ദീപക് എന്റെ ക്ലാസിലെ നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയാണ്. പഠനത്തോടൊപ്പം ചെറിയ പാര്‍ട് ടൈം ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോഴേ ജോലി ചെയ്ത് പഠിക്കേണ്ട ജീവിതസാഹചര്യമല്ല അവന്റെ വീട്ടിലുള്ളത്. എങ്കിലും പഠനത്തോടൊപ്പം ജോലി ചെയ്തു ജീവിക്കുവാനുള്ള അവന്റെ തീരുമാനം എനിക്ക് അഭിമാനകരമായി തോന്നി. ജോലി ചെയ്തുണ്ടാക്കുന്ന പണം എന്തു ചെയ്യുന്നു എന്ന എന്റെ ചോദ്യത്തിന് അവന്‍ നല്കിയ ഉത്തരമാണ് ഇന്നത്തെ സ്മാര്‍ട് മണിയുടെ പ്രതിപാദ്യവിഷയം. അവന്‍ പറഞ്ഞു: 'സമ്പാദ്യവും മിച്ചവും ഒന്നുമില്ല. കാരണം, എനിക്ക് ഒരു ഊണിനുതന്നെ 250 രൂപയാവും.' 250 രൂപയ്ക്ക് കുടുംബം ഒരു ദിവസം കഴിയുമല്ലോ എന്ന എന്റെ മറുചോദ്യത്തിന് ഉത്തരമായി അവന്‍ പറഞ്ഞു: 'എന്നെക്കൊണ്ടൊന്നും വയ്യ, വെറുതേ ആപ്പ ഊപ്പയെ പ്പോലെ ജീവിക്കുവാന്‍. ജീവിതം ഒന്നേയുള്ളൂ, അത് അടിച്ചുപൊളിക്കണം.'

മുന്‍ തലമുറ വിദ്യാഭ്യാസകാലത്ത് കണ്ടിരുന്ന സ്വപ്‌നങ്ങള്‍ വ്യത്യസ്തമായിരുന്നു. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, വീടിന്റെ കടബാധ്യത തീര്‍ത്ത് ഒന്ന് പുതുക്കിപ്പണിയണം, സഹോദരിമാരെ നല്ല രീതിയില്‍ വിവാഹംകഴിപ്പിച്ചയയ്ക്കണം, ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം, അച്ഛനമ്മമാരെ സംരക്ഷിക്കണം എന്നിങ്ങനെയായിരുന്നു പഴയ തലമുറയിലെ യുവാക്കളുടെ സ്വപ്‌നങ്ങളെങ്കില്‍ പുതിയ തലമുറയുടെ ആഗ്രഹങ്ങള്‍ വ്യത്യസ്തമാണ്. അത് അവരുടെ ജീവിതവീക്ഷണത്തെയും മൂല്യങ്ങളെയും സാരമായി ബാധിക്കുന്നു.

ഇന്ന് 'ഏണ്‍ വൈല്‍ യു ലേണ്‍', അതായത് പഠനത്തോടൊപ്പം ജോലിയും എന്ന ആശയത്തിന് വലിയ പ്രചാരമുണ്ട്. എന്നാല്‍ അതില്‍ത്തന്നെ പതിയിരിക്കുന്ന ചില അപകടങ്ങളുണ്ട്. ഒന്നാമതായി നല്ല രീതിയില്‍ പഠിച്ചുയരാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികള്‍ പഠനം എങ്ങുമെത്താതെ അവസാനിപ്പിക്കുന്നു. വീട്ടില്‍ സാമ്പത്തികപരാധീനതയുള്ളവരും വീട്ടുകാരെ സാമ്പത്തികമായി പിന്താങ്ങേണ്ടവരും ഇതിനായി മുതിരുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ പാര്‍ട്ട് ടൈം ജോലിക്കു പോവുന്ന വിദ്യാര്‍ഥികളില്‍ 80 ശതമാനം പേരും അവരുടെ കൈയിലെ പോക്കറ്റ് മണിക്കായിട്ടാണ് ഇത് ചെയ്യുന്നത്. ഫലമോ, വളരെ ചെറുപ്പത്തിലേതന്നെ പണവിനിയോഗത്തിനുള്ള രീതികള്‍ വ്യത്യസ്തമാവുന്നു.

sampathu soubhagyamakuvanവിദ്യാര്‍ഥി ഒരൂണിന് എത്ര രൂപ ചെലവാക്കാമെന്നു ചോദിച്ചാല്‍ കഴിവനുസരിച്ച് അതെത്രവരെ വേണമെങ്കിലുമാകാമെന്നും, 250 രൂപയോ, അത് ഒന്നുമല്ല എന്ന് ഐ.ടിക്കാരും പറയും. ജോലി ചെയ്തു കിട്ടുന്ന പണം പലരും ഉപയോഗിക്കുന്നത് 4000 രൂപയുടെ ഷൂസ്, പൊറോട്ടയും ബീഫും, പിസയും ബര്‍ഗറും, നുരയുന്ന പാനീയങ്ങള്‍, പിന്നെ അത്യന്താധുനിക മൊബൈല്‍ ഫോണ്‍, അതിന്റെ സിം, സിനിമ എന്നിവയ്ക്കു വേണ്ടിയാണ്. 

സമ്പത്ത് സൗഭാഗ്യമാകുവാന്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാളുകളില്‍ കറങ്ങി ഫാസ്റ്റ് ഫുഡ് സംസ്‌കാരംമൂലം വീട്ടില്‍നിന്നു കിട്ടുന്ന ഭക്ഷണം തൃപ്തികരമാവുന്നില്ല. പലപ്പോഴും ഇവര്‍ ജോലിക്ക് പോവുന്ന വിവരംപോലും വീട്ടുകാര്‍ അറിയുന്നില്ല. ഉച്ചഭക്ഷണം വീട്ടില്‍നിന്ന് കൊണ്ടുവരുന്നത് നാണക്കേടുപോലെയാണ്. അമ്മ ഭക്ഷണവുമായി ഉറക്കമിളച്ച് കാത്തിരിക്കുന്നതും മകന്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തുന്നതും മധ്യവര്‍ഗകുടുംബങ്ങളിലെ സ്ഥിരംകാഴ്ചയാണ്. പിന്നീട് അനഭിമതമായ രുചിക്കൂട്ടുകളിലേക്കും ലഹരിയിലേക്കും തിരിയുന്നു. അതിനാവശ്യമായ പണം തേടാനുള്ള നൂതനസ്രോതസ്സുകളിലേക്ക് കടക്കുന്നു.

കൂടുതല്‍ വിദ്യാര്‍ഥികളും കേറ്ററിങ് ജോലിക്കു പോകുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം, നല്ല ഭക്ഷണവും 300 രൂപയും കിട്ടും. ഭക്ഷണത്തിന് ഇത്രയും പ്രാധാന്യം നല്കിയ തലമുറയുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സിനിമയുടെ പ്രമേയവും പാട്ടുകളും വരെ ഭക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഹിറ്റാവുകയാണ്. ഭക്ഷണമേശകള്‍ മുന്‍പ് സര്‍ഗാത്മകചിന്തകളും സാഹിത്യചര്‍ച്ചകളും രൂപപ്പെട്ട വേദികളായിരുന്നെങ്കില്‍ ഇന്ന് അത്തരം സൗഹൃദക്കൂട്ടായ്മകള്‍ കുറവാണ്.

ഇന്ന് ഐ.ടിപോലുള്ള തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന ശമ്പളം 22-ാം വയസ്സില്‍ ലഭിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഈ അടിച്ചുപൊളിയുടെ മറ്റൊരു സംസ്‌കാരമാണ് വിടരുന്നത്. ആരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി ? ഒരു പരിധിവരെ മാതാപിതാക്കളാണ്. അതു മനസ്സിലാക്കി ചില മാതാപിതാക്കള്‍ ബുദ്ധിപൂര്‍വം വിദ്യാഭ്യാസലോണ്‍ ഇവരെക്കൊണ്ട് അടപ്പിക്കും. ചിലര്‍ ഒരു ഭവനവായ്പ നിര്‍ബന്ധപൂര്‍വം എടുപ്പിക്കും. എന്നാലും 60,000 രൂപ ശമ്പളമുള്ള മകന്റെ വായ്പാപ്രീമിയം മാതാപിതാക്കള്‍ അടയ്‌ക്കേണ്ടിവന്നതായ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വിദേശത്ത് മക്കളോടൊപ്പം ജീവിക്കാന്‍ പോയ മാതാപിതാക്കള്‍ പറയുന്നത് അവര്‍ക്ക് ലക്ഷങ്ങളുടെ വരുമാനമുണ്ട്, എന്നിട്ടും ഒന്നിനും തികയുന്നില്ല എന്നാണ്. പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയാണ്.

ആധുനിക യുവതയുടെ പദപ്രയോഗങ്ങള്‍തന്നെ ശ്രദ്ധിക്കണം. അടിച്ചുപൊളി, ചെത്ത്, കത്തി, നമ്പര്‍, എന്നെയങ്ങ് കൊല്ല്, അളിയാ പൊളിച്ചു തുടങ്ങിയ പദങ്ങളെല്ലാംതന്നെ അവരുടെ ജീവിതശൈലിയെ കാണിക്കുന്നു. യു.എസ്. സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 57% ഏഷ്യയിലാണ്. അതില്‍ 47% യുവജനമാണ്. അവരുടെ സാമ്പത്തികചിന്തകള്‍ നിഷേധാത്മകമായാല്‍ വലിയ ദുരന്തമായിരിക്കും ഫലം. അതിനാല്‍ നിലനില്ക്കുന്ന ബന്ധങ്ങളും പരിപാലിച്ചുപോരുന്ന പ്രതിബദ്ധതകളും ജീവിതത്തിന്റെ ദ്രുതതാളത്തില്‍ തൂത്തെറിയപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. യുവത്വത്തിലെ ശീലങ്ങളാണ് എല്ലാ മാറ്റത്തിനും കാരണമെന്നാണ് അരിസ്‌റ്റോട്ടില്‍ അഭിപ്രായപ്പെടുന്നത്.

 ( ഡോ. കൊച്ചുറാണി ജോസഫിന്റെ സമ്പത്ത് സൗഭാഗ്യമാകുവാന്‍ എന്ന പുസ്തകത്തില്‍നിന്നും )