ഇന്ദിരാഗാന്ധി
ഇന്ത്യയിലെ ഒരേയൊരു വനിതാ പ്രധാനമന്ത്രി. പിതൃമേധാവിത്ത ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തികരംഗങ്ങള്‍ അപ്പാടെ മാറ്റിമറിച്ച 1966. ഇന്ദിരാ ഗാന്ധി എന്ന അച്ഛന്റെ മകള്‍ ഇന്ത്യയുടെ കൈകാര്യക്കാരിയായി മാറിയ വര്‍ഷം! ഇന്ത്യയുടെ പുരോഗതി കൃഷിയിലൂടെയും കാര്ഷികോത്പ്പന്നങ്ങളിലൂടെയും മാത്രമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് ലോകമെമ്പാടുമുള്ള നേതാക്കളെയും ഗവേഷകരെയും ഞെട്ടിച്ചുകൊണ്ട് ഭക്ഷണ സ്വയംപര്യാപ്തത എന്ന സങ്കല്പത്തിലേക്ക് ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച പ്രധാനമന്ത്രി. 1971- ലെ ഇന്ത്യാ-പാക് യുദ്ധവും, ബംഗ്ളാദേശ് രൂപീകരണവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ ഒരു പേനയും മറന്നുപോകാതെ കുറിച്ചിട്ട പേരിനുടമ. പോരാത്തതിന് ഇരുപത്തൊന്നുമാസം രാജ്യത്തെ അനങ്ങാനും തിരിയാനും സമ്മതിക്കാതെ അടിയന്തരാവസ്ഥയ്ക്കു വിധേയമാക്കിയ അതിശക്തയായ ഭരണാധികാരി.
1984 ഒക്ടോബര്‍ മുപ്പത്തിയൊന്നിന് സ്വന്തം അംഗരക്ഷകരുടെ തോക്കില്‍ നിന്നും തുരുതുരാ വെടിയുണ്ടകളേറ്റ് ശരീരം പിടിച്ചുനില്‍ക്കാനാവാതെ വീണുപോയപ്പോഴും ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വീറ് ചൊരിയുന്ന കണ്ണുകള്‍ തുറന്നുതന്നെ പിടിച്ചത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവിലേക്കായിരുന്നു. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് മുപ്പത്താറ് കൊല്ലങ്ങള്‍ കടന്നുപോയിരിക്കുന്നു. ആരായിരുന്നു ഇന്ദിരാഗാന്ധി എന്ന ചോദ്യത്തിന് ഒറ്റവാക്കിലോ ഒരു ഖണ്ഡികയിലോ ഒരു ഉപന്യാസത്തിലോ ഉത്തരം ഒതുങ്ങുകയില്ല. ഈ സന്ദര്‍ഭത്തിലാണ്, ഈ മുപ്പത്തിയാറാം രക്തസാക്ഷിദിനത്തിലാണ് ഇന്ദിരാഗാന്ധിയെക്കുറിച്ചെഴുതപ്പെട്ട അഞ്ചു പുസ്തകങ്ങള്‍ തീര്‍ച്ചയായും ചര്ച്ചചെയ്യേണ്ടിയിരിക്കുന്നത്.
'ഇന്ദിര: ലൈഫ് ഓഫ് ഇന്ദിര നെഹ്റു ഗാന്ധി' എന്ന പുസ്തകം എഴുതിയത് അമേരിക്കന്‍ എഴുത്തുകാരിയും ജീവചരിത്രകാരിയുമായ കാത്റീന് ഫ്രാങ്ക് ആണ്. ഇന്ദിരാഗാന്ധി എന്ന വ്യക്തിത്വത്തെയും നേതൃത്വത്തെയും ഇഴകീറി പരിശോധിച്ചുകൊണ്ട് എഴുതപ്പെട്ട പുസ്തകമാണ് 'ഇന്ദിര: ലൈഫ് ഓഫ് ഇന്ദിരാ നെഹ്റു ഗാന്ധി.' നഗ്നസത്യങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരിലും മുന്‍വിധികളോ വ്യക്തി രാഷ്ട്രീയ പരിഗണനകളോ തന്റെ ഇന്ദിരയ്ക്ക് കാതറീന് കൊടുക്കാതിരുന്നതിനാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയ വിചക്ഷണരും കാതറീന്റെ ജീവചരിത്രത്തെ നിശിതമായി വിമര്‍ശിച്ചു; കമ്യൂണിസ്റ്റ് ചിന്തകരുള്‍പ്പെടെ. പക്ഷേ കാതറീന് രേഖപ്പെടുത്തിയ ഒരു സംഭവത്തെയും എടുത്തുപറഞ്ഞ് നിഷേധിക്കാനോ ചോദ്യം ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഇന്ദിരാഗാന്ധി എന്ന വ്യക്തിത്വത്തെ അവഹേളിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും മറിച്ച് പ്രധാനമന്ത്രി എന്ന നിലയിലുള്ള അവരുടെ അസാധ്യമായ ശക്തിഗുണങ്ങളെക്കുറിച്ചും അതേസമയം ഒരു വ്യക്തി എന്ന നിലയിലുള്ള പരിമിതികളെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചുമാണ് താന്‍ എഴുതിയിരിക്കുന്നതെന്നുമായിരുന്നു കാതറീന് മറുപടി നല്‍കിയത്. രാഷ്ട്രീയ പ്രവേശനത്തിനുമുമ്പുള്ള ഇന്ദിരയുടെ ജീവിതം, നെഹ്റു കുടുംബത്തിന്റെ ഉത്ഭവസ്രോതസ്, മുഗള്‍ രാജവംശവുമായുള്ള ബന്ധം, ഇന്ദിരയുടെ അതിസങ്കീര്‍ണമായ കുട്ടിക്കാലം, പിതാവ് ജവാഹാര്‍ലാല്‍ നെഹ്റുവുമായുള്ള അസ്വാരസ്യങ്ങള്‍, ഫിറോസ് ഗാന്ധിയുടെ അവിശുദ്ധബന്ധങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍, സരോജിനി നായ്ഡുവിന്റെ മകള്‍ പത്മജാ നായിഡുവുമായി നെഹ്റു പുലര്‍ത്തിയിരുന്ന അടുപ്പം തുടങ്ങി ഇന്ത്യയുടെ ക്ഷമാകാലം വരെ ചര്‍ച്ചചെയ്യുന്നുണ്ട് കാതറീന്റെ ഈ ജീവചരിത്രം. വിഭജനം, കശ്മീര്‍ പ്രശ്നങ്ങള്‍ സിഖ് കലാപം തുടങ്ങി അനേകമനേകം ആഭ്യന്തപ്രശ്നങ്ങളും ചര്‍ച്ചചെയ്തുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലൂടെ എഴുത്തുകാരി ഗവേഷണം നടത്തിയിരിക്കുന്നത്. ഹാപ്പര്‍ കോളിന്‍സ് ആണ് 'ഇന്ദിര : ദ ലൈഫ് ഓഫ് ഇന്ദിരാ നെഹ്റു ഗാന്ധി'യുടെ പ്രസാധകര്.

ബ്രിട്ടീഷ് ചരിത്രകാരിയും ഗവേഷകയും എഴുത്തുകാരിയുമായ അലെക്സ് വോണ്‍ ടെന്സെല്മാന് എഴുതിയ 'ഇന്ത്യന്‍ സമ്മര്‍: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ എന്‍ഡ് ഓഫ് ആന്‍ എംപയര്‍' എന്ന ഗ്രന്ഥം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയനയങ്ങളും തന്ത്രങ്ങളും വിശദമാക്കിയിരിക്കുന്ന പുസ്തകമാണ്. ഇന്ദിരാ പ്രിയദര്‍ശിനി എന്ന സ്ത്രീയില്‍ നിന്നും ഇന്ദിരാ ഗാന്ധി എന്ന അതിശക്തയായ രാഷ്ട്ട്രീയ നേതാവ് ഉരുത്തിരിയാനുണ്ടായതിന്റെ കാര്യകാരണങ്ങളിലേക്കും അതിന്റെ വിവിധ പരിണാമഘട്ടങ്ങളെക്കുറിച്ചും 'ഇന്ത്യന്‍ സമ്മര്‍' വിശദമാക്കുന്നുണ്ട്. ഇതിഹാസ സമാനമായ ഇന്ത്യന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പരസ്പരമുള്ള പോരടിയും കുടുംബവഴക്കും എല്ലാം അക്കമിട്ടു നിരത്തിയിരിക്കുന്നു ഈ പുസ്തകത്തില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആഭ്യന്തര ശീതസമരങ്ങളും സ്വകാര്യ ഇടപാടുകളും ജവാഹര്‍ലാലും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുണ്ടായിരുന്ന ഗാഢബന്ധവും അലെക്സ് വോണ്‍ ഈ പുസ്തകത്തില്‍ വിശദമാക്കുന്നു.
നയന്‍താരാ അഗര്‍വാള്‍ എഴുതി പെന്ഗ്വിന് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ഇന്ദിരാ ഗാന്ധി ട്രൈസ്റ്റ് വിത് പവര്‍.' ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരമോന്നതനേതാക്കളുടെ ആദ്യപേരുകളിലൊന്നായി ഇന്ദിരാഗാന്ധി മാറിയതിന്റെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം. തന്റെ അധികാരത്തിലിരുന്നുകൊണ്ട് എന്തെങ്കിലും വിധത്തിലുള്ള അരാജകത്വം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നോ ഇന്ദിരയ്ക്ക്? സ്ത്രീ എന്ന നിലയില്‍ ഇന്ദിരയെ എങ്ങനെ വിലയിരുത്താം? എന്തായിരുന്നു അവരില്‍ മുഖ്യആകര്ഷകമായിട്ടുണ്ടായിരുന്നത്? ആരായിരുന്നു ഇന്ദിര? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നെഹ്റുകുടുംബത്തിലെ ആര്‍ക്കാണ് ഏറ്റവും നന്നായി പറയുവാന്‍ കഴിയുക എന്നതിന്റെ ഉത്തരമാണ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നയന്‍താര സെഗാള്‍ എഴുതിയ ഈ പുസ്തകം.
നെഹ്റുവിന്റെ കത്തുകളും ഇന്ദിരയ്ക്ക് പ്രമുഖര്‍ അയച്ച കത്തുകളും മറ്റ് കുടുംബാംഗങ്ങളുടെ വീക്ഷണങ്ങളും ചേര്‍ത്തുകൊണ്ടാണ് ഇങ്ങനൊരു ഉദ്യമത്തിന് നയന്‍താര സെഗാള്‍ മുതിര്‍ന്നത്. രാഷ്ട്രീയാധികാരത്തോടുള്ള ഇന്ദിരയുടെ അഭിനിവേശവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്റുകുടുംബം പതിച്ചുവാങ്ങിയ സ്ഥാനമാനങ്ങളും ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അധികാരമനോഭാവം എല്ലായിടത്തും എക്കാലത്തും വച്ചുപുലര്‍ത്തിയിരുന്ന ഇന്ദിരയുടെ വ്യക്തി ജീവിതത്തിലും അതേ മനോഭാവം അവര്‍ യോതൊരു കോട്ടവും തട്ടാതെ സംരക്ഷിച്ചുപോന്നിരുന്നു എന്ന് പുസ്തകം പറയുന്നു. ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വത്തെക്കുറിച്ച് ഇഴകീറി പരിശോധിച്ചാല്‍ അതു കാണാമെന്ന് ഉദാഹരണങ്ങള്‍ സഹിതം ഗ്രന്ഥകര്‍ത്താവ് വിശദമാക്കുന്നുണ്ട്. രാഷ്ട്രീയപ്രവേശം നടത്തുന്നതിന് മുമ്പ് ആരായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദു എന്നും എന്തെല്ലാം സംഭവവികാസങ്ങളാണ് ഇന്ദിഗാന്ധി എന്ന പ്രതിഭാസപ്പിറവിയ്ക്കു മുന്നോടിയായി സംഭവിച്ചതെന്നും 'ഇന്ദിരാഗാന്ധി: ട്രൈസ്റ്റ് വിത് പവര്‍' എന്ന പുസ്തകം വിശദമാക്കുന്നു.
വിനോദ് മേത്ത എഴുതി ഹാപ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച 'ദ സഞ്ജയ് സ്റ്റോറി' എന്ന പുസ്തകം ഇന്ത്യയിലെ രാഷ്ട്രീയവ്യക്തിത്വമായിരുന്ന സഞ്ജയ് ഗാന്ധിയെ മുന്‍നിര്‍ത്തിക്കൊണ്ട് അമ്മ ഇന്ദിരാഗാന്ധിയെക്കുറിച്ചാണ് വിശദമാക്കിയിരിക്കുന്നത്. സഞ്ജയ്ഗാന്ധിയെ ഇന്ദിര വ്യക്തിപരമായി എത്രയധികം ആശ്രയിച്ചിരുന്നു എന്ന അന്വേഷണമാണ് വിനോദ് മേത്ത ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്.

ജാവിയര്‍ മോറോ എഴുതി രോലി ബുക്സ് പ്രസിദ്ധീകരിച്ച 'ദ റെഡ് സാരി' ഇന്ദിരാഗാന്ധിയുടെ ജീവിചരിത്രമല്ല പറയുന്നത്, സോണിയാഗാന്ധിയുടെതാണ്. ഇന്ദിരാഗാന്ധിയെക്കുറിച്ച് പറയാതെയും പഠിക്കാതെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോണിയ്ക്ക് കാര്യമാത്ര പ്രസക്തിയില്ലെന്ന് നിരീക്ഷിക്കുന്ന ലേഖകന്‍ ആദ്യം വിശദമാക്കിയിരിക്കുന്നത് നെഹ്റു- ഗാന്ധി കുടുംബത്തിന്റെ ജീവിത പശ്ചാത്തലവും രാഷ്ട്രീയ നിലപാടുകളുമാണ്. ബംഗാളാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന് ബ്ളൂസ്റ്റാര്‍, തുടങ്ങിയ നിര്‍ണായകമായ ഇന്ദിരാഗാന്ധി കാലഘട്ടങ്ങള്‍ ആധുനിക ഇന്ത്യാ ചിരത്രത്തില് എത്ര കണ്ട് സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നും ഈ പുസ്തകം വിവരിക്കുന്നു. സ്പാനിഷാണ് പുസ്തകത്തിന്റെ മൂലഭാഷ. സോണിയാ ഗാന്ധിയുടെ വീക്ഷണത്തിലൂടെയുള്ള ഗാന്ധി കുടുംബത്തെക്കുറിച്ചാണ് പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇറ്റലിയില്‍ നിന്നും തുടങ്ങി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, യുകെ എന്നിവിടങ്ങളിലെ പഠനതാമസങ്ങള്ക്കു ശേഷം ഇന്ത്യയില്‍ രാജീവ് ഗാന്ധിയുടെ ജീവിതപങ്കാളിയായി എത്തിച്ചേര്‍ന്ന ദീര്‍ഘയാത്രയാണ് സോണിയ പറയുന്നത്. ഇന്ദിരാഗാന്ധി എന്ന വ്യക്തിത്വം തന്നിലുളവാക്കിയ സ്വാധീനം എത്രമേല്‍ മഹത്തരവും വിവരാണാതീതവുമാണെന്ന് സോണിയ പറയുന്നു. ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് വിവിധ ഭാഷകളിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Content Highlights: The Red Saree, Indian Summer, The Sanjay Story, Introducing five books about Indira Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..