൊരു മായാലോകം
സുന്ദരസൗഹൃദ സുരലോകം.
ഉള്ളില്‍ കയറിച്ചെന്നപ്പോള്‍
ജാലിക കാട്ടി മറ്റൊരുലോകം;
ഇഷ്ടംപോലെ രമിച്ചീടാന്‍
കൂട്ടുവിളിക്കും കാമുകലോകം.
ഇമെയിലായി, ചാറ്റിംഗായി
നേരമ്പോക്കുകള്‍ പലതായി
കൂടിക്കാഴിചകളരിയ സുഖങ്ങള്‍
ജീവിതമെന്തൊരു ലഹരി!
ആഴ്ചവട്ടം കഴിയുംമുമ്പേ
കാഴ്ചകളെല്ലാം മങ്ങിപ്പോയി!
വെബ്ബുകള്‍തോറും തപ്പിനടക്കേ
ജാലികകാട്ടി മറ്റൊരുലോകം;
ഇഷ്ടംപോലെ മരിച്ചീടാന്‍
മാര്‍ഗ്ഗം കാട്ടും യമലോകം
കണ്ടുഭ്രമിച്ചവനുണ്ണി പറഞ്ഞു:
വേദനയില്ലാ മരണം വേണം.
കറുത്ത ചില്ലാല്‍ കണ്ണുമറച്ച്
വെളുത്ത വസ്ത്രം കാറ്റില്‍പാറി
മുന്നിലതാര്? മര്‍ലിന്‍ മണ്‍റോ?
വരുന്നു പൊന്നേ ഞാനുംകൂടി.........

( ഇത് 2012-ല്‍ പ്രസിദ്ധീകരിച്ച 'അച്ചുതണ്ടിലെ യാത്ര' എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)