രു നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭക്ഷണം. ആ പ്രദേശത്തിന്റെ പൊതു സ്വഭാവരൂപീകരണത്തില്‍ അവിടുത്തെ ഭക്ഷണപാരമ്പര്യത്തിനുള്ള പങ്ക് ഒട്ടും ചെറുതല്ല. സന്തോഷത്തിന്റെയും, ആനന്ദത്തിന്റെയും സംതൃപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും സുഭിക്ഷതയുടെയും അലങ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും എല്ലാം ഉറവിടം കൂടിയാണ് ഭക്ഷണം. ആതിഥേയസ്വഭാവം, സാമൂഹികമര്യാദ, സാമൂഹികപദവി, മതവിശ്വാസം എന്നിവയെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 

ഭക്ഷണത്തനിമയുടെ കാര്യത്തില്‍ തനതായ ഇടം നേടിയെടുത്തവരാണ് കോഴിക്കോട്ടുകാര്‍. കോഴിക്കോടന്‍ രുചിപ്പെരുമ ഇന്ത്യയൊട്ടാകെ പ്രസിദ്ധമാണ്. കടല്‍മാര്‍ഗം മലബാറിന്റെ തീരങ്ങളിലേക്കു കച്ചവടത്തിനെത്തിയ വിദേശികളും തദ്ദേശീയരും ചേര്‍ന്ന് കാലങ്ങള്‍കൊണ്ട് വൈവിദ്ധ്യമാര്‍ന്ന ഭക്ഷണസംസ്‌കാരം ഇവിടെ രൂപപ്പെടുത്തുകയായിരുന്നു. കാലങ്ങള്‍ക്കൊണ്ട് പരിണമിച്ച ആ ഭക്ഷണത്തനിമയാണ് ഇന്നും കോഴിക്കോടന്‍ വിഭങ്ങളെ വേറിട്ടതാക്കി നിര്‍ത്തുന്നത്. 

നാളികേരവും നെല്ലും സുലഭമായിരുന്നതിനാല്‍ തന്നെ മലബാറിന്റെ രുചികളില്‍ എന്നും നിറഞ്ഞുനില്ക്കുന്നത് തേങ്ങകൊണ്ടും വെളിച്ചെണ്ണകൊണ്ടും അരികൊണ്ടും ഉണ്ടാക്കിയ വിഭവങ്ങള്‍തന്നെയാണ്. മത്സ്യവും മാംസവും മലബാറിന്റെ രുചി സാന്നിദ്ധ്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പലഹാരങ്ങളാണ് കോഴിക്കോടിന്റെ മറ്റൊരു സവിശേഷത. എണ്ണമറ്റ പലഹാരങ്ങള്‍ ഭക്ഷണപ്രേമികളുടെ മനസും വയറും നിറയ്ക്കും. 

kozhikkodan vibhavangalകോഴിക്കോടിന്റെ തനത് രുചിയറിയാനുള്ള പുസ്തകമാണ് വി.എം. സുഹറ തയ്യാറാക്കിയ 'കോഴിക്കോടന്‍ വിഭവങ്ങള്‍'. പുഡ്ഡിങ്ങുകള്‍, സലാഡുകള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, മീന്‍ കറികള്‍, പാനീയങ്ങള്‍, വിവിധതരം ചിക്കന്‍-മട്ടന്‍-ബീഫ് വിഭവങ്ങള്‍, പലവിധം കേക്കുകള്‍, ഐസ്‌ക്രീമുകള്‍, പായസങ്ങള്‍, പത്തിരി, ഹല്‍വ, അച്ചാറുകള്‍, സൂപ്പുകള്‍ തുടങ്ങി സ്വാദിഷ്ഠമായ വിഭവങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു.

തേങ്ങാച്ചോര്‍, ഓട്ടപ്പോള, ഇറച്ചി കലത്തപ്പം, എരിവുപഴംപൊരി, നേന്ത്രപ്പഴം നിറച്ചത്, മീന്‍ വട, ആട്ടിന്‍കാല്‍ പൊരിച്ചത്, മുട്ടമാല, മുട്ടസുറുക്ക, തരിപ്പോള, ഇറച്ചിപ്പത്തിരി, കോഴിക്കോടന്‍ എലീസ, കോഴിക്കോടന്‍ മത്തി വറ്റിച്ചത്, പരിപ്പു കേക്ക്, അരിപ്പൂരി, ഗോതമ്പുറൊട്ടി, ഞണ്ട് മുളക് മസാല, കിളിക്കൂട്, കല്ലുമ്മക്കായ നിറച്ചത്, തേങ്ങാമിഠായി, കപ്പ അട, കോഴിപ്പിടി, ഇറച്ചിപ്പുട്ട്, നാടന്‍ പത്തിരി, മാമ്പഴ ഹല്‍വ, വെളുത്ത ഹല്‍വ, ഈന്തുപിടി എന്നിങ്ങനെ നിരവധി വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

കോഴിക്കോടന്‍ വിഭവങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Kozhikkodan Vibhavangal, Malabar Cuisine Recipe Books