കണ്ടുകണ്ടിരിക്കെ കാണാതാവുന്നതിന്റെ പൊരുളുകളിലൂടെ


പ്രസീത മനോജ്

ലളിതമായ ആഖ്യാനസൗന്ദര്യമാണ് ഈ നോവലിന്റെ സവിശേഷത. പാരായണക്ഷമതയുള്ള ഈ നോവല്‍ സൂക്ഷ്മരാഷ്ട്രീയത്തിലേക്കും സാമൂഹികസവിശേഷതകളിലേക്കും വായനക്കാരനെ നയിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ വ്യതിരിക്തമേഖലകളിലൂടെയുള്ള സഞ്ചാരം കൂടിയായി അനുഭവപ്പെടുകയാണ് യു.കെ.കുമാരന്റെ ഈ നോവല്‍.

യു.കെ കുമാരൻ| ഫോട്ടോ: പി കൃഷ്ണപ്രദീപ്

ത്രപ്രവര്‍ത്തനമേഖലയെ മുഖ്യധാരാപ്രമേയമാക്കിക്കൊണ്ട് യു.കെ. കുമാരന്‍ കാലത്തിന്റെ കഥപറയുകയാണ് 'കണ്ടുകണ്ടിരിക്കെ' എന്ന നോവലിലൂടെ. ''കണ്ടുകണ്ടങ്ങിരിക്കെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍'' എന്ന പൂന്താനത്തിന്റെ വരികളാണ് പെട്ടെന്ന് ശീര്‍ഷകം കേള്‍ക്കുന്ന മാത്രയില്‍മനസ്സില്‍ തെളിയുക. ഇവിടെ കാണാവുന്നതിന്റെ പൊരുള്‍ തേടുന്ന പത്രപ്രവര്‍ത്തനത്തിന്റെ യാഥാര്‍ത്ഥ്യവും സൂക്ഷ്മരാഷ്ട്രീയവും വിശകലനം ചെയ്യുമ്പോഴും സര്‍ഗ്ഗാത്മകതയുടെ താളം ചിതറാതെ കാക്കുവാന്‍ സാധിക്കുന്ന എഴുത്തുകാരന്റെ സിദ്ധിയും പ്രകടമാണ്. തുടക്കവും ഒടുക്കവും ഭദ്രമായി ഒറ്റച്ചരടിനാല്‍ ബന്ധിക്കുന്ന വഴക്കവും കഥാഘടനയുടെ ഒഴുക്കും ശ്രദ്ധേയം. പത്രപ്രവര്‍ത്തനമേഖല പരാമര്‍ശിക്കുന്ന നോവലായതിനാല്‍ തന്നെ വൈവിധ്യമുള്ള സമകാലികവിഷയങ്ങള്‍ നിബന്ധിക്കാന്‍ കഴിയുന്നതിന്റെ പ്രാധാന്യവും നോവല്‍ ഉള്‍വഹിക്കുന്നു. നോവലിലൂടെ വെറുമൊരു കഥയുടെ അനാവരണമല്ല, കാലത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയും സാമൂഹ്യപ്രതിബദ്ധതയും ഒന്നുപോലെ ഇണക്കിച്ചേര്‍ക്കുന്നതിലും നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്.

ഒരു നല്ല മാസിക അതായത് ഉള്‍ക്കനമുള്ള പ്രൗഢമായ സാഹിത്യ പ്രതിപാദനങ്ങളുടെ മാസിക ഏതൊരു സാഹിത്യകുതുകിയുടേയും ആഗ്രഹമായിരിക്കും. സ്വന്തം കര്‍മ്മശേഷിയുടെ കൈവിരുതുകൊണ്ട് അത്തരത്തിലൊന്ന് രൂപപ്പെടുത്തുകയെന്ന സ്വപ്നം ജീവിതമായിത്തന്നെ കാണുന്ന ദേവദാസെന്ന മനുഷ്യനെ കണ്ടുമുട്ടുന്ന ഒരു പത്രപ്രവര്‍ത്തകനാണ് നോവലിലെ കേന്ദ്രകഥാപാത്രം. അയാളുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും നോവല്‍ പുരോഗമിക്കുന്നു. ''ജീവിച്ചു മരിച്ചു എന്നതൊക്കെ ശരിതന്നെ. എന്നാല്‍ നിങ്ങള്‍ ചെയ്ത കാര്യമെന്താണ്? എന്ന ചോദ്യം വായനക്കാര്‍ക്കു നേരെ നീട്ടിയെറിഞ്ഞുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. കാലത്തിന്റെ അനുക്രമമായ വളര്‍ച്ചയും ഈ നോവലിന്റെ മറ്റൊരു സവിശേഷതതന്നെ. ദേവദാസിന്റെ പരിമിതമായ പ്രിന്റിംഗ് പ്രസ്സില്‍ ജോലിക്കെത്തിയ കഥാനായകന്‍ ആദ്യമൊന്നമ്പരക്കുകയാണ് . അയാളുടെ ദാരിദ്ര്യം മുറ്റിയ ജീവിതവും മാസിക തുടങ്ങണമെന്ന ആഗ്രഹവും തമ്മിലുള്ള പൊരുത്തക്കേട് കണ്ടിട്ട്. പിന്നീടങ്ങോട്ട് അയാളുടെ നന്മയെ സാഹിത്യത്തോടുള്ള സ്‌നേഹത്തെ ആഴത്തില്‍ അറിയുകയാണ്. ഒട്ടും ലാഭകരമല്ലാത്ത ആ പ്രവൃത്തിയില്‍ അയാള്‍ ഒപ്പം ചേരുന്നതും, അത്രയും സമ്പന്നമായ മനസ്സ് കഥാനായകനും സ്വന്തമായതുകൊണ്ട് മാത്രം. 'സീന്‍വെല്‍ ഗാര്‍ഡനര്‍' എന്ന കഥാപാത്രത്തെ സൃഷ്ടിച്ച ഐസക് ബാഷേവിസ് സിംഗറുടെ 'കൊച്ചു മാസിക'യെന്ന കഥയിലെ ക്ലേശങ്ങള്‍ നേരിടുന്ന ദരിദ്രനായ പത്രാധിപരെ നിരന്തരം ഓര്‍ത്തുകൊണ്ട് ദേവദാസിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഏവര്‍ക്കും സ്വീകാര്യമായ പൂര്‍ണ്ണമായ മാസിക അവര്‍ പുറത്തിറക്കുന്നു. പക്ഷെ രോഗവും ദാരിദ്ര്യവും അപകടവും ചേര്‍ത്ത് ദേവദാസിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിയുകയും അയാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തപ്പോള്‍ വിഷാദത്തോടെ കഥാനായകന്‍ നാട്ടിലേക്ക് തിരിക്കുന്നു. അവിടെ പ്രമുഖമായൊരു പത്രത്തില്‍ ജോലിയ്ക്ക് ചേരുന്നു. ഓഫ് സെറ്റ് പ്രിന്റിംഗിന്റെ പ്രത്യേകതകളും പത്രപ്രവര്‍ത്തനരംഗത്തെ സാങ്കേതികമായ പുതുമകളുംപരിചയപ്പെടുന്നു. കമ്പ്യൂട്ടിംഗ് രംഗത്തെ നവീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ട കാലത്തെകൂടി ഇവിടെ അടയാളപ്പെടുത്തുന്നു. കാലം സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച സാങ്കേതികമാറ്റങ്ങള്‍ പതിയെ പൊതുരംഗങ്ങളിലെല്ലാം സ്വീകാര്യമാകുന്നതിലെ വികാസഘട്ടങ്ങള്‍ ഇവിടെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനരംഗത്തെ വിലപേശലുകള്‍, വഴങ്ങിക്കൊടുക്കാതിരിക്കുമ്പോള്‍ സംഭവിക്കുന്ന പത്രാധിപരുടെ മനഃക്ലേശങ്ങള്‍, ധാര്‍മ്മിക ച്യുതി ഇവയെല്ലാം ഏതു കാലത്തേയും വലിയ പ്രശ്‌നങ്ങള്‍ തന്നെ. എന്നത്തേക്കാളുമേറെ മാധ്യമരംഗം വെല്ലിവിളിയെ അഭിമുഖീകരിക്കുന്ന കാലത്തിരുന്നുകൊണ്ട് യു.കെ. കുമാരന്‍ അത്തരം സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നത്. പത്രപ്രവര്‍ത്തകനായ കഥാനായകന് എഴുത്തുകാരനായ ജെയിംസിനെ പരിചയപ്പെടുന്നതിനാല്‍ സാഹിത്യലോകത്ത് പ്രകടമായ അപചയങ്ങളേയും അനാവശ്യ പുകഴ്ത്തലുകളേയുമെല്ലാം അടുത്തറിയാനാകുന്നു. പുരസ്‌കാരങ്ങളുടെ പുറകിലെ രാഷ്ട്രീയം, പുറംപൂച്ചുകളുടെ ആര്‍ഭാടകാലം ഇവയെല്ലാം ചേര്‍ന്ന്മലിനമാകുന്ന സാഹിത്യരംഗം ഏറെ വൈകാരികമായാണ് ചൂണ്ടിക്കാട്ടുന്നത്. പാരിസ്ഥികപ്രശ്‌നങ്ങള്‍, സ്ത്രീപീഡനം, രാഷ്ട്രീയകൊലപാതകങ്ങള്‍, പ്രളയം, ഭീകരവാദം, മതരാഷ്ട്രീയം, പൗരത്വബില്‍ ഏറ്റവുമൊടുവില്‍ സമൂഹം നേരിടുന്ന മുഖ്യപ്രശ്‌നമായ കൊറോണ വൈറസ് എന്നിങ്ങനെ വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകന്റെ അന്തഃക്ഷോഭങ്ങളെയും ആകുലതകളെയും ഈ നോവല്‍ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കുന്നു. പത്രപ്രവര്‍ത്തകന്റെ ഭാര്യയെന്ന രീതിയില്‍ ചിത്രലേഖ അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍, അയാളുടെ മാതാപിതാക്കളുടെ സഹനകാലം ഇവയെല്ലാം ഒരോ പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലേയും സമാനാനുഭവങ്ങളാണ്. മതം കൊണ്ടുമാത്രം അകന്നുപോകുന്നവരാണ് ജെയിംസും ശ്രീദേവിയും. മദ്യവും മദിരാക്ഷിയും തകര്‍ത്തെറിയുന്ന സാഹിത്യകാരുടെ ഇടയിലെ പുഴുക്കുത്തു ജീവിതത്തേയും വിചാരണചെയ്യാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. അസാധാരണ മരണങ്ങള്‍ക്കിരയാവുന്ന മൃതദേഹങ്ങള്‍ മാന്തിയെടുക്കുന്ന നിസ്വാര്‍ത്ഥനായ 'അസീസ്' എന്ന മനുഷ്യന്‍ മനുഷ്യത്വത്തിന്റെ വിശുദ്ധരൂപമായി പ്രത്യക്ഷപ്പെടുന്നു.

പത്രത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും പരിഹാസ്യമാംവിധം ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നോവിലില്‍ നിരവധിയാണ്. സത്യം ചൂണ്ടിക്കാണിക്കുന്നതുകൊണ്ടുമാത്രം ജീവനുഭീഷണി നേരിടേണ്ടിവരുന്ന പത്രപ്രവര്‍ത്തകന്റെ ജീവിതം ഇവിടെ അനാവൃതമാകുന്നു.

ഇന്നത്തെ സമൂഹത്തില്‍ പ്രകടമാകുന്ന ചൂഷണവ്യവസ്ഥകളെയാണ് പല കഥാപാത്രങ്ങളിലൂടെയായി സൂചിപ്പിക്കുന്നത്. ദേവദാസിന്റെ ഭാര്യ നിര്‍മ്മലയുടെ ജീവിതം അങ്ങനൊരു കാഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. മുതലെടുപ്പുകളില്‍ജീവിതം കെട്ടിപ്പടുക്കുന്നവരുടെ ആഴത്തിലൂള്ള വീഴ്ച നോവലില്‍ സൃഷ്ടിക്കുന്നത് മൂല്യബോധത്തിലടിയുറച്ച എഴുത്തുകാരന്റെ കാഴ്ചപ്പാടുകൊണ്ടു മാത്രമാണ് സംഭവിക്കുന്നത്. അതിനാല്‍തന്നെയാണ് അവിചാരിതമായ സന്ദര്‍ഭത്തില്‍ ദൈവികമായ ഇടപെടലുകള്‍ ബോധപൂര്‍വ്വം ക്രമീകരിക്കുന്നത്. അതൊരു സ്വപ്നമാണ്. യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത് അസംഭവ്യമായൊരു സ്വപ്നം പ്രത്യക്ഷീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ രേഖപ്പെടുത്തലുകളായിട്ടാണ് നമുക്കിത് വായിക്കാനാവുക.

ട്രങ്ക് കാള്‍ബുക്കിംഗ്, പേജര്‍, ലാന്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍എന്നിങ്ങനെ ആശയവിനിയരംഗത്തെ വികാസവും ഈ നോവലില്‍ കാലഘട്ടത്തിന്റെ വളര്‍ച്ചയെ രേഖപ്പെടുത്തുന്നതില്‍ പ്രയോഗിക്കുന്നു. സാങ്കേതികവിദ്യയുടെ ത്വരിതവികാസം സാധ്യമാകുമ്പോഴും മാസികഘടനയില്‍ വികാസം സംഭവിക്കാത്ത മനുഷ്യരുടെ ആന്തരികലോകത്തേക്കു വെളിച്ചം വീശുകയാണ് നോവലിസ്റ്റ്.

നീതിബോധമുള്ള ഒരു പത്രം എങ്ങനെയാണ് സ്വാധീനതങ്ങളില്‍ നിന്നും വിമുക്തമായി തങ്ങളുടെ നിലപാടുകളെ ഭദ്രമാക്കുന്നതെന്ന് ചില സന്ദര്‍ഭങ്ങളിലൂടെ വ്യക്തമാക്കുന്നു. നീതിപീഠത്തേപ്പോലെയാണ് ഒരു പത്രവും പത്രപ്രവര്‍ത്തകനും നിലനില്‌ക്കേണ്ടത്. ഒരു നിരുപരാധിയുടെ ജീവിതം രക്ഷിക്കുന്നതിലും അപരാധിയെ സമൂഹത്തിനുമുന്നില്‍കൊണ്ടുവരേണ്ടതുമായ ഉത്തരവാദിത്തം അയാള്‍ക്കുണ്ട്. സൂക്ഷ്മമായ ബോധവല്‍ക്കരണം ഉദ്ദേശ്യവും കൂടി ഉള്‍വഹിക്കുന്നതാണ് നോവല്‍. പത്രപ്രവര്‍ത്തകന്റെ സുഹൃത്ത് ജെയിംസ് ഒരു മാസിക തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍, അയാള്‍ ഏറ്റുവാങ്ങുന്ന ബാധ്യതകള്‍ അയാളുടെ ജീവിതം പരുഷമാക്കുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്വകാര്യജീവിതവും സാമൂഹ്യജീവിതവും അരക്ഷിതമായിത്തീരുന്നതോടെ അയാള്‍അവസാനിക്കുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഇതിനൊക്കെ മൂകസാക്ഷിയായി നിലകൊള്ളുമ്പോള്‍ അനേകം ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് കൊണ്ട് നോവല്‍ അവസാനിപ്പിക്കുന്നു.

uk kumaran
പുസ്തകം വാങ്ങാം

ലളിതമായ ആഖ്യാനസൗന്ദര്യമാണ് ഈ നോവലിന്റെ സവിശേഷത. പാരായണക്ഷമതയുള്ള ഈ നോവല്‍ സൂക്ഷ്മരാഷ്ട്രീയത്തിലേക്കും സാമൂഹികസവിശേഷതകളിലേക്കും വായനക്കാരനെ നയിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ വ്യതിരിക്തമേഖലകളിലൂടെയുള്ള സഞ്ചാരം കൂടിയായി അനുഭവപ്പെടുകയാണ് യു.കെ.കുമാരന്റെ ഈ നോവല്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: UK Kumaran New Malayalam Novel Book Review Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented