മൃണാളിനി സാരാഭായ്, മല്ലിക, കോട്ടക്കൽ ശശിധരൻ
നൃത്തകലയില്‍ മലയാളത്തിന്റെ അഭിമാനമായ കോട്ടക്കല്‍ ശശിധരന്റെ ആത്മകഥയായ 'പകര്‍ന്നാട്ട'ത്തെക്കുറിച്ച് എഴുത്തുകാരന് സേതു എഴുതിയ കുറിപ്പ് വായിക്കാം.
നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ കോട്ടക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം' എന്ന അങ്ങേയറ്റം ഹൃദയസ്പര്‍ശിയായ ആത്മകഥ വായിച്ചു തീര്‍ത്തത്. വളരെ അപൂര്‍വ്വമായേ ഇത്രയേറെ തീക്ഷ്ണമായ അനുഭവങ്ങള്‍ നിറഞ്ഞ ഒരു ആത്മകഥ വായിക്കാന്‍ കിട്ടാറുള്ളൂ. നന്നേ ചെറിയ പ്രായത്തിലാണ് പട്ടിണി ഒഴിവാക്കാനായി ഒരമ്മ തന്റെ മകനെ കഥകളി പഠിക്കാനായി കോട്ടക്കലെ പി.എസ്.വി. നാട്യസംഘം കളരിയില്‍ ചേര്‍ക്കുന്നത്. അന്ന് ശശിധരന് ഏതാണ്ട് നാലാം ക്ലാസ് മാത്രമേ പാസ്സായിട്ടുള്ളൂ. കൂട്ടരോടൊത്തു കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിലാണ്ആ പാവം കുട്ടി കല്ലും മുള്ളും നിറഞ്ഞ ജീവിതപ്പാതയിലേക്ക് ഇറങ്ങുന്നത്. ഒരു തരത്തില്‍ നിവൃത്തികേടു കൊണ്ട് അമ്മ തള്ളിയിറക്കുകയായിരുന്നെന്ന് പറയാതെ വയ്യ. വാസ്തവത്തില്‍ അന്ന് ആ അമ്മയുടെ മനസ്സ് എത്ര കണ്ട് വേദനിച്ചിരിക്കുമെന്ന് ഇന്നത്തെ തലമുറക്ക് മനസ്സിലാവില്ല. അന്ന് ആ നാട്ടിന്പുറത്തുകാരി അമ്മയുടെ കണ്‍വെട്ടത്തില്‍ അധികം അകലെയല്ലാത്ത കോട്ടക്കല്‍ കളരി മാത്രമേ തെളിഞ്ഞുകിട്ടിക്കാണുള്ളൂ. കളരിയിലെ ആദ്യകാലത്തെ കഠിനവും തെല്ലു ക്രൂരവുമായ ശിക്ഷാരീതികളെക്കുറിച്ചു പലരും പല തരത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും, ഒന്നും ഒളിച്ചുവയ്ക്കാതെ, ഒരു മറയും ഇല്ലാതെയാണ് ശശിധരന് അതെല്ലാം പകര്‍ത്തിവെച്ചിരിക്കുന്നത്.
