പുസ്തകത്തിന്റെ കവർ
അപരിചിതലോകത്തിന്റെ അകംകാഴ്ചകള്‍ ആഴത്തിലും അസാധാരണവുമായി അവതരിപ്പിക്കുവാനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കുന്നത്/ശ്രമിക്കേണ്ടത്. കണ്ടെത്താത്ത ജീവിതത്തിന്റെ വന്‍കരകളും അജ്ഞാതകാലത്തിന്റെ വിക്ഷോഭങ്ങളും സൃഷ്ടിക്കുമ്പോഴാണ് എഴുത്തുകാരന്‍ ആ ജീവിതനിയോഗം സാര്‍ഥകമാക്കുന്നത്. എഴുത്ത് കണ്ടെത്തലും കാണാപ്പുറവുമാണ്. ജീവിതത്തിന്റെ വിന്യാസവും വ്യാഖ്യാനവുമാണ്. ഉള്ളിലേക്കും പുറത്തേക്കും നിരന്തരം സഞ്ചരിക്കുന്ന ആത്മസാധനയാണത്. ഓരോ പുതിയ രചനയും വായിക്കുന്നത് ഈ തിരിച്ചറിവിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ്. തെങ്ങമം ഗോപകുമാറിന്റെ ജവാന്‍ C/o 56 APO എന്ന നോവല്‍ താരതമ്യേന അപരിചിതമായ ജീവിതസ്ഥലികളുടെ അവതരണവും ആഖ്യാനവുമാണ്. മലയാളവായനക്കാരനു വേണ്ടത്ര പരിചയമല്ലാത്ത ഒരു ലോകത്തിന്റെ അനുഭവപരിസരമാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ നോവല്‍വായന തുടക്കത്തില്‍ത്തന്നെ ഉദ്വേഗവും ആകാംക്ഷയും പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. ഇടമുറിയാത്ത വായനയുടെ സാന്നിധ്യമാണ് ഈ നോവല്‍ ക്ഷണിക്കുന്നത്.
പട്ടാളജീവിതപശ്ചാത്തലത്തിലാണ് ഈ നോവല്‍ സൃഷ്ടിച്ചിരിക്കുന്നത്. പശ്ചാത്തലമായി മാത്രമല്ല, ജൈവജീവിതഘടനതന്നെയാണത്. ഇത്തരം അനുഭവങ്ങള്‍ പരിമിതമായി മാത്രമേ മലയാളത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. വിഖ്യാത മലയാള പട്ടാളകാഥികരായ കോവിലന്‍, നന്തനാര്‍, പാറപ്പുറത്ത്, മാര്‍ഷല്‍ തുടങ്ങിയവരുടെ രചനകളില്‍ പട്ടാളജീവിതത്തിന്റെ ചൂരും ചൂടും അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ എഴുത്തുകാരൊക്കെ ആ ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ അവസ്ഥാഭേദങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. ഈ ഓരോ എഴുത്തുകാരും വ്യത്യസ്ത സമീപനങ്ങളിലൂടെയാണ് ആ ജീവിതത്തെ നേരിട്ടത്. അതിന്റെ വ്യത്യസ്തവും അസാധാരണവുമായ തുടര്‍ച്ചയാണ് തെങ്ങമം ഗോപകുമാര്‍ സൃഷ്ടിക്കുന്നത്. അവരുടെ കാലത്തെ അനുഭവരാശികളല്ല ഗോപകുമാര്‍ അവതരിപ്പിക്കുന്നത്. പുതിയ കാലത്തിന്റെയും പുതിയ ജീവിതസമീപനങ്ങളുടെയും ഭൂമികയില്‍ നിന്നുകൊണ്ടാണ് പട്ടാളജീവിതം ആഖ്യാനം ചെയ്യുന്നത്. പട്ടാളജീവിതത്തിനുള്ളില്‍ മനുഷ്യബന്ധങ്ങള്‍ വിത്തിടുന്നതും പൂക്കുന്നതും പടരുന്നതും കൊഴിയുന്നതുമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. സാധാരണജീവിതത്തിന്റെ ക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായ പട്ടാളജീവിത അനുഭവപരിസരം അതിന്റെ സൂക്ഷ്മതയിലും വിശാലതയിലും ഈ നോവലില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ജവാന്‍ കഥകള്‍ ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും പാരസ്പര്യമാണ്. അനുഭവങ്ങളുടെയും സങ്കല്പങ്ങളുടെയും സംയോഗമാണ്. ആലോചനകളുടെയും അന്വേഷണങ്ങളുടെയും അഭിമുഖമാണ്. വിശാലമായ ലോകാനുഭവങ്ങളെ വ്യക്തിജീവിതത്തിന്റെ സൂക്ഷ്മതയിലേക്കു ചുരുക്കിയെടുക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. സ്ഥൂലത്തില്‍നിന്നും സൂക്ഷ്മതയിലേക്കുള്ള സര്‍ഗാത്മക പരിണാമമാണിത്. പട്ടാളത്തിലെ യാന്ത്രികജീവിതത്തിനപ്പുറത്ത് അനുഭവങ്ങളുടെ യാദൃച്ഛികതകള്‍ കാത്തിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലുകളാണിത്. പുറത്തുനിന്നു നോക്കുമ്പോള്‍ വിരസമെന്നു തോന്നുന്ന ഒരു ജീവിതഭൂമിയുടെ ഉള്ളില്‍ തീക്ഷ്ണാനുഭവങ്ങളുടെ അടരുകള്‍ പതിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇതു നല്കുന്നത്. യാഥാര്‍ഥ്യത്തിന്റെ അടിത്തറയില്‍നിന്ന് ഭാവനയുടെ ആകാശസഞ്ചാരങ്ങളാണ് ഗോപകുമാര്‍ ഇവിടെ സൃഷ്ടിക്കുന്നത്. പക്ഷേ, അതിന്റെ അതിരുകള്‍ കണ്ടെത്താന്‍ ആവുന്നില്ല എന്നതാണ് ഈ രചനയുടെ സവിശേഷത.
ജവാന്‍ C/o 56 APO എന്ന ഈ നോവലിന് വിഭിന്ന മുഖങ്ങളുണ്ട്. വ്യത്യസ്ത ജീവിതതലങ്ങളുണ്ട്. വ്യക്തിയിലേക്കും കാലത്തിലേക്കും ചരിത്രത്തിലേക്കും അതു വിന്യസിച്ചിരിക്കുന്നു. അനുഭവങ്ങളുടെ ഏകപക്ഷീയ ആവിഷ്‌കാരമല്ലത്. നിരവധി ജീവിതങ്ങളുടെ അകത്തളങ്ങളിലൂടെയാണ് ഈ നോവല്‍ കടന്നുപോകുന്നത്. അപരജീവിതത്തിന്റെ ആന്തരികസമസ്യകളെ കണ്ടെത്താനും ജീവിതകാമനകളുടെ അടിസ്ഥാനം തിരയാനും ശ്രമിക്കുന്നു. വൈകാരികതയുടെ അതിരുവിടാത്ത അനുഭവതലങ്ങള്‍ ഇതില്‍ പടര്‍ന്നുകിടക്കുന്നു. മുകുന്ദന്‍ എന്ന ജവാന്റെ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങള്‍ ചേര്‍ത്തുവെക്കുന്നത് വൈകാരികതയുടെ ആരവങ്ങള്‍ ഇല്ലാതെയാണ്. സ്‌നേഹത്തിനും കാരുണ്യത്തിനുമാണ് അവിടെ ഇടം നല്കുന്നത്. സെബാസ്റ്റിയന്‍ എന്ന ജവാന്റെ ആന്തരികസംഘര്‍ഷങ്ങള്‍ മദ്യത്തിന്റെ അമ്ലഗന്ധത്തിലൂടെ വരയ്ക്കുമ്പോള്‍ അതില്‍ മനുഷ്യത്വത്തിന്റെ അഗാധസ്പര്‍ശങ്ങളുണ്ട്. ഇത്തരം നിരവധി സന്ദര്‍ഭങ്ങളെ അലമുറയിടുന്ന വിലാപശ്രുതിയാക്കി മാറ്റുന്നില്ല. എഴുത്തിന്റെ തുറന്നുവിടലിനു സാധ്യതയുള്ള സന്ദര്‍ഭങ്ങളെ മിതത്വത്തിന്റെ മാന്ത്രികലാവണ്യത്തിലേക്കു മാറ്റിയെടുക്കുന്നു.
ഇന്ത്യാചരിത്രത്തിന്റെ കാഴ്ചയും കണ്ടെത്തലുമാണ് ഈ നോവലിന്റെ ജനിതകസൗന്ദര്യം. പഞ്ചാബിന്റെ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ അടിസ്ഥാനഘടകങ്ങളും അതിന്റെ കാണാപ്പുറങ്ങളും നോവലിന് വേറിട്ട ദിശാബോധം നല്കുന്നു. ചരിത്രത്തെ കാല്പനികഭാവനകൊണ്ടല്ല, യാഥാര്‍ഥ്യത്തിന്റെ സൂക്ഷ്മതകൊണ്ടാണ് വായിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയും വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിച്ച ആഘാതങ്ങള്‍ രേഖപ്പെടുത്തുന്നു. ഗുര്‍മീത് സിങ് എന്ന സൈനികനിലൂടെയാണ് ആ ചരിത്രവീഥിയിലേക്ക് ജവാന്‍ കടന്നുപോകുന്നത്. അമ്പരപ്പിക്കുന്ന അനുഭവങ്ങളെയാണ് പിന്നീട് നേരിടേണ്ടി വരുന്നത്. ദിയാ കൗറിലൂടെ ചരിത്രത്തിന്റെ നിണമണിഞ്ഞ ദിനങ്ങള്‍ കണ്ടെത്തുന്നു. പട്ടാളത്തിനുള്ളിലും ഭീകരവാദത്തിന്റെ നിശ്ശബ്ദ 'ഷെല്ലുകള്‍' പാകിയിട്ടുണ്ടെന്ന യാഥാര്‍ഥ്യമാണ് ഈ നോവലിലൂടെ തിരിച്ചറിയുന്നത്. ഒരു ജനതയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ചിതറിയ ചിത്രങ്ങള്‍ ചേര്‍ത്തുവെക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. പഞ്ചാബ് രാഷ്ട്രീയം പ്രമേയമായി വരുന്ന അപൂര്‍വം നോവലുകളിലൊന്നാണിത്. ദിയാ കൗറിന്റെ കഥാപാത്രസൃഷ്ടി ആകര്‍ഷകമാണ്. വേദനയും പ്രതിബദ്ധതയും കാരുണ്യവും എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്.
പട്ടാളജീവിതത്തിനുള്ളില്‍നിന്നും സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന മാനുഷികബന്ധങ്ങളുടെ വിവിധ തലങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. അതിനുള്ളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും നിഴലും വെളിച്ചവും പടര്‍ന്നിട്ടുണ്ട്. ജവാന്‍ എന്ന കഥാനായകന്‍ ഏകാകിയും കലാപകാരിയുമാണ്. തൊഴില്‍ജീവിതത്തിനുള്ളിലെ അനീതികളോട് ഏറ്റുമുട്ടുന്നു. അതു ജീവിതത്തിന്റെ സ്വച്ഛതയെത്തന്നെ സാരമായി ബാധിക്കുന്നു. ജീവിതത്തിന്റെ ബാധ്യതകളും പ്രാരബ്ധങ്ങളും ജവാന്റെ മനസ്സില്‍ നീറ്റലായി പടരുന്നുമുണ്ട്. ജീവിതത്തിന്റെ ആന്തരികവികാസവും പുരോഗതിയും ജവാന്റെ സ്വകാര്യസ്വപ്‌നവുമാണ്. ജവാന്‍ നിരീക്ഷകനായും ജീവിതസാന്നിധ്യവുമായും മാറുന്നുണ്ട്. ജവാന്റെ ആത്മജീവിതത്തിന്റെ തുടിക്കുന്ന അധ്യായങ്ങളാണ് ഈ നോവല്‍. നിരവധി ജീവിതാഖ്യാനങ്ങള്‍ ചേര്‍ത്തുവെച്ച സഞ്ചയികയാണീ നോവല്‍. തുടരുന്ന കഥാപാത്രങ്ങളും വിടവാങ്ങുന്നവരുമുണ്ട്. പടരുന്ന സന്ദര്‍ഭങ്ങളും വിരാമമിടുന്നവയുമുണ്ട്. അതെല്ലാംകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് ഇതൊരു നോവല്‍രൂപമായി മാറുന്നത്. ഓരോ അധ്യായങ്ങളും ഒരു ചെറുകഥപോലെ പരിഗണിക്കാനാവും. ഈ അനുഭവസമാഹാരത്തെ ജവാന്റെ ജീവിതസാന്നിധ്യംകൊണ്ടാണ് ചേര്‍ത്തുവെക്കുന്നത്. നോവലിന്റെ പരമ്പരാഗത രൂപഘടനയെ അപ്രസക്തമാക്കുന്ന രചനാതന്ത്രമാണ് പരീക്ഷിക്കുന്നത്. കഥയുടെ ആദിമധ്യാന്തരൂപശില്പമല്ല, ശിഥിലമായ അനുഭവരേഖകളുടെ വിശ്ലഥമായ ജീവഘടനയാണ് ഇതിന്റെത്.
തെങ്ങമം ഗോപകുമാര്‍ മുഖ്യമായും കവിതകളാണ് എഴുതിയിരുന്നത്. മൂന്നു കവിതാസമാഹാരങ്ങള്‍ (കാട്ടുസൂര്യന്‍, കാലി(വി)സ്ഥാന്‍, തീകെട്ടകാലം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജവാന്‍ കഥകള്‍ ഫിക്ഷന്‍ രചനയിലേക്കുള്ള ആദ്യ വഴിമാറ്റമാണ്. ഒരു കവിയുടെ പ്രത്യക്ഷസാന്നിധ്യം ഇവിടെയില്ല. കാരണം, കാവ്യഭാഷയുടെ പ്രകാശനത്തിനുള്ള സാധ്യതകള്‍ പ്രസക്തമാവുന്നില്ല. മറ്റൊരു ഭാഷയാണ് ഗോപകുമാര്‍ ഇവിടെ സൃഷ്ടിക്കുന്നത്. ഈ കഥകള്‍ ആവശ്യപ്പെടുന്നത് അതാണ്. കേരളത്തിനു പുറത്ത് ഹിന്ദി മുഖ്യമായ സംവേദനഭാഷയായി സ്വീകരിച്ചിരിക്കുന്ന ഒരു ജീവിതലോകത്തിന്റെ അവതരണമാണിതിലുള്ളത്. ഒരു മലയാളിയുടെ ഹിന്ദിജീവിതത്തിന്റെ ഭാഷാവിന്യാസമാണ് ഇവിടെ സൃഷ്ടിക്കുന്നത്. മലയാളവും ഹിന്ദിയും ഇടകലര്‍ന്ന ഭാഷാഘടന. ഹിന്ദി വാക്കുകള്‍ മലയാളീകരിച്ചുപോലും പ്രയോഗിക്കുന്നു. ഭാഷയിലെ ഈ അപനിര്‍മാണം സംവേദനത്തെ തടസ്സപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കാലവും ചരിത്രവും ജീവിതവും അന്വേഷണവും ആസക്തിയും സ്വപ്‌നവും പ്രതീക്ഷയും പ്രണയവും നിരാശയുമെല്ലാം സമാഹരിക്കപ്പെട്ടതാണ് ജവാന്‍ C/o 56 APO. ഇതിനിടയിലൂടെയുള്ള യാത്ര വായനക്കാരനെ ഉന്മാദിയും ഉന്മേഷഭരിതനുമാക്കും.
ആ സഞ്ചാരത്തിനു ക്ഷണിക്കുന്നു.
നോവലിന് എഴുതിയ അവതാരിക
Content Highlights: thengamam gopakumar novel mathrubhumi books review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..