'നിലാവൊഴുകുന്നു':അനുഭവങ്ങള്‍ തുടിക്കുന്ന വാക്കുകളാല്‍ ഒരു പുസ്തകം!


By ടി.വി.എം അലി

2 min read
Read later
Print
Share

പുസ്തകത്തിന്റെ കവർ

ഗൃഹാതുരതയിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും ഇറങ്ങിനില്‍ക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് നിലാവൊഴുകുന്നു എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് ഇംപ്രിന്റായ ഗ്രാസ് റൂട്‌സ് പ്രസിദ്ധീകരിച്ച ഹുസൈന്‍ തട്ടത്താഴത്തിന്റെ 'നിലാവൊഴുകുന്നു' എന്ന പുസ്തകത്തെക്കുറിച്ച് ടി.വി.എം അലി എഴുതുന്നു. '

രോ പ്രവാസിയും ഒരേസമയം ഇരട്ട വ്യക്തിത്വമുള്ള മനുഷ്യരാണ്. അവരുടെ നാട്ടിലെ ജീവിതവും പ്രവാസ ജീവിതവും നൂലറ്റ രണ്ടുപട്ടങ്ങളായി വാനില്‍ പറന്നുനടക്കുകയാണ്.

ഒരേസമയം വ്യത്യസ്ത മേഖലകളില്‍ വ്യാപരിക്കുന്നയാളാണ് ഗ്രന്ഥകാരനായ ഹുസൈന്‍ തട്ടത്താഴത്ത്. അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ പാരാവാരത്തിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞുപോകുന്ന സാഹസികന്‍ കൂടിയാണയാള്‍. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മന:സാന്നിധ്യമുള്ളതുകൊണ്ട് അനുഭവങ്ങളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്.

നാട്ടില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ക്ക് മിത്രമായും മറ്റുള്ളവര്‍ക്ക് ശത്രുവായും മാറുന്ന മണലാരണ്യത്തിലിരുന്നുകൊണ്ട് എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ 'നിലാവാ'യി ഒഴുകുന്നത്. ഒരു പച്ചമനുഷ്യന്റെ സചേതനമായ അനുഭവമാണ് താളുകളില്‍ ഓളം വെട്ടുന്നത്. ഒരു സാഹിത്യകാരനാവണമെന്ന ആഗ്രഹം സഫലീകരിക്കാന്‍ ഇറങ്ങിത്തിരിച്ചതല്ല ഈ എഴുത്തുകാരന്‍.

ഉര്‍വ്വരവും ഊഷരവുമായ അനുഭവങ്ങളുടെ കടല്‍ നീന്തിക്കയറുന്നവരാരായാലും ഈ കൃതി എഴുതിപ്പോകും. താന്‍ പിന്നിട്ട ബാല്യകൗമാരങ്ങളില്‍ അനുഭവിച്ച ദുരിതകാണ്ഡങ്ങള്‍ ഒരു വ്യക്തിയുടെ അനുഭവമല്ലാ ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനം തന്നെയാണ്. ഉള്ളില്‍ത്തട്ടിയ അനുഭവങ്ങള്‍ മണല്‍ക്കാട്ടിലെ ഈന്തപ്പന പോലെ മുളപൊട്ടുമ്പോള്‍ ഏതൊരാള്‍ക്കും ഉറക്കം നഷ്ടപ്പെടും. അത്തരം രാത്രികളില്‍ നിലാവിനെ സാക്ഷിയാക്കി ലളിതമായ ഭാഷയില്‍ എഴുതിയ വര്‍ത്തമാനമാണ് ഇതിലുള്ളത്.

ഒട്ടും കൊട്ടിഘോഷിക്കാതെ, നെടുങ്കന്‍ വാക്കുകള്‍ തീണ്ടാതെ സാധാരണക്കാരുടെ ഭാഷയാണ് ഈ കുറിപ്പുകളെ സചേതനമാക്കുന്നത്. ജീവിതത്തെ ആദരവോടെ കാണുന്നവരുടെ പക്ഷത്താണ് എന്നും ഗ്രന്ഥകാരന്‍.

നാടനായും പരദേശിയായും പകര്‍ന്നാട്ടം നടത്തുന്ന മലയാളികളുടെ നാടാണ് കേരളം. ലോകത്തെവിടെയുമുള്ള മനുഷ്യനെ ഒന്നിപ്പിക്കുന്ന വിശ്വഭാഷയാണ് ചിരിയും കരച്ചിലും. അത് വിവര്‍ത്തനം ചെയ്യേണ്ടതില്ല. പ്രവാസികളുടെ ജീവിതം ആഗോള ഗ്രാമങ്ങളിലാണ് പടര്‍ന്ന് പന്തലിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മനുഷ്യരുമായി സഹവസിക്കുന്നതിനാല്‍ ഓരോ പ്രവാസിയും വിശ്വപൗരനായി മാറിയിട്ടുണ്ട്. ഉന്നതമായ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം തന്നെ അനുഭവമാണ്. കൂടെ താമസിക്കുന്നവന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരന്‍ വായിച്ചെടുക്കുന്നത് അപരന്റെ ജീവിതമാണ്.

ഒരേസമയം തന്റെയും സഹജീവികളുടെയും ജീവിതം കാണാന്‍ കഴിയുന്നതു കൊണ്ടാണ് ഹൃദ്യമായ രീതിയില്‍ അത് എഴുതാന്‍ കഴിയുന്നത്. ഓരോ കുറിപ്പിലും ഓരോ ജീവിതമുണ്ട്. വേറിട്ടതാണ് ഓരോ ജീവിതവും. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവുമെല്ലാം വര്‍ണ്ണപ്പൊലിമയില്ലാതെ തന്നെ ഹുസൈന്‍ തുറന്നുപറയുന്നുണ്ട്. സാന്ത്വന പ്രവര്‍ത്തകനായി മാറുന്ന സന്ദര്‍ഭങ്ങളിലും അതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്നുമില്ല. അവമതിപ്പും അവഗണനയും ഏറ്റുവാങ്ങുന്നവനായും, നിസ്സഹായനായും, ഇളിഭ്യനായും, വില്ലനായും, സഹജീവി സ്‌നേഹിയായും ഒക്കെ ഗ്രന്ഥകാരന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോ കുറിപ്പുകളേയും ഇഴകീറി പറയുന്നത്‌ വായനാഭംഗമുണ്ടാക്കും എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

അനുഭവങ്ങളുടെ നിലാവിനെക്കുറിച്ചുള്ള ഈ സങ്കീര്‍ത്തനം ഓരോ മലയാളിയും വായിക്കണം. പ്രവാസജീവിതത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും ആ നിലാവ് പരന്ന് ഒഴുകുകയാണ്. ഗൃഹാതുരതയിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും ഇറങ്ങിനിന്ന് ഒരേ നിലാവുകൊള്ളാന്‍ വായനക്കാരെ വിളിക്കുകയാണ് ഈ എഴുത്തുകാരനെന്ന് അവതാരികയില്‍ പ്രമുഖ കവി പി.രാമനും സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: TVM Ali, Hussain Thattathazhath, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
E Santhosh Kumar

4 min

'ജ്ഞാനഭാരം'; ചില പുസ്തകങ്ങളിലെ ചില മനുഷ്യര്‍

Jun 8, 2021


Book Review

3 min

അഷ്ടദേശങ്ങളിലേക്കിഷ്ടയാത്രകള്‍

Apr 3, 2023


Sonia cheriyan book

3 min

ഇന്ത്യന്‍ റെയിന്‍ബോ; മനസ്സിലിടം പിടിക്കുന്ന, മിഠായി പോലുള്ള പട്ടാളക്കഥകള്‍

Mar 15, 2023

Most Commented