വീട്, വിദ്യാഭ്യാസം, വാഹനം, ചികിത്സ, വിവാഹം, യാത്ര എല്ലാ സാമ്പത്തികലക്ഷ്യങ്ങള്‍ക്കും വേണ്ടെ കരുതല്‍ ഉണ്ടായിരിക്കണം! - 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നായിരിക്കും പലര്‍ക്കും തോന്നുക. നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടണമെന്നുണ്ടെങ്കില്‍ പലപ്പോഴും വായ്പയെ ആശ്രയിക്കാതെ തരമില്ല. ചില വായ്പകളെങ്കിലും പില്ക്കാലത്ത് വായ്പയെടുത്തവര്‍ക്ക് മെച്ചമുണ്ടാക്കിക്കൊടുത്ത എത്രയോ അനുഭവങ്ങള്‍. വിദ്യാഭ്യാസവായ്പയും ഭവനവായ്പയും ഒക്കെ എടുത്ത് പില്ക്കാലത്ത് നേട്ടമുണ്ടാക്കിയ എത്രയോ പേര്‍.

സാമ്പത്തിക ലക്ഷ്യപൂര്‍ത്തീകരണത്തിനു വായ്ക്കുകളെ ആശ്രയിക്കുന്നവര്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അത്യാവശ്യത്തിനല്ലാതെ വായ്പയെടുക്കാന്‍ തുനിയരുത് പ്രത്യേകിച്ചും ആഡംബരാവശ്യങ്ങള്‍ക്കുള്ള വായ്പകള്‍! തങ്ങളുടെ കുടുംബബജറ്റ് അവലോകനം ചെയ്ത്, ലോണ്‍ തിരിച്ചടവിന് ആവശ്യത്തിനുള്ള പണം കൈവശമുണ്ടെങ്കില്‍ മാത്രമേ വായ്പയെ ആശയിക്കാവൂ. വായ്പ എടുക്കുംമുന്‍പ് എല്ലാ വായ്പകളിന്മേലുമുള്ള തിരിച്ചടവും ഒരാളുടെ പ്രതിമാസവരുമാനവും തട്ടിച്ചുനോക്കി ഇത് ഏത് അനുപാതത്തിലാണെന്ന് ഉറപ്പു വരുത്തണം.

സാമ്പത്തികലക്ഷ്യപൂര്‍ത്തീകരണത്തിനായി വായ്പയെ ആശയിക്കുന്നൊരാള്‍ ആദ്യം മനസ്സിലാക്കേണ്ടത് തിരിച്ചടവ് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള ലോണുകള്‍ ഒരിക്കലും എടുക്കരുതെന്നതാണ്. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതം  (Loan to Income Ratio) ഇവിടെ നല്ലൊരു സൂചകമായി കണക്കാക്കാം. Loan to Income ratio = Total EMI x100/ Net monthly income. ഈ അനുപാതം 20% മുതല്‍ 25% വരെയെങ്കില്‍ നിങ്ങളുടെ സാമ്പത്തികസ്ഥിതി സുരക്ഷിതമെന്നും 25%നു മേല്‍ 40% വരെയെങ്കില്‍ അല്പം ശ്രദ്ധ ആവശ്യമുണ്ടെന്നും 40% നും 50% നും ഇടയിലെങ്കില്‍ പ്രതിമാസച്ചെലവുകള്‍ക്ക് നിങ്ങള്‍ ഒരുങ്ങുന്നുവെന്നും ഈ അനുപാതം 50% നു മുകളിലാണെങ്കില്‍ നിങ്ങളുടെ സ്ഥിതി അപകടകരമായ സ്ഥിതിയിലാണെന്നും കണക്കാക്കാം. ലോണെടുക്കാന്‍ തുനിയുന്നൊരാള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഈ അനുപാതംതന്നെ!

