പട്ടുവപുരാണത്തിലെ സുന്ദരപുരുഷന്മാരും കൈപ്പാടും


ഡോ. സ്വപ്ന സി. കോമ്പാത്ത്.

പുസ്തകത്തിന്റെ കവർ

കൈപ്പാടെന്നാല്‍ പുഴയുടെ തീരത്തുള്ള ചതുപ്പുനിലമാണെന്നും അത്തരം പ്രദേശങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് കണ്ണൂര്‍ ജില്ലയിലെ പട്ടുവം, ഏഴോം ഭാഗങ്ങളിലാണെന്നും, അവിടങ്ങളിലെ കൃഷിയ്ക്കായി ഉപയോഗിക്കുന്നത് ഓര്‍ക്കയമ എന്ന ഇനം നാടന്‍നെല്ലാണെന്നും അറിയുന്നത് വി. സുരേഷ്‌കുമാറിന്റെ കൈപ്പാട് എന്ന കഥാസമാഹാരത്തിലെ കൈപ്പാട് എന്ന കഥയിലൂടെയാണ്. നാട്ടില്‍പുറം, നഗരം, ചെങ്കല്‍മട, കുന്നിന്‍പുറം, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഡാന്‍സ് ഫ്‌ലോര്‍ എന്നുവേണ്ട ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും പശ്ചാത്തലഭൂമിക വൈവിധ്യമുള്ള ഇടങ്ങളാണ്. എന്നാല്‍ അവയെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയുണ്ട്. അതാണ് പട്ടുവം. പ്രാദേശികതയുടെ നൂല്‍ചരടുകള്‍ അയച്ചുകൊണ്ട് മാനത്തേക്ക് പറക്കുന്ന ഒന്‍പത് കഥകള്‍. ചന്ദനം, പുലിക്കളി, വേട്ടക്കാരന്‍ സുബൈര്‍, ദര്‍ശനമാല, കൈപ്പാട്, ഊക്ക്, ഒരു സാമുറായിയുടെ ജീവിതക്കളികള്‍, ഉത്തോലകം, മലമുകളില്‍ ഒരു ലീല എന്നിവയാണവ.

വാക്കുകള്‍ കൊണ്ട് വരച്ചെടുക്കാവുന്ന ഏറ്റവും മികച്ച കാഴ്ചകളെ ഒരുക്കിയെടുക്കുന്ന പണിപ്പുരയാണല്ലോ കഥകള്‍. ഈ സമാഹാരത്തിലെ പലകഥകളിലും വ്യത്യസ്തമായ ഒരു കാഴ്ചയുണ്ട്. പതിവു കഥാകാഴ്ചകളില്‍ നിന്ന് വിപരീതമായി സുന്ദരനായ, കരുത്തനായ പുരുഷനെ നമുക്ക് കാണാനാവുന്നു. അതൊരു വ്യത്യസ്തത തന്നെയാണ്.മെലിഞ്ഞിട്ടാണെങ്കിലും അഭ്യാസിയെപ്പോലെ ഉറച്ച ശരീരമുള്ള സ്‌കൂള്‍ വിദ്യാര്‍ഥി വേട്ടസുബൈറും, ഫഹദ് ഫാസിലിനെ പോലെ തോന്നിപ്പിക്കുന്ന ചങ്ങമ്പുഴയും നല്ല ഉശിരുള്ള ചെക്കന്‍ എന്നു മേസ്ത്രി വിശേഷിപ്പിക്കുന്ന സുനിയും വെളിച്ചം തട്ടുമ്പോള്‍ കണ്ണുകളും ശരീരവും ലോഹം പോലെ പ്രകാശിക്കുന്ന ഒബ്രി എന്ന ജേക്കബ് ഒബ്‌റൈനും പെണ്ണുങ്ങളെയും പന്തിനെയും ഒരുപോലെ കറക്കിയ മഹാ മാന്ത്രികനായ ശൈലനുമെല്ലാം ഉദാഹരണങ്ങള്‍ മാത്രം.

ഓരോ കഥയും ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചന്ദനം എന്ന കഥ മൃതദേഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാമുദായിക നീതികളെ ചോദ്യം ചെയ്യുന്നു. മരണവീടുകളിലെ സജീവസാന്നിധ്യമായ സാമുദായിക നേതാക്കള്‍ നിലനില്പിനും അധികാര സ്ഥാപനത്തിനുമായി മരിച്ചയാളുടെ മുകളില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമില്ലാത്ത അവകാശം സ്ഥാപിക്കുന്നത് പതിവുകാഴ്ചയാണല്ലോ. അത്തരം പ്രഹസനങ്ങളെ പുച്ഛിക്കുകയും മനുഷ്യന്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന രക്തബന്ധങ്ങളേക്കാള്‍ ദൃഢമായ സ്‌നേഹബന്ധങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന കഥയാണിത്.

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണ് പുലിക്കളി. പുലിക്കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ നോക്കിവളര്‍ത്തിയ ചെറിയമ്പു ആശാന്റെയും അദ്ദേഹത്തിന്റെ അഞ്ചുപുലികളെയും കുറിച്ചുള്ള ഈ കഥ സുരേഷ് കുമാറിന്റെ ആഖ്യാനമികവിന് മിഴിവേറ്റുന്നു. സറ്റയറിന്റെയും ഫാന്റസിയുടെയും സകലസാധ്യതകളും ഈ കഥയില്‍ ഗംഭീരമായി പരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്നാമന്‍ കണ്ടന്‍പുലി, രണ്ടാമന്‍ മാരപ്പുലി, മൂന്നാമന്‍ പുലിമാരുതന്‍, നാലാമന്‍ കാളപ്പുലി, അഞ്ചാമന്‍ പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അഞ്ചു പുലികളെ പോറ്റുന്ന ചെറിയമ്പു ആശാനും സംസാരിക്കുന്ന പുലികളും ടോര്‍ച്ച്‌ലൈറ്റിന്റെ പ്രകാശവുമായി നീങ്ങുന്ന പരല്‍ മീനുമെല്ലാം ഫാന്റസിയുടെ ആഹ്ലാദം അനുഭവിപ്പിക്കുന്നുണ്ട്. കാടിറങ്ങുന്ന പുലിതെയ്യങ്ങള്‍ പഴമയും പുതുമയെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങളും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിന്റെ ചിഹ്നങ്ങളാണ്.

പുസ്തകം വാങ്ങാം

തെയ്യം പലകഥകള്‍ക്കും നിറം കോരിയൊഴിക്കുന്നുണ്ട്. ആശാരിക്കാവ്, തട്ടാന്‍ കാവ്, നമ്പ്യാര്‍ കോട്ടം, മുച്ചിലോട്ട് കാവ്, മന്ദപ്പന്‍ കാവ് തുടങ്ങി പട്ടുവത്തുണ്ടായിരുന്ന നിരവധി കാവുകളുടെ പശ്ചാത്തലമാണ് വേട്ടക്കാരന്‍ സുബൈറിനുള്ളത്. തെയ്യം ഒരു ജനതയുടെ ആത്മാവിലേക്ക് വേരുകള്‍ പടര്‍ത്തിയതെങ്ങിനെയെന്നും, മാറിയ സാഹചര്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ വേലികളുണ്ടാക്കുന്നതെങ്ങിനെയെന്നും ഈ കഥ വ്യക്തമാക്കുന്നു. മനുഷ്യന്‍ അവന്റെ പ്രവൃത്തികളാണ് ദൈവമായി മാറുന്നതെന്ന് ഇനിയും പഠിക്കാത്തവര്‍ക്ക് മുന്നില്‍ സുബൈര്‍ മാതൃകയാകുന്നു.

'പ്രണയം ഒരിക്കല്‍ ഒരാളോട് തോന്നിയാല്‍ പിന്നെയൊരിക്കലും കെടാതെ അതവിടെ വര്‍ഷങ്ങളോളം കിടക്കുകയും ചെയ്യും.', 'ഈ പ്രണയമെന്ന് നമ്മളു പറയുന്നത് ശരിക്കും ശരീരം നെഗറ്റീവില്‍ നിന്നു പോസിറ്റീവിലേക്കു മാറുന്നതിനെയാണ്. ' എന്നൊക്കെയുളള പ്രണയദര്‍ശനങ്ങളാണ് കോവിഡിനെ അടയാളപ്പെടുത്തിയ കൈപ്പാട് എന്ന കഥയെ വ്യത്യസ്തമാക്കുന്നത്. 'ജാതി ' ഇന്നും ഗ്യാലറിയിലിരുന്ന് കളി നിയന്ത്രിക്കുന്ന നമ്മുടെ ജനതയുടെ ചിത്രണമാണ് ഒരു സാമുറായിയുടെ ജീവിതക്കളികള്‍.

സമൂഹമാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിന്റെ കാഴ്ചകളാണ് ഉത്തോലകം. മണ്ണിന്റെ മണവും മനുഷ്യന്റെ നേരുമുള്ള ഒന്‍പതു കഥകളുടെ കൂട്ടം. കൂട്ടത്തിലിരിക്കുമ്പോഴും ഒറ്റയ്ക്കായിപ്പോയ ഒരാളോടൊപ്പം കുട്ടിക്കാലത്തേ കൂട്ടിനു വന്ന ചങ്ങാത്തമാണ് എനിക്കു കഥകള്‍ എന്ന് ആമുഖത്തില്‍ വി.സുരേഷ്‌കുമാര്‍ തന്നെ പറയുന്നുണ്ട്. സൗഹൃദത്തിന്റെ ഇഴയടുപ്പം വാക്കുകളിലും ദൃശ്യമാണ്.

Content Highlights: Swapna C Komoth, V.Sureshkumar, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented