ജാഫറും വിംസിയും പിന്നെ ഞാനും  ഒരു 'സമനില'യുടെ ഓര്‍മ്മയ്ക്ക് 


രവിമേനോന്‍

വിക്ടര്‍ ആത്മകഥയില്‍  വിവരിച്ച ഈ സംഭവം നടന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ടിന്  ശേഷമായിരുന്നു പ്രതിയോഗികള്‍'' തമ്മിലുള്ള കൂടിക്കാഴ്ച്ച. അപ്പോഴേക്കും സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഏറക്കുറെ വിരമിച്ചു കഴിഞ്ഞിരുന്നു വിംസി.

വിക്ടർ മഞ്ഞില ഫുട്‌ബോൾ മാച്ചിനിടെ

പന്ത് പെനാല്‍റ്റി സ്‌പോട്ടില്‍ വെച്ച് കിക്കെടുക്കാന്‍ ഓടിയണയുന്ന ടി എ ജാഫര്‍. കൈകള്‍ വിടര്‍ത്തി, തലകുനിക്കാതെ, ഗോള്‍ പോസ്റ്റില്‍ വിംസി. ഒരാള്‍ കേരളത്തിന്റെ വിശ്വസ്ത മിഡ്ഫീല്‍ഡ് ജനറല്‍. മറ്റെയാള്‍ കളിയെഴുത്തിലെ അറ്റാക്കര്‍. പേനകൊണ്ട് ഗോളടിച്ചുകൂട്ടുന്ന വിദ്വാന്‍. എങ്കിലും ഇവിടെ കാവല്‍ഭടന്റെ റോളില്‍.

വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥ വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചിത്രമാണ്. സാങ്കല്‍പികമെങ്കിലും സത്യാംശമുള്ള ഒന്ന്.പുസ്തകം വാങ്ങാം

ഏതു നിമിഷവും കിക്കെടുക്കാം ജാഫര്‍ക്ക. പന്ത് പോസ്റ്റില്‍ ചെന്നൊടുങ്ങുമോ അതോ വിംസിയുടെ കൈകളില്‍ വിശ്രമിക്കുമോ എന്നേ അറിയേണ്ടതുള്ളൂ ഇനി. ദ്വന്ദയുദ്ധത്തിന് മൂകസാക്ഷിയായി ഒരേയൊരാള്‍. കളിയെഴുത്ത് ഉപജീവനമാക്കിയവന്‍. ഈ ഞാന്‍.

സസ്‌പെന്‍സ് അവിടെ നില്‍ക്കട്ടെ. കഥാന്ത്യം വെളിപ്പെടുത്തും മുന്‍പ് ഒന്ന് തിരിച്ചു നടക്കണം നാം; പത്തു നാല്‍പത്തഞ്ചു വര്‍ഷം പിറകിലേക്ക്. വിക്ടര്‍ മഞ്ഞില രചിച്ച ഗോളിയുടെ ആത്മകഥ''യിലുണ്ട് ആ ഫ്‌ലാഷ് ബാക്ക്. വിംസി ഉയര്‍ത്തിവിട്ട വിവാദത്തെ കുറിച്ചുള്ള അധ്യായത്തില്‍.

കളിയെഴുത്തുകാരെ കുറിച്ച് പറയുമ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സംഭവമുണ്ട്.''-- വിക്ടര്‍ എഴുതുന്നു.1975 ലെ സന്തോഷ് ട്രോഫിയില്‍ ഞങ്ങളുടെ ടീമിനെക്കുറിച്ച് ആരാധകര്‍ക്ക് മുഴുവന്‍ വലിയ പ്രതീക്ഷയായിരുന്നു. അത്ര പ്രതീക്ഷയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്താണ് വിംസി മാതൃഭൂമിയുടെ ഞായറാഴ്ചപ്പതിപ്പില്‍ കേരള ടീമിനെ കുറിച്ച് ഇത് വയസ്സന്‍ പടയോ'' എന്ന പേരില്‍ ഒരു ലേഖനമെഴുതുന്നത്. അന്നത്തെ ടീമില്‍ രണ്ടു പ്രായമുള്ള കളിക്കാര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് അത്തരമൊരു കുറിപ്പ് വിംസി എഴുതിയത്.''

1971 ലെ സന്തോഷ് ട്രോഫി പ്രകടനം കണ്ട് എന്നെക്കുറിച്ച് വിക്ടര്‍ മഞ്ഞില മുസ്തഫയുടെ പിന്‍ഗാമിയോ'' എന്ന് പ്രശംസിച്ചെഴുതിയ ആളാണ് ഈ വിംസി. അതേ ആള്‍ തന്നെയാണ് ഞാന്‍ ക്യാപ്റ്റനായി ഇരിക്കുന്ന ടീമിനെക്കുറിച്ച് ഇത്തരത്തില്‍ അടച്ചാക്ഷേപിച്ച് എഴുതിയിരിക്കുന്നത്. ദൃശ്യ മാധ്യമങ്ങളൊന്നും ഇല്ലാത്ത അക്കാലത്ത് വിംസിയുടെ എഴുത്തിന് അത്ര സ്വീകാര്യതയുണ്ട് എന്നോര്‍ക്കണം. ഞങ്ങള്‍ക്കെല്ലാം അത് വലിയ ഷോക്കായി. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ ഊര്‍ജ്ജം കെടുത്തുന്ന എഴുത്തായിരുന്നല്ലോ അത്.

ആ വാര്‍ത്തയെല്ലാം വന്ന് ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കോഴിക്കോട്ട് ടൂര്‍ണമെന്റിനായി എത്തിയപ്പോള്‍ വിംസി ദൂരെ നിന്ന് എന്നെ കണ്ട് ഓടിവന്ന് ചേര്‍ത്തുപിടിച്ച് ചോദിച്ചു: നമുക്ക് 71 ആവര്‍ത്തിക്കണ്ടേ?''

ഞാന്‍ പ്രത്യേകിച്ച് ആഹ്‌ളാദമൊന്നും കാണിക്കാതെ നിസ്സംഗനായി ഒന്ന് തലയാട്ടുക മാത്രം ചെയ്തു. അങ്ങനെ ഒരു കുറിപ്പ് എഴുതിയ കാര്യം അദ്ദേഹം മറന്നുകാണും. പക്ഷേ ഞങ്ങളുടെ ഉള്ളില്‍ അതൊരു മുറിവായി കിടന്നു നീറുന്നുണ്ടായിരുന്നു.

വിംസി വന്നുപോയ ശേഷം മറ്റുള്ളവര്‍ അതാരാണെന്ന് ചോദിച്ചു. ഞാന്‍ അത് വിംസിയാണെന്ന് പറഞ്ഞു. അത് കേട്ടതും ജാഫര്‍ക്ക അദ്ദേഹത്തിന്റെ നേരെ കുതിച്ചു.താന്‍ എന്താടോ കേരള ടീമിനെകുറിച്ച് എഴുതിവെച്ചത്?'' എന്ന് ചോദിച്ച് ശബ്ദമുയര്‍ത്തി. ആളുകള്‍ ചുറ്റും കൂടി. മറ്റ് മാധ്യമങ്ങളും ഈ വിവരമറിഞ്ഞു അങ്ങോട്ട് ഓടിയെത്തി.

ഈ സംഭവം മാധ്യമങ്ങള്‍ക്കിടയില്‍ കേരള ടീമിനോട് വൈരാഗ്യം ഉണ്ടാക്കിത്തീര്‍ത്തു. അന്ന് മുതല്‍ പത്രങ്ങളിലെ കായിക പേജുകളില്‍ മുഴുവന്‍ കേരള ടീമിനെകുറിച്ച് വളരെ മോശമായ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. ഞങ്ങളുടെ ഓരോ നീക്കവും രഹസ്യമായി നിരീക്ഷിച്ച് വ്യക്തിപരമായ പോരായ്മകളെ വരെ പര്‍വതീകരിച്ച് അവര്‍ സ്‌പോര്‍ട്‌സ് കോളങ്ങള്‍ നിറയ്ക്കാന്‍ തുടങ്ങി.'' കോഴിക്കോട് ആതിഥ്യം വഹിച്ച ആ നാഷണല്‍സില്‍ ഫൈനല്‍ കാണാതെ മടങ്ങാനായിരുന്നു കേരളത്തിന് യോഗം.

വിക്ടര്‍ ആത്മകഥയില്‍ വിവരിച്ച ഈ സംഭവം നടന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ടിന് ശേഷമായിരുന്നു പ്രതിയോഗികള്‍'' തമ്മിലുള്ള കൂടിക്കാഴ്ച്ച. അപ്പോഴേക്കും സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഏറക്കുറെ വിരമിച്ചു കഴിഞ്ഞിരുന്നു വിംസി. ബിലാത്തിക്കുളത്തെ നാരായണീയ''ത്തില്‍ ചെന്ന് വിംസിയെ കണ്ട് പഴയ ശത്രുത''യ്ക്ക് അവസാന വിസില്‍ മുഴക്കിയാലോ എന്ന ആശയം പങ്കുവെച്ചത് ജാഫര്‍ക്ക തന്നെ. ഇരുവരുടെയും സ്വഭാവ വിശേഷങ്ങള്‍ അടുത്തറിയാവുന്ന എനിക്ക് പരമസന്തോഷം. ചരിത്ര നിമിഷത്തിനല്ലേ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

വിംസി

കൂടെ വന്ന അതിഥിയെ ആദ്യം മനസ്സിലായില്ല വിംസിക്ക്. ആളെ പിടികിട്ടിയപ്പോള്‍ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന് സംശയം. അധികം വൈകാതെ അമ്പരപ്പ് സുദീര്‍ഘമായ പൊട്ടിച്ചിരിക്ക് വഴിമാറുന്നു. വിംസിയന്‍ സ്‌റ്റൈല്‍ ചിരി. പതുക്കെ ആ ചിരി ജാഫര്‍ക്കയിലേക്കും പടര്‍ന്നു. അത്ഭുതത്തോടെ ആ ചിരിക്കാഴ്ച്ച കണ്ടുനിന്നു ഞാന്‍.

പഴയ ഏറ്റുമുട്ടല്‍'' വിംസി മിക്കവാറും മറന്നു തുടങ്ങിയിരുന്നു. കളിയെഴുത്തു ജീവിതത്തില്‍ അത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടതായിരിക്കില്ല അദ്ദേഹത്തിന്. രൂക്ഷ വിമര്‍ശനമായിരുന്നല്ലോ ആ എഴുത്തിന്റെ മുഖമുദ്ര. പക്ഷേ ജാഫര്‍ക്കക്ക് മറക്കാനാകുമോ കയ്പേറിയ ആ കാലം? എങ്കിലും വിംസിയുമായുള്ള പുനഃസമാഗമത്തില്‍ ആ പരിഭവമൊന്നും പ്രകടിപ്പിച്ചു കേട്ടില്ല അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതെല്ലാം ലാഘവത്തോടെയും നര്‍മബോധത്തോടെയും കാണാനുള്ള പക്വത നേടിയിരുന്നു ഇരുവരും.

എന്റെ ഭാഗത്തു നിന്ന് അന്നൊരു എടുത്തുചാട്ടം ഉണ്ടായി. സംഭവിച്ചു പോയതാണ്. പിന്നീട് വേണ്ടിയിരുന്നില്ല എന്നും തോന്നി.''-- ജാഫര്‍ക്ക പറഞ്ഞു. ഇത്തവണയും പൊട്ടിച്ചിരിയായിരുന്നു വിംസിയുടെ മറുപടി.ഏയ് അതൊക്കെ സ്വാഭാവികമാണ്. നിങ്ങള്‍ പിന്നെയും എത്രയോ കാലം കളിച്ചില്ലേ? കോച്ച് എന്ന നിലയിലും വിജയിക്കാന്‍ പറ്റി. അന്ന് മനസ്സില്‍ തോന്നിയത് എഴുതി എന്നേയുള്ളൂ. അതൊന്നും ഉള്ളില്‍ കൊണ്ടുനടക്കുന്ന ശീലം എനിക്കില്ല.''

കളിയുടെ വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ച ദീര്‍ഘ സംഭാഷണത്തിന് ശേഷം ഇരുവരും കൈകൊടുത്തു പിരിയുമ്പോള്‍ ആരോ ഉള്ളിലിരുന്ന് മന്ത്രിച്ച പോലെ: കളി 1 - 1 ഡ്രോ. ആരും തോറ്റുമില്ല; ജയിച്ചുമില്ല. എക്‌സ്ട്രാ ടൈമും ടൈബ്രെയ്ക്കറും സഡന്‍ ഡെത്തുമൊന്നും വേണ്ടിവന്നില്ലല്ലോ. അത്രയും ആശ്വാസം. ''

കഴിഞ്ഞ ദിവസം ജാഫര്‍ക്കയുമായി സംസാരിച്ചപ്പോള്‍ പഴയ ഓര്‍മകള്‍ വീണ്ടും മനസ്സില്‍ ഇരമ്പിയെത്തി.അന്നത്തെ പ്രായമല്ലേ? പെട്ടെന്ന് ദേഷ്യം വരും. എന്നെ വേണമെങ്കില്‍ വയസ്സനെന്ന് വിളിച്ചോട്ടെ. സീനിയര്‍ കളിക്കാരനാണല്ലോ. എന്നാല്‍ വളരെ ജൂനിയര്‍ ആയ പി പൗലോസിനെ വരെ വയസ്സന്മാരുടെ കൂട്ടത്തില്‍ പെടുത്തിയപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അതാണ് പ്രകോപനത്തിനുള്ള പ്രധാന കാരണം.''

ചിരിയോടെ ജാഫര്‍ കൂട്ടിച്ചേര്‍ക്കുന്നു:വിക്ടറിന് നന്ദി. വിക്ടര്‍ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ അടി വീണേനെ. ഭാഗ്യത്തിന് അതുണ്ടായില്ല. മോശമാകുമായിരുന്ന ഒരു സിറ്റുവേഷന്‍ അങ്ങനെ ഒഴിവായിക്കിട്ടി...'

Content Highlights: victor manjila ta jaffer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented