കേരള പാരമ്പര്യ ഗൃഹനിര്‍മാണരീതിയായ ചതുശ്ശാല അഥവാ നാലുകെട്ടു നിര്‍മാണരീതിയെ അടിസ്ഥാനപ്പെത്തിയാണ് വാസ്തുശാസ്ത്രത്തില്‍ ശാലകളുടെ അഥവാ വ്യത്യസ്ത മുറികളുടെ സ്ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. ഗൃഹമധ്യത്തില്‍ നടുമുറ്റവും അതിന്റെ നാലു വശത്തായി, അതാതു ദിക്കിനനുസരിച്ചുള്ള ഗൃഹങ്ങളുമാണ് കണക്കാക്കുന്നത്. അതായത്, നടുമുറ്റത്തിന്റെ കിഴക്കു വശത്തുള്ളത് കിഴക്കിനിയും (പടിഞ്ഞാറു ദര്‍ശനം), നടുമുറ്റത്തിന്റെ പടിഞ്ഞാറുള്ളത് പടിഞ്ഞാറ്റിനിയും (കിഴക്കു ദര്‍ശനം), നടുമുറ്റത്തിന്റെ തെക്കുവശത്ത് തെക്കിനിയും (വടക്കു ദര്‍ശനം), വടക്കു വശത്ത്  വടക്കിനിയും (തെക്കു ദര്‍ശനം) ആയി കല്പിച്ച് അതാതു ശാലകള്‍ക്കനുസരിച്ചുള്ള പ്രദക്ഷിണശമനത്തോടുകൂടിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഇതില്‍ വടക്കിനിയും കിഴക്കിനിയും അന്നാലയമോ തൂവാലയമോ ആയതിനാല്‍ പരേദവതാഭജനവും ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലവും ഭക്ഷണം കഴിക്കുന്ന ഊണ്‍തളവും അതിനോടു ബന്ധപ്പെട്ടുകിടക്കുന്ന മുറികളും വടക്കോ കിഴക്കോ വശങ്ങളിലുള്ള ശാലകൾ ആവാം. അതായത്, ഗൃഹത്തിന്റെ വടക്കോ കിഴക്കോ വശങ്ങളിലുള്ള മുറികളിലാണ് അടുക്കള, ഡൈനിങ് റൂം, വര്‍ക്ക് ഏരിയ, പൂജാമുറി, ഫാമിലി ലിവിങ് തുടങ്ങിയവയ്ക്ക് സ്ഥാനം കല്‍പിക്കേണ്ടത്.

അതുപോലെതന്നെ നടുമുറ്റത്തിന്റെ തെക്കും പടിഞ്ഞാറുമുള്ള തെക്കിനിയും പടിഞ്ഞാറ്റിനിയും ധനാലയവും ധാന്യാലയവും ആയതിനാല്‍ ധനധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും, അതിനോടു ബന്ധപ്പെട്ട പ്രധാന മുറികളുടെ സ്ഥാനവും അതിഥിസത്കാരത്തിനുള്ള മുറികളും ആകാം. എന്നാല്‍ ചില നായര്‍ത്തറവാടുകള്‍ പടിഞ്ഞാറ്റിനിയുടെ മച്ചിന്റെ സ്ഥാനത്ത് (മധ്യത്തിലുള്ള മുറി) അതാതു കുടുംബത്തിലെ കാരണവന്മാര്‍ ഉപാസിച്ചിരുന്ന ദേവീദേവചൈതന്യങ്ങളെ വെച്ചാരാധിച്ചിരുന്നതായും കാണാറുണ്ട്. 

veedu nirmanavum paripalanavum ariyendathellamഇപ്രകാരം അതാതു ദിക്കിന്റെ പ്രാധാന്യമനുസരിച്ച് ദിഗ്ശാലകളുടെ ഉപയോഗങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിവരുന്ന കോണ്‍ഗൃഹങ്ങള്‍ അതായത് കോണില്‍ വരുന്ന മുറികള്‍ ശയനത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കാമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. കിടപ്പുമുറി, പഠനമുറി, ഡ്രോയിങ് റൂം,വിസിറ്റേഴ്‌സ് റൂം എന്നിവയ്ക്ക് ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ വരുന്ന മുറികള്‍ ഉപയോഗിക്കാം എന്നതാണ് അതിന്റെ സാരം.

അടുക്കളയുടെ സ്ഥാനത്തെപ്പറ്റി കൂടുതല്‍ പറയുകയാണെങ്കില്‍ ഭക്ഷണം പാകംചെയ്യുന്നതിന് പഞ്ചഭൂതങ്ങളില്‍പ്പെട്ട വായു, ജലം, അഗ്‌നി തുടങ്ങിയവ ആവശ്യമാണ് എന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. അതുകൊണ്ടായിരിക്കണം ഗൃഹത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള (വായുകോണില്‍) മുറിയും, ഗൃഹത്തിന്റെ ഈശാനകോണായി കണക്കാക്കുന്നതും ജലത്തിന്റെ സ്ഥാനവുമായ വടക്കുകിഴക്കേ മുറിയും, ഗൃഹത്തിന്റെ കോണായി കണക്കാക്കുന്ന തെക്കു കിഴക്കുള്ള മുറിയും അടുക്കളയ്ക്കായി ഉപയോഗിക്കാം എന്നു പറയുന്നത്. മേല്‍പ്പറഞ്ഞ മുറികള്‍ വടക്കിനിയുടെയും കിഴക്കിനിയുടെയും ഭാഗമായും വരുന്നതാണ്. എന്നാല്‍, പഴയ തറവാടുകള്‍ വടക്കുകിഴക്കു ഭാഗത്തും അടുക്കള കാണുന്നത് ജല ലഭ്യതയ്ക്കുവേണ്ടിയാണ് (കിണറില്‍നിന്നും കോരിയെടുക്കാനുള്ള സൗകര്യം).

വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം ഒണ്‍ലൈനില്‍ വാങ്ങാം

അതുപോലെതന്നെ ശൗച്യാലയങ്ങളുടെ കാര്യത്തിലും ഗൃഹം വെക്കാനുദ്ദേശിക്കുന്ന ഭൂമിക്കനുസരിച്ചുള്ള ഗൃഹമധ്യസൂത്രം തടസ്സപ്പെടുത്താതെയും  കര്‍ണകാരമായി വരയ്ക്കുന്ന രേഖകള്‍ക്ക് വേധം വരാതെയും, അതായത്, കോണുകള്‍ ഒഴിവാക്കിയും ചെയ്യുന്നതില്‍ ശാസ്ത്രദോഷം ഇല്ല. കിണറിന്റെ സ്ഥാനം മീനംരാശിയായ വടക്കുകിഴേക്ക മൂലയിലാണ് ഏറ്റവും ശ്രേഷ്ഠമായി പറയപ്പെടുന്നത്. എന്നാല്‍ കിഴക്കുവശത്തായി കണക്കാക്കുന്ന മേടം, എടവം രാശി സ്ഥാനങ്ങളും, വടക്കുവശത്തായി കണക്കാക്കുന്ന മകരം, കുംഭം രാശികളും കിണറിന് അനുയോജ്യമാണ്. അതായത്, ഗൃഹത്തിന്റെ വടക്കുവശത്ത്, വടക്കുപടിഞ്ഞാറേ മൂല ഒഴിവാക്കിയാല്‍ മറ്റു ഭാഗങ്ങളിലൊക്കെ കിണര്‍ ആകാവുന്നതാണ്. അതുപോലെതന്നെ ഗൃഹത്തിന്റെ കിഴക്കു വശത്തുള്ള മുറ്റത്ത് തെക്കുകിഴക്കു മൂലയായ അഗ്നികോണ്‍ ഒഴിവാക്കിയാല്‍ മറ്റു ഭാഗങ്ങളിലൊക്കെ കിണര്‍ ആകാവുന്നതാണ്.

കിണറിന് ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥാനം പറയുന്നുണ്ടെങ്കിലും വലിയ ഭൂമികളില്‍ ഗൃഹം വെക്കുമ്പോള്‍ മാത്രമേ ആ സ്ഥാനം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്തുള്ള ഇന്ദ്രജിത്പദം വരുന്ന സ്ഥാനത്ത് കിണര്‍ കുഴിക്കാവുന്നതാണ്. അതായത്, തെക്ക്, പടിഞ്ഞറേ മൂലയില്‍നിന്ന് തെക്കോട്ടു വെക്കുന്ന അളവിനെക്കാള്‍ കൂടുതലായിരിക്കണം പടിഞ്ഞാട്ടു വെക്കുന്ന അളവ്. ഇപ്രകാരം ചെയ്താല്‍ ഇന്ദ്രജിത്പദം കിണറിനുവേണ്ടി സ്വീകരിക്കാവുന്നതാണ്.

( വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം എന്ന പുസ്തകത്തില്‍ നിന്ന്)