രോഗ്യകരമായ ശരീരത്തിന് പോഷകമൂല്യമുള്ള ഭക്ഷണം അനിവാര്യമാണ്. ഭാവിപൗരന്മാരായ കുട്ടികളുടെ ആഹാരം രുചികരമെന്നപോലെ ഗുണകരവുമായിരിക്കണം. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന പാഠങ്ങള്‍ മനസ്സിലാക്കുവാനും ഊര്‍ജസ്വലരായിരിക്കുവാനും സഹായിക്കുന്ന പ്രഭാതഭക്ഷണം, കുട്ടികളുടെ ബ്രെയിന്‍ ഫുഡ് എന്നാണ് അറിയപ്പെടുന്നത്. അടുക്കളയില്‍, ശിശുക്കള്‍ക്കും സ്‌കൂള്‍ക്കുട്ടികള്‍ക്കും പാചകം ചെയ്യപ്പെടുന്നത്, ഉത്തമഭക്ഷണമായി രൂപപ്പെടണം. ആധുനിക കാലഘട്ടത്തില്‍ ഈ രംഗത്ത് നമുക്ക് മാതൃകകള്‍ കുറവാണ്. കുട്ടികളുടെ പ്രായഭേദമനുസരിച്ച് അവര്‍ക്കുവേണ്ടിയുള്ള ഒരു പാചകഗ്രന്ഥം എന്നതാണ് റസിയ ലത്തീഫ് രചിച്ച, ലിറ്റില്‍ സ്പൂണ്‍ - കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രസക്തി.  

ആറു മാസം മുതലാണ് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തുതുടങ്ങുന്നത്. ആദ്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതു ഭക്ഷണവും വയറിനു പിടിക്കാന്‍ സമയമെടുക്കും. അതുകൊണ്ട് ആദ്യത്തെ ദിവസം ഒന്നോ രണ്ടോ സ്പൂണ്‍ മാത്രം കൊടുക്കുക. അടുത്ത ദിവസങ്ങളിലായി അളവ് കൂട്ടിക്കൊണ്ടുവരണം. ആറു മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഴിക്കാനും ദഹിക്കാനും എളുപ്പമായ കുറുക്കിയ ഭക്ഷണമാണ് കൊടുക്കേണ്ടത്. ഈ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 10 വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്.

ഒരു വയസ്സുമുതല്‍ മൂന്നു വയസ്സുവരെ പല്ലുകള്‍ മുളച്ചുതുടങ്ങുന്ന പ്രായമാണ്. കുറുക്ക് ഒഴിവാക്കി സാധാരണ ആഹാരങ്ങള്‍ കൊടുത്തുതുടങ്ങാം. ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ വെറുതേയിരിക്കില്ല. അമ്മമാര്‍ ഭക്ഷണം കഴിപ്പിക്കാന്‍ അവരുടെ പിന്നാലെ ഓടേണ്ടിവരും. അവരെ ഡൈനിങ് ടേബിളില്‍ ഇരുത്തി ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ കഥ പറഞ്ഞുകൊടുക്കുകയോ പാട്ട് പാടിക്കൊടുക്കുകയോ ചെയ്യുക. അവര്‍ അതില്‍ ശ്രദ്ധിച്ച്, മിണ്ടാതിരുന്ന് ഭക്ഷണം കഴിച്ച് ശീലിക്കട്ടെ.

മൂന്നു വയസ്സുവരെയുള്ള  കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്ലയിനം അരിയുടെ ചോറ് നന്നായി വേവിച്ചു വേണം കൊടുക്കാന്‍. കൂടെ കഴിക്കാന്‍ ഇറച്ചിയും മുട്ടയും മത്സ്യങ്ങളും പച്ചക്കറികളും നന്നായി പാകം ചെയ്തു കൊടുക്കുക. കഴിക്കാനും ദഹിക്കാനും പാകത്തില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഇവയെല്ലാം അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാം. അയല, ചെമ്മീന്‍, കല്ലുമ്മക്കായ, ഞണ്ട് ഇവ കൊച്ചുകുട്ടികള്‍ക്ക് ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന മത്സ്യങ്ങളും ഇറച്ചിയും പച്ചക്കറികളും പുതിയത് ആയിരിക്കാന്‍ ശ്രദ്ധിക്കുക.

കുട്ടികള്‍ പഠിക്കുകയും കളിച്ചുവളരുകയും ചെയ്യുന്നത് 10-12 വയസ്സുവരെയുള്ള പ്രായത്തിലായതിനാല്‍, ധാരാളം പോഷകങ്ങളടങ്ങിയ ആഹാരം അവര്‍ക്ക് നല്കണം. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഇലക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവ പാകംചെയ്തു കൊടുക്കുക. പച്ചക്കറികള്‍കൊണ്ടും പയര്‍വര്‍ഗങ്ങള്‍കൊണ്ടും കട്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കാം. പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചെടുക്കുകയാണെങ്കില്‍ ഏറ്റവും നല്ലത്. റൊട്ടി, ചപ്പാത്തി, പൂരി, ഇഡ്ഡലി ഇവയിലെല്ലാം പച്ചക്കറികളും ഇലക്കറികളും ചേര്‍ത്ത് ഉണ്ടാക്കാം.

little spoon kuttikalkkulla vibhavangalമൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കട്ടിയുള്ളതും അല്ലാത്തുമായ എല്ലാതരം ഭക്ഷണവും കഴിക്കാം. ഏതു ഭക്ഷണവും നന്നായി ചവച്ചു കഴിക്കാനും സ്വന്തം കൈകൊണ്ട് കഴിക്കാനും ശീലിപ്പിക്കുക. ശുചിത്വവും ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകാനും കഴിച്ചു കഴിഞ്ഞാല്‍ വായും കൈയും വൃത്തിയായി കഴുകാനും പറയുക. രാത്രി കിടക്കും മുന്‍പ് ബ്രഷ് ചെയ്യേണ്ടതും ബാത്ത്‌റൂമില്‍ പോയി വരുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതും അവരെ നിര്‍ബന്ധമായും ശീലിപ്പിക്കുക. ഇങ്ങനെ ചെയ്യാതിരുന്നാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അവരെ പറഞ്ഞ് മനസ്സിലാക്കുക.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ വളരെ സ്‌നേഹത്തോടുകൂടി കൊടുക്കുക. വടിയെടുത്തും കണ്ണുമിഴിച്ചും വഴക്കു പറഞ്ഞും ആഹാരം നല്കുന്നതുമൂലം ആഹാരത്തോട് വെറുപ്പുണ്ടാക്കാന്‍ ഇടയാക്കും. വിശപ്പു വരുമ്പോള്‍ അവര്‍ കഴിച്ചുകൊള്ളും. തടിച്ചുകൊഴുത്തു കാണാന്‍, നിര്‍ബന്ധിച്ച് തീറ്റിക്കുന്ന പ്രവണതയും ശരിയല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍ ഭക്ഷണം കഴിച്ച് നന്നായി വളരട്ടെ.

ആധുനികരീതിയും ലോകോത്തരമെന്നു കീര്‍ത്തികേട്ട നമ്മുടെ പാരമ്പര്യരീതിയും ഇവിടെ ഭംഗിയായി സമന്വയിക്കപ്പെട്ടിരിക്കുകയാണ്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി നൂറിലധികം വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ അരോഗദൃഢഗാത്രരായി വളരുവാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്ക് ഒരു വഴികാട്ടിയാണ് ഈ കൊച്ചുഗ്രന്ഥം.

കുട്ടികള്‍ക്കുള്ള വിഭവങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Collection of healthy food recipes for kids