വാക്കുകളുടെ പൗരത്വം അന്വേഷിക്കുന്നവര്‍ സാഹിര്‍ ലുധിയാന്‍വിയെ വായിക്കട്ടെ


വി. മുസഫര്‍ അഹമ്മദ്

മലയാളികള്‍ക്കുപോലും സമകാലിക ഉറുദുസാഹിത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്നറിയില്ല. ഉറുദു എന്ന ഭാഷയും അതിലെ ഭാവനകളും പാകിസ്താനും അത്രയേറെ വിലക്കപ്പെട്ടതായി നിങ്ങള്‍ക്കു മാറിയത് എങ്ങനെയാണ്, എന്തുകൊണ്ടാണ്?' അയാളുടെ ആ ചോദ്യം ഇപ്പോഴും മായാതെ എന്റെ ബോധത്തില്‍ പതിഞ്ഞുകിടപ്പുണ്ട്.

-

മുകേഷ് പാടിയ 'കഭീ കഭീ' ആദ്യം കേട്ടത് ഉപ്പയുടെ മൂളലിൽനിന്നാണ്, കുട്ടിക്കാലത്ത്. കെ.പി.എ.സി. നാടകഗാനങ്ങളും റഫി, മുകേഷ് ഗാനങ്ങളും മൂളുന്ന വീടായിരുന്നു ഞങ്ങളുടെത്. അതിൽനിന്നെല്ലാം തെറിച്ചുനില്ക്കുന്ന ഒരു നക്ഷത്രത്തെ അന്നേ ആ പാട്ട് ഓർമിപ്പിച്ചു. പിന്നീട് ജീവിതത്തിന്റെ പല കരകളിലുമിരുന്ന് അതേ പാട്ടു കേട്ടു. എവിടെനിന്നായിരിക്കാം ആ ഖയാൽ വരുന്നതെന്ന് പലകുറി ആലോചിച്ചു. സിനിമാപ്പാട്ടുകൾ ഉൾക്കൊണ്ടവരെക്കാൾ കൂടുതൽ മനുഷ്യർ ആ പാട്ടുകൾക്കു പുറത്തുതന്നെയാണ് അന്നുമിന്നും ജീവിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. മലയാളത്തിലെ ഏറ്റവും പ്രിയങ്കരമായ പാട്ടുകൾക്കും ഇതേ പ്രശ്നമുണ്ട്. 'കഭീ കഭീ'യുടെ കർത്താവ് സാഹിർ ലുധിയാൻവി ഒരുപക്ഷേ ഈയൊരു പ്രശ്നത്തെക്കൂടി അഭിസംബോധന ചെയ്യാൻ ശ്രമിച്ചതായി തോന്നാം. 'പാടിനടപ്പൂ നാടോടി' എന്ന അദ്ദേഹത്തിന്റെ ഒരു കൃതിയുടെ തലക്കെട്ട് പാട്ടെഴുത്തുകാരന്റെ ആത്മാവു തൊട്ടുകാണിക്കാനുള്ള ശ്രമമായി ഇന്നു വായിച്ചെടുക്കാം.

പിന്നെയും 'കഭീ കഭീ' കേട്ടു. ചിലപ്പോൾ സ്വന്തമായി മൂളിനോക്കി. എന്നെപ്പോലെ ഒരാളെ ആ പാട്ട് ഒരു കുളിമുറിപ്പാട്ടുകാരനാക്കി ഉയർത്തി. ഒരു ഘട്ടത്തിൽ സൗദി അറേബ്യയിൽ ജിദ്ദയിൽ കഴിഞ്ഞ വർഷങ്ങളിൽ, പാകിസ്താനികളായ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ, നമുക്കിനി പരസ്പരം അവകാശപ്പെടാനുള്ളത് ഇങ്ങനെയുള്ള പാട്ടുകളും ഗസലുകളും മാത്രമാണെന്ന് അങ്ങേയറ്റത്തെ ഖേദത്തോടെ അവർ പറഞ്ഞു. ഫൈസ് അഹമ്മദ് ഫൈസിനു ശേഷം പാകിസ്താൻ കവിതയിൽ എന്തെങ്കിലും സംഭവിച്ചുവോ എന്ന ചോദ്യത്തിന് പാക് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു: 'തർക്കിക്കാനോ ബോധ്യപ്പെടുത്താനോ ഞാനില്ല, പക്ഷേ ഇന്ത്യക്കാർ ഉറുദുസാഹിത്യത്തിൽനിന്നും അത്രയേറെ അന്യവത്‌കരിക്കപ്പെട്ടിരിക്കുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ പ്രവണതകളും തുടിപ്പുകളും നേരിട്ടറിയുന്ന മലയാളികൾക്കുപോലും സമകാലിക ഉറുദുസാഹിത്യത്തിൽ എന്താണു സംഭവിക്കുന്നതെന്നറിയില്ല. ഉറുദു എന്ന ഭാഷയും അതിലെ ഭാവനകളും പാകിസ്താനും അത്രയേറെ വിലക്കപ്പെട്ടതായി നിങ്ങൾക്കു മാറിയത് എങ്ങനെയാണ്, എന്തുകൊണ്ടാണ്?' അയാളുടെ ആ ചോദ്യം ഇപ്പോഴും മായാതെ എന്റെ ബോധത്തിൽ പതിഞ്ഞുകിടപ്പുണ്ട്.

കെ.പി.എ. സമദ് എഴുതിയ സാഹിർ അക്ഷരങ്ങളുടെ ആഭിചാരകൻ എന്ന ജീവചരിത്രപുസ്തകം വായിക്കുമ്പോൾ ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചും ഇന്ത്യൻ ദേശീയതിൽനിന്നും ഉർദു മാഞ്ഞുപോയതിനെക്കുറിച്ചും സാഹിർ ലുധിയാൻവിയുടെ തിരിച്ചറിവുകൾ എന്തായിരുന്നുവെന്നറിയുകയായിരുന്നു പ്രഥമ താത്‌പര്യം. ഉറുദുവിൽ എഴുതുന്നവർക്കു സത്യത്തിൽ രണ്ടു പൗരത്വങ്ങൾ ഒന്നിച്ചവകാശപ്പെടാൻ കഴിയും, ഒരേപോലെ ഇന്ത്യയുടെയും പാകിസ്താന്റെയും. ഇത് ഒരു ഉറുദു എഴുത്തുകാരന്റെ കർത്തൃത്വം ദുഷ്കരമാക്കുന്നു. എന്നാൽ, അത്തരമൊരു വാസ്തവത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

1969-ൽ ഗാലിബിന്റെ രണ്ടാം ചരമശതാബ്ദി വിപുലമായി ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചപ്പോൾ സാഹിർ ഇങ്ങനെയെഴുതി: 'ഗാലിബിന്റെ ശബ്ദം മാറ്റൊലിക്കൊണ്ട നഗരങ്ങളിൽനിന്ന് ഉർദു ഇന്നു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ദിവസംമുതൽ അതു നീചഭാഷയായി, ദേശദ്രോഹിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു.' അങ്ങനെയൊരു ഉറുദു എഴുത്തുകാരൻ നീചഭാഷയിൽ എഴുതുന്നവനും ദേശദ്രോഹിയുമായി മാറുന്നു. ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നിതുതന്നെയാണ്. ഒരിക്കൽ ഇന്ത്യൻസാഹിത്യത്തെത്തന്നെ നയിച്ച, വടക്കേ ഇന്ത്യയിൽ കോൺഗ്രസ്സുകാരുടെയും കമ്യൂണിസ്റ്റുകാരുടെയും ലഘുലേഖകൾ മാതൃഭാഷയായി ഉപയോഗിച്ച ഒരു ഭാഷ വിഭജനത്തോടെ എങ്ങനെ ശത്രുഭാഷയായി മാറി? സാഹിർ ലുധിയാൻവി ഉന്നയിച്ച ഈ ചോദ്യത്തിലാണ് ഇന്ത്യ-പാക് പ്രശ്നങ്ങളുടെ വംശീയവും ഭാഷാപരവുമായ വേരുകൾ കിടക്കുന്നത്. യുവചരിത്രകാരൻ മനു എസ്. പിള്ള ഹൈദരാബാദ് സാഹിത്യോത്സവത്തിൽ (2020) മുഖാമുഖത്തിൽ ഇങ്ങനെ പറഞ്ഞു: 'ബ്രിട്ടീഷുകാരുടെ അധിനിവേശം അല്പംകൂടി വൈകിയിരുന്നുവെങ്കിൽ ഇന്ത്യയുടെ മാതൃഭാഷ പേർഷ്യനോ ഉർദുവോ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.' ആ ഒരു സന്ദർഭത്തിൽനിന്നും വിഭജനത്തോളമെത്തിയ രാഷ്ട്രീയനീക്കങ്ങളിൽ അക്കാലത്തോളം ഇന്ത്യയെ ആവിഷ്കരിച്ച ഉർദു എന്ന ഭാഷ എങ്ങനെ പാർശ്വവത്‌കരിക്കപ്പെട്ടു? ശത്രുവത്‌കരിക്കപ്പെട്ടു? ഭാഷകളെക്കുറിച്ചു പഠിക്കുന്നവർ ഒന്നുകിൽ പഠിക്കാൻ മടിക്കുകയോ അല്ലെങ്കിൽ സംവാദമുഖം തുറക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന ഈ കാര്യം സമദ് എഴുതിയ ഈ താളുകളിൽനിന്ന് സാഹിർ ലുധിയാൻവിയുടെ ശതാബ്ദിവേളയിൽ അദ്ദേഹത്തിന്റെതന്നെ ശബ്ദത്തിൽ എഴുന്നേറ്റുവരുന്നു. അതിന്ന് ഒരു ഇന്ത്യൻ സംവാദത്തെയാണ് പ്രതിനിധീകരിക്കുന്നത്. സാഹിറിന്റെ വരികളിലെ കാല്പനികത മാത്രം മൊത്തിക്കുടിച്ച് ഒരാൾക്ക് ഇക്കാലത്തു മുന്നോട്ടു പോകാനില്ല, ഒരു ഭാഷയുടെ മാഞ്ഞുപോകലിനെക്കുറിച്ച് ഒട്ടും ആലോചിക്കാതെ!

ഹിന്ദിഭാഷയെക്കുറിച്ച് നിലവിൽ നടന്നുവരുന്ന ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്ന് അതിലെ 'അശുദ്ധ' വാക്കുകൾ നീക്കംചെയ്യണമെന്നതാണ്. അതായത് ഹിന്ദിയിലെ ഉറുദു, പേർഷ്യൻ, അറബി വാക്കുകൾ നീക്കംചെയ്ത് ദേശീയഭാഷയെ ശുദ്ധഭാഷയാക്കണമെന്ന്. അതായത് വാക്കുകൾക്കും പൗരത്വമുണ്ട്, മനുഷ്യർക്കു മാത്രമല്ല. പുറത്തു കളയേണ്ട പലരുമുണ്ടെന്നു മാത്രമല്ല, 'വിദേശ' വാക്കുകളുമുണ്ടെന്ന്. അങ്ങനെ വാക്കുകളുടെകൂടി പൗരത്വം നിശ്ചയിക്കാൻ നടക്കുന്നവർ (സംസ്കാരം നിരവധി കൈവഴികളിലൂടെ വന്നുലയിച്ചാണുണ്ടായതെന്ന് മനസ്സിലാക്കാത്തവർ, ഇത്തരം സന്ദർഭങ്ങളിലെല്ലാം കലർപ്പ് എന്ന പദം ആവർത്തിച്ചുപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയം സ്ഥാപിക്കുന്നത് പതിവുകാഴ്ചയായിരിക്കുന്നു) തീർച്ചയായും സാഹിർ ലുധിയാൻവിയെ, ഇസ്മത് ചുഗ്തായിയെ, സാദത്ത് ഹസൻ മണ്ടോയെ, പിന്നെയും അസംഖ്യം ഉറുദു എഴുത്തുകാരെ വായിക്കട്ടെ എന്നേ പറയാനുള്ളൂ. ഉറുദു എങ്ങനെ സെക്കുലർ ഭാഷയായി പ്രവർത്തിച്ചുവെന്നന്വേഷിക്കുന്ന 'ദി ലാംഗ്വേജ് ഓഫ് സെക്കുലർ ഇസ്ലാം, ഉർദു നാഷണലിസം ആൻഡ് കൊളോണിയൽ ഇന്ത്യ' എന്ന കവിത സരസ്വതി ദത്ത്ലയുടെ ഗവേഷണപ്രബന്ധം ഈ സന്ദർഭത്തിൽ ഓർമയിലേക്കു വരുന്നു. ഒരുപക്ഷേ, സാഹിർ ലുധിയാൻവി വൈകാരികമായി/ സർഗാത്മകമായി പ്രതികരിച്ച നിരവധി സന്ദർഭങ്ങളെ ഒരു ഗവേഷക എങ്ങനെ സൈദ്ധാന്തികമായി പഠിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തുവെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ പ്രബന്ധം. ഇതിനോടൊപ്പം ഒരു പ്രേംചന്ദ് ഉദാഹരണംകൂടി ചേർക്കുകയാണ്. പ്രേംചന്ദ് ആദ്യകാലങ്ങളിൽ ഉറുദുവിലായിരുന്നു എഴുതിയിരുന്നത്. പിന്നീട് പല കഥകളും ഉറുദുവിൽനിന്നും ഹിന്ദിയിലേക്കു മൊഴി മാറ്റി. പിന്നീടദ്ദേഹം ഹിന്ദിയിൽ മാത്രം എഴുതി. രസകരമായ വസ്തുത പ്രേംചന്ദിന്റെ ആദ്യകാലകഥകളുടെ ഉറുദു-ഹിന്ദി പരിഭാഷകർ ആരായിരുന്നുവെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പരിഭാഷകരോടും ഉറുദുവിനോടുമുണ്ടായിരുന്ന സമീപനമായി ഇന്നു നമുക്കതു വായിച്ചെടുക്കാം.

സാഹിറിനെ സമദ് ഇങ്ങനെ അവതരിപ്പിക്കുന്നു: 'യുദ്ധവും ഹിംസയും മുഖമുദ്രയായ ഒരു കാലഘട്ടത്തിൽ സമാധാനത്തിനായി ഉദ്യുക്തമായി വാദിച്ചു. ബൂർഷ്വാ ഭരണകൂടത്തിനെതിരേ നിശിതമായ വിമർശനം തൊടുത്തുവിട്ടു. യുഗങ്ങളായി സ്ത്രീസമൂഹം പുരുഷനിൽനിന്നനുഭവിച്ചുപോരുന്ന അത്യാചാരങ്ങളും അനീതികളും ഹൃദയഭേദകമായി ആവിഷ്കരിച്ചു. മതത്തിനും അതിന്റെ ദൂഷ്യങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരേ അസന്ദിഗ്ധമായ ആക്ഷേപമുയർത്തി. ആധുനിക ഉറുദുകവികളിൽ വിശ്വാസത്തിന്റെ അസ്തിത്വത്തെ ഇത്രയും നിശിതമായി ചോദ്യംചെയ്ത ആളില്ല.' മതങ്ങളും മതരാഷ്ട്രീയവും മനുഷ്യാവിഷ്കാരങ്ങളെ എന്തിന്, ഭാഷയെപ്പോലും മുരടിപ്പിച്ചുകളയും. ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു സാഹിർ. ഇന്ന് അറേബ്യൻ സാഹിത്യത്തിലേക്കു നോക്കുമ്പോൾ ഏകാധിപതികളും രാജാക്കന്മാരുമായ ഭരണാധികാരികൾ എങ്ങനെയാണ് അതിസമ്പന്നമായ ആ ഭാഷയെ മുരടിപ്പിച്ചുകളഞ്ഞത് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. മാതൃരാജ്യമായ നാട്ടിൽനിന്നും ജീവനുംകൊണ്ടോടിപ്പോയ എഴുത്തുകാരാണ് സമകാലിക അറബ് സാഹിത്യത്തിന്റെ ശബ്ദവും മുഖവുമായി പ്രവർത്തിക്കുന്നതെന്ന കാര്യം അറബ്-ഇസ്ലാമിക ലോകത്തെ കലാവിഷ്കാരത്തെക്കുറിച്ച് നിരീക്ഷിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാം. വിഭജനത്തിനു ശേഷം ഇത്തരമൊരു മതമുരടിപ്പ് ഉറുദുവിനും സംഭവിച്ചിട്ടുണ്ട്. സാഹിർ വിഭജനത്തിനു മുൻപും പിൻപും ജീവിച്ചയാളെന്ന നിലയിൽ തന്റെ ഭാഷയുടെ ഇന്ത്യയിൽനിന്നുള്ള മാഞ്ഞുപോകലിനും പാകിസ്താനിൽ അതു മുരടിക്കുന്നതിനും ഒരേപോലെ സാക്ഷിയാകാനുള്ള ദുർവിധി അദ്ദേഹത്തിനുണ്ടായി. ആ കലാകാരന്റെ ജീവിതതത്ത്വശാസ്ത്രത്തെ, പ്രത്യേകിച്ചും അവസാനകാലത്തെ പത്തു വർഷത്തെ ഈ അവസ്ഥ കാര്യമായി ബാധിച്ചു, വിഷാദരോഗിപോലുമാക്കി.

സാഹിറിന്റെ കവിതയുടെ ഇന്നത്തെ പ്രസക്തിയെ ജീവചരിത്രകാരൻ ഇങ്ങനെ വിശദമാക്കുന്നു. 'മലീമസമായ വ്യവസ്ഥയോടു കലഹിക്കാനും സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു ലോകത്തിനായി പൊരുതാനും സാഹിറിന്റെ കവിത ഇന്നും ഊർജം നല്കുന്നു. ഒരുപക്ഷേ, എന്നത്തെക്കാളുമേറെ പ്രസക്തമാണ് ഇന്നത്തെ ഇന്ത്യയിൽ സാഹിറിന്റെ കവിത.' സമദ് പുനരവതരിപ്പിക്കുന്ന ഈ സമകാലികപ്രസക്തി തന്നെയാണ് പുസ്തകത്തിന്റെ ആഖ്യാനത്തെ നയിക്കുന്നതും നിർവചിക്കുന്നതും.

രണ്ട്

ഇന്ത്യ-പാക് വിഭജനത്തിന്റെ പലതരം അനുഭവങ്ങളും ഓർമകളും ഈ പുസ്തകത്തിലുണ്ട്. സാഹിറുമായി ബന്ധപ്പെട്ട പ്രധാന സന്ദർഭം അദ്ദേഹം തന്റെ മാതാവിനെ അന്വേഷിച്ച് അഭയാർഥിക്യാമ്പുകളിലൂടെ അലയുന്നതാണ്. വിഭജനത്തിനു മുൻപും ശേഷവും ഇന്ത്യയിലും പിന്നീട് പാകിസ്താനായി മാറിയ ദേശത്തും ജീവിച്ച നിരവധി മനുഷ്യരുടെ ചോരയുറച്ചുപോയ അനുഭവങ്ങളിലൊന്നാണ് ഈ ജീവചരിത്രഗ്രന്ഥത്തിൽ വായനക്കാർ അഭിമുഖീകരിക്കുന്നത്. സാഹിറിന് എല്ലാം മാതാവായിരുന്നു. പിതാവുമായി ഒരു നിലയിലും ഒത്തുപോകാൻ കഴിയാതിരുന്ന മാതാവ് ബന്ധമുപേക്ഷിച്ചു ജീവിച്ച് സാഹിറിനെ വളർത്തിവലുതാക്കിയതാണ്. ലുധിയാനക്കാരായിരുന്നു കുടുംബം. കവി തന്റെ അമ്മയെ തേടി പോകുന്നതിനെക്കുറിച്ച് സമദ് ഇങ്ങനെ എഴുതുന്നു: 'വെട്ടിമുറിക്കപ്പെട്ട പഞ്ചാബിൽനിന്നുള്ള കലാപത്തിന്റെ വാർത്തകൾ സാഹിറിനെ പരിഭ്രാന്തനാക്കി. ലുധിയാനയിൽ അമ്മ തനിച്ചാണ്. അവരെ കൂട്ടാൻ സാഹിർ പുറപ്പെട്ടു. യാത്ര എളുപ്പമായിരുന്നില്ല. തീവണ്ടിഗതാഗതം താറുമാറായിരുന്നു. ആഴ്ചകൾകൊണ്ടാണ് ഡൽഹിയിലെത്തിയത്. മനുഷ്യക്രൂരതയുടെ ഭയാനകദൃശ്യങ്ങൾ വഴിനീളേ കാണാനായി. ഡൽഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭരണസിരാകേന്ദ്രമായതുകൊണ്ട് സൈനികരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം വെട്ടിനുറുക്കി.

പഞ്ചാബ് പൂർണമായും കലാപത്തിന്റെ പിടിയിലായിരുന്നു. ലുധിയാനയിലെത്താൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വഴി തുറന്നുകിട്ടുംവരെ സുഹൃത്ത് പ്രകാശ് പണ്ഡിറ്റിന്റെ കൂടെ തങ്ങി. പല തവണ മാറിത്താമസിക്കേണ്ടിയും വന്നു. സാഹിർ ഡൽഹിയിലുണ്ടെന്നറിഞ്ഞ് ഓൾ ഇന്ത്യാ റേഡിയോ അധികൃതർ അദ്ദേഹത്തെ കവിതയവതരിപ്പിക്കാൻ ക്ഷണിച്ചു. അദ്ദേഹം 'ആജ്' എന്ന കവിത അവതരിപ്പിച്ചു. ഭീകരത നേരിട്ടുകണ്ടതിന്റെ തീവ്രമായ മാനസികവ്യഥ കവിതയിൽ പ്രകടമായിരുന്നു. മതത്തിന്റെ പേരിൽ നടത്തുന്ന വിവേകശൂന്യമായ രക്തച്ചൊരിച്ചിലവസാനിപ്പിക്കാൻ സാഹിർ ജനങ്ങളോടു കേണു. ആ കവിതയിലെ വരികൾ ഇങ്ങനെ:

എന്നാലിന്ന് എന്റെ കൈയിൽ
വഴിയിലെ പൊടിമണ്ണല്ലാതെ മറ്റൊന്നുമില്ല
എന്റെ തമ്പുരുവിന്റെ നെഞ്ചിൽ
പാട്ടുകൾ ശ്വാസംമുട്ടുകയാണ്
ഈണങ്ങൾ ആർത്തനാദങ്ങളിൽ
മുങ്ങിപ്പോയിരിക്കുന്നു
സ്വരങ്ങൾ തേങ്ങലുകളായിരിക്കുന്നു
ഞാൻ നിങ്ങളുടെ പാട്ടുകാരനാണ്,
പാട്ടൊരുക്കാൻ വേണ്ട അന്തരീക്ഷം
കൂട്ടുകാരേ, നിങ്ങൾ തകർത്തിരിക്കുന്നു.

ലുധിയാനയിൽ പോകാനായില്ലെങ്കിലും അവിടത്തെ വിവരങ്ങളറിയാൻ പാർട്ടിവഴി സാഹിർ ശ്രമിക്കുന്നുണ്ടായിരുന്നു. ബോംബെയിലേക്കു തിരിക്കുമ്പോൾ അമ്മയുടെ സുരക്ഷ സുഹൃത്തുക്കളായ സഖാക്കളെയാണ് സാഹിർ ഏല്പിച്ചിരുന്നത്. അവിടെനിന്ന് ഒടുവിൽ വിവരം കിട്ടി. അമ്മയെ പാകിസ്താനിലേക്കു പോകുന്നവരുടെ അഭയാർഥിക്യാമ്പിൽ സുരക്ഷിതയായി എത്തിച്ചിട്ടുണ്ട്. കലാപം കത്തിക്കാളിയ ഇടങ്ങളിലൊന്നായിരുന്നു ലുധിയാന. കലാപകാരികൾ അമ്മയുടെ വീടാക്രമിക്കാൻ വന്നപ്പോൾ ചെറുത്തുനിന്ന സഖാക്കൾ ജോഗീന്ദ്രപാലും ഓംപ്രകാശും കൊല്ലപ്പെട്ടു. മറ്റൊരു സുഹൃത്ത് പെയിന്റർബാവരി പിൻവാതിലിലൂടെ അമ്മയെ രക്ഷപ്പെടുത്തി. മുസ്ലിംസുഹൃത്തുക്കൾവഴി അഭയാർഥിക്യാമ്പിൽ എത്തിക്കുകയായിരുന്നു.

സാഹിർ പാകിസ്താനിലേക്കു പുറപ്പെട്ടു. ലാഹോറിലേക്കുള്ള ഒരു ട്രക്കിലാണ് യാത്രതിരിച്ചത്. അതിർത്തിയിലെത്തും മുൻപ് ഒഴിഞ്ഞ ഒരിടത്ത് ട്രക്കു നിർത്തിയപ്പോൾ സാഹിർ പന്തികേടു മണത്തു. പതുക്കെ ട്രക്കിൽനിന്നിറങ്ങി. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഓടി. പാത്തും പതുങ്ങിയും സഞ്ചരിച്ച് അതിർത്തി കടന്നു. എങ്ങനെയൊക്കെയോ ലാഹോറിലെത്തി. അവിടെയെത്തിയപ്പോളറിഞ്ഞു, പുറപ്പെട്ട ട്രക്ക് ലാഹോറിലെത്തിയില്ലെന്ന്. അതിലെ മുഴുവൻ യാത്രക്കാരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
നഗരത്തിന്റെ പ്രാന്തത്തിൽ അറഫയിലെന്നപോലെ നിരന്നുകിടക്കുന്ന എണ്ണമറ്റ ടെന്റുകളിൽ അമ്മയെ തിരഞ്ഞ് സാഹിർ കയറിയിറങ്ങി. അമ്മ എവിടെയുമുണ്ടായിരുന്നില്ല. ഒടുവിലറിഞ്ഞു, അവരെ ജേർണലിസ്റ്റും എഴുത്തുകാരനുമായ ശോരിഷ് കഷ്മീരി വന്നു കൂട്ടിക്കൊണ്ടുപോയെന്ന്. സാഹിർ ശോരിഷിന്റെ വീട്ടിലെത്തി. അമ്മയും മകനും അവസാനം ഒന്നിച്ചു.' വിഭജനകാലത്തെ ഒരമ്മയുടെയും മകന്റെയും ജീവിതകഥയാണിത്. എന്നാൽ, എത്രയോ അമ്മമാർക്ക് അവരുടെ മക്കളെ പിന്നീട് കാണാനായില്ല എന്നോർക്കുമ്പോൾ സാഹിർ ഒരുനിലയിൽ ഭാഗ്യവാനായ മകനാണ്. അമ്മ സാഹിറിൽ വലിയ സ്വാധീനമായിരുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ കാമുകിമാരുണ്ടായെങ്കിലും അവരിൽ ഒരു പൂർണ ഇണയെ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. അമ്മ മരിച്ച് അഞ്ചു വർഷം കഴിഞ്ഞ് മകനും മരിച്ചു, 1980-ൽ. അമൃതാപ്രീതവും സാഹിറും അഗാധമായ പ്രണയത്തിലായിരുന്നു. ഇക്കാര്യം അമൃത ആത്മകഥയിലെഴുതിയിട്ടുണ്ട്. മറ്റു ചില പ്രണയബന്ധങ്ങളും സാഹിറിനുണ്ടായിരുന്നു. എന്നാൽ അവരുമായി ജീവിതം പങ്കിടാൻ അദ്ദേഹത്തിനായില്ല, അല്ലെങ്കിൽ ഉദ്ദേശിച്ചിരുന്നില്ല. പിതാവിന്റെ പീഡനമേറ്റ മാതാവ് സുരക്ഷിതയായിരിക്കണമെന്നതിനാണ് ഈ കവി എന്നും പ്രാധാന്യം നല്കിയത്. ചില ജീവചരിത്രകാരന്മാർ സൂചിപ്പിക്കുന്നത് വിഭജനത്തിന്റെ മുറിവുകൾ മരണംവരെയും ഉണങ്ങാതെ ലുധിയാൻവിയിലുണ്ടായിരുന്നുവെന്നാണ്. പ്രണയകവിതകളും ഹിറ്റ് സിനിമാഗാനങ്ങളും എഴുതുമ്പോഴും അതിൽനിന്നും മുക്തി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും അതിനാൽ പ്രണയമെന്ന വികാരത്തെ സ്വജീവിതത്തിൽ അദ്ദേഹം മറച്ചുപിടിച്ചു എന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്. എന്നാൽ, പ്രണയത്തിന്റെ മിന്നൊലി പലപ്പോഴായി ആ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, തീർച്ച.

വിഭജനകാലത്തു പ്രത്യക്ഷപ്പെട്ട വാർത്തകളിലൊന്നിന്റെ തലക്കെട്ട് 'ഒരു ലക്ഷം മുസ്ലിങ്ങൾ മരിച്ചു, ഒരു ലക്ഷം ഹിന്ദുക്കൾ മരിച്ചു' എന്നായിരുന്നു. അന്ന് സാദത്ത് ഹസൻ മണ്ടോ ചോദിച്ചു, 'രണ്ടു ലക്ഷം മനുഷ്യർ മരിച്ചുവെന്ന് പറയാനും എഴുതാനും എന്തുകൊണ്ട് നമുക്കു കഴിയുന്നില്ല?' ഈ മനുഷ്യപ്പറ്റാണ് സാഹിറിലും പ്രവർത്തിച്ചിരുന്നത്. ഉറുദുവിലെ പുരോഗമന ഇടതുപക്ഷ കമ്യൂണിസ്റ്റനുഭാവം പുലർത്തിയ സാഹിത്യം ഇത്തരത്തിൽ മനുഷ്യചേരിയിലാണ് അണിനിരന്നത്. അതിന് അവരുടെ സാഹിത്യംതന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ഇക്കാലത്ത് ഉറുദുസാഹിത്യത്തിന്റെ അന്നത്തെ താളുകളിലൂടെ കടന്നുപോകുമ്പോൾ നമുക്കത് ആവർത്തിച്ചു ബോധ്യമാകും. സാദത്ത് ഹസൻ മണ്ടോ വിഭജനത്തിന്റെ പശ്ചാത്തലത്തിലെഴുതിയ 'ഖോൽദോ'പോലൊരു കഥ ഇന്നു വായിക്കുമ്പോഴും അതിന്റെ ഞെട്ടലിൽനിന്നും പുറത്തു കടക്കാൻ വായനക്കാർ കുഴങ്ങുന്നു. പിന്നീടും ഇന്ത്യൻ-പാകിസ്താൻ ജീവിതങ്ങളിൽ അതേ സന്ദർഭങ്ങൾ പല തവണ, പല നിലയിൽ ആവർത്തിച്ചു എന്നതിനാലാണ് ഈ കുഴങ്ങൽ. സാഹിർ ലുധിയാൻവി ഒരു തരുണകവിയായി, കോളേജ് വിദ്യാർഥിയായിരിക്കേ എഴുതിത്തുടങ്ങിയ വരികൾ വൈകാതെ സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരിലേക്കും അവരുടെ വിലാപങ്ങളിലേക്കും വേരുകളാഴ്ത്തി. അദ്ദേഹം പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി. രണ്ടു ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം, വിഭജനം അങ്ങനെ ഒരു ആയുസ്സിൽ ഒരാൾക്കു കടന്നുപോവേണ്ടിവരുന്ന ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് സാഹിർ ലുധിയാൻവി കടന്നുപോയത്. പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരെന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. പാകിസ്താനിലേക്കു പോകാനും അവിടെ ഒരു വാരികയുടെ പത്രാധിപരാകാനും അദ്ദേഹം തീരുമാനിച്ചു. അന്ന് കെ.എ. അബ്ബാസ് സാഹിറിനെ ഇന്ത്യയിലേക്കു തിരിച്ചുവിളിച്ചുകൊണ്ട് ഇന്ത്യാ വീക്കിലിയിൽ ഒരു തുറന്ന കത്തെഴുതി: 'പേരു മാറാത്തോളം കാലം നിങ്ങൾ ഒരിന്ത്യൻ കവിയായിട്ടായിരിക്കും അറിയപ്പെടുക, അല്ലെങ്കിൽ പാകിസ്താൻ ലുധിയാന പിടിച്ചെടുത്തിരിക്കണം.' ഇന്ത്യയ്ക്കും പാകിസ്താനും ഇടയ്ക്കു പെട്ടുപോയ നിരവധി മനുഷ്യരുടെ ജീവിതകഥകളിലേക്കുള്ള വെട്ടുവഴികൾ ഇവ്വിധത്തിൽ ഈ ജീവചരിത്രപുസ്തകത്തിൽ സമദ് വായനക്കാർക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നു.

ഒരു ജീവചരിത്രം വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. അതു മികച്ചതാകുന്നത് അതിൽ സമൂഹചിത്രങ്ങൾ എത്ര ആഴത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്. 'അറിയപ്പെടാത്ത ഇ.എം.എസ്' അതിഗംഭീരമായ ഒരു ജീവചരിത്ര തലക്കെട്ടാണ്, പക്ഷേ ആ പുസ്തകത്തിൽ അറിയപ്പെടാത്ത ഇ.എം.എസ്സിനെ നമുക്കു കണ്ടെത്താൻ കഴിയുമോ എന്നത് ഒരു പ്രശ്നമാണ്. ജീവചരിത്രരചനയിലെ ഏറ്റവും വലിയ കുടുക്കായി തലക്കെട്ടുതന്നെ മാറിയേക്കാം. ഇവിടെ സാഹിറിനെക്കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിനു നാല്പതു വർഷത്തിനു ശേഷം, മറ്റൊരു ഭാഷയിൽ ജീവചരിത്രം എഴുതപ്പെടുന്നു. ആ പുസ്തകത്തിന്, എഴുത്തിന് ജൈവികത നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സമദിനു സ്വന്തം നിലയിൽത്തന്നെ ഉർദുവിൽനിന്നുള്ള രേഖകളും അഭിമുഖങ്ങളും പുസ്തകങ്ങളും അനുസ്മരണക്കുറിപ്പുകളും വിശമദായി പരിശോധിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. അടിക്കുറിപ്പുകൾ അതു സാക്ഷ്യപ്പെടുത്തുന്നു. അതിലൂടെ അറിയുന്നതും അറിയപ്പെടാത്തതുമായ പല ലോകങ്ങളിലേക്കും ജീവചരിത്രകാരൻ നമ്മെ നയിക്കുന്നു. സാഹിറിനെക്കുറിച്ച് എഴുതിയതിൽ ഏറെ പുകഴ്ത്തപ്പെട്ട അക്ഷയ് മൻവാനിയുടെ സാഹിർ ലുധിയാൻവി-പീപ്പിൾസ് പോയറ്റ് എന്ന പുസ്തകത്തെ മാത്രം ആശ്രയിച്ച് മറ്റൊരു ഭാഷയിൽ ലുധിയാൻവിയെക്കുറിച്ച് ഒരു ജീവചരിത്രം എളുപ്പത്തിൽ എഴുതാം. സമദ് അത്തരത്തിൽ എളുപ്പ വഴികൾ തേടുന്നില്ല. പല വഴികളിലൂടെ സഞ്ചരിച്ച്, ഉറുദു-ഹിന്ദി സോഴ്സുകൾ പരിശോധിച്ച് (പൊതുവിൽ പിന്തുടരാറുള്ള ഇംഗ്ലീഷ് സോഴ്സു മാത്രം എന്ന ശൈലിയിൽനിന്നും പൂർണമായും മാറി) ഹൃദയസ്പന്ദനങ്ങൾ തുടിക്കുന്നതും ജൈവികവും വായനാക്ഷമതയുമുള്ളതുമായ ഒരു ജീവചരിത്രഗ്രന്ഥം യാഥാർഥ്യമാക്കിയിരിക്കുന്നു.

Content Highlights: V Musafar Ahammed, Sahir Aksharangalude Abhicharakan, written by KPA Samad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented