മാങ്ങാച്ചുന മണക്കുന്ന പ്രണയങ്ങള്‍


ഡോ.കല സജീവന്‍

കഥ പറച്ചിലുകാരനും പ്രണയിയും ഒന്നായപ്പോള്‍ സംഭവിച്ചതാണ് കടുക്കാച്ചി മാങ്ങ എന്ന സമാഹാരത്തിലെ കഥകളെല്ലാം തന്നെ. എല്ലാ പ്രണയികളും നടന്നെത്തുന്നത് കരുണയുടെ തീരത്താണ് എന്ന തിരിച്ചറിവ് ഈ കഥകള്‍ പകരുന്നുണ്ട്.

വി.ആർ സുധീഷ്| ഫൊട്ടൊ: ഇ.എസ് അഖിൽ| മാതൃഭൂമി ആർക്കൈവ്‌സ്

പ്രണയത്തിന്റെ മണമെന്താണ്? ആപ്പിളിന്റെ മണമെന്ന് അന്ന അഖ്മത്തോവ. ചിലപ്പോള്‍ പേരക്കയുടേത്, ചിലപ്പോള്‍ നെല്ലിക്കയുടേത്, ചിലപ്പോള്‍ ഇലഞ്ഞിപ്പൂവിന്റേത്. വി.ആര്‍ സുധീഷിന്റെ കടുക്കാച്ചി മാങ്ങ എന്ന കഥ വായിക്കുമ്പോള്‍ അതിന് മാങ്ങാ ചുനയുടെ മണമാണ്. പല തരം മാങ്ങകളുടെ മധുരം കിനിയുന്ന മണം. മാങ്ങാച്ചുന അല്‍പം നീറ്റലുള്ളതാണ്. ഈ കഥ വായിച്ചു തീരുമ്പോള്‍ ആ നീറ്റല്‍ നമ്മളിലേക്ക് പടരും. ഗീതാമണിയെന്ന കുഞ്ഞു പാവാടക്കാരിയോട് സദുവിനുണ്ടായിരുന്നതു പോലെ സ്‌നേഹം തോന്നും. അവളുറങ്ങുന്ന പച്ചമണ്ണില്‍ ഒരു കടുക്കാച്ചി മാങ്ങ നിവേദിച്ച് കണ്ണു നിറച്ചു തിരികെ പോരും. പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് സ്വപ്ന പുസ്തകം എന്ന കഥ പ്രിയപ്പെട്ടതാവാതെ വഴിയില്ല. പുസ്തകപ്രേമികളെ നടുക്കുന്ന ദുരന്തങ്ങളാണ് അപ്രതീക്ഷിത പ്രളയകാലത്ത് അരങ്ങേറിയത്. എത്രയോ അമൂല്യ ഗ്രന്ഥങ്ങള്‍, ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കുതിര്‍ന്നൊഴുകിപ്പോയി. എത്രയെത്ര വായനശാലകള്‍ നിലംപൊത്തി. വായന ഒരു ശീലമായിരുന്ന മുന്‍ തലമുറയുടെ തിരിച്ചുപിടിക്കാനാവാത്ത ചില ആദര്‍ശ സങ്കല്‍പങ്ങള്‍ പോലെ അവയും കാലപ്രവാഹത്തില്‍ മറഞ്ഞു. (അക്ഷരാര്‍ത്ഥത്തില്‍ അതൊരു നഷ്ട പ്രവാഹമായിരുന്നു). സ്വപ്ന പുസ്തകമെന്തെന്ന ലൈബ്രേറിയന്‍ ചന്തുക്കുഞ്ഞിന്റെ തിരിച്ചറിവിലാണ് കഥ അവസാനിക്കുന്നത്. ലൈബ്രറിയിലെ പുസ്തകങ്ങള്‍ അതിനു മുന്നേ അവസാനിച്ചിരുന്നു.

പൂന്തോട്ടത്തില്‍ ഇലഞ്ഞി എന്ന കഥയില്‍ ജാതിയുണ്ട്. ജാതിമരമല്ല സാക്ഷാല്‍ ജാതി തന്നെ. വൃദ്ധ പരിചരണത്തിനാളെ തെരയുന്നതു പോലും ജാതിയുടെ അടിസ്ഥാനത്തിലാണ്. നടപ്പു കേരളത്തില്‍ ഇക്കാര്യം കൗതുകമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ജാതിയില്‍ ഹോമിക്കപ്പെട്ട ഒരു പ്രണയമുണ്ട് ഈ കഥയില്‍. അരഞ്ഞാണം കെട്ടിത്തരാന്‍ അയിത്തമില്ല, കഴുത്തിലൊരു താലികെട്ടാന്‍ അതുണ്ട് താനും- എന്നു പറയുന്നുണ്ട് പരിമളാമ്മ. അവരുടെ പേരു പോലെ കഥയില്‍ നിറയെ പരിമളങ്ങളുണ്ട്. പൂന്തോട്ടത്തിലെ പേരറിയാ പൂക്കളുടെ, ഇലഞ്ഞിയുടെ, വാര്‍ദ്ധക്യത്തിന്റെ, പ്രണയത്തിന്റെ - ഇതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ജാതിയുടെ ദുര്‍ഗന്ധവും.

