ണചേരാന്‍ എല്ലാവര്‍ക്കുമറിയാം. ആരും ആരേയും അത് പഠിപ്പിക്കേണ്ട കാര്യമില്ല. ആ വാസന നൈസര്‍ഗികമാണ്. അതിനുള്ള അറിവും പ്രാപ്തിയും പ്രായപൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. (ലൈംഗിക വിദ്യാഭ്യാസം നടത്തുന്നത് അനാരോഗ്യകരമായ പല പ്രവണതകളേയും നിയന്ത്രിക്കുന്നതിന് മാത്രമാണ്).

മനുഷ്യന് എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി അടുത്തിടപഴകാനും തൊടാനും ചുമ്മാ സൊറപറഞ്ഞിരിക്കാനും ലൈംഗികവേഴ്ച നടത്താനും നൈസര്‍ഗിക താത്പര്യമുണ്ട്. സെക്‌സ് ഏറ്റവും സ്വാഭാവികമാണ്. ഈ ജന്മവാസനയെ കടിഞ്ഞാണിടാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. സാമൂഹിക നിയമങ്ങള്‍ അതിനെ കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നു. ലൈംഗികാസക്തിയോടെ ഒരു സ്ത്രീയെ പുരുഷന്‍ നോക്കുന്നതുപോലും പാപമാണെന്ന് പഠിപ്പിക്കുന്നു. എതിര്‍ലിംഗത്തിലുള്ളവരുടെ സാമീപ്യം അത്തരം ചിന്തകള്‍ ഉണ്ടാക്കിയില്ലെങ്കിലാണ് വേവലാതിപ്പെടേണ്ടത്. കാരണം, ലൈംഗികാകര്‍ഷണം പ്രകൃതിദത്തമാണ്.

അതുകൊണ്ട് മൃഗങ്ങളെപ്പോലെ ഇഷ്ടംപോലെ ഏതിടത്തും ഏതുസമയത്തും വേഴ്ചയിലേര്‍പ്പെടാം എന്നല്ല ഉദ്ദേശിക്കുന്നത്. അത്തരമൊരു രീതി ആദ്യകാലം തൊട്ടേ പരിണാമപ്പെട്ടു വന്നിരുന്നെങ്കില്‍ ഇന്ന് നമുക്കതു തെറ്റാണെന്ന് തോന്നുമായിരുന്നില്ല. പക്ഷേ, കയ്യൂക്കുള്ളവന്‍ സുന്ദരികളായ സ്ത്രീകളെ കയ്യടക്കുമായിരുന്നു. കായികബലംകൊണ്ട് സഹജീവികളെ അടിച്ചൊതുക്കുമായിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് സാമൂഹികനിയമങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയെ ബലമായി വേഴ്ചക്ക് വിധേയമാക്കുന്നത് ശരിയല്ലല്ലോ- ആ കുട്ടിക്ക് ഇഷ്ടമല്ലായിരിക്കാം - ഇണയെ തിരഞ്ഞെടുക്കാന്‍ ചിട്ടകളും നിയമങ്ങളും കാലക്രമേണ ഉരുത്തിരിഞ്ഞു. ഇന്നവ അലംഘനീയ നിയമങ്ങളാണ്. അവയെ അനുസരിച്ചാലേ പരിഷ്‌കൃത സമൂഹത്തിലെ അംഗമാകാനൊക്കൂ.

പക്ഷേ, താത്പര്യത്തോടെ എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളെ നോക്കുന്നതും ആ രീതിയില്‍ ചിന്തിക്കുന്നതും പാപമാണെന്നൊക്കെ പറയുന്നതില്‍ ശരിയുണ്ടെന്ന് തോന്നുന്നില്ല. ജന്മവാസനകളാണ് ആ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നത്. പരസ്​പരം ആകര്‍ഷിക്കപ്പെടുമ്പോഴും ശരീരം സ്വാഭാവികതയോടെ പെരുമാറുന്നു. ആവേശകരമായ സ്‌നേഹം തോന്നുമ്പോള്‍ അത് വേഴ്ചയിലേക്കു നയിക്കുന്നു. ആരെയും വേദനിപ്പിക്കുന്നില്ലെങ്കില്‍, രണ്ടുപേര്‍ക്കും പൂര്‍ണമായും ഇഷ്ടമാണെങ്കില്‍ ലൈംഗികവേഴ്ചയില്‍ യാതൊരു തെറ്റുമില്ല. അത് സ്വാഭാവികമാണ്. അങ്ങനെതന്നെ ആയിരിക്കുകയും വേണം.

ശരീരം സമ്പൂര്‍ണമായൊരു ലൈംഗിക ഉപകരണമാണ്. സെക്‌സിന്റെ പരമകോടിയിലെത്താനും അതാവോളം ആസ്വദിക്കാനുമുള്ള കഴിവ് എല്ലാ മനുഷ്യരിലുമുണ്ട്. സെക്‌സ് ചെയ്യുമ്പോള്‍ അതില്‍ മനസ്സും ശരീരവും പൂര്‍ണമായും അര്‍പ്പിക്കണം.

പക്ഷേ, കുറച്ചുകഴിയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഇണയുമായി വേഴ്ച നടക്കുമ്പോഴായിരിക്കും നാളത്തെ ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുക. ആവശ്യമില്ലാത്ത പല ആധികളും ജന്മമെടുക്കുക. ഇണയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ചിന്ത സെക്‌സിന്റെ മനോഹാരിതയെ കളങ്കപ്പെടുത്തുന്നു. കുറേക്കഴിയുമ്പോള്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന വിചാരമാകും മനസ്സില്‍. ഇണയുടെ സ്ഥാനത്ത് സങ്കല്പത്തിലുള്ള മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കും. നൈസര്‍ഗികതയില്‍നിന്നും തെന്നിമാറുമ്പോള്‍ ലൈംഗികചേതനകള്‍ക്ക് മരവിപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

വികലമായ പല വീക്ഷണങ്ങളും സെക്‌സിനെപ്പറ്റി സമൂഹത്തില്‍ ഇന്ന് നിലവിലുണ്ട്. ഇത് തെറ്റാണെന്ന് പലരും ധരിച്ചിരിക്കുന്നു. വെളിക്കിറങ്ങുന്നതുപോലെയോ മൂത്രമൊഴിക്കുന്നതുപോലെയോ വിയര്‍ക്കുന്നതുപോലെയോ അതും മോശമാണെന്നാണ് പലരും ചിന്തിക്കുന്നത്. സെക്‌സ് ഏറ്റവും മനോഹരമാണ്, ഏറ്റവും സ്വാഭാവികമാണ്, മനുഷ്യന് കിട്ടിയിട്ടുള്ള ഒരു വരദാനമാണത്. അത് ആസ്വദിക്കുന്നതില്‍ തെറ്റില്ല, നന്മ മാത്രമേയുള്ളൂ.

സ്വന്തം കഴിവിലുള്ള ആധിയും പിരിമുറുക്കവും ലൈംഗികശക്തിക്ഷയത്തിലേക്ക് നയിക്കാം. ഉദ്ധാരണശേഷി നഷ്ടപ്പെടാം. ഇതുണ്ടാക്കുന്ന നിരാശ സ്ഥിരമായ ഇംപൊട്ടന്‍സി വരുത്തിവെക്കാം. ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയാലേ കാര്യങ്ങള്‍ ശരിയാകൂ എന്ന അവസ്ഥ സംജാതമാകുന്നു. ഇതിനെ ചികിത്സിച്ചു ഭേദമാക്കുന്നതില്‍ നൈപുണ്യം നേടിയിട്ടുള്ളവര്‍ ധാരാളമുണ്ടിന്ന്.

മൃഗങ്ങളെ കണ്ടുപഠിക്കൂ. ഒരു മൃഗം വേഴ്ചയിലേര്‍പ്പെടുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. ഇണയെ സംതൃപ്തിപ്പെടുത്താനാകുമോ എന്ന ആധിയില്ല. കുട്ടികള്‍ ശ്രദ്ധിക്കുമോ എന്ന പേടിയില്ല. ഇണയെ മറ്റൊരു മൃഗം തട്ടിയെടുക്കുമോ എന്ന ചിന്തയില്ല. ഇണ വിശ്വസ്തനോ വിശ്വസ്തയോ ആയി തുടരുമോ എന്ന ചിന്തയില്ല. കഴിവു പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി അതിനെ കാണുന്നില്ല. വേഴ്ചയില്‍ മാത്രമാണ് അതിന്റെ ശ്രദ്ധ. ഏറ്റവും സ്വാഭാവികമായി, ഏറ്റവും മനോഹരമായി ആ വരദാനത്തെ ഉപയോഗപ്പെടുത്തുന്നു. കടത്തെക്കുറിച്ചോ പ്രമോഷനെക്കുറിച്ചോ അപ്പോള്‍ ചിന്തിക്കുന്നില്ല, ചെയ്യേണ്ടതുകൊണ്ട് ചെയ്യുന്നതായി തോന്നുന്നില്ല. സെക്‌സിലേര്‍പ്പെടുമ്പോള്‍ മറ്റെല്ലാം മറക്കുന്നു. അത് പൂര്‍ണമായി ആസ്വദിക്കുന്നു. നമുക്കും ആ രീതി അനുകരിച്ചുകൂടേ? സെക്‌സ് ആസ്വദിച്ചുകൂടേ? നിങ്ങള്‍ അത് ആസ്വദിക്കുമ്പോള്‍ പങ്കാളിക്കും ആസ്വാദനം ലഭിക്കും. നിങ്ങളിലെ ഭയാശങ്കകള്‍ പങ്കാളിയിലേക്കും പകരും.

നാല്പതു കഴിയുമ്പോള്‍ ലൈംഗികതയില്‍ പലര്‍ക്കും താത്പര്യം കുറയുന്നു. ബന്ധപ്പെടുന്നതിന്റെ കാലയളവ് കൂടുന്നു. അഥവാ ബന്ധപ്പെട്ടാല്‍ത്തന്നെ അത് പലപ്പോഴും യാന്ത്രികമായ ഒരനുഭവമാകുന്നു. യാതൊരു പുതുമയുമില്ലാതിരുന്നാല്‍ ലൈംഗികബന്ധം ബോറടിപ്പിക്കും. പത്തുപതിനഞ്ചു വര്‍ഷം പിന്തുടര്‍ന്ന രീതികള്‍ പിന്നെയും അവലംബിക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നാതിരിക്കില്ല. ചിലപ്പോള്‍ രണ്ടുപേര്‍ക്കും, അതല്ലെങ്കില്‍ ഒരു പങ്കാളിക്കെങ്കിലും അത് നീരസമായി തോന്നാം. ഭര്‍ത്താവിന് ബന്ധപ്പെടുന്നതില്‍ താത്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഭാര്യയ്ക്ക് താത്പര്യം കുറഞ്ഞിട്ടില്ലെങ്കില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കും.

നാല്പത്തഞ്ച് വയസ്സ് ആകുമ്പോഴേക്കും മുഴുവന്‍ ശ്രദ്ധയും വേറെ ഏതെങ്കിലും കര്‍മ്മമണ്ഡലത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാകാം. ജോലിയിലുള്ള അമിത താത്പര്യം, ഒരു നല്ല വീടുണ്ടാക്കുന്നതിലുള്ള വ്യഗ്രത, കുട്ടികളുടെ കാര്യങ്ങള്‍ അങ്ങനെ പലതും മുഴുവന്‍ ശ്രദ്ധയും പിടിച്ചെടുക്കുന്നു. കൗമാരക്കാരായ കുട്ടികളുടെ സാന്നിധ്യം ബാക്കിനില്ക്കുന്ന താത്പര്യത്തേയും കെടുത്തിക്കളയും. വളര്‍ന്ന കുട്ടികള്‍ തൊട്ടടുത്ത മുറിയിലുള്ളപ്പോള്‍ ബന്ധപ്പെടാന്‍ പലര്‍ക്കും വൈമുഖ്യമാണ്. അതിലെന്താണ് തെറ്റ്? മാതാപിതാക്കള്‍ അതിലൂടെ സ്‌നേഹം പങ്കുവെക്കുന്നു എന്ന് കുട്ടികള്‍ അറിയുന്നുണ്ട്. നിങ്ങളുടെ ലൈംഗികജീവിതത്തില്‍ നാണിക്കേണ്ടതായി ഒന്നുമില്ല.

മധ്യവയസ്‌കര്‍ക്ക് എങ്ങനെ ലൈംഗികജീവിതം ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ ധാരാളം പുസ്തകങ്ങള്‍ പാശ്ചാത്യനാടുകളിലുണ്ട്. ഇവിടെ കുറവായിരിക്കാം. പക്ഷേ, ലൈംഗികതാത്പര്യവും ആകര്‍ഷണവും നിലനിര്‍ത്തുന്നത് പ്രായമാകുന്നതിനെ തടയും. ഏത് സമൂഹത്തിലായാലും അത് ശരിയാണ്. മധ്യവയസ്സിലെത്തുന്നതോടെ ലൈംഗികവിരക്തി പാലിക്കണം എന്നൊരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗികതയിലുള്ള താത്പര്യം എന്ന് കുറയുന്നുവോ അന്നുതൊട്ട് നിങ്ങള്‍ക്ക് വയസ്സായിത്തുടങ്ങും. യുവത്വവും ആരോഗ്യവും നിലനിറുത്തുന്നതിനുള്ള ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണിത്.

എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ഒരു അഭിനിവേശം എന്നും വേണം. എല്ലാ പ്രായത്തിലുള്ളവരുമായും ആരോഗ്യകരമായ സൗഹൃദം നിലനിര്‍ത്തണം. ലൈംഗികാസക്തിയുള്ളവര്‍ക്ക് എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഒരു പ്രത്യേക ആകര്‍ഷണം തോന്നും. അവരുടെ സാന്നിധ്യം ഇഷ്ടപ്പെടും. അവരുടെ സ്വരത്തിന് ഒരു പ്രത്യേക മുഴക്കമുണ്ടായിരിക്കും. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ മുമ്പില്‍ ആകര്‍ഷണീയമായി പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കും.

ലൈംഗികതയുടെ ഉദ്ദേശ്യംതന്നെ സന്താനോല്പാദനമാണല്ലോ. പ്രജനനസംബന്ധമായ ഏതൊരാഗ്രഹത്തിലും ജീവന്റെ തുടിപ്പുണ്ട്. എന്ന് സന്താനോല്പാദനത്തില്‍ താത്പര്യം കുറയുന്നുവോ അന്ന് ജീവിക്കുന്നതിന്റെ അര്‍ഥംതന്നെയാണ് കുറയുന്നത്. അതോടെ അസുഖങ്ങളും മരണവും അടുത്തുവരുന്നു. ദീര്‍ഘകാലം ജീവിക്കുന്നവരെല്ലാംതന്നെ എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം ലൈംഗികതയില്‍ താത്പര്യം കാണിച്ചിരുന്നു. സോഫിയ ലോറന് 72 ഉം ഭര്‍ത്താവ് പോണ്ടിക്ക് 92-ഉം വയസ്സൊക്കെ ഉണ്ടെങ്കിലും അവര്‍ ആരോഗ്യകരമായ കുടുംബജീവിതം നയിക്കുന്നു ഇന്നും.

പല സമൂഹങ്ങളിലും വിഭിന്നമായ സമീപനമാണ് ഈ വിഷയത്തിലുള്ളത്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ എത്ര പ്രായമായാലും ലൈംഗികതയിലുള്ള ആവേശം കെട്ടടങ്ങുന്നില്ല. നമ്മുടെ സംസ്‌കാരം ഈ വിഷയത്തെ ഒരവജ്ഞയോടുകൂടിയാണ് സമീപിക്കുന്നത്. പ്രായമാകുമ്പോള്‍ സെക്‌സ് നിഷിദ്ധമാണ് എന്നൊരു ചിന്ത ഇവിടെ പ്രബലപ്പെട്ടിരിക്കുന്നു. ഇത് ശരിയല്ല.

കുടുംബത്തിനു പുറത്തുള്ള ലൈംഗികാസ്വാദനം നമുക്ക് നിഷിദ്ധമാണല്ലോ. ഒരുപക്ഷേ, അതാണ് വേണ്ടതും. പക്ഷേ, ലൈംഗികതാത്പര്യം അടിച്ചമര്‍ത്താനുള്ളതല്ല. യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നവര്‍ ലൈംഗിക ആകര്‍ഷണവും നിലനിര്‍ത്തുന്നതായി കാണുന്നു. സംഭോഗം യാന്ത്രികമായി ചെയ്താല്‍ പോരാ. അതില്‍ ശരീരവും മനസ്സും ആമഗ്നമാകണം. അത് ആസ്വദിക്കാന്‍ കഴിയണം. മൈഥുനം ചെറുപ്പക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നൊക്കെ ചിന്തിക്കുന്നതുതന്നെ തെറ്റാണ്. ഈ ചിന്താഗതിയും കാമവികാരങ്ങളില്‍നിന്നുള്ള ഓടിയൊളിക്കലും വയസ്സനാക്കും. എത്രപ്രായമായാലും ലൈംഗികജീവിതം നിലനിര്‍ത്തണം.

ഒരു സ്ത്രീ ഒരിക്കല്‍ മനഃശാസ്ത്രജ്ഞനെഴുതിയ കത്ത് ഓര്‍മയില്‍ വരുന്നു:

'എനിക്ക് 42 വയസ്സുണ്ട്. എന്റെ ഭര്‍ത്താവിന് 50-ഉം. ഞങ്ങള്‍ക്ക് ഇരുപതും പതിനെട്ടും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ഞങ്ങളുടെ ലൈംഗികജീവിതം കുറേക്കാലമായിട്ട് തൃപ്തികരമാകുന്നില്ല. എന്റെ ഭര്‍ത്താവിന് ഇതിലൊന്നും ഒരു താത്പര്യവും കാണുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു മാസത്തില്‍ ഒരിക്കല്‍ പോലും ബന്ധപ്പെടാറില്ല. അതുണ്ടായാല്‍ത്തന്നെ ഒരു ചടങ്ങുപോലെ യാന്ത്രികമായി കടന്നുപോകും. ഒരു ജാതി മരവിച്ച ജീവിതമാണ് എന്റേത്. ഞാന്‍ ഇക്കാര്യം ഭര്‍ത്താവുമായി സംസാരിച്ചു. ലൈംഗികജീവിതം കുടുംബജീവിതത്തിന് അത്യാവശ്യമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു.

ഭര്‍ത്താവ് ഇതു കേള്‍ക്കുമ്പോഴെല്ലാം ദേഷ്യപ്പെടുകയാണ്. നിന്റെ പ്രായത്തിലുള്ള ഒരു സ്ത്രീക്ക് ഇനി എന്ത് ലൈംഗികജീവിതം എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാന്‍ ഇങ്ങനെ എന്റെ ജീവിതം ഹോമിക്കണോ? പിന്നെ കുട്ടികളെ ഓര്‍ത്ത് എല്ലാം സഹിക്കാനാണ് തോന്നുന്നത്. എന്റെ ലൈംഗികതൃഷ്ണയ്ക്ക് ഒരു കുറവും വന്നിട്ടില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.'

മന:ശാസ്ത്രജ്ഞന്‍ ഇങ്ങനെ മറുപടി നല്‍കി

'കുടുംബജീവിതത്തിന്റെ വിജയത്തിന് പരസ്​പരസ്‌നേഹവും ലൈംഗികവേഴ്ചയും ധാരണയുമൊക്കെ അത്യാവശ്യമാണ്. എഴുപത് കഴിഞ്ഞാലും കാമവികാരം നിലനില്ക്കും. തൊണ്ണൂറ് കഴിയുമ്പോഴേക്കാണ് അതിനൊരു ശമനം വരിക. നാല്പതുകളിലും അന്‍പതുകളിലുമൊക്കെയാണ് അത് ഏറ്റവുമധികം ആസ്വദിക്കാന്‍ കഴിയുക. സംഭോഗവും അതിനു മുന്‍പുള്ള രസകേളികളും ജീവിതാസ്വാദനത്തിന് അത്യാവശ്യമാണ്. 'എനിക്ക് വയസ്സായി, ഇനി ഇതൊന്നും വേണ്ട' എന്ന ചിന്തതന്നെ തെറ്റാണ്. നിങ്ങളുടെ ഭര്‍ത്താവിനെ ഈ മറുപടി കാണിച്ചുകൊടുത്തു നോക്കൂ.'

പലപ്പോഴും സ്ത്രീകളിലാണ് ആദ്യം താത്പര്യക്കുറവ് ഉണ്ടാവുന്നത്. 'എനിക്ക് തലവേദനയാണ്' എന്ന് പറഞ്ഞ് തിരിഞ്ഞു കിടന്നുറങ്ങുന്ന ധാരാളം ഭാര്യമാരുണ്ടല്ലോ. അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുന്നതിന് അവരെ മാത്രം പഴിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ദിവസം മുഴുവന്‍ ചാരുകസേരയില്‍ പത്രം വായിച്ച് കിടക്കും. വൈകിട്ട് രണ്ട് പെഗ്ഗടിച്ചിട്ട് ഉറങ്ങുന്നതിനു മുമ്പ് 'ശൃംഗരിക്കാന്‍' ചെന്നാല്‍ ചിലപ്പോള്‍ ഭാര്യയ്ക്ക് ഇഷ്ടമായെന്നു വരില്ല. അവരെ സ്‌നേഹത്തോടെ അന്ന് ഒരു പ്രാവശ്യം പോലും നോക്കിയിട്ടുണ്ടാവില്ല. ലൈംഗികാകര്‍ഷണത്തോടെ ഒന്നു തൊടുകയോ ഒന്ന് വിളിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. ഇതൊന്നുമില്ലാതെ സംഭോഗത്തിന് ചെന്നാല്‍ തലവേദന താനേ ഉണ്ടാകും.

ചെറുപ്പത്തിലേതുപോലുള്ള ഗംഭീര പ്രകടനം നടത്താന്‍ കഴിയില്ലല്ലോ എന്ന പേടി പലരിലുമുണ്ട്. ഈ ചിന്ത ചിലപ്പോള്‍ ഉദ്ധാരണശേഷിപോലും എടുത്തുകളയും. ശക്തിക്കുറവ് മനസ്സില്‍ തോന്നിയാല്‍ അത് യാഥാര്‍ഥ്യമായെന്നു വരാം. 25 വയസ്സിലെ ശാരീരികാരോഗ്യമൊന്നും വേണമെന്നില്ല സെക്‌സ് ആസ്വദിക്കാന്‍.

ennum yuvathvamഉദ്ധാരണശക്തിക്കോ ലൈംഗികതാത്പര്യത്തിനോ ക്ഷയമൊന്നുംഉണ്ടാകുന്നില്ല. പക്ഷേ, അങ്ങനെയൊക്കെ ചിന്തിച്ചാല്‍ അതൊക്കെ സംഭവിച്ചെന്നുവരും. കൂടാതെ ലൈംഗികാവയവങ്ങള്‍ക്ക് വ്യായാമം കൊടുക്കാതിരുന്നാല്‍ അവയും തുരുമ്പെടുക്കും. എത്ര പ്രായമായാലും ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ബന്ധപ്പെടണം. കല്യാണം കഴിഞ്ഞ നാളുകളില്‍ ദിവസേന ഒന്നും രണ്ടും പ്രാവശ്യമൊക്കെ ബന്ധപ്പെട്ടിരുന്നതോര്‍ക്കുക. അത്തരത്തിലുള്ള പരാക്രമത്തിന്റെയൊന്നും ആവശ്യമില്ല. മനസ്സിനും ശരീരത്തിനും പക്വത വന്നിട്ടുണ്ടല്ലോ. പക്ഷേ, അതുകൊണ്ട് ലൈംഗികാസ്വാദനം കുറയ്ക്കരുത്. അതിന്റെ ആഴവും വ്യാപ്തിയും ചോര്‍ന്നുപോകാതെ നിലനിര്‍ത്തണം.

ചില ശാരീരിക മാറ്റങ്ങള്‍ മധ്യവയസ്സില്‍ സ്വാഭാവികമാണ്. ആണുങ്ങള്‍ക്ക് ചെറുപ്പത്തിലെപ്പോലെ പെട്ടെന്ന് ഉദ്ധാരണം ഉണ്ടാകാറില്ല. സ്ത്രീകള്‍ അത്ര വേഗത്തില്‍ ഉത്തേജിപ്പിക്കപ്പെടാറുമില്ല. പക്ഷേ, വേഴ്ച എത്രനേരം നീട്ടിക്കൊണ്ടുപോകാനും അതുവഴി ലൈംഗികാസ്വാദനം വര്‍ധിപ്പിക്കുന്നതിനും പ്രായമാകുമ്പോള്‍ എളുപ്പമാണ്. സംഭോഗം ഗുസ്തിക്കുള്ള അവസരമല്ല. ശക്തി പ്രദര്‍ശിപ്പിക്കുവാനുള്ള സന്ദര്‍ഭവുമല്ല. രണ്ടുപേരും പരസ്​പരം സ്‌നേഹത്തിലും വിശ്വാസത്തിലും അറിഞ്ഞാസ്വദിക്കുന്ന നിമിഷങ്ങളാകട്ടെ അത്. എത്ര നേരം ദീര്‍ഘിപ്പിക്കാനാകുമോ അത്രയും നന്ന്.

കുടുംബജീവിതത്തില്‍ ഒരാളുടെ ലൈംഗിക ഇടപെടല്‍ ശരിയല്ലെങ്കില്‍ ഉള്ളുതുറന്ന ഒരു ചര്‍ച്ചയാണ് ആദ്യം വേണ്ടത്. എന്തൊക്കെയാണ് പങ്കാളിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. ഏതെല്ലാം നീക്കങ്ങളാണ് ഉപേക്ഷിക്കേണ്ടതെന്നും ഏതെല്ലാം കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണമെന്നും വ്യക്തമാക്കാം.

ജീവിതപങ്കാളികള്‍ക്ക് ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ പലപ്പോഴും മടിയാണ്. ഇതിന് മാറ്റം വരണം. ജീവിതം ആസ്വദിക്കാനുള്ളതാണ് , അതിനുതകുന്ന മാറ്റങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. നേരിട്ടു സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള ഒരു പുസ്തകം അല്ലെങ്കില്‍ മാസിക പങ്കാളിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടാം.
വിവാഹജീവിതത്തില്‍ രണ്ടുപേര്‍ക്കും സന്തോഷം ലഭിക്കണം. ആണുങ്ങളുടെ രതിമൂര്‍ച്ഛപോലെ സ്ത്രീകള്‍ക്കും അനുഭവപ്പെടണം. അതിന് കിടക്കയിലെത്തിയാല്‍ പുരുഷന്‍ മുകളില്‍ കയറി ക്ഷീണിക്കുന്നതുവരെ പ്രവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. സ്ത്രീയുടെ വികാരകേന്ദ്രങ്ങളെ ഉണര്‍ത്തണം. അവള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാക്കിക്കൊടുക്കണം. രതിക്കു മുമ്പുള്ള കാമകേളികളില്‍ മുഴുകണം.

രണ്ടുപേരുടേയും സന്തോഷമായിരിക്കണം ലക്ഷ്യം. ഒരാളുടെ മാത്രം രതിമൂര്‍ച്ഛ പ്രശ്‌നങ്ങളുണ്ടാക്കും. രണ്ടുപേരും ഇക്കാര്യം മനസ്സിലാക്കണം. പങ്കാളിയില്‍ രതിമൂര്‍ച്ഛ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ക്രമേണ മനസ്സിലാക്കിയെടുക്കണം. രണ്ടുമിനിറ്റ് 'പരിപാടി'കൊണ്ട് എല്ലാം അവസാനിപ്പിച്ച് കൂര്‍ക്കം വലിക്കുന്ന പുരുഷന്‍ സ്ത്രീയിലെ രതിവികാരത്തെ തൊട്ടുണര്‍ത്തിയിട്ടേയുള്ളൂ എന്നു മനസ്സിലാക്കണം. അവരെ കൈപിടിച്ച് മൂര്‍ധന്യാവസ്ഥയിലെത്തിക്കണം.

മോശമായ ലൈംഗികരീതികളാണ് പല മാനസിക വൈകല്യങ്ങള്‍ക്കും കുടുംബവഴക്കുകള്‍ക്കും നിദാനം. കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും തലവേദനയ്ക്കുമെല്ലാം തൃപ്തികരമല്ലാത്ത ലൈംഗികതയുമായി ബന്ധമുണ്ട്. ലൈംഗികാസ്വാദനമില്ലാത്ത ജീവിതം നരകമാകാം. രണ്ടുപേരുംകൂടി പരസ്​പരധാരണയോടെ നീങ്ങിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ജീവിതം ആസ്വദിക്കാം.

മുന്‍പ് സൂചിപ്പിച്ചതുപോലെ ലൈംഗികതയും ആരോഗ്യവും യുവത്വവും കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. ലൈംഗികാസ്വാദനം ആരോഗ്യവും യുവത്വവും നിലനിര്‍ത്താന്‍ സഹായിക്കും. ലൈംഗികാകര്‍ഷണം പ്രായമാകാതിരിക്കാന്‍ സഹായകരമാണ്. നാം എങ്ങനെയാണ് അണിഞ്ഞൊരുങ്ങുന്നത്? ഏതെങ്കിലും ഒരു ഷര്‍ട്ടും പാന്റും വേണം. സ്വല്പം മുഷിഞ്ഞതാണെങ്കിലും വലിയ കുഴപ്പമില്ല. ഇനിയിപ്പോള്‍ ആരെ കാണിക്കാനാണ്? ഈ ചിന്ത അഭികാമ്യമല്ല.

സ്ത്രീകള്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധാലുക്കളാണ്. പക്ഷേ, അത് ഒരമ്പതു വരെയൊക്കെ മാത്രമാണ്. പിന്നെ എല്ലാം തീര്‍ന്നു എന്ന ചിന്തയാണ്. ശരീരം മറയ്ക്കണം, സാമൂഹിക ആചാരങ്ങള്‍ പാലിക്കണം അത്രതന്നെ. കല്യാണത്തിനു മുമ്പ് എത്ര തവണ കണ്ണാടിയില്‍ നോക്കിയിരുന്നു. മുടി ചീകിയിരുന്നു! എത്ര സമയമെടുത്താണ് അണിഞ്ഞൊരുങ്ങിയിരുന്നത്. ഷര്‍ട്ടിന്റെ ഒരു ചുളിവ് പോലും അസഹനീയമായി തോന്നിയിട്ടില്ലേ? സാരിയില്‍ ഒരു ചെറിയ പാടുണ്ടെങ്കില്‍ എന്തൊരു ബുദ്ധിമുട്ടായിരുന്നു!

ഇപ്പോള്‍ മധ്യവയസ്സില്‍ ആ നിര്‍ബന്ധങ്ങളൊന്നുമില്ലാത്തതെന്തേ? എങ്ങനെ ആയാലും കുഴപ്പമില്ല എന്ന ചിന്ത മാറ്റിയെടുത്തേ പറ്റൂ. ലൈംഗികാകര്‍ഷണം എന്നെന്നും നിലനിര്‍ത്തേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകാറില്ല. അസുഖങ്ങള്‍ കുറയുകയും ചെയ്യും. അവര്‍ ശരീരത്തിന് യോജിച്ച നിറവും ഇനവും തിരഞ്ഞെടുക്കുന്നു. ഷര്‍ട്ടും പാന്റും യോജിപ്പുള്ളതായിരിക്കും. അതുപോലെ തന്നെ സാരിയും ബ്ലൗസും വാച്ചും ആഭരണങ്ങളുമെല്ലാം ആ യോജിപ്പിന് മാറ്റുകൂട്ടും.

ഇത്തരക്കാരില്‍ ജീവന്റെ തുടിപ്പുണ്ട്. ശബ്ദത്തിന് ഒരു പ്രത്യേക മുഴക്കം ഉണ്ടായിരിക്കും. ഇവര്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ സാമീപ്യം കാംക്ഷിക്കും. അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഈ പ്രക്രിയയില്‍ പ്രായത്തിന് വലിയ സ്ഥാനമില്ല. ജീവിതത്തിനോട് ഭ്രാന്തമായ ഒരാവേശം വേണം. 'ചത്തേ ചത്തേ' എന്ന നില ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ജീവന്റെ തുടിപ്പ് ഏതു പ്രായത്തിലും നിലനിര്‍ത്തണം. ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിട്ടുള്ളവരിലെല്ലാംതന്നെ ഈ തുടിപ്പും ആകര്‍ഷണവും ലൈംഗികതാത്പര്യവും ഉണ്ടായിരുന്നു.

ആരോഗ്യത്തോടെയും യുവത്വത്തോടെയും ജീവിക്കാന്‍ കഴിയുന്നത് ലൈംഗികാകര്‍ഷണം നിലനിര്‍ത്തുമ്പോഴും ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴുമാണ്. ഓരോ ദിവസവും ആകര്‍ഷണീയമായി ഒരുങ്ങുക. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കുക. ജീവിതം ഇന്നാണാരംഭിക്കുന്നത് എന്ന് ചിന്തിച്ച് എഴുന്നേല്‍ക്കുക.

(എന്നും യുവത്വം എന്ന പുസ്തകത്തില്‍ നിന്ന്)

പുരുഷനും സ്ത്രീയും ചെയ്യേണ്ടതായ കാര്യങ്ങള്‍ Read More

ഇണയെക്കുറിച്ചുള്ള പ്രതീക്ഷകളും സങ്കല്പങ്ങളും Read More

ഇഷ്ടമാണ്. പക്ഷേ...കെട്ടണോ?! Read More

മാറുന്ന ലൈംഗിക താല്പര്യങ്ങള്‍ Read More