ബിപിൻ ചന്ദ്രൻ
ഓരോ ദേശവും സ്വയമൊരു നീണ്ടകഥയാണ്. ഓരോ മനുഷ്യരും ഓരോ കഥയായി ഇണക്കുകണ്ണികള്‍ പോലെ വിളങ്ങിയിണങ്ങി അതൊരു നീണ്ട കഥയായി മാറുന്നു. ദേശകഥകളുടെ സൗന്ദര്യംതന്നെ ഈ വൈവിധ്യഗതിയാണ്. ഭിന്നരൂപകങ്ങളില്‍ ദേശകാലഘടനയില്‍ എത്രയോ മനുഷ്യര്‍ ജീവിച്ചുതീര്‍ക്കുന്ന കഥയോളം വലിയൊരു കഥ വേറെന്തുണ്ട്? ബിപിന്‍ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യ ഒരര്‍ത്ഥത്തില്‍ ദേശാഖ്യായികയാണ്. നാട്ടുകഥയുടെ ഇമ്പം ഇരച്ചുതിങ്ങിയ ചെറുതും ലളിതവും മനോഹരവുമായ ദേശാഖ്യായിക.
കപ്പിത്താന്റെ ഭാര്യ കാത്തിരിപ്പിന്റെ കഥ കൂടിയാണ്. റോസിലിയാന്റി ക്യാപ്റ്റന് വേണ്ടി കാത്തിരിക്കുന്നു,ആനിയമ്മ തോമസുകുട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. അവരുടെ കാത്തിരിപ്പിന് ധ്യാനാത്മകമായ ഒരു സൗന്ദര്യമുണ്ട്, വിഷാദത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ തളച്ചിട്ടല്ല അവര്‍ അതിനെ ആസ്വദിക്കുന്നത്. സ്‌നേഹത്തിന്റെ തീര്‍ത്തും നിഷ്‌കളങ്കമായ ആനന്ദത്തോടെ അവര്‍ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന്റെ കൈവഴികളില്‍ അവരുടെ ജീവിതം ഇടറുന്നതും തളിര്‍ക്കുന്നതും വസന്തപ്പെടുന്നതുമാണ് കപ്പിത്താന്റെ ഭാര്യയുടെ ഇതിവൃത്തം.
നാട്ടുഭാഷയുടെ ഭംഗിയിലാണ് എഴുത്തുകാരന്‍ കഥപറയുന്നത്. അടുത്തിരുന്ന് ഒരാള്‍ കഥ പറയുന്ന മട്ടില്‍ അതങ്ങനെ അനായാസമായ ഒഴുക്കോടെ മുന്നോട്ട് കുതിക്കുന്നു. എങ്ങും തട്ടുംതടയുമില്ലാതെ, വൈകാരികതയുടെ എല്ലാ താളങ്ങളും തലങ്ങളും വായനക്കാരനെ അനുഭവിപ്പിച്ച്, അനുഭൂതിപ്പെടുത്തി കഥയങ്ങനെ നീങ്ങുന്നു. ഭാഷയുടെ ഈ സൗന്ദര്യം നോവലിന് നല്‍കുന്ന വായനക്ഷമത വളരെ വലുതാണ്. ദുര്‍ഗ്രഹമായ പദങ്ങളോ കഠിനമായ ഭാഷാപ്രയോഗങ്ങളോ ഒന്നുമില്ല. ഘടനയിലും അവതരണശൈലിയിലും സങ്കീര്‍ണ്ണമായ പരീക്ഷണസാഹസങ്ങളും ഇല്ല. തികച്ചും നാടന്‍മട്ടിലൊരു നീണ്ടകഥ. ഘടനാപരമായി ഈ നാട്ടുതനിമ ഇഴുകിനില്‍ക്കുന്നതും നോവലിന്റെ സൗന്ദര്യത്തെ വിപുലപ്പെടുത്തുന്നുണ്ട്. മറ്റൊരു ശൈലിയും ചേരാത്ത മട്ടില്‍ അത്രയും താദാത്മ്യമുണ്ട്, ഭാഷയും ഘടനയും ശൈലിയും നോവലിന്റെ ആശയവും തമ്മില്‍.
കഥാപാത്രങ്ങളുടെ സ്വാഭാവികവളര്‍ച്ച തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. റോസിലിയാന്റിയും ആനിയമ്മയും തോമസുകുട്ടിയും എല്ലാം വായനക്കുശേഷം ഹൃദയത്തിലേക്ക് വന്നിരിക്കുന്നത് അതുകൊണ്ടാണ്. ക്യാപ്റ്റന്‍ പോലും ഏതാനുംനിമിഷങ്ങള്‍കൊണ്ട് വായനക്കാരനെ കീഴടക്കുന്നുണ്ട്. കപ്പിത്താന്റെ ഭാര്യ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മാനുഷികവികാരങ്ങളാണ്, അതിനപ്പുറമൊരു രാഷ്ട്രീയത്തെക്കുറിച്ച് ആ ഗ്രാമത്തിലെ മനുഷ്യര്‍ ചിന്തിക്കുന്നില്ല. അവിടെ സ്‌നേഹമുണ്ട്, പ്രതികാരവും ദേഷ്യവും വെറുപ്പും കാമവും എല്ലാമുണ്ട്. ഇതെല്ലാം ചേര്‍ന്ന മനുഷ്യരുടെ തീര്‍ത്തും സ്വാഭാവികമായ കഥയായി കപ്പിത്താന്റെ ഭാര്യയെ വിശേഷിപ്പിക്കാം.
എടുത്തുപറയേണ്ട മറ്റൊന്ന് കഥ വികസിക്കുന്നതിനോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും വരുന്ന സിനിമാചരിത്രം കൂടിയാണ്. ഓരോ കാലവും അടയാളപ്പെടുത്താന്‍ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത് അതാതുകാലങ്ങളിലെ സിനിമയുടെ വിശേഷങ്ങള്‍കൂടി കഥയിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടാണ്. മുഴച്ചുനില്‍ക്കാതെ കഥാസന്ദര്‍ഭങ്ങളോട് തികച്ചും നീതിപുലര്‍ത്തിക്കൊണ്ട് കഥയുടെതന്നെ ഭാഗം പോലെ അത്തരം സിനിമാപരാമര്‍ശങ്ങള്‍ നോവലില്‍ ഉടനീളം കടന്നുവരുന്നുണ്ട്. ഒടുക്കം വരുന്ന ടൈറ്റാനിക് സിനിമപോലും കഥയുടെ പരിസമാപ്തിയോട് ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. മറ്റൊരു സിനിമയും അവിടെ പരാമര്‍ശിക്കാനാവില്ല, ടൈറ്റാനിക്ക് എന്ന സിനിമയെക്കുറിച്ച് പറയാതെ ഈ കഥ അവസാനിപ്പിക്കാനും സാധിക്കില്ല. അത്രമേല്‍ സിനിമയും നോവലും പരസ്പരപൂരകമായി വരുന്നുണ്ട് പലയിടത്തും.
മലയാളത്തില്‍ അടുത്തിടെ പ്രസിദ്ധീകൃതമായ നോവലുകളില്‍ വായനക്ഷമതകൊണ്ടും ഭാഷയുടെ ഭംഗികൊണ്ടും ദേശാഖ്യായികയുടെ സൗന്ദര്യംകൊണ്ടും ആസ്വാദനപരത ഏറെയുള്ള നോവലാണ് ബിപിന്‍ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യ. ഒരുപാട് പുറങ്ങളില്‍ നീട്ടിപ്പരത്തി പറയാതെ അച്ചടക്കത്തോടെ, തികഞ്ഞ പാകതയോടെ എഴുതപ്പെട്ട മനോഹരമായൊരു നോവല്‍.
Content Highlights : Vipindas reviews the Novel kappithante Bharya by Bipin Chandran published by MathrubhumiBooks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..