അല്പം ക്ലേശകരമായിരുന്നു കോട്ടക്കല്‍ കളരിയിലെ ജീവിതം. എന്നിട്ടും ജനിച്ചു വളര്‍ന്ന പന്തലൂര്‍ എന്ന ചെറുഗ്രാമവും കോട്ടക്കലും വിട്ടുപോകാന്‍ വലിയ മടിയായിരുന്നു ശശിധരന്. എന്തു പണിയും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും ചെറുപ്രായത്തില്‍ ശശിധരനു കോട്ടക്കല്‍ കളരി വിട്ടുപോകേണ്ടി വന്നു. അങ്ങനെ എല്ലാ വഴിയും അടഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ വച്ച് ആത്മഹത്യ ചെയ്യാന്‍ വരെ തയ്യാറായെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. പക്ഷെ, അവസാന നിമിഷത്തില്‍ പിന്മാറുകയായിരുന്നു. ഏത് വിഷമഘട്ടത്തിലും കോട്ടക്കലെ വിശ്വംഭരമൂര്ത്തി തന്റെ സഹായത്തിനായി എത്തുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
അങ്ങനെ, പതിനേഴാം വയസ്സില്‍ ഡല്‍ഹിയില്‍വച്ച് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. അഹമ്മദാബാദില്‍ മൃണാളിനി സാരാഭായിയുടെ നേതൃത്വത്തിലുള്ള ദര്‍പ്പണ അക്കാദമിയില്‍ ചേരാനുള്ള ക്ഷണം കിട്ടുന്നത് ജീവിതത്തിലെ വലിയൊരു മാറ്റം തന്നെയായിരുന്നു. പതിയെപ്പതിയെ മൃണാളിനി ശശിധരന്റെ അമ്മയായി മാറുന്നുണ്ട്. അവിടെ വച്ച് കഥകളി അഭ്യസിപ്പിക്കുന്നതിന് പുറമെ, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, രാജ്യത്തെ വിവിധ നാടന്‍ നൃത്യങ്ങള്‍ എന്നിവ പഠിക്കുന്നതിന് പുറമെ, പിന്നീട് ദര്‍പ്പണ സംഘത്തോടൊപ്പം രാജ്യത്തെയും വിദേശത്തെയും പല പ്രമുഖ സദസ്സുകളിലും പരിപാടികള്‍ അവതരിപ്പിക്കാനും കഴിഞ്ഞു. അങ്ങനെ പുറംലോകത്തേക്കുള്ള വാതില്‍ ശരിക്കും തുറന്നു കിട്ടുന്നത് ദര്‍പ്പണയില്‍ വച്ചാണ്. പക്ഷെ അവിടത്തെ വാസം എന്തുകൊണ്ടും അത്രക്ക് സുഖകരമായിരുന്നില്ല ശശിധരന്. കാരണം, ഗുരു ചാത്തുണ്ണിപ്പണിക്കരുടെ ഏകാധിപത്യമായിരുന്നു അവിടെ. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു. ആ മഹാഗുരുവിനെ പിണക്കാന്‍ അമ്മക്ക് പോലും മടിയായിരുന്നു...
അമ്മക്ക് പ്രായമായപ്പോള്‍ മകള്‍ മല്ലിക ആ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തതോടെ ദര്‍പ്പണയിലെ ജീവിതം കുറച്ചൊക്കെ അസഹ്യമായി ശശിധരന്. അദ്ദേഹവും മല്ലികയും പല നൃത്ത പരിപാടികളിലും നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും അരങ്ങിനു പുറത്തു മല്ലിക വേറൊരാളായി മാറുകയായിരുന്നു. എന്നിട്ടും, അവിടം വിട്ടുപോകാന്‍ മടിയായിരുന്നു ശശിധരന്. എത്രയായാലും തന്റെ വളര്‍ച്ചയില്‍ ദര്‍പ്പണ വഹിച്ച പങ്ക് വളരെ വലുതാണല്ലോ. സാധാരണ നൃത്തരൂപങ്ങള്‍ക്ക് പുറമെ അതത് വേദികള്‍ക്ക് അനുയോജ്യമായ എത്രയെത്ര നൂതന വിഷയങ്ങള്‍ കണ്ടെടുത്തു അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ദര്പ്പണക്കു. അതിലൊക്കെ മുഖ്യവേഷം ശശിധരന് തന്നെയായിരുന്നു. നല്ല ശരീരസുഖമില്ലാതിരുന്നപ്പോഴും അവര്‍ ആവശ്യപ്പെട്ട ദൗത്യങ്ങളെല്ലാം കൃത്യമായി ഏറ്റെടുത്തിട്ടുണ്ട് താനും.

പുറംലോകത്തേക്ക് ഇറങ്ങുമ്പോള്‍ സ്കൂളില്‍നിന്ന് കിട്ടിയ മലയാളം അക്ഷരങ്ങളും, കളരിയില്‍നിന്ന് കിട്ടിയ ഇരുപത്തിനാല് മുദ്രകളും മാത്രമായിരുന്നു ശശിധരന്റെ ആസ്തി. അത് വച്ച് എത്രയോ രാജ്യങ്ങളില്‍ അദ്ദേഹത്തിനെ കലാനൈപുണ്യം പ്രകടമാക്കി കഴിഞ്ഞിരിക്കുന്നു. ഓക്സ്ഫഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, യേല്‍ തുടങ്ങിയ ലോകപ്രശസ്ത സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി ക്ലാസ് എടുക്കാനുള്ള ക്ഷണം കിട്ടുകയെന്നു വച്ചാല്‍ ആ കലാകാരന് തന്റെ കലയുമായി പല വിദേശ രാജ്യങ്ങളിലെ അരങ്ങുകളില്‍ പ്രദര്ശിപ്പിച്ചിരിക്കാനിടയുള്ള കലയുടെ മാന്ത്രികശക്തിയെക്കുറിച്ചു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സര്‍വ്വകലാശാലകളില്‍ മിക്കതും കാണാനും, ഒരു സന്ദര്‍ശകനെന്ന നിലയില്‍ ചിലവയുടെ കോമ്പൗണ്ടില്‍ കയറാനും ഭാഗ്യമുണ്ടായിട്ടുള്ള ഒരാളെന്ന നിലയില്‍ അവയുടെ വലിപ്പത്തെക്കുറിച്ചും ആഗോളപ്രശസ്തിയെക്കുറിച്ചും ഏറെക്കുറെ എനിക്ക് ഊഹിക്കാന്‍ കഴിയും. ഇവിടെ ഒരു കാര്യം എടുത്തുപറയാതെ വയ്യ. കലാകാരന്മാരുടെ വലിപ്പച്ചെറുപ്പമൊന്നും കണക്കിലെടുക്കാതെ ശരിയായ കലയെയും കലാകാരന്റെ നൈസര്‍ഗ്ഗികമായ കഴിവിനെയും തിരിച്ചറിയാനുള്ള ചില വിദേശനാടുകളിലെ ആസ്വാദന ശീലവും ശ്രദ്ധേയമാണ്.
അഞ്ചു വന്‍കരകളിലെ എത്രയെത്ര രാജ്യങ്ങളിലാണ് അദ്ദേഹം പോയിട്ടുള്ളത്! അമേരിക്കയില്‍ ഇത്രയേറെ പ്രാവശ്യം കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഒരു നര്ത്തകന് വേറെയുണ്ടെന്ന് തോന്നുന്നില്ല. ശശിധരന്റെ സ്വഭാവത്തിലെ എളിമയും സൗഹൃദ മനോഭാവവും കൊണ്ടാകണം, ചെന്നയിടങ്ങളിലെല്ലാം അദ്ദേഹത്തെകൈ പിടിച്ചുയര്‍ത്താന്‍ ചില വിദേശികളുണ്ടായിരുന്നുവെന്നത് പ്രധാനമാണ്. അതില്‍ പ്രമുഖന് ബോളണ്ട് സായിപ്പാണെന്നു തോന്നുന്നു. ഒരു നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ വലിയൊരു അത്യാഹിതത്തില്‍നിന്ന് രക്ഷിച്ചത് അദ്ദേഹമാണല്ലോ. മാത്രമല്ല, പല നഗരങ്ങളിലെയും മുന്തിയ നക്ഷത്രഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ടെങ്കിലും, മിക്കയിടങ്ങളിലും ആതിഥ്യം ഒരുക്കാന്‍ താത്പര്യമുള്ള ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിക്കാനും ശശിധരനു കഴിഞ്ഞിട്ടുണ്ട്. അതിനു കാരണം അദ്ദേഹത്തിന്റെ സ്വഭാവത്തിലെ 'എംപതി'യാണ്. അതുകൊണ്ട് തന്നെ ആരോടും ഇണങ്ങാന്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കഴിയുന്നു.
ഈ ആത്മകഥയിലെ വളരെ ശ്രദ്ധേയമായി എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയും നിരീക്ഷണപാടവവുമാണ്. കൃത്യമായ ഡയറി സൂക്ഷിക്കുന്നുണ്ടെന്ന് തോന്നിക്കുന്നുണ്ടെങ്കിലും ചെന്നെത്തുന്ന സ്ഥലങ്ങളിലെ ഭൂപ്രകൃതി, ചരിത്രം, അതത് കാലഘട്ടങ്ങളിലെ നമ്മുടെ രാജ്യത്തെ ചരിത്രസംഭവങ്ങള്‍ തുടങ്ങി പലതും അദ്ദേഹം കൃത്യമായി രേഖപ്പെപ്പെടുത്തുന്നുണ്ട്. കൂട്ടാതെ വ്യക്തിപരമായ വരവു ചെലവ് കണക്കുകളും. ഏതെങ്കിലും പരിപാടിയില്‍നിന്ന് വല്ല വരുമാനവും കിട്ടിയാല്‍ അതിലൊരു പങ്ക് അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊക്കെ അയച്ചു കൊടുക്കാന്‍ അദ്ദേഹം മറക്കാറില്ല.
തന്റെ കലാജീവിതത്തില്‍ ഒട്ടേറെ പ്രമുഖ വ്യക്തികളെ പരിചയപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇന്ദിര ഗാന്ധി, കെ.ആര്.നാരായണന്, നരേന്ദ്ര മോദി തുടങ്ങിയ ഒട്ടേറെ പ്രശസ്തര്‍ ഉള്‍പ്പെടുന്നു. കെ.ആര്. നാരായണനുമായി അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു. കൂടാതെ പണ്ഡിറ്റ് രവിശങ്കര്‍, ബാല മുരളീകൃഷ്ണ, സക്കീര്‍ ഹുസൈന് തുടങ്ങി പല പ്രമുഖരോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനമുള്ള ഒരാള്‍ കഠിനശ്രമത്തിലൂടെ ഫ്രഞ്ചും, സ്പാനിഷുമൊക്കെ പഠിച്ചെടുക്കുക എന്നതില്‍ ഇപ്പോള്‍ വലിയ പുതുമയൊന്നുമില്ല. പലരും അങ്ങനെ ചെയ്തിട്ടുമുണ്ട് താനും. അങ്ങനെ അവരുടെ കൈയില്‍ പല ആര്ജ്ജിതഭാഷകളും ഉണ്ടായേക്കാം. പക്ഷെ, ഇവിടെ ശശിധരനെ സംബന്ധിച്ചിടത്തോളം ഒരു ഭാഷയിലും പ്രാവീണ്യമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇത്രയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കൈയിലുള്ള കലയുടെ ശക്തിയാണ്. ഇവിടെ കല തന്നെ ഭാഷയായി മാറുന്ന മാന്ത്രികവിദ്യയാണ് നമുക്ക് കാണാന്‍ കിട്ടുന്നത്.
രണ്ടു വാള്യങ്ങളുള്ള ഈ ബൃഹത്തായ ആത്മകഥയുടെ ഒരു വിശദമായ ആസ്വാദനം എഴുതുകയെന്നത് എന്റെ ലക്ഷ്യമല്ല. അതൊക്കെ ഈ രംഗത്തെ ചില വിദഗ്ദ്ധന്മാര് ചെയ്തിട്ടുണ്ട് താനും. അങ്ങനെ ഇത് ആ പുസ്തകത്തിലേക്കുള്ള ഒരു ഹ്രസ്വമായ പ്രവേശിക മാത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..