മതബോധത്തിന്റെ മതേതരസാക്ഷാത്ക്കാരം പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാവറയച്ചനിലൂടെ സാധ്യമായതിനെ നിരീക്ഷിക്കുകയാണ് ഹൃദയസല്ലാപം എന്ന പുസ്തകത്തിലൂടെ അജയ് പി. മങ്ങാട്ട്.

മനുഷ്യാത്മാവ് ഈശ്വരസന്നിധിയില്‍ പ്രത്യക്ഷപ്പെടുന്നത് കുചേലനായിട്ടാണ്. കൃഷ്ണനെ സന്ദര്‍ശിക്കുമ്പോള്‍ കൈയില്‍ കരുതിയ അവലിന്റെ കിഴിക്കെട്ട് ആത്മാര്‍ഥമായ സ്‌നേഹാര്‍പ്പണമായിരുന്നു. കരുണാമയന്റെ പക്കല്‍ തന്റെ ദൈന്യം വെളിപ്പെടുന്ന വസ്ത്രധാരണമായിരുന്നു കുചേലന്റേത്. ശ്രേയസ്സ് കൈവരുന്നത് ഈശ്വരകൃപകൊണ്ടുമാത്രമാണ്. ആത്മബോധത്തിലേക്ക് ഒരാള്‍ വളരുന്നത് വിശുദ്ധഹര്‍മ്മ്യത്തിന്റെ പല വാതായനങ്ങള്‍ കടന്ന് ഉള്ളിന്റെ ഉള്ളിലേക്ക് സഞ്ചരിക്കുമ്പോഴാണ്. ചാവറയച്ചന്‍ ധ്യാനസല്ലാപത്തില്‍ ധൂര്‍ത്തപുത്രനായി സ്വയം കരുതുകയാണ്. താന്‍ വീട്ടില്‍നിന്നും ഏറെ ദൂരെയാണ്, ദൈവത്തില്‍നിന്നും. 

പശ്ചാത്താപ വിവശനായപ്പോള്‍ മുടിയനായ പുത്രനെപ്പോലെ പിതാവില്‍ വിലയം കൊള്ളുന്നതില്‍ മനസ്സ് ഏര്‍പ്പെടുകയാണ്. അകലെയിരുന്ന് പിതാവിനോടുപറയേണ്ടതെല്ലാം ആത്മഭാഷണം നടത്തുന്നു. അടുത്തെത്തുമ്പോള്‍ എല്ലാം നേരില്‍ കുമ്പസാരിക്കുകയാണ്. സുഹൃത്തിനോടെന്ന പോലെ ദൈവത്തോടു നടത്തുന്ന സ്‌നേഹസല്ലാപമായിരുന്നു ചാവറയച്ചന് പ്രാര്‍ത്ഥന. ഒരേ സമയം ജീവിതത്തെ ധ്യാനാത്മകവും ക്രിയാത്മകവുമാക്കിത്തീര്‍ക്കാന്‍ ചാവറയച്ചനു കഴിഞ്ഞു. ധ്യാനത്തിലൂടെയും മൗനത്തിലൂടെയും സ്വയം പരിവര്‍ത്തിപ്പിച്ച് ചാവറയച്ചന്‍ ദൈവത്തിനും സമൂഹത്തിനും ആത്മാര്‍പ്പണം ചെയ്തു.

hridhaya sallaapam
ഹൃദയസല്ലാപം വാങ്ങാം

ചാവറയച്ചന്റെ ഓര്‍മയ്ക്ക് എന്നും ബാല്യമായിരുന്നു. ആത്മാനുതാപം അതിനു തെളിവാണ്. അച്ഛനും അമ്മയും വസൂരിമൂലം നഷ്ടമായപ്പോള്‍ ചാവറച്ചനില്‍ ഓര്‍മയായ അമ്മ ക്രിസ്തുവിന്റെ അമ്മയിലേക്കുള്ള അകലം കുറച്ചു. അപ്പനായി ക്രിസ്തുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. മാതാപിതാക്കളെ ദൈവത്തോളം ഉയരത്തില്‍ കണ്ടപ്പോള്‍ ദൈവം മാതാ-പിതാക്കളായി അനുഭവപ്പെട്ടു. സന്ന്യാസ സഹോദരങ്ങള്‍ക്കും സമൂഹത്തിനും പൈതൃകമായി ചാവറയച്ചനു നല്‍കുവാനുണ്ടായിരുന്നത് ദൈവത്തെ മാത്രമായിരുന്നു. പൂര്‍വികര്‍ നേടിവച്ച സ്വത്തല്ല, അവര്‍ അനുഭവിച്ച് ഏല്പിച്ച ദൈവമാണ് മുഖ്യം എന്ന് എം.തോമസ് മാത്യു എഴുതുന്നുണ്ട്. വിപല്‍മുഹൂര്‍ത്തങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും കരംപിടിച്ചു നടത്തിയ ദൈവം. 

അനിശ്ചിതത്വത്തിന്റെ ആധി ചാവറയച്ചന്റെ ജീവിതത്തിലുടനീളം പിന്‍തുടര്‍ന്നു. പരീക്ഷണങ്ങളാണ് മനുഷ്യന്റെ ആത്മസത്തയുടെ ഘടന നിശ്ചയിക്കുന്നതെന്ന് ചാവറയച്ചന്‍ അറിഞ്ഞിരുന്നു. ജീവേശ്വരനില്‍ ഐക്യം പ്രാപിക്കാന്‍ ഘട്ടംഘട്ടമായി അച്ചന്‍ സ്വയം ചെറുതായി, പ്രാര്‍ഥനയിലൂടെ. മൗനത്തിന്റെ പരീക്ഷണശാല കൂടിയായിരുന്നു ചാവറയച്ചന് പ്രാര്‍ഥന. ആത്മപ്രകാശത്തിന് താപസഭവനവും സാമൂഹ്യ നവോത്ഥാനത്തിന് ഉപവിഭവനവും വിദ്യാലയവും മുദ്രണാലയവും രൂപകല്പന ചെയ്തത് പ്രാര്‍ഥനയുടെ ഇടനാഴികകളിലായിരുന്നു.

താപസഭവനം എന്ന് ആശ്രമത്തെ വിളിക്കുകയും അത് ആത്മാവിന്റെ ഉയരത്തിലെ വീടായി (ബേസ്‌റൗമ) കരുതുകയും ചെയ്തു. ഹൈഡഗറിന് ഭാഷ സത്തയുടെ ഭവനമായിരുന്നു. ചാവറയച്ചന് പ്രാര്‍ഥന സത്തയുടെ ഭവനവും. ഭൗതികാഭ്യുന്നതിപ്രാര്‍ഥനയുടെ വിഷയം പോലുമായിരുന്നില്ല. സ്വത്തായിരുന്നില്ല സ്വത്വമായിരുന്നു പ്രധാനം. പ്രാര്‍ത്ഥന 'അപ്പ'നുമായുള്ള സല്ലാപമാണ്. അതിനു തന്നെ പ്രാപ്തനാക്കുന്നതിന് അമ്മമാരോട് സഹായം യാചിക്കുന്നു. സന്ന്യാസിയായ ചാവറയച്ചന് കുടുംബമെന്ന സ്ഥാപനം സ്വര്‍ഗം തന്നെയായിരുന്നു. കുടുംബമെന്ന സഞ്ചയം തന്നെയാണ് ദൈവം.

ചാവറയച്ചന്റെ ദൈവത്തിന് മാതൃത്വവും സ്‌ത്രൈണതയും ഉണ്ട്. ബുദ്ധനും ക്രിസ്തുവിനും ഗാന്ധിക്കും തീക്ഷ്ണമതികളായ അനേകം സ്ത്രീ അനുയായികളുണ്ടായിരുന്നു എക്കാലവും. ദൈവത്തിന്റെ വാത്സല്യത്തിന് അമ്മമുഖമുണ്ട്. മതജീവിതത്തില്‍ സ്ത്രീയെ പിന്നിലാക്കുന്നതില്‍ ഒരു ന്യായീകരണവുമില്ല. സ്ത്രീകളുടെ സജീവ പങ്കാളിത്തം ചരിത്രത്തില്‍ മതങ്ങളെ കൂടുതല്‍ കാരുണ്യവത്കരിക്കുമായിരുന്നു. സന്ന്യസിക്കുവാന്‍ പുരുഷനെപ്പോലെ സ്ത്രീയ്ക്കും അദമ്യമായ വിളിയുണ്ടെന്ന് ബുദ്ധനും ഫ്രാന്‍സീസ് അസീസിയും ചാവറയച്ചനും ഒക്കെ മനസ്സിലാക്കി അതിന് വഴിയൊരുക്കിക്കൊടുത്തു.

ഒരു നക്ഷത്രത്തിന്റെ പ്രകാശം യാത്രപുറപ്പെട്ട്, അതിന്റെ അനശ്വരമായ യാത്രയില്‍ കറുത്ത അനന്തതയില്‍ തുളച്ചുകയറുന്നു. (നിക്കോസ് കസന്‍ദ് സാക്കീസ്). നക്ഷത്രം മരിച്ചാലും പ്രകാശം അകലെയുള്ള ഗ്രഹത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. പ്രകാശം മരിക്കുന്നില്ല. പുതിയ നക്ഷത്രങ്ങള്‍ വീണ്ടും ജനിച്ചുകൊണ്ടിരിക്കും. കാലയവനികയില്‍ മറഞ്ഞ ഭൂമിയിലെ താരങ്ങള്‍ പ്രസരിപ്പിച്ച പ്രകാശം വര്‍ത്തമാനകാലത്തെത്തൊട്ട് ഭാവിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. അവരെപ്പറ്റി എഴുതുന്ന പുസ്തകങ്ങള്‍ പ്രകാശത്തിന്റെ പ്രസരണനഷ്ടം സംഭവിക്കാതെ അതിന്റെ ആവേഗം കൂട്ടുകയും ചെയ്യും. ഹൃദയസല്ലാപം എന്ന പുസ്തകത്തിലൂടെ അജയ് പി. മങ്ങാട്ട് അതാണ് നിര്‍വ്വഹിക്കുന്നത്.

വിവിധങ്ങളായ വൃക്ഷങ്ങളില്‍ നിന്നും വീഴുന്ന പാകമായ പഴങ്ങളാണ് പുസ്തകങ്ങള്‍. അതിന്റെ രുചിഭേദങ്ങളോടെ, വീഴുന്ന മാത്രയില്‍ എടുത്തു ഭക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്ന വായനക്കാരനാണ് അജയ് പി. മങ്ങാട്ട്്. വിലക്കപ്പെട്ട ഫലം എന്ന പഥ്യമൊന്നും ഇല്ലാത്ത വായനക്കാരന്‍. വായനയെപ്പറ്റി നോവലെഴുതുവാനും വായനയിലൂടെ നിരന്തരം ഊര്‍ജ്ജം നേടാനും ശ്രമിക്കുന്ന ഈ എഴുത്തുകാരന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ചാവറയച്ചനോടുള്ള കടം വീട്ടലായി കരുതുന്നു.

ചാവറയച്ചനെപ്പറ്റി എഴുതുന്നതിനുമുമ്പ് അജയ് പി. മങ്ങാട്ട് ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെയും വിശുദ്ധ അഗസ്റ്റിനോസിന്റെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും പുസ്തകങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്. ആ കൃതികളുടെ ഒക്കെ ധ്യാനാത്മകസ്വഭാവം ചാവറയച്ചന്റെ ധ്യാനസല്ലാപത്തില്‍ പ്രതിഫലിക്കുന്നതായിട്ട് അജയ് നിരീക്ഷിക്കുന്നു.

മതബോധത്തിന്റെ മതേതരസാക്ഷാത്ക്കാരം പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാവറയച്ചനിലൂടെ സാധ്യമായതിനെ നിരീക്ഷിക്കുകയാണ് ഹൃദയസല്ലാപം എന്ന പുസ്തകത്തിലൂടെ അജയ് പി. മങ്ങാട്ട്. സര്‍ഗ്ഗപ്രക്രിയയില്‍ നിരന്തരം ഏര്‍പ്പെടുന്ന അജയ് പി. മങ്ങാട്ട് രചിച്ച ഹൃദയസല്ലാപത്തിന് ഏറെ സംവേദനക്ഷമതയുണ്ട്.

എഴുത്തിനെത്തന്നെ ധ്യാനമായി കരുതുന്ന ആഷാമേനോനാണ് ഹൃദയസല്ലാപത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

(കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറാണ് ലേഖകൻ)

Content Highlights: sneha sallapam chavarayachan