ദീപാ നിശാന്ത് തന്നെക്കാള്‍ മികച്ച എഴുത്തുകാരിയാണെന്ന് എഴുതിയത് അടുത്തകാലത്ത് അവരുടെ ജീവിതത്തിന് കിട്ടിയ റിസള്‍ട്ടിനെ മുന്‍നിര്‍ത്തിയാണെന്ന് സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍. തന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദീപ നിശാന്ത് എന്ന അശോകന്‍ ചെരുവിലിന്റെ അഭിപ്രായത്തിനെതിരെയുള്ള എസ്.ശാരദക്കുട്ടിയുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് അദ്ദേഹം പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇക്കാലത്തെ എഴുത്തിന് കിട്ടേണ്ട മികച്ച പുരസ്‌കാരം,'ഹിന്ദുരാഷ്ട്രീയവാദികളുടെ കടന്നാക്രമണം', ദീപയ്ക്ക് നേരിടേണ്ടി വന്നു. വര്‍ത്തമാനകാലത്ത് ഒരു എഴുത്തുകാരിക്ക് ഇതില്‍പ്പരം സൗഭാഗ്യം എന്താണ് ലഭിക്കാനുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. സാഹിത്യത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് നിരവധി ഉപാധികളുണ്ട്. അതിലൊന്ന് ഇപ്പോള്‍ സംഘപരിവാറിന്റെ കൈയിലാണ്. ഒരു എഴുത്തുകാരന് ഇപ്പോള്‍ മോദിയുടെ അനുമോദനക്കത്ത് കിട്ടി എന്നിരിക്കട്ടെ. അയാള്‍ ആത്മഹത്യ ചെയ്യുന്നതാവും ഉചിതം'- അദ്ദേഹം എഴുതുന്നു. 'ദീപാ നിശാന്തും പുരസ്‌കാരവും' എന്ന തലക്കെട്ടിലാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ദീപാ നിശാന്തും പുരസ്‌കാരവും:
ഒരാളുടെ ജീവിതത്തെ വിലയിരുത്തേണ്ടത് ജീവിക്കുന്ന കാലത്തോട് അയാള്‍ എങ്ങനെ പ്രതികരിച്ചു എന്നതിലാണ്. അതില്‍ത്തന്നെ കാലം അയാളോട് തിരിച്ച് എങ്ങനെ പ്രതികരിച്ചു എന്നതും ഉള്‍പ്പെടും. എഴുത്ത് എന്നത് ഒരാളുടെ ജീവിതത്തിന്റെ പ്രകാശനമാണ്.

asokan cheruvil 1എന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദീപാ നിശാന്ത് എന്ന് ഞാന്‍ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസല്‍റ്റിനെ മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി വളരെ ഇടവിട്ടാണെങ്കിലും ഞാന്‍ എഴുതുന്നു. പ്രസംഗിക്കുന്നു. എനിക്ക് അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ടാവാം. ദീപക്ക് കിട്ടിയിട്ടില്ല. പക്ഷേ ഇക്കാലത്തെ എഴുത്തിന് കിട്ടേണ്ട മികച്ച പുരസ്‌കാരം അവര്‍ക്ക് കിട്ടിയല്ലോ.

ഹിന്ദുരാഷ്ട്രവാദികളുടെ കടന്നാക്രമണം. ഒരു എഴുത്തുകാരിക്ക്/കാരന് വര്‍ത്തമാനകാലത്ത് ഇതില്‍പ്പരം എന്തു സൗഭാഗ്യമാണ് ലഭിക്കാനള്ളത്. സാഹിത്യത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് നിരവധി ഉപാധികളുണ്ട്. അതിലൊന്ന് ഇപ്പോള്‍ സംഘപരിവാറിന്റെ കയ്യിലാണ്. ഒരു എഴുത്തുകാരന് ഇപ്പോള്‍ മോദിയുടെ അനുമോദനക്കത്ത് കിട്ടി എന്നിരിക്കട്ടെ. അയാള്‍ ആത്മഹത്യ ചെയ്യുന്നതാവും ഉചിതം. സത്യത്തില്‍ അസൂയകൊണ്ട് ഞാന്‍ അസ്വസ്ഥനാണ്. വര്‍ഗ്ഗീയഭ്രാന്തുണ്ടാക്കി മനുഷ്യസമൂഹത്തെ വിഭജിക്കുന്നവരുടെ എതിര്‍പ്പ് ലഭിക്കുന്നില്ലെങ്കില്‍ എന്റെ എഴുത്തിനും പ്രസംഗത്തിനും കാര്യമായ എന്തോ പരിമിതിയുണ്ടെന്ന് ഞാന്‍ കരുതുന്നു.

അശോകന്‍ ചെരുവിലിനെ വിമര്‍ശിച്ചു കൊണ്ടുള്ള എസ് ശാരദക്കുട്ടിയുടെ പോസ്റ്റ്

saradakkuttyഅശോകന്‍ ചെരുവില്‍ അമിത വിനയവും വിധേയത്വവും കാണിക്കുന്നു. അശോകന്റെ എഴുത്തുകള്‍ മികച്ചവയാണ്.സംശയമില്ല.പക്ഷെ എഴുത്ത് തന്റെ സത്യമാണ് എന്ന് വിശ്വാസമുള്ള ഒരാള്‍ സ്വന്തം എഴുത്തിനെ ഇത്രക്കങ് താഴ്ത്തി കെട്ടുമോ? അശോകന്റെ ഒരു കുറിപ്പ്.
"ഹിന്ദുരാഷ്ട്രവാദികള്‍ ആക്രമിക്കാന്‍ 'ഫത്വ' പ്രഖ്യാപിച്ചിട്ടുള്ള ദീപാനിശാന്ത് അത്ര വലിയ എഴുത്തുകാരിയാണോ എന്ന് ചില പണ്ഡിതര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. (എന്താവാം ഇപ്പോള്‍ ഈ ചോദ്യത്തിന്റെ പിന്നിലെ ചേതോവികാരം?)

എഴുത്തുകാരെ അളക്കുക അത്ര എളുപ്പമല്ല. അംഗുലപ്പുഴുവിന് കുയിലിന്റെ പാട്ട് അളക്കാന്‍ പരിമിതിയുണ്ട്. ഒരു കാര്യം ഉറപ്പു പറയാം. ശ്രീമതി ദീപാനിശാന്ത് ടോള്‍സ്റ്റായിയെപ്പോലെയോ തകഴിയെപ്പോലെയോ വിജയനെപ്പോലെയോ വലിയ എഴുത്തുകാരിയല്ല. എന്നാല്‍ അശോകന്‍ ചരുവിലിനേക്കാള്‍ മികച്ച എഴുത്തുകാരിയാണ്. അത്രയേ ഉള്ളു. 

ചെറിയ എഴുത്തുകാരിയാണെങ്കിലും അവരെയും എഴുതുവാനും സംസാരിക്കാനും അനുവദിക്കേണ്ടതല്ലേ?'അവസാന വരി ഓ കെ എഴുതുന്നതിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടാന്‍ പാടില്ല.ബാക്കി എന്താണ്.?അശോകന്‍ ചെരുവിലിന്ന് എന്താണ് സംഭവിച്ചത്?

കെ.ആര്‍.മീര യുടെ കൂടെ പ്രസംഗവേദിയില്‍നിന്ന് എം.മുകുന്ദന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടു ,കെ ആര്‍ മീരയാണ് തന്നെക്കാള്‍ മികച്ച എഴുത്തുകാരി എന്ന്.മുകുന്ദന്റെ അതിവിനയത്തോട് അന്ന് പുച്ഛം തോന്നി.എഴുത്തുകാരുടെ വാക്കുകളെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കും അത്തരം പറച്ചിലുകള്‍.

ദീപയും മീരയും മറ്റാരും എഴുതട്ടെ. അവരവരുടെ നിലയില്‍ അവര്‍ വായനക്കാരെയും കണ്ടെത്തട്ടെ. സന്തോഷമേ ഉള്ളു. അവരവര്‍ അര്‍ഹിക്കുന്ന ബഹുമാനം,അതില്‍ കൂടിയാലും പ്രശനമില്ല, ലഭിക്കുകയും ചെയ്‌തോട്ടെ. എല്ലാവര്‍ക്കും എഴുതാനും അംഗീകരിക്കപ്പെടാനും ആഗ്രഹമുണ്ടാകും. അര്‍ഹതയുള്ളവര്‍ അവിടെ ഒക്കെ എത്തിച്ചേരുകയും ചെയ്യും. പക്ഷെ രക്ഷിതാവ് ചമയുന്നവര്‍ ഇങ്ങനെ മതി മറക്കരുത്. അറപ്പാകും കേള്‍ക്കുന്നവര്‍ക്ക്.