തങ്ങളുടെ സാമ്പത്തികസ്ഥിതിയും പ്രതിമാസ കുടുംബബജറ്റും അനുവദിക്കുമെങ്കില്‍ മാത്രം എടുക്കുന്ന അഥവാ എടുക്കേണ്ടിവരുന്ന വായ്പയുടെ തിരിച്ചടവുകാലാവധി എത്രയും കുറയ്ക്കുന്നോ അത്രയും നന്ന്. റെക്കറിങ് ഡെപ്പോസിറ്റിലൂടെ കൂട്ടുപലിശയുടെ ശക്തി നിങ്ങള്‍ക്കു ലഭിക്കുന്നത് ഓര്‍ക്കുക. ദീര്‍ഘകാല തിരിച്ചടവില്‍ വായ്പകള്‍ എടുക്കുമ്പോള്‍ ഈ മെച്ചം ലഭിക്കുന്നത് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്കാണെന്നറിയുക. മെച്ചം ലഭിക്കുന്നതാകട്ടെ, വായ്പയെടുക്കുന്നയാളില്‍നിന്നും. എന്നാല്‍, ഓരോരുത്തരുടെയും കുടുംബബജറ്റ് താറുമാറാക്കുംവിധം ഉയര്‍ന്ന തിരിച്ചടവ് (ഇ.എം.ഐ.) ആകാതിരിക്കാനും ശ്രദ്ധിക്കണം.

പത്തുവര്‍ഷക്കാലാവധിയില്‍ 9.75 ശതമാനം വായ്പയില്‍ ലോണെടുക്കുന്ന ഒരാള്‍ ഇ.എം.ഐ. മുഴുവന്‍ അടച്ചുകഴിയുമ്പോള്‍ ആകെ അടച്ച ഇ.എം.ഐയുടെ 57 ശതമാനം പലിശയിലേക്കു പോകുമ്പോള്‍, 15 വര്‍ഷക്കാലാവധിയില്‍ ഇത് 91 ശതമാനം ആയും 20 വര്‍ഷത്തില്‍ 128 ശതമാനം ആയും ഉയരും എന്നറിയുമ്പോള്‍ കാര്യങ്ങളുടെ തീവ്രത മനസ്സിലാക്കാം. ലോണെടുത്തുകഴിഞ്ഞാല്‍ കൃത്യമായി മാസത്തവണകള്‍ അടയ്ക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ബാങ്കുകളെങ്കിലും പിഴപ്പലിശ ഈടാക്കുന്നത് മാസത്തവണകള്‍ മുടക്കുമ്പോഴാണെന്നറിയുക.

sambathika asoothranathiloode jeevitha vijayamതങ്ങളുടെ ലോണ്‍ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ച് നിരക്കു കൂടിയ ലോണുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അതിനു ശ്രമിക്കണം. ഉദാഹരണത്തിന് എല്‍.ഐ.സി. പോളിസിയുടെയോ എന്‍.എസ്.സിയുടെയോ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെയോ ഒക്കെ ഈടിന്മേല്‍ നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പകള്‍ തരപ്പെടുത്താന്‍ കഴിഞ്ഞേക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ നിങ്ങള്‍ എടുത്ത വ്യക്തിഗത വായ്പകളോ ക്രെഡിറ്റ് കാര്‍ഡ് ലോണുകളോ ഇത്തരം ലോണുകള്‍ തരപ്പെടുത്തിത്തീര്‍ക്കാന്‍ ശ്രമിക്കണം. കഡിറ്റ് കാര്‍ഡ് പേഴ്‌സണല്‍ ലോണുകളുമായി താരതമ്യപ്പെടുത്തിയാല്‍ സ്വര്‍ണപ്പണയവായ്പകള്‍പോലും അങ്ങേയറ്റം മെ ച്ചമാണെന്നറിയുക.

ഹൗസിങ് ലോണ്‍/വിദ്യാഭ്യാസ ലോണ്‍ മുതലായവ ഇന്‍കം ടാക്‌സ് ഇളവുകള്‍ നേടിത്തരുന്നുണ്ടെന്നറിഞ്ഞു വേണം ഈ ലോണുകള്‍ എടുക്കാന്‍. 10% ടാക്‌സ് ബ്രാക്കറ്റിലുള്ള ഒരാള്‍ 10% പലിശ നല്കുന്ന ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ടാക്‌സ് ഇളവിനുശേഷം യഥാര്‍ഥത്തില്‍ നകേണ്ടിവരിക 9% ആണ്. ഇതേ ലോണ്‍ 20% ടാക്‌സ് ബ്രാക്കറ്റിലുള്ള ഒരാള്‍ എടുക്കുമ്പോള്‍ യഥാര്‍ഥ പലിശ 8% ആയും 30% ബ്രാക്കറ്റിലാവുമ്പോള്‍ 7% ആയും കുറയുന്നു.

ഓഹരിയിലോ കടപ്പത്രങ്ങളിലോ റിയല്‍ എസ്റ്റേറ്റിലോ ഉള്ള ഊഹക്കച്ചവടങ്ങള്‍ക്കായി ലോണ്‍ എടുക്കരുത്. പഴയകാലത്ത് ലോണെടുത്തു നടത്തിയ റിയല്‍ എസ്റ്റേറ്റ് ഓഹരി നിക്ഷേപങ്ങള്‍ ചിലര്‍ക്കെങ്കിലും നേട്ടം നല്കിയിരിക്കാം. എന്നാല്‍, ഇത് എക്കാലവും ആവര്‍ത്തിച്ചുകൊള്ളണമെന്നില്ല. വലിയ ഒരു ലോണ്‍ എടുക്കേണ്ടിവരുന്ന ഒരാള്‍ ആ തുകയ്ക്ക് ഒരു ടേം ഇന്‍ഷ്വറന്‍സ് പ്ലാന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. എ ന്തെങ്കിലും കാരണത്താല്‍ ലോണ്‍ എടുത്തയാള്‍ക്കു സംഭവിക്കുന്ന ജീവഹാനി ഈയൊരു ഇന്‍ഷ്വറന്‍സിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തികനില തകിടംമറിച്ചേക്കാം. ഈയൊരു ഇന്‍ഷ്വറന്‍സിനു നല്‍കേണ്ടിവരുന്ന പ്രീമിയം വളരെ കുറവാണെന്നത് മറക്കരുത്. 

സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

എല്ലാ ബാങ്കുകള്‍ക്കും വെബ്‌സൈറ്റുകളുള്ള കാലമാണിത്. തങ്ങളുടെ വിവിധ വായ്പാനിരക്കുകള്‍ അവര്‍ വെബ്‌സൈറ്റില്‍ നല്കിയിരിക്കും. ശാഖകളില്‍ കയറിയിറങ്ങാതെതന്നെ മെച്ചപ്പെട്ട നിരക്കു നല്കുന്ന ബാങ്കുകള്‍ കണ്ടെത്താനും ഏറ്റവും മെച്ചപ്പെട്ട നിരക്കില്‍ ലോണ്‍ ലഭ്യമാക്കാനും കഴിയണം. ലോണ്‍ ഡോക്യുമെന്റുകള്‍ കണ്ണടച്ച് ഒപ്പിടുന്നതിനു പകരം വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. അതിനു കഴിയില്ലെങ്കില്‍ ആരുടെയെങ്കിലും സഹായം തേടാനും മടിക്കരുത്.

ഒടുവില്‍ ഏറ്റവും പ്രധാനമായ ഒരു കാര്യംകൂടി. ലോണെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം കുടുംബാംഗങ്ങളോടു കൃത്യമായി ചര്‍ച്ച ചെയ്യുക. ലോണ്‍ എടുക്കുന്നതുമൂലമുണ്ടാവുന്ന ബാധ്യതകള്‍, പ്രതിമാസം വേണ്ടിവരുന്ന തിരിച്ചടവുകള്‍ എന്നിവ അവരും അറിയട്ടെ. യാത്രക്കാര്‍ എല്ലാവരും ഒരുമിച്ചു തുഴയുന്നത് ബോട്ടിന്റെ വേഗം വര്‍ധിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും സഹായകമാകുന്നു. കുറഞ്ഞപക്ഷം ഇത്തരം അറിവ് വിപരീതദിശയില്‍ തുഴയുന്നതില്‍നിന്നെങ്കിലും അവരെ പിന്‍തിരിപ്പിച്ചേക്കും.

( മനോജ് തോമസിന്റെ സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം എന്ന പുസ്തകത്തില്‍ നിന്ന് )