മദ്യശാല ഒരു നിഗൂഢ സ്ഥലിയാണ്. പലരുടെ കാഴ്ചയില്‍ പലതായി കഥയില്‍ കവിതയില്‍ അത് കടന്നു നില്‍ക്കുന്നുണ്ട്. അതിന് പുരുഷന്‍മാരുടെ വിഹാര രംഗമെന്ന സാമാന്യ ധാരണയുള്ളതുകൊണ്ടു കൂടിയാവാം ഒരനിശ്ചിതത്വവുമുണ്ട്. മലഞ്ചെരിവിലെ മദ്യശാല എന്ന കഥയില്‍ ദുരൂഹതയുടെ പുകമറയുണ്ട്. തന്റെ പാനപാത്രത്തില്‍ ചുണ്ടു പേര്‍ത്ത അന്യനോടുള്ള നിസ്സഹായമായ കരുതലോടെ കഥയവസാനിക്കുന്നു. അത് നിഷ്ഫലമാണല്ലോ എന്ന് നടുങ്ങാനല്ലേ നമുക്കാവൂ.

അനുഭവങ്ങള്‍ ഉണ്ടായാല്‍ പോരാ. അതില്‍ ചവുട്ടി നില്‍ക്കാനാവണം. അത് വര്‍ണിച്ചെഴുതാനുള്ള കരുത്തില്ലാതെ പോയ എഴുത്തുകാരനാണ് താമരക്കാട് എന്ന കഥയിലെ ജോണ്‍. പാദസരം പോലുള്ള അനേകം ജനപ്രിയ നോവലുകളുടെ രചയിതാവ്. ഒരു കാലത്ത് തന്നെ വായനക്കാരനാക്കിയ അതു വഴി പത്രപ്രവര്‍ത്തകനാക്കിയ എഴുത്തുകാരനെ തേടി കാലങ്ങള്‍ക്കിപ്പുറം ഒരാള്‍ നടത്തുന്ന യാത്രയാണിത്. പൈങ്കിളി സാഹിത്യമെന്ന് എഴുതിത്തള്ളിയ പുറങ്ങള്‍ മലയാള വായനാ ചരിത്രത്തിലെ മൂല്യവത്തായ അദ്ധ്യായങ്ങളിലൊന്നായിരിക്കും എന്നുറപ്പാണല്ലോ. ഓന്‍ എന്ന കഥ തലമുറയ്ക്കിടയിലെ ഒരു വിടവാണ്. കത്തിമുന കൊണ്ട് ഹൃദയത്തില്‍ അമര്‍ത്തിക്കോറിയാല്‍ അത്തരം വിടവുണ്ടാക്കാന്‍ നിങ്ങള്‍ക്കു പറ്റും. ഒന്നുമൊന്നും ഓര്‍ത്തുവെക്കാത്ത, മനസ്സില്‍ സ്‌നേഹത്തിന്റെ നനവില്ലാത്ത, പ്രയോജനവാദികള്‍ മാത്രമായ ഒരു തലമുറയുടെ പ്രതിനിധിയായി ഓന്‍ നില്‍ക്കുന്നു. നമുക്കറിയാം ഓനെ. നടുക്കത്തോടെയെങ്കിലും ഓര്‍ക്കുക, ചിലപ്പോള്‍ അത് നമ്മളുമാണല്ലോ.

വവ്വാല്‍ പ്രണയ പ്രതീകമായി വരുന്ന കഥയാണ് പണ്ടത്തെ പ്രേമകഥയിലെ വവ്വാല്‍. നിപ്പക്കാലം, വവ്വാലുകളെ സ്‌നേഹിച്ച പഴയ പ്രണയിനിയെ അവിചാരിതമായി കണ്ടുമുട്ടുകയാണ്. കൃഷ്ണവേണിയെ ചുഴന്ന് പഴയ വവ്വാലുകള്‍. രോഗകാലത്തെ രതി, അതെങ്ങനെ ആയിരിക്കും. ഭീതിദമായിരിക്കും. ആ ഭീതി ഇക്കഥയിലുണ്ട്. കൊറോണക്കാലത്തെ കമിതാക്കള്‍ ചുംബിക്കുന്നതെങ്ങനെ? പ്രണയത്താല്‍ അതിജീവിക്കുന്ന മനുഷ്യരെ കൊണ്ട് ഈ ഭൂമി നിറയട്ടെ എന്നു പ്രത്യാശിക്കുന്നു. അനുപ്രിയയുടെ അച്ഛനെ തേടി പ്രസാദ് മാഷ് എത്തുകയാണ്. വിരമിച്ചതിന്റെ പിറ്റേന്ന്. വിരമിച്ചുവെങ്കിലും അയാളില്‍ യുവത്വമുണ്ട്. അവിവാഹിതനായ അയാള്‍ക്ക് ഇനി തന്റെ പുതിയ കര്‍മരംഗത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്. അതിന്റെ രഹസ്യം അനുപ്രിയയുടെ അച്ഛനുമാത്രമേ അറിയൂ. ഉള്ളു പിടിച്ചുലയ്ക്കുന്ന കഥയാണിത്. അനുപ്രിയ കഥയിലില്ല. എന്നാല്‍ കഥയിലുടനീളമുണ്ട്. അവള്‍ തൊട്ടു മുന്‍പേ നടന്നു പോയ പെണ്‍കുട്ടിയാണ്. നമുക്കവളെ അറിയാം.

ഭൂമിയിലെ നക്ഷത്രങ്ങളെ താനറിയാതെ തൊട്ടവനാണ് കണ്ണച്ചന്‍. മുടിയും താടിയും മിനുക്കുന്നവന്‍. തന്റെ മുന്നിലിരിക്കുന്നവര്‍ ആരെന്നറിയാതെ ഒട്ടേറെ ഒളിവു ജീവിതങ്ങള്‍ക്ക് മുഖശോഭ നല്‍കിയവന്‍. അതില്‍ ഇ.എം എസും എ.കെ.ജി യുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും അവനെ തേടിയെത്തി. ആരെയും തിരഞ്ഞു പോവാന്‍ കണ്ണച്ചനറിവില്ലായിരുന്നു. അയാളുടെ മകന്‍ ഗിരീശനാവട്ടെ അമിതാഭ് ബച്ചനേയും പ്രേം നസീറിനെയും ആരാധിച്ചു നടന്നു. അവരെയൊന്നു കാണാന്‍ കൊതിച്ചു കാലം പോക്കി. ഒടുവില്‍ കാണാതെയും ജീവിച്ചു. അച്ഛനു വേണ്ടി നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങി വന്നു. മകന്‍ മണ്ണിലിരുന്ന് നക്ഷത്രങ്ങളെ നോക്കിക്കൊതിച്ചു. അന്തിമാനം എന്ന കഥ നമ്മളെ ദാനാമാജിയെ ഓര്‍മ്മിപ്പിക്കും. സമകാല ഇന്ത്യനവസ്ഥ ഓര്‍മിപ്പിക്കും. ശവം കുഴിച്ചിടാന്‍ ഒരു തരിമണ്ണില്ലാത്ത, പെണ്ണിനെ പിടിച്ചുപറിക്കാന്‍ ചുറ്റും ദുഷ്ടക്കൂട്ടങ്ങളാര്‍ക്കുന്നത് തടയാനാവാത്ത ശരാശരി മനുഷ്യന്റെ ദുരിതകഥയാണിത്. ഒരു കാവ്യ കഥയില്‍ വൈലോപ്പിള്ളി മാഷുണ്ട്. ഭാനുമതി ടീച്ചറുണ്ട്. കവിതയുടെ പൂര്‍ണതയുണ്ട്. അപൂര്‍ണമായ ദാമ്പത്യമുണ്ട്. എന്നും സമാന്തര രേഖയില്‍ സഞ്ചരിച്ച രണ്ടു വ്യക്തികള്‍ അവരായിത്തന്നെ തുടരുന്നതാണ് ഈ കഥ. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തെറിച്ചുവീണ റോയ് പീറ്ററെ ന്‍ഷ്യനുമ എന്ന കഥയില്‍ കാണാം. അയാള്‍ ഒരു കഥാകാരനാണ്. ജീവിതമെഴുതി മടുത്തിട്ടാവാം അയാള്‍ കഴുത്തില്‍ കുരുക്കിട്ടത്. സ്‌നേഹലതയെന്ന കൂട്ടുകാരിയാണ് അയാളെ മരണത്തില്‍ നിന്നും രക്ഷിച്ചത്. അവള്‍ക്കതു ചെയ്യാതെ വയ്യല്ലോ അവള്‍ സ്‌നേഹം നിറഞ്ഞ കൈകള്‍ ഉള്ളവളല്ലേ. അടുത്ത തവണ അയാളെ രക്ഷിക്കാന്‍ അവള്‍ക്കാവുമോ?

books
പുസ്തകം വാങ്ങാം

കഥ പറച്ചിലുകാരനും പ്രണയിയും ഒന്നായപ്പോള്‍ സംഭവിച്ചതാണ് കടുക്കാച്ചി മാങ്ങ എന്ന സമാഹാരത്തിലെ കഥകളെല്ലാം തന്നെ. എല്ലാ പ്രണയികളും നടന്നെത്തുന്നത് കരുണയുടെ തീരത്താണ് എന്ന തിരിച്ചറിവ് ഈ കഥകള്‍ പകരുന്നുണ്ട്. അതെ, പകരുന്ന വികാരങ്ങളാണ് ഈ കഥകളിലെല്ലാമുള്ളത്. അതു തന്നെ എഴുത്തുകാരന്റെ കൈയൊതുക്കം. കഥയുടേതും. ഹൃദ്യവും സുന്ദരവുമായ അനുഭൂതിയായി ഈ സമാഹാരത്തിലെ ഓരോ കഥയും വായനക്കാരില്‍ അവശേഷിക്കുമെന്നുറപ്പാണ്.

വി.ആര്‍ സുധീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: VR Sudheesh new Malayalam Book Review Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented