അതിജീവനത്തിന്റെയും പ്രണയത്തിന്റെയും 'വാനരന്‍'


ഡോ.പി.എം മധു

വികാരഭരിതമാണ് അവസാന അധ്യായങ്ങള്‍. ഓരോ വാക്കിലും വരിയിലും ദൃശ്യ വിസ്മയങ്ങള്‍ തീര്‍ത്തു കൊണ്ടാണ് ബാലിയുടെ അവസാന നിമിഷങ്ങള്‍ വിവരിച്ചിട്ടുള്ളത്. എക്കാലത്തും ആ മുഹൂര്‍ത്തം ഉയര്‍ത്തിയിട്ടുള്ള നൈതിക സമസ്യകളെ തീക്ഷ്ണമായ ചോദ്യങ്ങളാക്കി പുനരവതരിപ്പിക്കുമ്പോള്‍ത്തന്നെ, യുക്തിഭദ്രമായ ഉത്തരങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ട് നോവല്‍.

ആനന്ദ് നീലകണ്ഠൻ

ന്ത്യന്‍ ക്ലാസിക്കുകള്‍ എന്നറിയപ്പെടുന്ന മഹാഭാരതവും രാമായണവും എത്രയോ സാഹിത്യകൃതികള്‍ക്ക് ഉപാദാനമായിട്ടുണ്ട്. വ്യാസന്റെയും വാത്മീകിയുടെയും മൗനങ്ങളും നെടുവീര്‍പ്പുകളും കാലങ്ങള്‍ക്കിപ്പുറം വലിയ കാന്‍വാസിലേക്ക് പകര്‍ത്തിവെച്ചു കൊണ്ട് ഖണ്ഡകാവ്യങ്ങളും നോവലുകളും ചലച്ചിത്രങ്ങളുമൊക്കെ ഉണ്ടായി വന്നു. ഇതില്‍ മൂലകൃതിയുടെ അന്ത:സത്ത കൈവിടാതെ അതേപടി പിന്തുടര്‍ന്നവയും ഇതിഹാസം ഉണ്ടാക്കിവെച്ച ചരിത്രബോധത്തെ തല്ലിത്തകര്‍ത്ത് പുതിയ മാനങ്ങളിലേക്ക് പഴയ കഥാപാത്രങ്ങളെ വളര്‍ത്തിയയും ഒക്കെയുണ്ട്. നമ്മുടെ വായനക്കാരുടെയും പ്രേക്ഷകരുടെയും എക്കാലത്തെയും സ്വീകാര്യത ഇതിനെ ചുറ്റിപ്പറ്റിയുള്ളതുകൊണ്ടാവണം, അടുത്തകാലത്തായി ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ ഇഷ്ടപ്പെട്ട കഥാപരിസരം തന്നെ ആയിട്ടുണ്ട് ഉണ്ട് രാമായണവും മഹാഭാരതവും.

കേവലം ഗതാനുഗതികമായ ആവര്‍ത്തനങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങളുടെ മാനസിക വികാരവിചാരങ്ങളെയും കഥാ മുഹൂര്‍ത്തങ്ങളുടെ സവിശേഷതകളെയും സമകാലിക സാമൂഹ്യ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാന്‍ കൂടി പലരും ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഈ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എഴുത്തുകാരിലൊരാളാണ് ആനന്ദ് നീലകണ്ഠന്‍. പ്രശസ്തമായ 'ബാഹുബലി 'യുടെ പശ്ചാത്തലം വിവരിക്കുന്ന 'ദി റൈസ് ഓഫ് ശിവഗാമി' മുതല്‍ രാവണന്റെ കണ്ണിലൂടെ രാമായണം നോക്കിക്കാണുന്ന 'അസുര', ദുര്യോധനനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'അജയ് സീരീസ് ' തുടങ്ങിയ പുസ്തകങ്ങളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച ആനന്ദ് നീലകണ്ഠന്റെ പ്രശസ്ത നോവലാണ് 'വാനര '. മാതൃഭൂമി ബുക്‌സ് അതിന്റെ മലയാള വിവര്‍ത്തനം വാനരന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു

രാമന്റെ സീതാന്വേഷണത്തിനിടയില്‍ കണ്ടുമുട്ടുന്ന കുരങ്ങന്മാരായി നാം വായിച്ച ബാലിയുടെയും സുഗ്രീവനെയും ചെറിയൊരു കഥയാണ് വലിയൊരു കാന്‍വാസിലേക്ക് വളര്‍ത്തി മുന്നൂറിലധികം പേജുകളുള്ള വലിയൊരു നോവലായി നമുക്കുമുന്നില്‍ അവതരിക്കപ്പെടുന്നത്.

വാനരന്‍ യഥാര്‍ത്ഥത്തില്‍ വന നരന്മാരാണ്, അഥവാ കാട്ടു വാസികളായ ആദിമമനുഷ്യര്‍. ദേവന്മാര്‍ക്കും അസുരന്‍മാര്‍ക്കുമൊക്കെ അടിമകളാക്കി വെക്കാവുന്ന നികൃഷ്ടജീവികള്‍. താപസന്‍മാരുടെ ആശ്രമ പരിസരം വൃത്തിയാക്കി തിരിച്ചുപോകുമ്പോള്‍ അവരുടെ കാലടികള്‍ പോലും അവിടെ കാണാതിരിക്കാന്‍ പിന്നില്‍ കെട്ടിത്തൂക്കിയ ചൂലുകൊണ്ട് അടിച്ചു വാരി വേണം അവര്‍ കടന്നുപോകാന്‍. വാലുപോലെ തൂക്കിയിട്ട ആ ചൂലും കൂടെ ചേര്‍ത്ത് ദൂരെനിന്ന് അവരെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ കുരങ്ങന്‍മാര്‍ തന്നെ!

അടിമത്തത്തെ വിധിയായി ഏറ്റുവാങ്ങി എല്ലാം സഹിക്കാനും അത് കൂട്ടത്തെക്കൊണ്ട് ശീലിപ്പിക്കാനും പഠിപ്പിക്കുന്ന കാട്ടുവാസികളുടെ ഇടയില്‍ ഒരു മാറ്റത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന സഹോദരങ്ങളാണ് ബാലിയും സുഗ്രീവനും. ദേവലോകത്തെയും അസുരലോകത്തെയും നിഷ്പ്രഭമാക്കുന്ന കിഷ്‌കിന്ധ എന്ന സാമ്രാജ്യം നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍, അതിനിടയില്‍ സുഗ്രീവന്‍ താരയോട് തോന്നുന്ന ഏകപക്ഷീയമായ പ്രണയം, താരയ്ക്ക് ബാലിയോടുള്ള പ്രണയം, അതിനിടയിലുണ്ടാകുന്ന വൈകാരിക സംഘര്‍ഷങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

കാമുകിയോടുള്ള അടക്കാനാവാത്ത പ്രണയത്തിനും സഹോദരനോടുള്ള ജന്മബന്ധുരമായ സ്‌നേഹത്തിനും ഇടയില്‍ പെട്ട് സംഘര്‍ഷഭരിതമാവുന്ന സുഗ്രീവന്റെ മനസ്സ് കൃത്യമായി വരച്ചിടുന്നുണ്ട് നോവലില്‍. മൗലികതയും പ്രൗഢിയും ഉള്ള നിരവധി കഥാപാത്രങ്ങളാണ് ഓരോ സന്ദര്‍ഭത്തിലും കടന്നുവരുന്നത്. അതെല്ലാം കഥാഗതിക്ക് കരുത്തു പകരുന്ന തന്നെ. ഇതിഹാസത്തിലെ മുഖ്യധാരയ്ക്ക് വിപരീതമായിട്ടൊന്നുമല്ല കഥ വികസിക്കുന്നത് എങ്കിലും കൈവഴികളുടെ വിസ്തൃതിയും ഒഴുക്കിന്റെ മനോഹാരിതയും അനുവാചകരുടെ മനസ്സില്‍ ബൃഹത്തായ കാന്‍വാസുകള്‍ തന്നെ പുന: സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഇതിലൊക്കെ ഉപരി, കേന്ദ്ര ആശയമായി പുതിയ കാലത്തിനു മുന്നിലേക്ക് ഈ നോവല്‍ ചില വിഷയങ്ങള്‍ വെക്കുന്നുണ്ട്.

സഹോദരന്മാര്‍ തമ്മിലുള്ള ഉള്ള അന്തര്‍ സംഘര്‍ഷങ്ങള്‍ക്കിടയിലേക്ക് ഒരു മൂന്നാം കക്ഷിയായി ശ്രീരാമന്‍ കടന്നുവരികയും ബാലിയെ കൊല്ലുകയും ചെയ്യുന്നുണ്ടല്ലോ. പിന്നീട് വാനരന്മാരുടെ ജീവിതത്തിനു സംഭവിക്കുന്ന ഒരു മാറ്റമുണ്ട്. സ്വന്തം ഭക്ഷണത്തിനും ഇണയ്ക്കും വേണ്ടിയല്ലാതെ യുദ്ധം ചെയ്തിട്ടില്ലാത്ത കാട്ടു മനുഷ്യര്‍ മറ്റാര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി ജീവന്‍ വരെ പണയം വെച്ച് യുദ്ധം ചെയ്യേണ്ടുന്ന സാഹചര്യത്തിലേക്ക് നയിക്കപ്പെടുകയാണ്. വീണ്ടും അടിമകളായി മാറ്റപ്പെടുകയാണ്. മറ്റാരുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറ്റുകയാണ്. പക്ഷേ അത് അവരുടെ നേട്ടമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. തുലനം ചെയ്യാവുന്ന സമകാലിക പരിസരം പ്രത്യേകിച്ച് സൂചിപ്പിക്കേണ്ടതില്ലല്ലോ.

രാമായണത്തില്‍ ഏറെയൊന്നും പ്രാധാന്യം കൊടുക്കാതെ പറഞ്ഞുപോയ ഒരു കഥാപാത്രമാണ് താര. പക്ഷേ വാനരനിലെ കേന്ദ്രകഥാപാത്രം തന്നെയായി വികസിക്കുന്നുണ്ട് അവള്‍. ബാലിയോടുള്ള അഗാധ പ്രണയത്തിന്റെ കരുത്തിലാണ് അവള്‍ കനല്‍ക്കൂമ്പാങ്ങള്‍ നടന്നുകയറുന്നത്. കിഷ്‌കിന്ധാനഗര നിര്‍മ്മാണം തുടങ്ങിവച്ച ബാലിയും സുഗ്രീവനും, അവിടെ ഇല്ലാത്ത സാഹചര്യം വന്നപ്പോള്‍ ,താരയാണ് പിന്നീട് അതിനു ചുക്കാന്‍ പിടിക്കുന്നത്. സുഗ്രീവന്റെ പ്രലോഭനങ്ങള്‍ക്കൊന്നും വശംവദയാകാതെ ബാലി എന്ന പൂജാവിഗ്രഹത്തെ ഹൃദയത്തില്‍ വരച്ചു ചേര്‍ത്ത താര. രുമയുടെ അന്ത:സംഘര്‍ഷങ്ങളെ അനുനയിപ്പിക്കാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളും ഹനുമാനുമായുള്ള സംഭാഷണങ്ങളും ഒക്കെ ശ്രദ്ധേയമാണ്.

vanara
പുസ്തകം വാങ്ങാം

വികാരഭരിതമാണ് അവസാന അധ്യായങ്ങള്‍. ഓരോ വാക്കിലും വരിയിലും ദൃശ്യ വിസ്മയങ്ങള്‍ തീര്‍ത്തു കൊണ്ടാണ് ബാലിയുടെ അവസാന നിമിഷങ്ങള്‍ വിവരിച്ചിട്ടുള്ളത്. എക്കാലത്തും ആ മുഹൂര്‍ത്തം ഉയര്‍ത്തിയിട്ടുള്ള നൈതിക സമസ്യകളെ തീക്ഷ്ണമായ ചോദ്യങ്ങളാക്കി പുനരവതരിപ്പിക്കുമ്പോള്‍ത്തന്നെ, യുക്തിഭദ്രമായ ഉത്തരങ്ങളിലേക്കും കൊണ്ടെത്തിക്കുന്നുണ്ട് നോവല്‍. ഒരേസമയം ഭാഷാഖ്യാന ശൈലികൊണ്ടും കഥയുടെ പ്രൗഢഗാംഭീര്യം കൊണ്ടും സമകാലിക പ്രാധാന്യം കൊണ്ടുമെല്ലാം തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു രചനയാണ് 'വാനരന്‍'

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Vanara Malayalam Novel by Anand Neelakantan book review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented