'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലെ മുന്‍കമ്യൂണിസ്റ്റുകാരനെ ഇന്ന് വായിക്കുമ്പോള്‍ എന്തുതോന്നുന്നു?


വി.സി ശ്രീജന്‍

സ്വര്‍ണ്ണക്കണ്ണടയും സില്‍ക്കു ജുബ്ബയും ട്രൗസേഴ്‌സുമായി ഗോള്‍ഡ്ഫ്‌ലെയ്ക് സിഗരറ്റ് വലിച്ചുകൊണ്ടു വരുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇപ്പോള്‍ എന്തുതോന്നും? ചിത്തസന്നിപാതമൂര്‍ച്ഛയില്‍ ലോകം മറന്ന് പാപത്തിലേക്കു സ്വയം വീഴുകയും അന്യരെ അങ്ങോട്ടു ക്ഷണിക്കുകയും ചെയ്യുന്ന കുടിലാത്മാക്കള്‍ എന്നോ?

അക്കിത്തം, വി.സി ശ്രീജൻ

മഹാകവി അക്കിത്തത്തിന്റെ വിഖ്യാത കാവ്യമായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' നിരൂപകന്‍ വി.സി ശ്രീജന്റെ വായനയില്‍.

സന്തുഷ്ടവും ഭയാനകവുമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ഏകാകികളുടെ മോഹഭംഗവും വൈരസ്യവും ശിഥിലവിചാരവും അവതരിപ്പിച്ചുകൊണ്ട് ഒരു ആധുനികകവിതയായിത്തീര്‍ന്ന ഖണ്ഡകാവ്യമാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'. ആധുനികതയുടെ മുഖമുദ്രയായ ദുര്‍ഗ്രാഹ്യത ഈ കവിതയില്‍ ഒട്ടുമില്ല. വേറെ ചില ആധുനികകവിതകളില്‍ എന്ന പോലെ ദുഃഖത്തിനിടയില്‍ പ്രസരിക്കുന്ന പ്രത്യാശയുടെയും ആശ്വാസത്തിന്റെയും നേര്‍ത്ത കിരണങ്ങള്‍ ഈ കവിതയിലും കാണാം. ആധുനികകവികള്‍ സമൂഹത്തെ അനുഭാവത്തോടെ കാണുമായിരുന്നു എങ്കിലും അവരുടെ കവിത സാമാന്യജനങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ല. സമൂഹത്തില്‍ ചേരാതെ തനിച്ചുനില്ക്കുന്ന കഥാപാത്രങ്ങളും വക്താക്കളും, വായനയില്‍ യുക്തിയോ കാര്യകാരണങ്ങളോ ചേരാത്ത തുടര്‍ച്ചകളും അതില്‍ സാധാരണമായിരുന്നു. ഏതു ആധുനികകവിതയ്ക്കും ഒരര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു കഥ പറയാന്‍ കാണും. അതിനാല്‍ ആധുനികകവിതകളെ പൊതുവെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസങ്ങള്‍ എന്നു വിളിക്കാം. അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ കഥയോടൊപ്പം ചരിത്രപ്രാധാന്യമുള്ള ഒരു കുമ്പസാരത്തിന്റെ കഥയും കൂട്ടിച്ചേര്‍ക്കുന്നു. മുമ്പ് കമ്മ്യൂണിസ്റ്റായിരുന്ന ഒരാള്‍ തന്റെ മുന്‍കാലജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സ്വയം മാപ്പുനല്കുന്നതിന്റെ കഥ. കമ്മ്യൂണിസ്റ്റ് ആകാനായി താന്‍ തള്ളിക്കളഞ്ഞ പരമ്പരാഗതമൂല്യങ്ങളിലേക്കു തിരിച്ചുപോകുന്ന വക്താവ് പുതിയ ഭൗതികശാസ്ത്രങ്ങളെയും സമൂഹശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും കയ്യൊഴിയുന്നു. പഴമയെ പുതുമകൊണ്ട് തിരുത്തിയ ശേഷം ആ പുതുമയെ വീണ്ടും പഴമകൊണ്ട് തിരുത്തിയെഴുതുന്ന കവി ഇതേ കവിതയില്‍ താന്‍ പരിഹസിക്കാന്‍ പോകുന്ന വൈരുദ്ധ്യവാദ ('തീസിസ്സിനോടേല്‍പ്പിതാന്റി/ത്തിസീസ്സെന്നൊരു സാധനം')ത്തിലെ 'നിഷേധത്തിന്റെ നിഷേധം' എന്ന നിയമത്തെ തന്റെ പ്രവൃത്തിയിലൂടെ പിന്‍പറ്റുകയാണ്.

തന്റെ മനസ്സിനെ മഥിക്കുന്ന പാപഭാരത്തെ ദീര്‍ഘമായ മനനത്തിലൂടെ ഒഴിപ്പിച്ചതിനു ശേഷം അത്യുന്നതമായ ഒരു അവബോധത്തിലേക്ക് കവി എത്തുന്നു. ജീവിതത്തിലെ എറ്റവും പ്രധാനമായ കര്‍ത്തവ്യം സഹജീവിസ്‌നേഹമാണ് എന്നു കവി മനസ്സിലാക്കുന്നു. മറ്റുള്ളവര്‍ക്കായി ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുമ്പോള്‍ തന്റെ ഉള്ളില്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാര്‍ ഉദിക്കുന്നതായും മറ്റുള്ളവര്‍ക്കായി ഒന്നു പുഞ്ചിരിക്കുമ്പോള്‍ തന്റെ ഹൃദയത്തില്‍ നിത്യനിര്‍മ്മലപൗര്‍ണ്ണമി ഉലാവുന്നതായും കവി അറിയുന്നു. ഇത്രയും വലിയ ഒരു ആനന്ദം തനിക്കു കിട്ടുമല്ലോ എന്ന സത്യം ഇതുവരെ താന്‍ മനസ്സിലാക്കിയില്ലല്ലോ എന്ന ഖേദമാണ് കവിക്ക്. മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരിക്കുക എന്ന സ്‌നേഹവിനിമയത്തെ കവി പ്രകടിപ്പിക്കുന്നത്, ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് 'ചെലവാക്കവേ' എന്നു ചൊല്ലിക്കൊണ്ടാണ്. 'ചെലവാക്കവേ' എന്ന വാക്കില്‍ പണം എന്ന രൂപകം നിഴലിക്കുന്നു. സഹജീവിസ്‌നേഹത്തിലൂടെ വക്താവിനു വലിയ ആനന്ദാനുഭൂതി ഉണ്ടാകുന്നുവെങ്കിലും തന്റെ സ്‌നേഹംകൊണ്ട് താന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് എന്തു പ്രയോജനം എന്ന് കവി ആലോചിക്കുന്നില്ല.

എന്നാലും പിന്നീടു മാത്രം അറിഞ്ഞ ഈ സത്യത്തിലേക്ക് താന്‍ എത്തിയതെങ്ങനെ എന്ന് കവി തുടര്‍ന്നുവരുന്ന 'സ്വര്‍ഗ്ഗം,' 'നരകം,' 'പാതാളം,' 'ഭൂമി' എന്നീ ഖണ്ഡങ്ങളില്‍ വിവരിക്കുന്നു. ഈ ഉപശീര്‍ഷകങ്ങളില്‍ വരുന്ന 'സ്വര്‍ഗ്ഗ'വും 'നരക'വും പോലുള്ള ബ്രാഹ്‌മസൂചനകള്‍ പ്രപഞ്ചം മുഴുവനും വ്യാപിക്കുന്ന കാവ്യസാംഗത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. നഷ്ടമായ പഴയ ജീവിതാവബോധത്തെ ഒരു കുട്ടിയുടെ ബാല്യകാലാനുഭവങ്ങളുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയാണ് കവി 'സ്വര്‍ഗ്ഗ'മെന്ന ആദ്യഖണ്ഡത്തില്‍. ഗ്രഹണത്തിന്റെ കഥ പറഞ്ഞു കൊടുക്കുന്ന കവിയുടെ അച്ഛന്‍, ''രാഹു കേതുക്കളാം രണ്ടു/പടംപൊക്കിയ പാമ്പുകളെ''പ്പറ്റി പറയുന്നു. ഒരേ പാമ്പിന്റെ രണ്ടു കഷണങ്ങളാണ് രാഹുവും കേതുവും. കവിയുടെ ഓര്‍മ്മയില്‍ അത് രണ്ടു പാമ്പുകളായി മാറിയിരിക്കുന്നു. ഈ കവിതയില്‍ ഇരുപതാം നൂറ്റാണ്ട് പ്രത്യക്ഷപ്പെടുന്നത് ശാസ്ത്രീയമായ വിജ്ഞാനത്തിന്റെ രൂപത്തിലാണ്. പുതിയ വിജ്ഞാനത്തിന്റെ ഉറവിടം കവി വ്യക്തമാക്കിയിട്ടില്ലെങ്കിലും പാശ്ചാത്യരില്‍നിന്നു കൈമാറിക്കിട്ടിയതും പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നു പുറത്തേക്കു പരക്കുന്നതുമായ അറിവാണ് അത്. മുമ്പേ ഈ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ശാശ്വതവും അനശ്വരവുമായ ജീവിതാവ ബോധത്തെ മായ്ച്ചുകളയാന്‍ പുതിയ ജ്ഞാനത്തിനു കഴിഞ്ഞു. പഴയ വിജ്ഞാനത്തിന്റെ സ്ഥൈര്യത്തെ ബാല്യകാലത്തില്‍ കിട്ടുന്ന സ്‌നേഹസംരക്ഷണങ്ങളുമായി സമീകരിക്കുകയാണ് കവി. കവിതയുടെ ആദ്യഖണ്ഡമായ 'സ്വര്‍ഗ്ഗ'ത്തില്‍ പറയുന്നത് അതാണ്. തുടര്‍ന്ന് 'നരകം,' 'പാതാളം,' 'ഭൂമി' എന്നീ ഖണ്ഡങ്ങള്‍ വരുന്നു. അസൂയാവഹമായ ബാല്യം, പിന്നെ വീഴ്ച, പഴയ അറിവാകുന്ന നേര്‍വഴി, വീഴ്ചയില്‍നിന്നു മോചനം ഈ ഇടവേളകളിലാണ് കവിതയിലെ പതനവും മോചനവും.

കവിത ചൊല്ലുന്ന ഞാന്‍, വക്താവ്, കുറച്ചു മുമ്പുവരെ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ആദര്‍ശവും ആവേശവും കത്തിനിന്ന കാലത്ത് താന്‍ ചെയ്തുപോയ അപരാധങ്ങള്‍ ഇപ്പോള്‍ അയാള്‍ ഏറ്റുപറയുന്നു. ഹിംസയിലൂടെ മാനവവിമോചനം എന്ന പാപത്തിന്റെ വഴി ഉപേക്ഷിച്ച് നിരുപാധികമായ സഹജീവിസ്‌നേഹം എന്ന സ്വര്‍ഗ്ഗത്തിലേക്ക് അയാള്‍ നടന്നുകയറിയിരിക്കുന്നു. 'വെളിച്ചം ദുഃഖമാണുണ്ണീ/തമസ്സല്ലോ സുഖപ്രദം' എന്നു വരികള്‍ക്കപ്പുറം വായിക്കാനിരിക്കുന്നതുപോലെ, വ്യത്യസ്തവും ആധുനികവും ഭൗതികവുമായ അറിവുകള്‍ ആണ് പടിപടിയായി വക്താവിനെ ദുഃഖത്തിലേക്കു നയിച്ചത്. 'സ്വര്‍ഗ്ഗം' എന്നു പേരിട്ട കവിതയുടെ ആദ്യഖണ്ഡത്തില്‍ പഴമയെയും പാരമ്പര്യത്തെയും മറുകെ പിടിച്ച് ജീവിക്കുകയായിരുന്ന ഒരു നിശ്ചലകുടുംബത്തിനു സഹജമായ ആത്മവിസ്മൃതിയും ആനന്ദവും താന്‍ അനുഭവിച്ചു. പോയ്‌പ്പോയ ബാല്യകാലത്തിന്റെ ഓര്‍മ്മകളാണ് അയാളുടെ സ്വര്‍ഗ്ഗം. കുട്ടി വളരുകയും പുതിയ അറിവുകള്‍ നേടുകയും ചെയ്തതോടെ ബാല്യമെന്ന സ്വര്‍ഗ്ഗത്തിന്റെ ആനന്ദം മാഞ്ഞു. ഭൂമി ഉരുണ്ടതാണെന്നും പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടെന്നും മണല്‍ത്തരികള്‍ എണ്ണിത്തീര്‍ക്കാനാവില്ലെന്നും മനസ്സിലായി. ഭൂമി ഉരുണ്ടതാണെങ്കില്‍ അതു നേരെ കുഴിച്ചു ചെന്നാല്‍ മറുഭാഗത്ത് എത്തുമല്ലോ എന്നു യുക്തിവിചാരം ചെയ്തു. അതിരില്ലാത്ത ആകാശവും വെട്ടിയിട്ടാലും മുളക്കുന്ന മരങ്ങളും ഈച്ചകളും നാല്കാലികളും ജീവകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന സൃഷ്ടികളും കാണുന്നതും കാണാത്തതുമായ കൃമികീടങ്ങളും, കുരങ്ങന്മാരും എല്ലാറ്റിനും മീതെ കൈകള്‍ വിട്ട് എഴുന്നേറ്റ് ഇരുകാലില്‍ നില്ക്കുന്ന മനുഷ്യരും അവിടെ കാണാറാകുന്നു. 'പിടിച്ചവയിരുമ്പായി/കടിച്ചവ കരിമ്പുമായ്' എന്ന് കുരങ്ങന്മാരെ വിവരിക്കുമ്പോള്‍ ഇരിമ്പിന്റെയും കരിമ്പിന്റെയും പ്രാസബന്ധനത്തില്‍ കീഴ്മേല്‍ മറിഞ്ഞു തൂങ്ങുന്ന ഒരു ആശ്രയാശ്രിതബന്ധം കാണാറാകുന്നു. അതായത്, കുരങ്ങന്‍ സ്വന്തം മിടുക്കു കൊണ്ടാണ് മരക്കൊമ്പില്‍ ഉറച്ചിരിക്കുന്നതെങ്കിലും അത് മരക്കൊമ്പിന്റെ ഇരിമ്പുപോലുള്ള ഉറപ്പുകൊണ്ടാണെന്ന് സങ്കല്പിക്കുന്നു. കുരങ്ങന്‍ എല്ലാം തിന്നു നടക്കുന്നത് കുരങ്ങന്റെ സവിശേഷത കൊണ്ടല്ലെന്നും അത് എന്താണ് കടിക്കുന്നത്, അതിന്റെ സവിശേഷതകൊണ്ടാണ് എന്നും വന്നിരിക്കുന്നു. ആധുനിക ശാസ്ത്രത്തിലെ പരിണാമസങ്കല്പമാണ് ഭൂമി മുതല്‍ മനുഷ്യന്‍ വരെ നീണ്ടു കിടക്കുന്ന ഈ ചരിത്രം എഴുതാന്‍ കവിയെ പ്രേരിപ്പിച്ചത് എന്നു കരുതാം.

തന്നെയും തന്നെച്ചുറ്റുന്ന ഗോളഗണത്തെയും കീഴിലാക്കിയാലും മനുഷ്യന്റെ ജയം പൂര്‍ണ്ണമാകുന്നില്ല. അനന്തതയിലൂടെ അനേകം ദീപ്തിവര്‍ഷങ്ങള്‍ സഞ്ചരിച്ചാല്‍ അവനു വേറെ സൂര്യന്മാരെയും അവയെ ചുറ്റുന്ന ഗോളങ്ങളെയും കാണാം അവയ്ക്കുമപ്പുറം പരകോടി ബ്രഹ്‌മാണ്ഡങ്ങള്‍ വേറെയും കിടക്കുന്നു. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം വേറെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണാമെന്ന ശാസ്ത്രസത്യത്തെ അനന്തമായ കാലത്തിലൂടെ ആവര്‍ത്തിക്കുന്ന സൃഷ്ടിസ്ഥിതിലയചക്രങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന പൗരാണികസങ്കല്പവുമായി ഇവിടെ ഇണക്കിയിരിക്കുന്നു. മനുഷ്യഭാവനയ്ക്കു പോലും എത്തി നോക്കാനാവാത്ത വിശാലതയാണ് അപ്പുറം. എന്നാണ് ഈ കര്‍മ്മചക്രം തിരിയാന്‍ തുടങ്ങിയത് എന്ന് ആര്‍ക്കുമറിയില്ല. എന്ന് അവസാനിക്കും എന്നും അറിയില്ല.
പ്രകൃതിയെ കീഴടക്കുന്ന മനുഷ്യനെയാണ് പിന്നെ കവി കാണുന്നത്. നാല്ക്കാലികളെയും പിന്നെ മരത്തെയും ഭൂമിക്കകത്തെ കല്ക്കരിയെയും കൊണ്ട് മനുഷ്യന്‍ തന്റെ ഭൃത്യവേല ചെയ്യിച്ചു. പുഴവെള്ളത്തിലെ വിദ്യുച്ഛക്തിയെയും കാറ്റിലെ ശക്തിയെയും പരമാണുവിലെ ദിവ്യശക്തിയെയും അവന്‍ കീഴടക്കി ജോലി ചെയ്യിച്ചു. അടുത്ത ഘട്ടത്തില്‍ അവന്‍ മനുഷ്യരെ മാടാക്കി ജോലി ചെയ്യിച്ചു. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് മനുഷ്യന്‍ നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ആ തൊഴിലാളിയല്ല. ഈ അനീതി വക്താവിനെ ഒരു കലാപകാരിയാക്കുന്നു.

പുതിയ ഫാഷന്‍ വസ്ത്രങ്ങളും അലങ്കാരങ്ങളും ഉപഭോഗവസ്തുക്കളുമായി വിലസി നടക്കുകയും അങ്ങനെ സ്വന്തം വില കൂട്ടുകയും അതില്‍ പുളകംകൊള്ളുകയും ചെയ്യുന്ന കുറേ ചെറുപ്പക്കാരെ അക്കിത്തത്തിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ'ത്തില്‍ കാണാം. പൊടിമീശ മൂക്കിനു താഴെ, തിളങ്ങുന്ന സ്വര്‍ണ്ണംകെട്ടിയ കണ്ണട, ബനിയന്‍ പുറത്തു കാണുമാറ് അത്രയും നേര്‍ത്ത സില്‍ക്കു ജുബ്ബ, ചുണ്ടുകള്‍ക്കിടയില്‍ ഗോള്‍ഡ് ഫ്‌ലെയ്ക്ക് സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കും. കൈയില്‍ സിഗരറ്റ് കെയ്‌സും ലൈറ്ററും കരുതിയിരിക്കുന്നു. വഴിയില്‍ മുടി അലങ്കോലമായാല്‍ ചീകിയൊതുക്കാന്‍ കീശയില്‍ ചീര്‍പ്പുണ്ട്. കൈയില്‍ ഫേവര്‍ലൂബാ വാച്ച്, പത്തു കൈവിരലുകളിലും രത്‌നം പതിച്ച മോതിരങ്ങള്‍. കാലുകളില്‍ കളസം (കള്‍സാഓ=പുരുഷന്മാരുടെ ട്രൗസേഴ്‌സ്), പാദങ്ങളില്‍ ഷൂസ്. ഈ യുവാക്കള്‍ റോള്‍സ് റോയിസ്, ഷവര്‍ലേ, ഹില്‍മന്‍, സ്റ്റുഡി ബേക്കര്‍, മോറിസ്, ബ്യൂക് കാറുകളില്‍ സഞ്ചരിക്കുന്നു. ഇവരുടെ ചിത്തം സിനിമയും അതിലെ പാട്ടും നൃത്തവും കൊണ്ട് ഇളകിമറിയുകയാണ്. സംഗീതവും നൃത്തവും ഇവരെ ''ചിത്ത സന്നിപാതവിമൂര്‍ച്ഛ''യില്‍ എത്തിക്കുന്നു. വന്യമായ ഉന്മാദാവസ്ഥയില്‍ ഇവരെ എത്തിക്കുന്നത് ഗീതാ റോയി(ദത്ത്), സുരയ്യ, ലളിത, പത്മിനി, രാഗിണി, നര്‍ഗീസ്, ടി. ആര്‍(മഹാലിംഗം) എന്നീ കലാകാരന്മാരാണ്. ടിആറിനെപ്പറ്റി, 'ഗംഭീരാംഗസ്ഥൂലവിക്ഷേപരീതി'യാല്‍ അനുഗൃഹീതന്‍ എന്നു കവി. സ്ഥൂലവും ഗംഭീരവുമായ അംഗവും അതുകൊണ്ടു കാണിക്കുന്ന അംഗവിക്ഷേപവും രീതിയാക്കിയ ഗായകന്‍ എന്നു താത്പര്യം. എന്നാല്‍ ഈ വിവരണം ടി ആറിനല്ല, ഘണ്ടശാലയ്ക്കാണ് കൂടുതല്‍ ഇണങ്ങുക.

ദശകങ്ങള്‍ക്കു ശേഷം ഈ വരികള്‍ ഒന്നുകൂടി വായിച്ചുനോക്കുക. സ്വര്‍ണ്ണക്കണ്ണടയും സില്‍ക്കു ജുബ്ബയും ട്രൗസേഴ്‌സുമായി ഗോള്‍ഡ്ഫ്‌ലെയ്ക് സിഗരറ്റ് വലിച്ചുകൊണ്ടു വരുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇപ്പോള്‍ എന്തുതോന്നും? ചിത്തസന്നിപാതമൂര്‍ച്ഛയില്‍ ലോകം മറന്ന് പാപത്തിലേക്കു സ്വയം വീഴുകയും അന്യരെ അങ്ങോട്ടു ക്ഷണിക്കുകയും ചെയ്യുന്ന കുടിലാത്മാക്കള്‍ എന്നോ? ഒരിക്കലുമില്ല. കാലം കടന്നുപോയപ്പോള്‍ അന്നത്തെ വികൃതപരിഷ്‌കാരികള്‍ നിരുപദ്രവികളായ നിഷ്‌കളങ്കരെന്നു തോന്നിക്കുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ ഇരമ്പിയെത്തിയപ്പോള്‍ പഴയ പരിഷ്‌കാരികള്‍ നിഷ്‌കളങ്കരും ശുദ്ധന്മാരുമായി മാറി. അവരെ നീചമാര്‍ഗ്ഗത്തിലേക്കു നയിച്ച പാട്ടുകാരെയും നടീ നടന്മാരെയും ഓര്‍ക്കുമ്പോള്‍, കഷ്ടം, ഈ സാധുക്കളെയാണോ ചിത്തസന്നിപാതോത്പാദകര്‍ എന്നു വിളിച്ചത് എന്ന് ആശ്ചര്യപ്പെട്ടു പോകും. സുരയ്യ, ഗീതാദത്ത്, ലളിത, പത്മിനി, രാഗിണി, നര്‍ഗീസ് എന്നിവരുടെ നൃത്തമോ നടനമോ സാന്നിദ്ധ്യമോ യുവാക്കളെ ചിത്തസന്നിപാതത്തില്‍ ആഴ്ത്തുമെന്ന് ഇന്ന് സങ്കല്പിക്കാനേ പറ്റില്ല. കാലം മാറിയപ്പോള്‍ ഉത്തേജകങ്ങളുടെ രൂപവും ബലവും മാറി. സില്‍ക്കു ജുബ്ബ ധരിക്കുകയും ഗോള്‍ഡ്ഫ്‌ലെയ്ക് വലിക്കുകയും ബ്യൂക്കു കാറില്‍ സഞ്ചരിക്കുകയും ടി. ആറിന്റെ പാട്ട് ഇഷ്ടപ്പെടുകയും ചെയ്ത യുവാക്കള്‍ ദേശത്തിന്റെ അന്നത്തെ ധാര്‍മ്മികവ്യവസ്ഥയെ അട്ടിമറിച്ചു എന്ന് മാറിയ ഈ കാലത്തു വിചാരിക്കാന്‍ വിഷമമാണ്.

എന്നാല്‍ അന്നത്തെ യുവാക്കള്‍ അന്ധകാരത്തിലൂടെ ഉലാത്തുമ്പോള്‍ അറിയാതെ മടിശ്ശീലക്കുടുക്കുകള്‍ അഴിയുന്നതായി കവി കാണുന്നു. അഴിഞ്ഞ മടിശ്ശീലയില്‍നിന്ന് നാലണത്തുട്ടുകളും എട്ടണത്തുട്ടുകളും പാതയിലേക്ക് ഊര്‍ന്നു വീഴുന്നു. ശുഭ്രമായ നാട്ടുപൂവിന്റെ ശാലീനപരിവേഷവും അഴിഞ്ഞു വീഴുന്നു. അങ്ങനെ ദിവസങ്ങള്‍ നീങ്ങെ പാതയിലൂടെ റോള്‍സ് റോയിസ്, ഷവര്‍ലേ, ഹില്‍മന്‍, സ്റ്റുഡിബേക്കര്‍, മോറിസ്, ബ്യൂക് കാറുകള്‍ ചീറിപ്പായുമ്പോള്‍ പാതയോരത്തുനിന്നു മനുഷ്യശിശുവിന്റെ നേര്‍ത്ത ദീനരോദനം കേള്‍ക്കുന്നു. ഇവിടെയാണ് കവിതയിലെ ഏറ്റവും ഭീകരമായ ദൃശ്യം വരുന്നത്,
നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പിവലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി
നേരത്തെ പാതയിലൂടെ കാറില്‍ കടന്നുപോയ ഒരാളുടെ ശരീരാംശമാണ് ആ നരവര്‍ഗ്ഗനവാതിഥിയെന്ന് സംശയിക്കാന്‍ സംഭവങ്ങളുടെ അനുക്രമം വായനക്കാരെ പ്രേരിപ്പിക്കും. കവിയെ കോപിഷ്ഠനാക്കുന്ന അക്രമങ്ങളിലൊന്ന് ഈ പെണ്ണിന്റെ ദുര്‍മ്മരണമാണ്. അതിശയോക്തി കലര്‍ന്ന ചിത്രമെങ്കിലും ഇക്കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി ആ മൃതശരീരം നിരത്തില്‍തന്നെ കിടക്കുകയായിരുന്നു എന്നു തോന്നിപ്പോകും.

ഇനി യുവാക്കള്‍ക്കു പിറകെ വരുന്ന യുവതികളെ കാണുക. അവരുടെ കൂട്ടത്തില്‍ ലക്ഷപ്രഭുകുമാരികളുണ്ട്. ചടുലായതനേത്രകളായി അവര്‍ പരിലസിക്കുന്നു. കഴുത്തില്‍ അണിഞ്ഞ നെക്ലെസിന്റെ ലോക്കറ്റ് ഇളകിയാടുന്നു. കാതില്‍ ഇയര്‍റിങ്ങുകളാണ്. വിരലുകളില്‍ മോതിരം. വള, മാല, ബ്രൂച്ച് എന്നിവയുണ്ട്. കൈയില്‍ നവരത്‌നങ്ങള്‍ കൊണ്ടും സ്വര്‍ണ്ണംകൊണ്ടും നിര്‍മ്മിച്ച, 'ഓള്‍പ്രൂഫ്' ആയ (വെള്ളം കേറാത്ത, കുലുക്കമേശാത്ത, പൊടി കേറാത്ത, കാന്തം പിടിക്കാത്ത) വാച്ചുകള്‍ കെട്ടിയിരിക്കുന്നു. കഴുത്തിലും കൈകളിലും ഉടുപ്പിലും അണിയേണ്ടവയെല്ലാം അണിഞ്ഞുകൊണ്ട് ചിലര്‍ വരുന്നു, വേറെ ചിലര്‍ ആഭരണങ്ങള്‍ ഒന്നും അണിയില്ല എന്ന ശാഠ്യത്തോടെ നടന്നു വരുന്നു. നഗരത്തിന്റെ കിനാവുകളായി അവര്‍ ബീച്ചില്‍ ഉലാത്തുന്നു. വെള്ളവസ്ത്രം ധരിക്കുന്ന മലയാളനതാംഗിമാരുണ്ട്. മുട്ടും കഴുത്തും മൂടാത്ത ചട്ടക്കാരികള്‍ വേറെ. മുടിയില്‍ മേറ്റിവോയില്‍(?) പുരട്ടി കടുംനിറങ്ങള്‍ പുളക്കുന്ന വെല്‍വെല്‍റ്റണിഞ്ഞ് അവര്‍ വരുന്നു. ജോര്‍ജറ്റും ടിഷ്യുവും അണിഞ്ഞും വലപോലുള്ള ബോഡീസ് ധരിച്ചും കണ്ണാടിപോലുള്ള പട്ടുസാരി ധരിച്ചും ലേഡികള്‍ തല പൊക്കി വിലസുകയാണ്. ചിലര്‍ ഒരു പൂമരക്കാടു മുഴുവന്‍ തലയില്‍ കെട്ടിവെച്ചിരിക്കുന്നു. ചിലര്‍ വകഞ്ഞ മുടി രണ്ടാക്കി മെടഞ്ഞിട്ട് ആട്ടിക്കൊണ്ടു നടക്കുന്നു. ബോബുചെയ്ത ശിരസ്സാകെ വലയിട്ടു മൂടിക്കൊണ്ടാണ് വേറെ ചിലരുടെ നടത്തം. അലസമായി മുടി കാറ്റത്തു ചിക്കിയിട്ടു വരുന്നവരും ഉണ്ട്.

ഇന്നത്തെ മുതുമുത്തശ്ശിമാര്‍ ചെറുപ്പമായിരുന്നപ്പോള്‍ എടുത്ത ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോകള്‍ പോലിരിക്കുന്നു ഈ ചിത്രങ്ങള്‍. വമ്പന്‍ പാപങ്ങള്‍ ആയ കാലത്തു ചെയ്തുകൂട്ടിയതാണ് എന്നു നിങ്ങള്‍ പറഞ്ഞാലും അതാരും വിശ്വസിക്കില്ല. അന്നത്തെ പരിഷ്‌കാരികളെ കാലം തേച്ചുമിനുക്കി നിരുപദ്രവികളായി മാറ്റിയിരിക്കുന്നു. അവരുടെ നിര്‍മ്മലമായ മനസ്സുകളില്‍ ചിത്തസന്നിപാതാര്‍ത്തി പെരുകിയിരിക്കുന്നു എന്നു പറഞ്ഞാലും ശരിയാവില്ല. ആരൊക്കയാണ്, അല്ലെങ്കില്‍ ആരുടെയൊക്കെ പ്രതിബിംബങ്ങളാണ് ചിത്തസന്നിപാതാര്‍ത്തിക്കു കാരണം? നേരത്തെ പുരുഷന്മാരുടെ കാര്യത്തില്‍ എന്ന പോലെ ഇവിടെ സന്നിപാതത്തിനു ഹേതു രാജ് (കപൂര്‍), ദിലീപ് (കുമാര്‍), അശോക് (കുമാര്‍), ദേവാനന്ദ്, ഉദയശങ്കര്‍, (ഗുരു) ഗോപിനാഥ്, (കെ. എല്‍) സൈഗള്‍, (പങ്കജ്) മല്ലിക്, ഘണ്ടശാല (വെങ്കടേശ്വര റാവു) തുടങ്ങിയ നടന്മാരും ഗായകരുമാണ്. യുവതികളുടെ ഉപബോധമനസ്സാകുന്ന തിരശ്ശീലയില്‍ ഈ കലാകാരന്മാരുടെ രൂപവും ശബ്ദവും നിഴല്‍ച്ചിത്രങ്ങള്‍ സൃഷ്ടിക്കുന്നു. നിഴലുകളുടെ ആശ്ലേഷത്തില്‍ അവര്‍ മലയാളവും ഇംഗ്ലിഷും ഹിന്ദിയും കൊഞ്ഞിപ്പറയുന്നു. തൊട്ടാല്‍ പൊട്ടുമെന്നു തോന്നുന്ന, രതികൊണ്ടു നിര്‍മ്മിച്ച കുമിളകള്‍ പോലെ ഇവര്‍ വിലസുന്നു. ഇവരുടെ വസ്ത്രധാരണത്തിലും പുതുമോടികളിലും കാണുന്ന അത്യാഡംബരം ശാന്തഹൃദയപ്രതി ബിംബമല്ല, ചിത്തസന്നിപാതാര്‍ത്തിയാണ്. പുതുമോടികള്‍ അവരുടെ ഹൃദയത്തിലെ സംതൃപ്തിയുടെയും ശാന്തിയുടെയും പ്രതിഫലനമല്ല, മറിച്ച് സന്നിപാതത്തിലേക്കു കുതിക്കാന്‍ ചിത്തത്തിനുണ്ടായിരുന്ന ആര്‍ത്തിയുടെ പ്രതിഫലനമാണ്. എന്നാല്‍ ദേഹസൗഭാഗ്യവും നല്ല വേഷവും കൊണ്ട് തോന്നുന്ന ആത്മവിശ്വാസത്തില്‍ കവിഞ്ഞ് മറ്റേതെങ്കിലും ദുര്‍വികാരം ഈ യുവതികള്‍ക്ക് ഉണ്ടായിരുന്നു എന്നു കാണിക്കാന്‍ വേറെ സൂചനകളൊന്നും കവിതയില്‍ ഇല്ല, കവിയുടെ സാക്ഷ്യമല്ലാതെ.
യുവതികളുടെ ആഡംബരത്തെപ്പറ്റി കവി പറയുന്നതു കേള്‍ക്കൂ: മണിപ്പൊട്ടിച്ചിരി, കിനിഞ്ഞൂറുന്ന സുസ്മിതം, പതറുന്ന കണ്ണുകള്‍, കിനാവു കാണുന്ന ലോചനം, കണ്‍വെട്ടിനില്ക്കുന്ന പീലികള്‍, കുഴയും തനുവല്ലി അങ്ങനെ പോകുന്നു വാക്കുകള്‍. ഇവയില്‍ ആഭരണങ്ങളെപ്പറ്റിയും അലങ്കാരങ്ങളെപ്പറ്റിയും പറയുന്ന ഭാഗങ്ങള്‍ മാറ്റിയാല്‍ പിന്നെയെല്ലാം യുവാക്കളുടെ വിലാസങ്ങളാണ്. ഈയിടെ പ്രാപ്തമായ യൗവ്വനത്തില്‍ മുഗ്ദ്ധരായതിന്റെ പേരില്‍ യുവാക്കളെ കുറ്റം പറയരുത്. കുറച്ചു കൊല്ലങ്ങള്‍ മാത്രം നീണ്ടുനില്ക്കുന്ന ആരോഗ്യത്തിന്റെയും യൗവ്വനത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രകൃതിസഹജമായ പ്രദര്‍ശനത്തില്‍ പക്വമതികള്‍ക്ക് ദേഷ്യമോ അസഹ്യതയോ അശ്ലീലമോ തോന്നാന്‍ പാടില്ല. കവി അന്നു സമൂഹവിമര്‍ശനത്തിന്റെ ഭാഗമായി നിര്‍വ്വഹിച്ച കാമിനീഗര്‍ഹണം ഇന്നു വായിക്കുമ്പോള്‍ അന്നത്തെ കാമിനികളോട് വാത്സല്യം മാത്രമേ തോന്നുകയുള്ളൂ.

തനിക്കു ചുറ്റും കണ്ട ലോകത്തിലെ അധര്‍മ്മങ്ങളും ക്രൂരതകളും വക്താവിനെ ഭൗതികമായ മാനവവിമോചനം എന്ന ആദര്‍ശത്തിലേക്കു നയിച്ചു. ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കാനായി കവിക്ക് കമ്മ്യൂണിസം എന്ന ആശയസംഹിതയുണ്ടായിരുന്നു. കമ്മ്യൂണിസം കവിതയില്‍ പ്രത്യക്ഷപ്പെടുന്നത് വക്രവും വികൃതവുമായിട്ടാണ്. കമ്മ്യൂണിസത്തിന്റെ കാരികേച്ചര്‍ എന്നു പറഞ്ഞാലും തെറ്റില്ല. പാതാളം എന്ന ഖണ്ഡത്തിലാണ് കമ്മ്യൂണിസത്തിന്റെ ആശയസംഗ്രഹം. മുമ്പ് കമ്മ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന ഒരാള്‍ പിന്നീട് ആ വിശ്വാസം ത്യജിക്കുകയാണെങ്കില്‍ സ്വാഭാവികമായും അതിനു ചില വികൃതരൂപങ്ങള്‍ സിദ്ധിക്കുമല്ലോ. അതാവാം ഇവിടെയും.

വിപരീതങ്ങള്‍ തമ്മിലെ സംഘര്‍ഷത്തിലൂടെ പുതിയ തത്ത്വങ്ങള്‍ ഉണ്ടാവുന്നു എന്ന കമ്മ്യൂണിസത്തിലെ പ്രസിദ്ധമായ ആശയത്തിന്റെ കോലം നോക്കുക:
തീസിസ്സിനോടേല്‍പ്പിതാന്റി
ത്തിസീസ്സെന്നൊരു സാധനം,
അതില്‍നിന്നു ജനിപ്പു സി
ന്തെസിസ്സാം നാകമൂര്‍വ്വിയില്‍...

അക്കാലത്തെ കമ്മ്യൂണിസ്റ്റ് പഠിതാക്കള്‍ തീസിസ്, ആന്റിതീസീസ്, സിന്തെസിസ് എന്നീ സാങ്കേതികപദങ്ങള്‍ ഉപയോഗിക്കുമായിരുന്നു. ഈ പദങ്ങള്‍ സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ 'സാധനം' എന്നു വിളിക്കുന്നത് അതിനോട് അവജ്ഞയുണ്ടെന്നു കാണിക്കാനാണ്. സംഘര്‍ഷഫലമായി പുതുതായി രൂപംകൊള്ളുന്ന സമൂഹത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിളിക്കുന്നത് പരിഹാസവും. വിപ്ലവം ജയിച്ചേടത്തൊ ന്നും സ്വര്‍ഗ്ഗരാജ്യങ്ങള്‍ സ്ഥാപിതമായില്ലല്ലോ. കമ്മ്യൂണിസ്റ്റുകളുടെ പാവനമായ ജനസേവനം എന്നുവെച്ചാല്‍ അസത്യം, ചതി, തീവെപ്പ്, കൊള്ള, വഞ്ചന, ചോരണം, ചാരവൃത്തി, വധം തുടങ്ങിയവയാണ്. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെല്ലാം ദയാശൂന്യരായ കഠിനഹൃദയരാണെന്നും അവര്‍ വിചാരിക്കുന്നു. മുതലാളിവര്‍ഗ്ഗത്തില്‍ പെട്ടവരുടെ സിരകളില്‍ ഒഴുകുന്നത് രക്തമല്ല, തണുത്ത വെള്ളമാണ്. അതുകൊണ്ട് അവരെ കൊത്തിത്തെറിപ്പിക്കാം, കാരണം അവര്‍ ശിലയാണ് എന്നും കമ്മ്യൂണിസ്റ്റുകാര്‍ വിചാരിക്കുന്നു. ബൂര്‍ഷ്വകളോട് ദയ കാണിക്കുന്നത് വര്‍ഗ്ഗവഞ്ചനയാണ് എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിക്കുന്നു. ഈ ഉപാലംഭങ്ങളെല്ലാം കഴിഞ്ഞ് ഒരു ഡാര്‍വിന്‍ പാഠത്തില്‍ കവിത എത്തുന്നു:

കയ്യൂക്കുള്ളവനേ കാര്യ
ക്കാരനെന്നു ധരിക്കുക:
അര്‍ഹിപ്പതതിജീവിക്കു
മെന്നല്ലോ തത്ത്വസംഹിത!

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചൊല്ലില്‍ മനുഷ്യനെ സംബന്ധിക്കുന്ന പരമ സത്യമുണ്ട്. പ്രകൃതിയിലെ ആഹാരക്രമത്തിന്റെ അടിസ്ഥാനതത്ത്വം അതുതന്നെ. ചെറിയ ജീവികളെ വലിയ ജീവികള്‍ വലിയ ജീവികളെ അതിലും വലിയ ജീവികള്‍ തിന്നുന്നു. ദൂരെ നിന്നു നോക്കുമ്പോള്‍ അക്രമമായി തോന്നുമെങ്കിലും അത് വെറും ഇരതേടലും തീറ്റയുമാണ്. കാട്ടിലെ നീതി എന്നു പറയുന്നത്, പ്രകൃതിയിലെ നീതി തന്നെയാണ്. മനുഷ്യന്റെ അധികാരബന്ധങ്ങളും അധിനിവേശങ്ങളും ഇതേ കാട്ടുനീതിയുടെ പരിഷ്‌കൃതരൂപാന്തരങ്ങളാണ് എന്നു കമ്മ്യൂണിസവും കരുതുന്നു. എന്നാല്‍ ലോകത്തില്‍ പൊതുവായി ഉള്ളതെന്ന് തങ്ങള്‍ കാണുന്ന ഒരു പെരുമാറ്റവിശേഷം സ്വന്തം ജീവിതത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കണമെന്നില്ല. ബലപ്രയോഗം ചിലപ്പോള്‍ ന്യായമാണെന്നു പറയുമ്പോഴും കയ്യൂക്കുള്ളവനാണ് കാര്യക്കാരനെന്നു തങ്ങള്‍ കരുതുന്നതായി കമ്മ്യൂണിസത്തില്‍ പറയാറില്ല. കയ്യൂക്കിന് സാമ്പത്തികൗന്നത്യം എന്ന അര്‍ത്ഥം മാത്രം കല്പിച്ചാലും കയ്യൂക്കുകള്‍ അവസാനിപ്പിച്ച് സമൂഹത്തില്‍ തുല്യത വരുത്തുക എന്നല്ലാതെ കയ്യൂക്കുള്ളവനാണ് കാര്യക്കാരന്‍ എന്ന് അവര്‍ സമ്മതിക്കില്ല. എന്നിരിക്കിലും 'ഇതിഹാസ'ത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ വിശ്വസിക്കുന്നു എന്ന് കവി വിശ്വസിക്കുന്നു. അര്‍ഹതയുള്ളത് അതിജീവിക്കുന്നു എന്ന, കമ്മ്യൂണിസ്റ്റ് ആശയമെന്നു കവി തെറ്റിദ്ധരിക്കുന്ന അതേ ആശയമാണ്, മനുഷ്യര്‍ക്കിടയില്‍ സമത്വം എന്ന കമ്മ്യൂണിസ്റ്റ് മൂല്യത്തെ നിരാകരിക്കുന്നത്.

അടുത്തതായി കവി ഉദ്ധരിക്കുന്ന, 'അര്‍ഹതയുള്ളത് അതിജീവിക്കും' എന്ന തത്ത്വസംഹിത വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് ആശയമല്ല, പരിണാമവാദിയായ ഡാര്‍വിന്റെ ആശയമാണ്. ഡാര്‍വിന്‍ പോലും സവിശേഷമായ ഏതെങ്കിലും കഴിവോ ജന്മഗുണമോ ഉള്ള ജീവികള്‍ അതിജീവിക്കും എന്നല്ല, പ്രതികൂലസാഹചര്യങ്ങളുമായി വേഗത്തില്‍ ഇണങ്ങിച്ചേരാന്‍ കഴിയുന്ന ജീവിവര്‍ഗ്ഗങ്ങള്‍ അതിജീവിക്കും എന്നാണ് പറഞ്ഞത്. കൂടുതല്‍ കായികശേഷിയുള്ള വര്‍ഗ്ഗങ്ങള്‍ അതിജീവിക്കും എന്ന് ഇതിന് അര്‍ത്ഥമില്ല. പരിണാമവാദത്തിലെ അതിജീവനം എന്ന ആശയത്തിന് ശരിയ്ക്കും സഹകരണം എന്നാണ് അര്‍ത്ഥമെന്ന വാദവും ഈയിടെ ഉയര്‍ന്നതായി ഓര്‍മ്മിക്കുന്നു. എന്നാല്‍ അര്‍ഹതയുള്ളത് അതിജീവിക്കും എന്ന തത്ത്വസംഹിത കമ്മ്യൂണിസ്റ്റിന്റേതാണെന്നു കവി വിചാരിക്കുന്നു. അല്ലെങ്കില്‍ ഇതിഹാസത്തിലെ മുന്‍കമ്മ്യൂണിസ്റ്റ് അങ്ങനെ വിശ്വസിക്കുന്നു. എന്നാല്‍ പരിണാമവാദത്തിന്റെ ജനകീയവികൃതരൂപമായ ഈ വിശ്വാസപ്രമാണം മുതലാളിത്തത്തിന്റേതാണ്, കമ്മ്യൂണിസവുമായി അതിനു ബന്ധമില്ല.

തുടര്‍ന്ന് ഈ ആശയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വക്താവ് തന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. പൊതുസ്ഥലങ്ങളില്‍ കണ്ടുമുട്ടുന്ന ചെറുപ്പക്കാരുമായി സ്‌നേഹസംഭാഷണങ്ങള്‍ ചെയ്യുന്നതിനിടയില്‍ വളരെ സമര്‍ത്ഥമായി അയാള്‍ തന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കുത്തിവെക്കുന്നു. ആദര്‍ശപ്രേരിതരായ ചെറുപ്പക്കാരെ കറക്കിയെടുക്കാന്‍ തുടക്കത്തില്‍ അയാള്‍ വിശ്വപ്രേമമെന്ന നറുംപാല്‍ യുവാക്കള്‍ക്കു നല്കുന്നു. പിന്നെ അതില്‍ ഗൂഢസ്മിതത്തോടെ വിദ്വേഷത്തിന്റെ വിഷം അല്പം ചേര്‍ത്തു. കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഇനി പാല്‍ വേണ്ട വിഷം മാത്രം മതിയെന്നും വെച്ചു. കടുത്ത വിദ്വേഷവും പകയുമല്ലാതെ വിശ്വപ്രേമമോ തൊഴിലാളിസ്‌നേഹമോ തരിപോലും അയാളില്‍ ഉണ്ടായിരുന്നില്ല. കലയ്ക്കു വേണ്ടിയുള്ള കല എന്നു പറയുന്നതുപോലെ വിദ്വേഷം വിദ്വേഷത്തിനു വേണ്ടി എന്നു പറയാം. ദുഷ്ടതയും പകയും വിദ്വേഷവും നിറഞ്ഞ അയാളുടെ ആഗ്രഹം നിറവേറാന്‍ വാസ്തവത്തില്‍ കമ്മ്യൂണിസമൊന്നും വേണ്ടിയിരുന്നില്ല. അല്ലാതെ തന്നെ അയാള്‍ക്ക് ഒരു രാജാവോ ചക്രവര്‍ത്തിയോ മറ്റോ ആയി സ്വന്തം പ്രജകളെ നരകദണ്ഡനകള്‍ക്കു വിധേയമാക്കാമായിരുന്നു. നല്ല ഉദ്ദേശ്യത്തോടെ തുടങ്ങി അറിയാതെ അബദ്ധത്തില്‍ പെട്ടുപോയി എന്നു മുന്‍കമ്മ്യൂണിസ്റ്റുകാരന്‍ പറഞ്ഞാല്‍ മനസ്സിലാക്കാം. ഇവിടെ സംഭവിച്ചത് അതല്ല. ദുഷ്ടതയുടെ സാക്ഷാത്കാരത്തിനായി കരുതിക്കൂട്ടി താന്‍ കമ്മ്യൂണിസ്റ്റാവുകയും ആളുകളെ നാശത്തിലേക്കു തള്ളുകയുമായിരുന്നു. കമ്മ്യൂണിസത്തിന്റെ ഏതെങ്കിലും ആന്തരികവൈകൃതം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അതു മനസ്സിലാക്കാം. അതല്ല വ്യക്തിയുടെ ആന്തരവൈകൃതംകൊണ്ടാണ് ഇതു സംഭവിച്ചതെങ്കില്‍ അതില്‍ കമ്മ്യൂണിസത്തിന് ഉത്തരവാദിത്തമില്ല. കമ്മ്യൂണിസത്തിനു പകരം മറ്റേതു സിദ്ധാന്തത്തില്‍ വിശ്വസിച്ചാലും അതേ വൈകൃതവും ദൂഷ്യഫലങ്ങളും വന്നുചേരും.

കമ്മ്യൂണിസം സ്വീകരിച്ചാല്‍ തന്റെ അനുയായികളെ ഭരണകൂടത്തിനു പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത് അതില്‍ സന്തോഷിക്കാന്‍ കഴിയും എന്ന സൗകര്യമുണ്ട്. കവിതയില്‍ പറയുന്നത് കൃത്യമായും അതുതന്നെ. കവി വരയ്ക്കുന്ന മുന്‍കമ്മ്യൂണിസ്റ്റുകാരന്റെ ഛായാചിത്രം കലര്‍പ്പോ മായമോ തെല്ലുമില്ലാത്ത പരിശുദ്ധമായ തിന്മയുടെതാണ്്. ജീവിതാന്ത്യത്തില്‍ പശ്ചാത്തപിച്ച് സ്‌നേഹത്തിലേക്കു തിരിച്ചു വരുന്നുണ്ടെങ്കിലും അതുവരെയുള്ള അയാളുടെ ജീവിതത്തില്‍ നന്മയുടെ കണിക പോലും കടന്നുവരുന്നില്ല. മനുഷ്യന്‍ എത്ര അക്രമിയായാലും അവനില്‍ നന്മയുടെ ഏതെങ്കിലും അംശമെങ്കിലും കാണും എന്നു പറഞ്ഞു കേള്‍ക്കാം. ലോകത്തില്‍ സര്‍വ്വസ്വാര്‍ത്ഥികളായി ആരുമില്ല എന്നു കവി തന്നെ പിന്നീട് പറയുന്നു. വെറും തിന്മകൊണ്ടു മാത്രം നിര്‍മ്മിച്ച ഒരു മനുഷ്യന്‍ എവിടെയുമില്ല. എന്നാല്‍ 'ഇതിഹാസ' ത്തിലെ മുന്‍കമ്മ്യൂണിസ്റ്റുകാരനു ഈ പൊതുനിയമം ബാധകമല്ല. അവസാനം നേരെ എതിരായ ദിശയിലേക്ക് അയാള്‍ തിരിഞ്ഞുനടക്കുന്നുണ്ടെങ്കിലും അത് മുമ്പേ നിലവില്‍ ഉണ്ടായിരുന്ന ഏതെങ്കിലും മാനുഷികവശത്തിന്റെ വികാസത്താല്‍ സംഭവിച്ചതല്ല.

മുന്‍കമ്മ്യൂണിസ്റ്റുകാരന്റെ തിന്മയെന്നാല്‍ അയാള്‍ സ്വയം ചെയ്തുകൂട്ടുന്ന അക്രമങ്ങളല്ല എന്ന് ഓര്‍മ്മിക്കണം. മറ്റുള്ളവരെ, വിശേഷിച്ച് ബുദ്ധിയുറക്കാത്ത യുവാക്കളുടെ മനസ്സില്‍ വിഷം കുത്തിവെച്ച് അവരെ അക്രമത്തിലേക്ക് തള്ളിവിടുന്നു എന്നതാണ് അയാളുടെ കുറ്റം. അയാളുടെ രൂപമോ, അത്യന്തം നികൃഷ്ടവും. ദേഹത്തു പറ്റിയ ചളിയും പൊടിയും ഒതുക്കാത്ത തലമുടിയും വിയര്‍പ്പും ബീഡിയും വമിക്കുന്ന നാറ്റമാണയാള്‍ക്ക്. കുളിക്കാത്ത ആത്മാവിനു ഇണങ്ങുന്ന കുളിക്കാത്ത ശരീരം. തേഞ്ഞ പല്ലിന്റെ തൊണ്ണില്‍ കൊഴുത്ത തെറിസഞ്ചികളാണ്. തങ്ങളെ സംരക്ഷിക്കുന്ന വേലക്കാരുടെയും കൃഷിക്കാരുടെയും ജീവിതങ്ങളെ വറചട്ടിയില്‍നിന്നു എരിതീയിലേക്ക് എറിയുന്നു അയാളുടെ ശിഷ്യന്മാര്‍. ഘോഷയാത്രകളും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും കൊടിയും പന്തവും നാടാകെ നിറയുന്നു. കാക്കിക്കാലുറയില്‍ കൈത്തോക്കും ഇരിമ്പന്‍ നരിമീശയുമായി തരംകിട്ടുമ്പോഴൊക്കെ യൂറോപ്യന്‍ മദ്യശാലയില്‍ കയറി താന്‍ മൂക്കറ്റം കുടിച്ചാടിയിരുന്നു എന്ന് ഒരിടത്തു മുന്‍കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ അഴിഞ്ഞാടി നടന്നിരുന്നുവെന്ന് ഈ കവിതയിലല്ലാതെ മറ്റെവിടെയും പറഞ്ഞു കേട്ടിട്ടില്ല. ഈ ഭാഗം എങ്ങനെയാണ് അന്വയിക്കേണ്ടത് എന്ന് അറിയുന്നില്ല. പിന്നെ വീടുകത്തിക്കലും പോലീസുകാരനെ എറിഞ്ഞു കൊല്ലലും പത്തായം പൊളിക്കലും വിളകയ്യേറലുമായി. വാരിക്കുന്തംകൊണ്ട് രാജ്യം വെട്ടിപ്പിടിക്കാനുള്ള ആഹ്വാനമായി. കാവുമ്പായിയിലും കരിവെള്ളൂരിലും മുനയന്‍ കുന്നിലും പീഡിതനായ മനുഷ്യര്‍ ആകാശത്തേക്കു കൈകള്‍ ഉയര്‍ത്തി ഊര്‍ദ്ധ്വന്‍ വലിച്ചു നില്ക്കുന്നു. ഇപ്പോള്‍ പറഞ്ഞ സ്ഥലങ്ങളില്‍ നടന്ന സമരങ്ങളെ സമരങ്ങളായല്ല, ഒറ്റതിരിഞ്ഞ അക്രമങ്ങളായാണ് കവി കാണുന്നത്. അതില്‍ത്തന്നെ ഉന്നതവര്‍ഗ്ഗങ്ങളുടെ അക്രമങ്ങള്‍ക്ക് ഇരയാവുന്നവരുടെ സഹനം, പാര്‍ട്ടിപരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിഅനുഭാവികള്‍ അനുഭവിക്കുന്ന സഹനം എന്നിങ്ങനെ രണ്ടിനമുണ്ട്. നക്ഷത്രങ്ങള്‍ കോടി കണ്ണീര്‍ക്കണങ്ങളായി പ്രഭ ചിതറുന്നു. ഈ ബ്രഹ്‌മാണ്ഡഗോളമാകെ വലിയ ഒരു ശവപ്പെട്ടിയായും നക്ഷത്രങ്ങള്‍ അതിന്മേല്‍ അടിച്ചു കേറ്റിയ ആണിക്കൂട്ടമായും തോന്നിയ്ക്കുന്നു.

അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ തനിക്കു ബോധം വന്നു. തന്നെ വെല്ലുന്ന മറ്റൊരു മഹാപാപി ഇതുവരെ ജനിച്ചിട്ടില്ല എന്ന് അയാള്‍ ലോകത്തെ ഉറക്കെ വിളിച്ചറിയിച്ചു. തന്നിലെ കളങ്കത്തെ കഴുകിക്കളയാന്‍ തുടങ്ങുകയാണ് കമ്മ്യൂണിസ്റ്റുകാരന്‍. അയാള്‍ ഒരു മുന്‍കമ്മ്യൂണിസ്റ്റുകാരന്‍ ആകാന്‍ പോവുകയാണ്. എല്ലാ പാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പരിഹാരം നിരുപാധികമായ സ്‌നേഹമാണ് എന്ന് അയാള്‍ കണ്ടെത്തിയിരിക്കുന്നു. പുസ്തകജ്ഞാനം വെച്ച് മനുഷ്യരെ വാഴ പോലെ അറുപ്പിക്കുകയായിരുന്നു താന്‍. കവിത തുടങ്ങുന്നേടത്ത് പഴയ ജ്ഞാനത്തിന്റെ സ്ഥാനത്ത് പുതിയ ശാസ്ത്രീയജ്ഞാനം വന്നതായി പറയുന്നുണ്ടല്ലോ. അതേ ഗണത്തില്‍ പെടുന്ന പുസ്തകജ്ഞാനമാണ് ഇപ്പോള്‍ തന്നെ ഈ വിധം കൊലപാതകിയായിച്ചമച്ചത്. പുറംലോകത്തില്‍ നടക്കുന്നതെന്ത് എന്നറിയാതെ മനസ്സിന്റെ വാതിലുകള്‍ അടച്ചു താന്‍ ആഭിചാരത്തിലേര്‍പ്പെട്ടു. ഏട്ടിലെ പശു പുല്ലുതിന്നട്ടെ എന്നു താന്‍ ശഠിച്ചു, അതായത് പുസ്തകത്തില്‍ പറഞ്ഞതുപോലെ സംഭവിക്കുമെന്നു താന്‍ വിചാരിച്ചു. പുതിയ ഒരു ശത്രു ഇങ്ങനെ പുസ്തകജ്ഞാനത്തിന്റെ രൂപത്തില്‍ വക്താവിന്റെ മുന്നില്‍ പ്രത്യക്ഷമാവുന്നു. സമൂഹത്തില്‍ ചില വൈകൃതങ്ങള്‍ ഉണ്ട്. ഇവയ്ക്കു കാരണം ഈ വൈകൃതങ്ങളുടെ ഉപകരണം മാത്രമായ സാധുമനുഷ്യരാണെന്നു താന്‍ ധരിച്ചു പോയി. നന്നായി ശ്രദ്ധിക്കേണ്ട വരിയാണിത്. കമ്മ്യൂണിസം വര്‍ഗ്ഗശത്രുവായി കാണുന്ന ആ സംഗതിക്കു ശരിക്കു മനുഷ്യരൂപമില്ല, അത് സമൂഹവൈകൃതമാണ്, അശരീരിയാണ്, അതിനെയാണ് ഇല്ലാതാക്കേണ്ടത്, അതിന്റെ ഉപകരണമായ മനുഷ്യരെയല്ല. ഇതിനു പറ്റിയ ഉപകരണം നേരത്തെ പറഞ്ഞ നിരുപാധികസ്‌നേഹംതന്നെ. മുതലാളികളെല്ലാം തൊഴിലാളികളെയും തൊഴിലാളികള്‍ മുതലാളികളെയും നിരുപാധികം സ്‌നേഹിച്ചാല്‍ സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ താനേ പരിഹരിക്കപ്പെടും. ഭാവിയില്‍ അതാണു ക്രമത്തില്‍ ബലപ്പെട്ടു വരിക, കവി പ്രത്യാശിക്കുന്നു.

തന്റെ അപഥസഞ്ചാരത്തിന്റെ അവസാനത്തില്‍ തന്റെ മോക്ഷത്തിനുള്ള മാര്‍ഗ്ഗം മുമ്പേ തുറന്നു കിടക്കുകയായിരുന്നല്ലോ എന്ന് വക്താവ് ഓര്‍മ്മിക്കുന്നു. ലോകരക്ഷകരായ വാല്മീകി, വ്യാസന്‍, സിദ്ധാര്‍ത്ഥന്‍, രന്തിദേവന്‍, അശോകന്‍, ശങ്കരന്‍, ജീസസ്സ് ക്രൈസ്റ്റ്, മുഹമ്മദ്, കണ്‍ഫ്യൂഷ്യസ്സ്, ഗാന്ധിജി എന്നീ മഹാപുരുഷന്മാരുടെ പേരുകള്‍ ഓര്‍മ്മയില്‍ തെളിയുന്നു. ഭൂമിയില്‍ പണ്ടേ ഉണ്ടായിരുന്നവരാണ് ഈ മഹാന്മാര്‍. തന്നെ കമ്മ്യൂണിസ്റ്റു ആശയങ്ങള്‍ സ്വാധീനിക്കുന്നതിനും എത്രയോ മുമ്പേ ഈ മഹാന്മാര്‍ പകര്‍ന്ന വെളിച്ചത്തിലേക്കു നീങ്ങിനില്ക്കാന്‍ മുന്‍കമ്മ്യൂണിസ്റ്റുകാരനു കഴിയുമായിരുന്നു. എന്തിനേറെ, അവരുടെ ആശയങ്ങളും മൂല്യങ്ങളും പ്രയോഗിച്ച് അയാള്‍ക്ക് ഭൂമിയെ സ്വര്‍ഗ്ഗമാക്കാമായിരുന്നു. അതയാള്‍ ചെയ്തില്ല. പണ്ടത്തെ മഹാന്മാര്‍ കാട്ടിയ വെളിച്ചത്തില്‍ ആറാടുന്ന അരോഗദൃഢചിത്തരായ വേറെ കുറേ മനുഷ്യരുണ്ട്്. അവരോടും തന്നോട് പൊറുക്കാന്‍ വക്താവ് അപേക്ഷിക്കുന്നു. ഒരു പക്ഷെ പഴയമഹാപുരുഷന്മാരുടെ ആശയങ്ങള്‍കൊണ്ട് ഏതാനും വ്യക്തികള്‍ക്ക് അരോഗദൃഢചിത്തരായി നിലനില്ക്കാന്‍ കഴിഞ്ഞിരിക്കാം. വക്താവിന്റെ ലോകം കേരളത്തിലോ ഇന്ത്യയില്‍ മാത്രമോ ഒതുങ്ങുന്നില്ല. അത് മുഴുവന്‍ ഭൂമിയിലേക്കും വ്യാപിക്കുന്നു. താന്‍ മാപ്പു ചോദിക്കുന്നത് ഭൂമിയില്‍ വസിക്കുന്ന ഇരുന്നൂറു കോടി ജനങ്ങളോടുമാണ്. മുഴുവന്‍ ലോകത്തെയും ഒന്നിച്ചു സംബോധന ചെയ്യുന്ന ഈ രീതി മലയാളകവിതയില്‍ അന്ന് പുതുമയായിരിക്കണം. കുനിയന്‍ മദിച്ചാല്‍ ഗോപുരം കുത്തുമോ എന്ന പഴഞ്ചൊല്ലിലൂടെ കുനിയനുറുമ്പിനു തകര്‍ക്കാനാവാത്ത സ്‌നേഹഗോപുരം തീര്‍ക്കൂ എന്നും വക്താവ് ആഹ്വാനം ചെയ്യുന്നു.

തുടര്‍ന്ന് കവി തന്റെ മണ്ഡലം വികസിപ്പിച്ചുകൊണ്ട്, കേരളത്തിന്റെ അതിരുകള്‍ കടന്ന്, ആയുധങ്ങള്‍ക്കു വേണ്ടി ചെലവിടുന്ന ഇരുമ്പും ഉരുക്കും ഉപയോഗിച്ച് ബലമുള്ള കലപ്പകള്‍ വാര്‍ത്തെടുക്കുവിന്‍ എന്ന് ആഹ്വാനം ചെയ്യുന്നു. ബോംബിനായി ദുര്‍വ്യയം ചെയ്യുന്ന അണുശക്തികൊണ്ട് ഇരുളടഞ്ഞ നാട്ടുകവലകളില്‍ സ്‌നേഹദീപം കൊളുത്തൂ എന്നു യാചിക്കുകയും ചെയ്യുന്നു. ക്ഷീണിതമായ തന്റെ ആത്മാവില്‍നിന്നു പശ്ചാത്താപവചസ്സുകളാകുന്ന രക്തം വാര്‍ന്നൊഴുകിയപ്പോള്‍ അയാള്‍ക്കു സുഖം തോന്നുന്നുണ്ട്. ശരിക്കും ഒന്ന് ഉറങ്ങി ഉണരാവൂ എന്ന് അയാള്‍ സ്വയം ആശംസിക്കുന്നു.
സഹജീവിസ്‌നേഹത്തിലൂടെ വക്താവിനു വലിയ ആനന്ദാനുഭൂതി ഉണ്ടാകുന്നുവെങ്കിലും തന്റെ സ്‌നേഹംകൊണ്ട് താന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് എന്തു പ്രയോജനം എന്ന് കവി ആലോചിക്കുന്നില്ല. കവിത തുടങ്ങുമ്പോള്‍ എന്ന പോലെ അത് അവസാനിക്കുമ്പോഴും കവിയുടെ ചിന്ത ഈ ദിശയിലേക്കു നീങ്ങുന്നില്ല. നിരുപാധികമായ സ്‌നേഹം കൊണ്ട് സ്‌നേഹിക്കുന്നവന്റെ ഹൃദയം വികസിക്കുകയും ആനന്ദാനുഭവത്തിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്യുമെങ്കിലും ആ സ്‌നേഹംകൊണ്ട് സ്‌നേഹിക്കപ്പെടുന്നവനു ഭൗതികമോ ആത്മീയമോ ആയ എന്തെങ്കിലും നേട്ടം ഉണ്ടാകുന്നില്ല. കാരണം സ്‌നേഹി ക്കപ്പെടുന്നവനെ ഏതെങ്കിലും വിധത്തില്‍ സ്പര്‍ശിക്കുന്ന വികാരവിനിമയമല്ല അത്. കവിയുടെ ശരിയായ ലക്ഷ്യം എന്താണെന്ന് വക്താവ് ഒരിടത്ത് വ്യക്തമാക്കുന്നുണ്ട്്:

കലനിര്‍മ്മിക്കുവാന്‍, വ്യക്തി
സ്വാതന്ത്ര്യത്തെ മതിക്കുവാന്‍
സമൂഹത്തോടുള്ള മൂല
നീതികള്‍ക്കു വഴങ്ങുവാന്‍,
ഒക്കെയായിരുന്നു വക്താവിന്റെ ആഗ്രഹം. കലാരചന, വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുക, സമൂഹമൂല്യങ്ങള്‍ക്കു വഴങ്ങുക ഇവയെല്ലാം സമൂഹത്തിലെ പരമ്പരാഗതമായ മൂല്യങ്ങള്‍ തന്നെ. ഇവ തുടര്‍ന്നുകൊണ്ടുപോകാനാണ് ശരിക്കും തന്റെ ആഗ്രഹം. നിര്‍ഭാഗ്യത്തിന് ചെറിയ ഒരു ഇടവേളയില്‍ താന്‍ ഈ ലക്ഷ്യങ്ങള്‍ മറന്നു. തനിക്കും തന്റെ സമൂഹത്തിനും പരിചയമില്ലാത്ത അപരമൂല്യങ്ങളെ പുല്കി. ഭാഗ്യത്തിന് ഈ ഗ്രഹണം അധികം നീണ്ടുനിന്നില്ല. വേഗം അതിന്റെ തടവില്‍നിന്നു പുറത്തുവരാന്‍ തനിക്കു കഴിഞ്ഞു.

അക്കിത്തം ഈ കവിത എഴുതിയ 1952-നു തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ജീവിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ അക്കിത്തം വര്‍ണിക്കുന്ന പശ്ചാത്താപവിവശനായ മുന്‍കമ്മ്യൂണിസ്റ്റുകാരനെപ്പോലെ ആയിരുന്നുവോ? അല്ലെന്നാണ് അറിവ്.

''ആത്മാര്‍ത്ഥതകൊണ്ടും ലാളിത്യംകൊണ്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായ എതിരാളികളില്‍ പോലും മതിപ്പുളവാക്കിയിരുന്നു. അടുത്തൊന്നും പാര്‍ട്ടി അധികാരത്തില്‍ എത്തില്ല എന്നതിനാല്‍ അധികാരം മോഹിച്ച് പാര്‍ട്ടിയില്‍ എത്തുന്ന മാന്യവിഭാഗം(bandwagon) അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. വരുമാനം മുഴുവന്‍ പാര്‍ട്ടിക്കു കൊടുക്കുക, പാര്‍ട്ടി നല്കുന്ന ചെറിയ വേതനം കൊണ്ട് ജീവിക്കുക അതായിരുന്നു ശൈലി. അന്നത്തെ കമ്മ്യൂണിസ്റ്റുകാരന്‍ 'രാഷ്ട്രീയ സന്യാസി'(political sannyasi) ആയിരുന്നു''(റ്റോമസ് ജോണ്‍സന്‍ നോസിറ്റര്‍). യുവാക്കളെ പാര്‍ട്ടിയില്‍ ചേര്‍ത്ത് കരുതിക്കൂട്ടി അവരെ അപകടത്തില്‍ ചാടിക്കുന്നവര്‍ അന്നുണ്ടായിരുന്നില്ല. അറിയാതെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട് അതുകൊണ്ട് അപകടത്തില്‍ പെട്ടവനല്ല കവിതയിലെ മുന്‍കമ്മ്യൂണിസ്റ്റുകാരന്‍. മറിച്ച് മറ്റുള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ത്ത് അവരെ കരുതിക്കൂട്ടി അപകടത്തില്‍ ചാടിക്കുന്ന സംഘാടകനാണ്. ചെയ്ത പാപമുണ്ടാക്കിയ മാനസികാഘാതമല്ലാതെ, ശരീരപീഡനങ്ങളോ മര്‍ദ്ദനങ്ങളോ അംഗവൈകല്യമോ അയാള്‍ അനുഭവിക്കുന്നില്ല എന്നു പ്രത്യേകം ഓര്‍മ്മിക്കണം. അന്നത്തെ എല്ലാ കമ്മ്യൂണിസ്റ്റുകാരും കവിതയിലെ മുന്‍കമ്മ്യൂണിസ്റ്റുകാരനെപ്പോലെയാണ് എന്നു കവി പറയുന്നില്ല. അതില്‍ ഒരാളെപ്പറ്റി മാത്രമേ പറയുന്നുള്ളൂ. ചിലപ്പോള്‍ തനിക്കു അറിയാവുന്ന ഏതെങ്കിലുമൊരാളെ മനസ്സില്‍ വെച്ച് ധര്‍മ്മരോഷത്തോടെ ഇങ്ങനെ എഴുതിയതാവാനും മതി. കൂട്ടത്തില്‍ തൊട്ടുമുമ്പത്തെ പതിറ്റാണ്ടില്‍ സഞ്ജയനും ചങ്ങമ്പുഴയും നിര്‍വ്വഹിച്ച കമ്മ്യൂണിസവിമര്‍ശനം 'ഇതിഹാസ'ത്തിനു പ്രേരണയായിരുന്നിരിക്കാം.

ദശകങ്ങള്‍ക്കു ശേഷം ഈ മുന്‍കമ്മ്യൂണിസ്റ്റിന്റെ സ്വാത്മനിന്ദനത്തില്‍ അടങ്ങിയ കമ്മ്യൂണിസ്റ്റ് വിമര്‍ശനത്തിലൂടെ കടന്നുപോകുമ്പോള്‍ കവിതയില്‍ പറയുന്നത്ര പാതകങ്ങളൊന്നും കവിതയിലെ വക്താവല്ലാത്ത മറ്റു കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിരുന്നില്ല എന്നു മനസ്സിലാക്കാം. കവിതയിലെ വക്താവു പോലും അതില്‍ പറഞ്ഞ പാതകങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്ന് ഏറ്റുപറയുകയല്ലാതെ കേരളത്തില്‍ അന്നുണ്ടായിരുന്ന എല്ലാ കമ്മ്യൂണിസ്റ്റുകാരും അനുഭാവികളും തന്നെപ്പോലെ പാതകികളായിരുന്നു എന്നു പറയുന്നില്ല. യുവാക്കളെ വഴിപിഴപ്പിക്കാന്‍ താന്‍ അങ്ങനെയെല്ലാം ചെയ്തുപോയി എന്നല്ലാതെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യഥാതഥചിത്രമാണിത് എന്നും ആരോപിക്കുന്നില്ല. കവിതയുടെ രചനാകാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ ജനാധിപത്യധ്വംസനങ്ങള്‍ സൃഷ്ടിച്ച മോഹഭംഗം താന്‍ ഇങ്ങനെ രേഖപ്പെടുത്തുകയായിരുന്നു എന്നു പറഞ്ഞു കൂടാ. അതൊക്കെ അറിയാനും ബോധ്യപ്പെടാനും കേരളസമൂഹം പിന്നെയും ഏറെ കാലം എടുക്കുകയുണ്ടായി. പാര്‍ട്ടിയെ കവി പരിഗണിക്കുന്നതേയില്ല. അനേകം വ്യക്തികളുടെ സംഘടിതമായ പ്രവര്‍ത്തനം പാര്‍ട്ടിയുടെ രൂപത്തില്‍ സംഭവിക്കുന്നതായി വക്താവ് മനസ്സിലാക്കുന്നുമില്ല. ശരിക്കും പറഞ്ഞാല്‍ പാര്‍ട്ടി എന്ന യാഥാര്‍ത്ഥ്യമേ കവിതയില്‍ ഇല്ല. പാര്‍ട്ടിയില്ലാത്ത ഒരു പാര്‍ട്ടിസംഘാടകനാണ് കവിതയിലെ മുന്‍കമ്മ്യൂണിസ്റ്റുകാരന്‍. തന്റെ കൂടെയുണ്ടായിരുന്നവര്‍ക്കും പുറത്തുള്ളവര്‍ക്കും അളവറ്റ ദുരിതം സമ്മാനിച്ച ഈ സംഘാടകന്‍ കുറ്റബോധത്തിന്റെ പാരമ്യത്തില്‍ തന്റെ വിശ്വാസം പരിത്യജിച്ച് അലൗകികമായ സ്‌നേഹത്തിനു കീഴടങ്ങുന്നു. എന്നാല്‍ താന്‍ പുതുതായി പഠിച്ച സ്‌നേഹപാഠം അതുവരെ തന്റെ സഹപ്രവര്‍ത്തകരും ശിഷ്യരുമായിരുന്ന ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നു അയാള്‍ക്കു തോന്നിയില്ല. മറ്റാരെയും കൂടെ കൂട്ടാതെ തനിച്ച് അയാള്‍ നിത്യസ്‌നേഹത്തിലേക്കു കടന്നുകളഞ്ഞു.

ദശകങ്ങള്‍ കടന്നുപോയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറി. 'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസമെന്ന ഭൂതം' എന്ന് മാര്‍ക്‌സ് എഴുതി. ഇന്നാണെങ്കില്‍ കമ്മ്യൂണിസത്തെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കാപ്പിറ്റലിസമെന്ന ഭൂതം എന്ന് എഴുതാം. മാറിയ സാഹചര്യത്തില്‍ കവിത വായിക്കുമ്പോള്‍ ദുഷ്ടമൂര്‍ത്തിയെന്നു സ്വയം കരുതുന്ന കവിതയിലെ വക്താവായ മുന്‍കമ്മ്യൂണിസ്റ്റുകാരന്‍ പോലും പാവമായി കാണപ്പെടുന്നു. അന്ന് ബ്യൂക്കു കാറില്‍ ഗോള്‍ഡ്ഫ്‌ലെയ്ക് പുകച്ചു നടന്ന പരിഷ്‌കാരികളെയും ലീലാവിലാസത്തോടെ നടന്ന യുവതികളെയും പോലെ പാവം. സാമൂഹികവും കാലികവുമായ പ്രസക്തിയുള്ള ഒരു കവിത ഏറെ കാലം കഴിഞ്ഞ് മറ്റൊരു സാഹചര്യത്തില്‍ വായിച്ചാല്‍ അതിന്റെ ആക്രമണസ്വഭാവവും മൂര്‍ച്ചയും രൂക്ഷതയും കുറയുന്നതായി കാണാം. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതു തന്നെ. വിന്റേജ് കാറുകള്‍ക്കും പഴയ സിനിമകള്‍ക്കും പഴയ നൃത്തസംഗീതങ്ങള്‍ക്കും പഴയ ഫാഷനുകള്‍ക്കും ഇടയില്‍ നില്ക്കുന്ന ഈ കവിതയ്ക്കും അന്നുണ്ടായിരുന്ന മൂര്‍ച്ച കുറഞ്ഞിരിക്കുന്നു. പ്രശാന്തമായി അനുസ്മരിക്കുന്ന വികാരങ്ങളുടെ മങ്ങിയ ചിത്രമാണ് അവയ്ക്ക്.

'ഇതിഹാസം' എഴുതിയത് അനുഷ്ടുപ് എന്ന സംസ്‌കൃതവൃത്തത്തിലാണ്. വരിയില്‍ എട്ടക്ഷരം. ഒന്നാമത്തെ അക്ഷരവും എട്ടാമത്തെ അക്ഷരവും തള്ളി ശേഷിക്കുന്ന ആറക്ഷരങ്ങളെ രണ്ടു ഗണമാക്കിയും അവയില്‍ ഏതെല്ലാം ഗണങ്ങള്‍ വരണമെന്നതിനെക്കാള്‍ ഏതെല്ലാം ഗണങ്ങള്‍ വരരുത് എന്നു നിര്‍ദ്ദേശിച്ചും ഒന്നും മൂന്നും വരികളില്‍ ഇങ്ങനെ, രണ്ടും നാലും വരികളില്‍ അങ്ങനെ എന്നു നിശ്ചയിച്ചുമാണ് ഈ വൃത്തത്തിന്റെ ലക്ഷണം. സരളമായ കഥാഖ്യാനത്തിന് പറ്റിയ ഈ വൃത്തത്തിലാണ് പുരാണേതിഹാസങ്ങളുടെ അധികഭാഗവും എന്ന് പണ്ഡിതര്‍ പറയുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതതര്‍ജ്ജമയില്‍ ഈ വൃത്തം മലയാളമായി മാറുകയുണ്ടായി. ഇതില്‍ നിന്നു വ്യത്യസ്തമായി, 'ഇതിഹാസ'ത്തിലെ അനുഷ്ടുപ്പിനു കാര്‍ക്കശ്യം കൂടും. അത് പശ്ചാത്തലത്തിന്റെ കടുപ്പംകൊണ്ട് വന്നതാകാം.

അക്കിത്തത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights :V C Sreejan reviews the poem Irupatham Noottandinte Ithihasam by Akkitham Achuthan Namboothiri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented