ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക ഭദ്രത കൈവരിക്കാനുമായി ബിസിനസിലേക്ക് കടക്കുന്നവര്‍ ഏറെയാണ്. ഇക്കാര്യത്തില്‍ വനിതകളും കുറവല്ല. ഗ്രഹഭരണത്തിനൊപ്പം പോലും ബിസിനസില്‍ തിളങ്ങുന്ന വീട്ടമ്മമാര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തില്‍ ബിസിനസ് രംഗത്ത് അപൂര്‍വവിജയം വരിച്ച 50 വനിതാ സംരംഭകരുടെ വിജയകഥകള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് വനിതകള്‍ക്കു തുടങ്ങാന്‍ 50 വിജയസംരംഭങ്ങള്‍. 

വളരെ ചെറിയ മുതല്‍മുടക്കില്‍ അല്ലെങ്കില്‍ കാര്യമായ മുതല്‍മുടക്ക് പോലും ആവശ്യമില്ലാതെ തുടങ്ങിയ സംരംഭങ്ങളാണ് ഇതില്‍ പലതും. വിപണിയെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് സംരംഭത്തിലേക്കു കടന്നവര്‍, വീടുകള്‍തന്നെ വ്യവസായകേന്ദ്രങ്ങളായി കണ്ടവര്‍, ലഘുസംരംഭത്തിലൂടെ ജീവിതവിജയം എത്തിപ്പിടിച്ചവര്‍, മറ്റൊരു സംരംഭം ഏറ്റെടുത്തുനടത്തി വലിയ മുന്നേറ്റം സൃഷ്ടിച്ചവര്‍, ഒരു സംരംഭം സ്വന്തംനിലയില്‍ വേണമെന്ന് ചിന്തിച്ചുറച്ച് കടന്നുവന്നവര്‍, കൂട്ടായ്മയിലൂടെ വന്‍വിജയം സ്വന്തമാക്കിയവര്‍.

ഏതൊരു വനിതയ്ക്കും അനുകരിക്കാവുന്ന ഇത്തരം 50 മാതൃകകള്‍ അവതരിപ്പിക്കുന്ന അസാധാരണപുസ്തകമാണ് വനിതകള്‍ക്കു തുടങ്ങാന്‍ 50 വിജയസംരംഭങ്ങള്‍. ഇതില്‍ നിന്നുള്ള ദിവ്യയുടെഅനുഭവം വായിക്കാം.

ആര്‍ക്കും വേണ്ടാത്ത​ പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് വരുമാനം 

ദാഹിച്ചാല്‍ ആരും കുപ്പിവെള്ളം വാങ്ങും. കുടിക്കും. പിന്നെ, ഒഴിഞ്ഞ കുപ്പി കളയാനുള്ള നെട്ടോട്ടമാണ്. നഗരങ്ങളിലൊന്നും ഇപ്പോള്‍ മാലിന്യം കളയാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഇല്ലാത്തതിനാല്‍ നാടെങ്ങും ഇവ പരക്കുന്നു. കാസര്‍കോട് നീലേശ്വരത്തെ ദിവ്യയ്ക്ക് തോന്നിയത് ആര്‍ക്കും വേണ്ടാത്ത ഈ പ്ലാസ്റ്റിക് കുപ്പികളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വ്യവസായ സംരംഭമാണ്. ദിവ്യ സ്വന്തം അനുഭവം വിവരിക്കുന്നു.

എന്താണ് ബിസിനസ്?

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചു നിറമനുസരിച്ചു തിരിച്ച് സ്റ്റിക്കറും ക്യാപ് റിങ്ങും മാറ്റി ക്ലീന്‍ ചെയ്യുന്നു. ഈ കുപ്പികള്‍ മെഷീന്‍ സഹായത്തോടെ ഇടിച്ചു പരത്തുന്നു. അതിനുശേഷം കുപ്പികള്‍ മെഷിനിലിട്ട് ചിപ്സ് പരുവത്തിലാക്കി പ്ലാസ്റ്റിക് കമ്പനികള്‍ക്കു വില്‍ക്കുന്നു. 

തുടക്കം

ഭര്‍ത്താവിന് ബിസിനസ് ഉണ്ടെങ്കിലും തനിക്കു സ്വന്തം നിലയില്‍ ഒരു ബിസിനസ് വേണമെന്ന ചിന്തയില്‍നിന്നാണു തുടക്കം. അതു സമൂഹത്തിനു ഗുണകരമാവുന്നതായാല്‍ ഏറെ നന്നാവുമെന്നു തോന്നി. അങ്ങനെയാണ് വേയ്സ്റ്റ് പ്ലാസ്റ്റിക് റിപ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.

പെറ്റ് ബോട്ടിലുകള്‍ക്കു കിലോ 22 രൂപ

ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍ ശേഖരിക്കുന്നത് കിലോ ഗ്രാമിന് 22 രൂപ നിരക്കിലാണ്. ഇത് ആവശ്യത്തിനു ലഭിക്കുന്നില്ല. ഇവ ശേഖരിക്കാനും എത്തിച്ചു കൊടുക്കാനും ധാരാളം ഏജന്റുമാര്‍ ഉണ്ട്. റെഡി ക്യാഷ് നല്‍കിയാണ് വാങ്ങുന്നത്. ബാറുകള്‍, ഷോപ്പുകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍നിന്നു നേരിട്ടും ശേഖരിക്കുന്നു. 10 മെട്രിക് ടണ്‍ വേസ്റ്റ് ബോട്ടിലുകളെങ്കിലും ഒരു മാസം വേണം. ഇവ സംഭരിക്കാനും വൃത്തിയാക്കാനും കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്.

മികച്ച വരുമാനം

vanithakalkku thudangan 50 vijaya samrambangalപ്രതിമാസം ഒരു ലോഡ് ചിപ്സ് ആണ് ഉണ്ടാക്കി വില്‍ക്കുന്നത്. ഏകദേശം ഒമ്പതു മുതല്‍ 10 മെട്രിക് ടണ്‍ വരെയുണ്ടാകും. 38 മുതല്‍ 40 രൂപ വരെ കിലോ ഗ്രാമിനു ലഭിക്കും. പ്രതിമാസം നാലു ലക്ഷം രൂപയുടെ വില്‍പ്പന. വേസ്റ്റ് ബോട്ടിലുകള്‍ക്കു 2,20,000 രൂപയും കൂലി, മറ്റു ചെലവുകള്‍ക്ക് എല്ലാം കൂടി 80,000 രൂപയും. അങ്ങനെ മൂന്നു ലക്ഷം രൂപ പ്രതിമാസം ചെലവിനത്തില്‍ വരുന്നു. ക്യാപ്, റിംഗ്, മറ്റു പാഴ് വസ്തുക്കള്‍ എന്നിവയില്‍നിന്നു വേറെ വരുമാനമുണ്ട്.

എത്രയുണ്ടെങ്കിലും വില്‍ക്കാം

ഈ ബിസിനസില്‍ ഒരു ലക്ഷം രൂപയോളം പ്രതിമാസം സമ്പാദിക്കാന്‍ സാധിക്കുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം. പ്ലാസ്റ്റിക് ചിപ്സ് എത്രയുണ്ടെങ്കിലും വില്‍ക്കാം. കോയമ്പത്തൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലേക്കാണ് ഇപ്പോള്‍ അയക്കുന്നത്. എത്ര ഉണ്ടായാലും വാങ്ങാന്‍ അവര്‍ തയ്യാറാണ്. കൃത്യമായ വിലയും ലഭിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ വരുന്ന വില വ്യതിയാനം ബിസിനസിനെ ബാധിക്കാറുണ്ട്.

വനിതകള്‍ക്കു തുടങ്ങാന്‍ 50 വിജയസംരംഭങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വായ്പ മൂന്നു ലക്ഷം രൂപ

വ്യവസായ വകുപ്പ് വഴി മൂന്നു ലക്ഷം രൂപയുടെ വായ്പ എടുത്താണ് സംരംഭം ആരംഭിച്ചത്. 60,000 രൂപ സബ്സിഡി കിട്ടി. കുപ്പി പരത്താനും ചിപ്സ് ഉണ്ടാക്കാനുമുള്ള മെഷിനുകള്‍ക്കായി 10 ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. അത്രയും തന്നെ പ്രവര്‍ത്തന മൂലധന വായ്പയും ഉണ്ട്. വായ്പകള്‍ നിശ്ചിതസമയത്തിനു മുമ്പുതന്നെ അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞു.

ഗുണവശങ്ങള്‍

  • കുടുംബസംരംഭമായി തുടങ്ങാം
  • മാലിന്യത്തെ പണമായി രൂപപ്പെടുത്താം
  • സാമൂഹികസേവനം സാധ്യമാകുന്നു.
  • നാലു പേര്‍ക്കു തൊഴില്‍
  • എത്രയുണ്ടെങ്കിലും വില്‍ക്കാവുന്ന വിപണി
  • വനിതകള്‍ക്കു ശോഭിക്കാവുന്ന തൊഴില്‍ സംരംഭം

പുതുസംരംഭകരോട്

പാഴ് വസ്തുക്കള്‍ പ്രോസസ് ചെയ്തു പണമുണ്ടാക്കുന്ന ഇത്തരം സംരംഭം ആര്‍ക്കും ലാഭകരമായി നടത്താം. അഞ്ചു ലക്ഷംരൂപ പ്രാഥമിക മുതല്‍മുടക്കു വേണ്ടിവരും. കുറഞ്ഞത് പ്രതിമാസം 60,000 രൂപയുടെ വരുമാനം തുടക്കത്തില്‍ത്തന്നെ നേടാം.