രു പ്രമുഖബാങ്കിന്റെ സി.ഇ.ഒയെ ഒരു സ്വകാര്യ ടിവി ചാനലിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു വ്യക്തി 20 വര്‍ഷത്തേക്ക് ഒരു ഭവനവായ്പ എടുത്താല്‍ ലോണിന്റെ രണ്ടര ഇരട്ടിയോളം നിങ്ങള്‍ കസ്റ്റമറില്‍നിന്ന്് ഈടാക്കുന്നുണ്ട്. ഇത് ശരിയാണോ? അദ്ദേഹം മറുപടി പറഞ്ഞു. ലോണ്‍ അടച്ചുകഴിയുമ്പോഴേക്കും അടച്ച തുകയുടേതിനെക്കാളേറെ ആ വസ്തുവിന്റെ മൂല്യം ഉയര്‍ന്നില്ലേ. മാത്രവുമല്ല ഒരേ തുക എന്നും അടയ്ക്കുന്നതുകൊണ്ട് പണപ്പെരുപ്പനിരക്ക് അനുസരിച്ച് ഏതാണ്ട് അഞ്ചു വര്‍ഷം മുതല്‍ പണത്തിന്റെ മൂല്യവും കുറഞ്ഞല്ലോ. ഉദാഹരണത്തിന് ഒരാള്‍ പതിനായിരംരൂപയാണ് 10 വര്‍ഷത്തേക്ക് അടക്കേണ്ടത് എന്നു കരുതുക. ഇന്നത്തെ പതിനായിരത്തിന്റെ വിലയല്ലല്ലോ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പതിനായിരത്തിനുള്ളത്. അതുകൊണ്ട് ലോണ്‍ എടുത്ത് വീട് പണിയുന്നതില്‍ അപാകതയൊന്നുമില്ല.
 
ക്രെഡിറ്റ് ഇക്കോണമിയുടെ വളര്‍ച്ചയില്‍ വായ്പകള്‍ സാധാരണവരുമാനക്കാര്‍ക്ക് അത്താണിയാണ്. ഭാവിയില്‍ വരുമാനമുണ്ടാവുമെന്നും അതുകൊണ്ട് ഇന്ന് വായ്പയെടുക്കാമെന്നുമുള്ള കണക്കുകൂട്ടലാണ് വായ്പയുടെ കാതല്‍. ഇന്നത്തെ ജീവിതവും ഭാവിവരുമാനവും തമ്മിലുള്ള ബന്ധത്തെ സൈദ്ധാന്തികമായി അവതരിപ്പിച്ച സാമ്പത്തികശാസ്ത്രജ്ഞനാണ് റോബര്‍ട്ട് ഏണസ്റ്റ് ഹാള്‍. ഭാവിയില്‍ അപ്രതീക്ഷിതവരുമാനം പ്രതീക്ഷിക്കുന്നവരുടെ ഇന്നത്തെ ചെലവു രീതികള്‍ പ്രവചനാതീതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ലോണ്‍ എടുക്കുന്നത് നല്ലതാണ.് പക്ഷേ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
 
1. എന്തിനു വേണ്ടിയാണ് ലോണ്‍ എടുക്കുന്നത് എന്ന് കൃത്യതയുണ്ടാവുക. അതിനുവേണ്ടി മാത്രം ചെലവാക്കുക. ഉദാഹരണത്തിന് വീടുപണി, വാഹനവായ്പ, വിദ്യാഭ്യാസച്ചെലവ്, ഒരു ബിസിനസ് സംരംഭം തുടങ്ങിയവ.
 
2. എവിടെനിന്നാണ് ലോണ്‍ എടുക്കേണ്ടത്? ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ധാരാളം സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് ലോണ്‍ സ്രോതസ്സും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം.
 
3. ഏതു തരത്തിലുള്ള പലിശനിരക്കാണ് സ്വീകരിക്കേണ്ടത്? സ്ഥിരമായതും, ഫ്‌ളോട്ടിങ്് അഥവാ ഇടയ്ക്കിടയ്ക്ക് പലിശ മാറിക്കാണ്ടിരിക്കുന്ന ഫ്‌ളെക്‌സിബിള്‍ പലിശനിരക്കുമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ റേറ്റില്‍ വ്യത്യാസം വരുത്തുന്നതനുസരിച്ച് വായ്പാപലിശനിരക്കിലും മാറ്റം വരുമെന്നതിനാല്‍ ഇതിനെക്കുറിച്ച് പഠിക്കുക.
 
 
 
4. എത്ര കാലാവധി സ്വീകരിക്കണമെന്നതും ഏറെ പ്രധാനപ്പെട്ടതാണ്. കാലാവധി കൂടുമ്പോള്‍ മാസപ്രീമിയം കുറയുമെങ്കിലും പലിശയുടെ തുക വര്‍ധിക്കും. ചെറിയ കാലാവധി സ്വീകരിക്കുമ്പോള്‍ നമുക്ക് തിരിച്ചടവിനുള്ള വരുമാനം ഉണ്ടോ എന്നും പരിഗണിക്കേണ്ടതുണ്ട്.
 
5. എത്ര രൂപാ വെച്ച് മാസം തിരിച്ചടയ്ക്കാമെന്ന് പ്ലാന്‍ ചെയ്യുക. ലോണ്‍ എടുക്കാന്‍ കാണിക്കുന്ന ഉത്സാഹം അത് തിരിച്ചടയ്ക്കുന്നതിലും ഉണ്ടാവണം.
 
6. ഏതെങ്കിലും തരത്തില്‍, പ്രത്യക്ഷത്തില്‍ പെട്ടെന്ന് മനസ്സിലാകാത്ത, ഹിഡന്‍ ചാര്‍ജസ് ലോണ്‍ സമ്മതിപത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്നും അന്വേഷിക്കണം. ഉദാഹരണത്തിന് കാലാവധി തീരുംമുന്‍പ് അടച്ചുതീര്‍ത്താല്‍ അധികചാര്‍ജ് വരുമോ, ലോണ്‍ പ്രൊസസിങ് ചാര്‍ജ് ഉണ്ടോ എന്നിവ ചോദിച്ചു മനസ്സിലാക്കുക.
 
7. എടുത്ത ലോണിനോടനുബന്ധിച്ച് മറ്റു സേവ് ലോണ്‍ ഓപ്ഷന്‍സ് ഉണ്ടോ എന്ന് അന്വേഷിക്കുക. ഉദാഹരണത്തിന് ഒരു നിശ്ചിതതുക സ്ഥിരമായി നിക്ഷേപിച്ച് ആ സമ്പാദ്യം വായ്പയിലേക്ക് ചേര്‍ക്കല്‍, ഇടയ്ക്കിടയ്ക്ക് കൂടുതല്‍ തുക അടച്ച് പ്രിന്‍സിപ്പല്‍ തുക കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കുമോ തുടങ്ങിയവ
 
8. ഏതെങ്കിലും ലോണ്‍ ഉള്ളപ്പോള്‍ത്തന്നെ അതിനോട് അനുബന്ധമായി മറ്റു ലോണുകളും നല്കുന്ന സംവിധാനങ്ങളുണ്ട്. അവയുടെ പലിശയും മറ്റും കൃത്യമായി മനസ്സിലാക്കി മാത്രമേ മറ്റു ലോണ്‍ എടുക്കാവൂ.
 
sampathu soubhagyamakuvan9. എത്ര ലോണ്‍ എടുത്ത് വാങ്ങിയ സാധനത്തിനായാലും പിന്നീട് ഇന്‍ഫ്‌ളേഷന്‍നിരക്കിനെക്കാളും അധികമായി ആര്‍ജിതവിലയുണ്ടാവുമോ എന്നും മനസ്സിലാക്കുക.
 
10. ഏതു ലോണ്‍ എടുത്താലും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം നീക്കിയിരുപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക. സാധ്യമെങ്കില്‍ ഒരു ലോണ്‍ അടച്ചുതീര്‍ത്തതിനു ശേഷം മാത്രമേ മറ്റൊന്ന് എടുക്കാവൂ.
 
11. ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ലോണ്‍ എടുത്ത വസ്തുവിന്‍മേല്‍ പൂര്‍ണ അവകാശം ആര്‍ക്കാണുള്ളതെന്ന നിജപ്പെടുത്തല്‍.
 
ഇപ്പോള്‍ എല്ലാ ബാങ്കുകളും കസ്റ്റമര്‍ സൗഹൃദസമീപനമാണ് സ്വീകരിക്കുന്നത്. എന്നുവെച്ച് ഉപഭോക്താക്കളുടെ ക്ഷേമമാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കരുത്. 20 വര്‍ഷത്തേക്ക് എടുത്ത ഭവനവായ്പ 5 വര്‍ഷം കഴിയുമ്പോള്‍ ക്ലോസ് ചെയ്യാന്‍ ചെല്ലുമ്പോള്‍ മുതലില്‍ വലിയ കുറവുണ്ടാവുകയില്ല. കാരണം വായ്പയുടെ ആദ്യനാളുകളില്‍ പലിശയുടെ തുകയായിരിക്കും കൂടുതലായി അടയ്ക്കുന്നത്. അതുകൊണ്ട് മുതലുംകൂടി കുറച്ച് അടയ്ക്കുന്ന സംവിധാനമാണ് സ്വീകരിക്കേണ്ടത്. എന്തിനും ലോണ്‍ കിട്ടുന്നതു കൊണ്ട് ലോണില്‍ പൊതിഞ്ഞാണ് നടക്കുന്നത് എന്ന് ചിലര്‍ പറയാറുണ്ട്. ഒരു കാര്യം ശ്രദ്ധിക്കുക. ലോണ്‍ എടുത്ത് ലോണ്‍ അഥവാ പുല്‍ത്തകിടി വെച്ചുപിടിപ്പിക്കരുത്.
 
( ഡോ. കൊച്ചുറാണി ജോസഫിന്റെ സമ്പത്ത് സൗഭാഗ്യമാകുവാന്‍ എന്ന പുസ്തകത്തില്‍ നിന്ന് )