2013 മാര്‍ച്ച് 4 ന് കേരളത്തിലെ തിരൂരില്‍ അമ്മയ്ക്കരികില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയിരുന്ന മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കക്കൂസില്‍വെച്ച് ബലാത്സംഗം ചെയ്ത് അവിടെ ഉപേക്ഷിച്ചതായി കണ്ടെത്തി. ശരീരത്തിലും മനസ്സിലും ആഴത്തിലുള്ള മുറിവുകളുമായാണ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ കണ്ടെത്തിയത്. 2012 ഡിസംബറില്‍ ദില്ലിയിലുണ്ടായ നിര്‍ഭയ സംഭവത്തില്‍നിന്നും വലിയ വ്യത്യാസമിതിനില്ല. ദില്ലിയില്‍ ഒരു കൗമാരക്കാരി സുഹൃത്തിനൊപ്പം ബസ്സില്‍ കയറുകയും ആരുമില്ലാത്ത ബസ്സില്‍വെച്ച് ബസ് ജീവനക്കാര്‍ സുഹൃത്തിനെ അടിച്ചവശനാക്കിയശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും പിന്നീട് ബസ്സില്‍നിന്നും പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പിന്നീട് സെപ്റ്റിസീമിയ കാരണം പെണ്‍കുട്ടി മരിച്ചു. 

ദിവസവും നാം ഇത്തരം സംഭവങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ആത്മാര്‍ഥമായി ഉത്കണ്ഠാകുലരാണ്. അവര്‍ യോഗങ്ങളും പ്രകടനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും പുതിയ നിയമത്തിനുവേണ്ടിയും നിയമം കര്‍ശനമാക്കുന്നതിനും പ്രമേയം പാസാക്കുകയും ചെയ്യുന്നു. പക്ഷേ പുതിയ കുറെ നിയമങ്ങള്‍കൊണ്ട് സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാനാകുമോ? അടുത്തയിടെയുണ്ടായ പല സംഭവങ്ങളും, പ്രത്യേകിച്ച് അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ സംഭവത്തെക്കുറിച്ച് വായിക്കുമ്പോഴൊക്കെ ഈ ചോദ്യം എന്നെ വല്ലാതെ അലട്ടുന്നു. 

ഒന്നാമത്തെ കാര്യം, എന്തുകൊണ്ട് ഒരു അമ്മയും കുഞ്ഞും സുരക്ഷിതമല്ലാത്ത തുറന്ന സ്ഥലത്ത് കിടന്നുറങ്ങേണ്ടിവരുന്നു? നമ്മളല്ലേ അതിനുത്തരവാദി? ബലാത്സംഗം ചെയ്തയാള്‍ മൃഗത്തെക്കാള്‍ ഹീനനാണ് എന്നതില്‍ സംശയമില്ല. മൃഗങ്ങള്‍പോലും നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോടിത്തരം ക്രൂരത കാട്ടില്ല. കുഞ്ഞിനെ ആക്രമിച്ച കുറ്റവാളിക്ക് മരണശിക്ഷ നല്കുകയും വേണം. പക്ഷേ, പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമാക്കാത്തതില്‍ സമൂഹത്തിനും പങ്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല.

മറ്റൊരു കോണിലൂടെ നോക്കിയാല്‍, മനുഷ്യസ്വഭാവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ മനുഷ്യരുടെയിടയില്‍, പ്രത്യേകിച്ചും പുരുഷന്മാര്‍ക്കിടയില്‍ ഹോര്‍മോണ്‍വ്യതിയാനംമൂലം ചിലര്‍ക്ക് ഇത്തരം മൃഗീയവാസനകള്‍ ഉണ്ടാകാം. സാധാരണ ലൈംഗികചോദനതന്നെ ഒരുതരം മൃഗീയവാസനയാണ്. യഥാര്‍ഥത്തില്‍ ഓരോ വ്യക്തിയുടെയും ഉള്ളില്‍ കുറച്ചൊക്കെ മൃഗീയവാസനയുണ്ടാകും. ഓരോ വ്യക്തിയിലും ഇത് വ്യത്യസ്തതോതിലായിരിക്കുമെന്നു മാത്രം. ഓരോ വ്യക്തിയില്‍ത്തന്നെയും പല സമയത്ത് പല രീതിയിലാകുകയും ചെയ്യും. 

വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ഘടകങ്ങള്‍കൊണ്ടു വളര്‍ന്നുവന്ന ചുറ്റുപാടുകളുടെ സ്വാധീനത്താല്‍ ക്രൂരമായ മൃഗീയചോദനകളും ലൈംഗികതാത്പര്യങ്ങളും സംസ്‌കരിക്കപ്പെടാതിരിക്കുകയോ ശരിയായ രീതിയില്‍ വികസിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അസ്ഥാനത്തും അനുചിതമായ സമയങ്ങളിലും ഇത്തരം വ്യക്തികള്‍ ലൈംഗികസംതൃപ്തിക്കായി 'വസ്തു'ക്കളെ തേടുന്നു. സ്ത്രീകളെ കിട്ടുമെങ്കില്‍ അങ്ങനെയാകും. സ്ത്രീയാണെങ്കില്‍പ്പോലും നിയമപരമായി വിവാഹം കഴിച്ച സ്ത്രീയോ നിയമവിരുദ്ധമായി നേടിയതോ ആകാം. ഇനി ഇതൊന്നുമല്ലെങ്കില്‍, സാഹചര്യമനുസരിച്ചും അവരുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ലൈംഗികബോധം, ലൈംഗികശാക്തീകരണത്തിന്റെ അഭാവം, പല സ്രോതസ്സുകളില്‍നിന്നും ലഭിച്ച തെറ്റായ സങ്കല്പങ്ങള്‍ എന്നിവമൂലം ഏതുതരം ക്രൂരതയ്ക്കും അവര്‍ മുതിരുന്നു. 

ശരിയായ അറിവും ലൈംഗികവിദ്യാഭ്യാസവും ശാക്തീകരണവും ഇല്ലാത്ത ഒരു പുരുഷന്റെ അസാധാരണപെരുമാറ്റത്തിന് അതുകൊണ്ട് സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. അസാധാരണ ലൈംഗികസ്വഭാവം അപൂര്‍വമായെങ്കിലും വ്യക്തിക്കുതന്നെ നിയന്ത്രിക്കുവാന്‍ കഴിയാത്തവണ്ണമുള്ള ഒരു രോഗാവസ്ഥയുമുണ്ട്. തലച്ചോറിനെ സംബന്ധിക്കുന്ന എന്തെങ്കിലും കാരണമാകാം ഇതിനു പിന്നില്‍. എച്ച്ബിഒയില്‍ അടുത്തയിടെ പ്രക്ഷേപണം ചെയ്ത മൃഗം എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ജീനിന്റെ കുഴപ്പംകൊണ്ട്, ശക്തമായ മൃഗീയചോദനയുള്ള ഒരു കഥാപാത്രമുണ്ട്. ഏതെങ്കിലും ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടാലുടന്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നതിന് ശുചിമുറിയിലേക്കോടും. കാമുകിക്കൊപ്പം അവളുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ അയാള്‍ അവളോട് തന്റെ കൈയും കാലും കെട്ടിവെക്കുവാന്‍ ആവശ്യപ്പെടുന്നു. അയാള്‍ക്ക് സ്വയം അയാളുടെ ലൈംഗികചോദനകള്‍ നിയന്ത്രിക്കാനാവില്ല. ഇതൊഴിച്ചാല്‍ അയാള്‍ വളരെ സമര്‍ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. 

ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജനനസമയം മുതല്‍തന്നെ ഒരു വ്യക്തിയുടെ ലൈംഗികതാത്പര്യങ്ങളും രീതികളും പരിഷ്‌കൃതമാക്കി മാറ്റുകയും സമൂഹത്തിന് വിരുദ്ധമാണോ അല്ലയോ എന്നു തിരിച്ചറിയാന്‍ പഠിക്കുകയും ഓരോ സാഹചര്യവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കിക്കൊടുക്കുകയും വേണം. ഇത്തരത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സ്ഥായിയായ മാര്‍ഗമെന്ന നിലയില്‍ നാം ശ്രദ്ധ നല്‌കേണ്ടത് പ്രൈമറിതലംമുതലുള്ള വിദ്യാഭ്യാസത്തിനാണ്. ഓരോ വ്യക്തിയെയും arogyaparipalanathinte kanappurangalഒരു മനുഷ്യനാക്കിത്തീര്‍ക്കുവാനും കൂട്ടായ്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും മറ്റുള്ളവരോട് കരുണയുള്ളവരായി സ്വയം മാറുവാനും ഒരു സാമൂഹികജീവിയായി ജീവിക്കുവാനുമുള്ള പാഠങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‌കേണ്ടത്. മതവും പൗരസമൂഹവും ഉള്‍പ്പെടെ എല്ലാ സാമൂഹികസ്ഥാപനങ്ങളും സംഘങ്ങളും നല്ലൊരു നാളേക്കുവേണ്ടി ഇതിനാണ് ഊന്നല്‍ നല്‌കേണ്ടത്. 

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇക്കാലത്ത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനാണ് പ്രാധാന്യം നല്കുന്നത്. മതസ്ഥാപനങ്ങളാകട്ടെ, വോട്ടു ബാങ്കുകളും മനുഷ്യര്‍ക്കിടയില്‍ മതിലുകളും നിര്‍മിക്കുവാനുള്ള തത്രപ്പാടിലാണ്. സമൂഹത്തെ നെടുകെയും കുറുകെയും വെട്ടിമുറിക്കുന്നതിനായി വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തുകള്‍ വിതറുകയാണ് മതങ്ങള്‍ ചെയ്യുന്നത്. എല്ലാ വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ വളര്‍ച്ച എന്ന സങ്കല്പം നാം ക്രമേണ മറന്നുകൊണ്ടിരിക്കുകയാണ്. നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചു പറഞ്ഞ് നമ്മള്‍ അഭിമാനിക്കുന്നു - യഥാര്‍ഥത്തിലൊരു കെട്ടുകഥയാണിത്. 

ഇപ്പോള്‍ വൈവിധ്യം മാത്രമേയുള്ളൂ. അതാകട്ടെ, ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഒരു ഏകത്വവും ഇപ്പോഴില്ല. നമ്മുടെ ജനങ്ങള്‍ക്കിടയില്‍ കാണുന്ന നാനാത്വത്തിനു കാരണം ദിനംപ്രതി വര്‍ധിക്കുന്ന അസമത്വംമൂലമാണ്. ലിംഗപരവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും ഭാഷാപരവും മതപരവും ജാതീയവുമായ അസമത്വങ്ങളാണിവിടെയുള്ളത്. നാം മാനവികവികാസത്തിനും സാമൂഹികസുരക്ഷയ്ക്കും ഊന്നല്‍ നല്കിയാല്‍ ക്രമേണ ഈ വൈവിധ്യങ്ങള്‍ ഇല്ലാതാകുകയും മനുഷ്യര്‍ക്കിടയില്‍ യഥാര്‍ഥ 'ഏകത്വം' സ്വാഭാവികമായി ഉണ്ടായിവരികയും ചെയ്യും.

( ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തത്തില്‍ നിന്നും. )

Content Highlights : arogyaparipalanathinte kanappurangal, sexual education, health care