നുഷ്യന് ഒരു ആമുഖം'എന്ന കൃതിക്ക് ശേഷം സുഭാഷ് ചന്ദ്രന്‍ എഴുതിയ പുതിയ നോവലാണ് സമുദ്രശില. പുസ്തകത്തെക്കുറിച്ചുള്ള വായനാക്കുറിപ്പ്  ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബെന്യാമിന്‍. മനുഷ്യന് ഒരു ആമുഖത്തെക്കാളും ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന നോവല്‍ തന്നെയാണ് സമുദ്രശിലയെന്ന് അദ്ദേഹം കുറിച്ചു. പാരായണ ക്ഷമതയിലും കഥാപാത്ര ചിത്രീകരണത്തിലും കഥയൊതുക്കത്തിലും എന്തിന് ഭാഷയില്‍ പോലും മുന്നില്‍ നില്‍ക്കുന്ന കൃതി സമുദ്രശില തന്നെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം 

സമുദ്രശില
ഒരു സ്‌നേഹിതന്‍ എന്ന നിലയിലും സഹഎഴുത്തുകാരന്‍ എന്ന നിലയിലും സുഭാഷ് പലപ്പോഴും പാതി തമാശ ആയും പാതി ആധിയോടെയും പങ്കുവയ്ക്കുമായിരുന്ന ഒരഭിപ്രായമുണ്ട്. ''എന്റെ പുതിയ നോവല്‍ ഇറങ്ങിയിട്ട് വേണം, മനുഷ്യന് ഒരു ആമുഖം നല്ല നോവലായിരുന്നു എന്ന് മലയാളിയ്ക്ക് പുകഴ്ത്താന്‍''

ഒരുപക്ഷേ മലയാളിയുടെ വിചിത്രമനോഭാവത്തെക്കുറിച്ചുള്ള ഈ ആധി തന്നെ ആയിരുന്നിരിക്കണം സുഭാഷിനെ രണ്ടാമതൊരു നോവലില്‍ നിന്ന് ഇത്രകാലം പിന്നിലേക്ക് വലിച്ചു പിടിച്ചിരുന്ന കൊളുത്ത്. എന്നാല്‍ സത്യസന്ധമായും വ്യക്തികാലുഷ്യങ്ങള്‍ ഇല്ലാതെയും 'സമുദ്രശില' വായിച്ചവസാനിപ്പിക്കുന്ന ഏതൊരാളും സുഭാഷിന്റെ ആധി വെറുതെ ആയിരുന്നു എന്നും മനുഷ്യന് ഒരു ആമുഖത്തെക്കാളും ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന നോവല്‍ തന്നെയാണ് സമുദ്രശില എന്നും സമ്മതിക്കും. അങ്ങനെ ഒരു കുറ്റം പറയിപ്പിക്കാന്‍ ഇടവരരുത് എന്ന കരുതലോടെയാണ് സുഭാഷ് സമുദ്രശില എഴുതി പൂര്‍ത്തിയാക്കിയത് എന്നു പറയുന്നതാവും കൂടുതല്‍ ശരി. പാരായണ ക്ഷമതയിലും കഥാപാത്ര ചിത്രീകരണത്തിലും കഥയൊതുക്കത്തിലും എന്തിന് ഭാഷയില്‍ പോലും മുന്നില്‍ നില്‍ക്കുന്ന കൃതി സമുദ്രശില തന്നെ.

സുഭാഷ് ചന്ദ്രന്‍ എന്നൊരു എഴുത്തുകാരന്‍ തന്നെ ഈ നോവലില്‍ കഥാപാത്രമായി വരുന്നത് കൊണ്ട് കൈപിഴച്ചു പോകാവുന്ന ഇടങ്ങള്‍ ധാരാളമുള്ള നോവലായിരുന്നു സമുദ്രശില. എന്നാല്‍ അസാമാന്യമായ കൈയ്യടക്കത്തോടെയും ഉറച്ച ബോധ്യത്തോടെയും സുഭാഷ് ഈ നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്ന് നമുക്ക് വായനയില്‍ ബോധ്യപ്പെടും. കഥയിലെ സുഭാഷ് ചന്ദ്രന്‍, നമുക്കറിയാവുന്ന സുഭാഷ് ചന്ദ്രന്‍ അല്ലെന്നും കാലത്തിനും ദേശത്തിനും അപ്പുറത്തു നില്ക്കുന്ന ഏതോ ഒരു 'എഴുത്തുകാരന്‍' ആണെന്നും ഉള്‍ക്കൊണ്ടുകൊണ്ട് വായനയെ സമീപിച്ചാല്‍ ആ കഥാപാത്രത്തിന്റെ ഉയര്‍ന്ന നില നമുക്ക് മനസിലായെന്ന് വരും. അപ്പോഴാണ് നോവലിന്റെ ഭംഗി അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആസ്വദിക്കുവാന്‍ നമുക്ക് കഴിയുക.

പ്രധാന കഥാഗാത്രത്തിനു വെളിയില്‍ നില്‍ക്കുന്ന പല 'അനാവശ്യ' അധ്യായങ്ങളും ഈ നോവലില്‍ ഉണ്ട് എന്ന് വേണമെങ്കില്‍ പെട്ടെന്ന് ഒരാള്‍ക്ക് ആരോപിക്കാം. എന്നാല്‍ ഒരാള്‍ ഒരു കഥ നമ്മോട് പറയുന്നത് വെറുതെ ഒരു കഥ പറയാന്‍ വേണ്ടി മാത്രമല്ലെന്നും അതിനപ്പുറത്ത് അയാളുടെ ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന ചില വിഷയങ്ങള്‍, ആശയങ്ങള്‍, ആശങ്കകള്‍, ജീവിത വിചാരങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയൊക്കെ കൂടി പങ്കുവയ്ക്കാനുള്ള സുന്ദരമായ ഒരിടം കൂടിയാണ് നോവല്‍ എന്ന് മനസിലാക്കുന്നിടത്ത് ആ വിചാരം അപ്രസക്തമായി പോകും. ആ ഭാഗങ്ങള്‍ ഒട്ടും ഉള്‍ക്കൊള്ളാനാവാതെ നോവലിന്റെ പുറത്തേക്ക് മുഴച്ചു നില്‍ക്കുന്നുണ്ടോ എന്നത് മാത്രമാണ് വായനക്കാരനെ അലട്ടേണ്ടത്. ഇവിടെ അത് ഒട്ടുമെ ഇല്ലെന്നും അസാധാരണമാം വിധം ലയിച്ചു ചേര്‍ന്നിരിക്കുന്നു എന്നും നമുക്ക് കാണാന്‍ കഴിയും.

കഥയെക്കുറിച്ച് ഒന്നും പറയുന്നില്ല. കഥാപാത്രങ്ങളെക്കുറിച്ചും. അത് വായനയുടെ ഘട്ടത്തില്‍ നാം പതിയെ നുണഞ്ഞനുഭവിക്കേണ്ടതാണ്. (ഈ നോവലില്‍ അത് നുണഞ്ഞനുഭവിക്കുകയാണോ ചവര്‍പ്പിറക്കുകയാണോ എന്നത് വേറെ കാര്യം) സുഭാഷിന്റെ തന്നെ സതിസാമ്രാജ്യം എന്ന ചെറുകഥ ഓര്‍മിപ്പിക്കുണ്ടെങ്കിലും കരിമ്പ് എന്ന പദോല്പത്തിയും ചെക്കോവിന്റെ തുന്നല്‍ക്കാരന്‍ കഥയും നാം അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ കേട്ടിട്ടുള്ളതാണെങ്കിലും നോവലിനു അതൊന്നും കോട്ടമായി ഭവിക്കുന്നില്ല. 

എന്നാല്‍ ഇനി ഒരു കുസൃതി: സോഫിയ ആന്റണി എന്ന പെണ്‍കുട്ടി എഴുതിയ 'ചെക്കോവിന്റെ നാട്ടില്‍' എന്ന യാത്രാവിവരണത്തിന്റെ കയ്യെഴുത്തു പ്രതി നോവലാവസാനം എടുത്ത് ചേര്‍ക്കുമ്പോള്‍ വിരലടയാള വിദഗ്ദ്ധന്മാര്‍ നോവലില്‍ മാത്രമല്ല, വായനക്കാരിലും ഉണ്ടെന്ന് നോവലിസ്റ്റ് ഒരു നിമിഷം മറന്നു. അതൊരു പുരുഷ കൈയ്യക്ഷരം ആണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. എന്നുമത്രമല്ല, സോഫിയ ആന്റണി എന്ന പുതിയ കാലത്തെ പെണ്‍കുട്ടി സുഭാഷ് ചന്ദ്രന്‍ പഠിച്ച പഴയ ലിപിയില്‍ ആയിരിക്കില്ല മലയാളം എഴുതി പഠിച്ചതെന്നും അവള്‍ക്ക് പുതിയ ലിപി ആയിരിക്കും വശം എന്നും നോവലിസ്റ്റ് ഓര്‍ത്തില്ല. അതുകൊണ്ടുതന്നെ ആ താള്‍ മാത്രമല്ല അവസാനത്തെ ആ നാലു താളുകളും കീറിക്കളഞ്ഞാലും നോവല്‍ ആസ്വദിക്കുന്നതിനു ഒരു കുറവും സംഭവിക്കില്ല എന്നതാണ് സത്യം.

ഭാഷയിലെ പെരും തച്ചനാണ് സുഭാഷ് ചന്ദ്രന്‍ എന്ന് നമ്മെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്ന നോവലാണ് സമുദ്രശില. വായനയില്‍ നാം നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കൃതി. വായിക്കുക, ആസ്വദിക്കുക...

സമുദ്രശില ഓണ്‍ലൈനില്‍ വാങ്ങാം 

 

Content Highlights: samudrasila, Benyamin, Subhash Chandran