ബിപിൻ ചന്ദ്രൻ, പുസ്തകത്തിന്റെ കവർ
I love acting. It is so much more real than life.
- Oscar Wilde
ജീവിതത്തേക്കാള്‍ സ്വാഭാവികമാണ് അഭിനയമെന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ ചിന്തയെ നിരൂപണബുദ്ധ്യാ ചര്‍ച്ചചെയ്യുമ്പോഴെല്ലാം അഭിനയിച്ചു ഫലിപ്പിക്കാനാകാത്ത ജീവിതമുഹൂര്‍ത്തങ്ങള്‍ മുന്നില്‍ തെളിഞ്ഞുവരും. അഭിനയവും ജീവിതവും രണ്ടും രണ്ടാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുമ്പോഴും അഭിനയമില്ലാത്ത ജീവിതവും ജീവതമില്ലാത്ത അഭിനയവും ചോദ്യചിഹ്നങ്ങളായി മുന്നിലേക്ക് വരികയും ചെയ്യുന്നുണ്ട്. അസാമാന്യരായ അഭിനയപ്രതിഭകളുടെ ഒരു വലിയ സമ്മേളനഭൂമിക തന്നെയാണ് മലയാളസിനിമ. താരമൂല്യം സിനിമയുടെ വിജയപരാജയങ്ങളില്‍ ഇന്നും ഇവിടെ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
മലയാളിയുടെ പ്രബുദ്ധത ഒട്ടും വകവെച്ചു തരില്ലെങ്കില്‍ പോലും, സൂപ്പര്‍ സ്റ്റാറെന്നും മെഗാസ്റ്റാറെന്നും ടോട്ടല്‍ ആക്ടറെന്നും ദ കംപ്ലീറ്റ് ആക്ടറെന്നുമൊക്കെ പ്രേക്ഷകസമൂഹം വിലയിരുത്തുന്ന വിധത്തില്‍ കടുത്ത താരാരാധന നിലനില്‍ക്കുന്ന ഇടം കൂടിയാണ് മലയാളസിനിമ. ഇത്തരം പദവികളില്‍ മാത്രം അഭിരമിച്ചിരിക്കാതെ നിരന്തരം പരീക്ഷണങ്ങള്‍ക്കും കടുത്ത ശാരീരികപരിശീലനത്തിനും വിധേയരാകുവാനും താരസിംഹാസനങ്ങളുറപ്പിക്കാനും സ്വയം നവീകരിക്കപ്പെടുവാനും നിതാന്തജാഗ്രത പുലര്‍ത്തുന്ന ഒരു കൂട്ടം നടീനടന്മാര്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന വാണിജ്യ സിനിമയ്ക്കു വളക്കൂറുള്ള മണ്ണാണ് മലയാള സിനിമയുടേത്.
മലയാളത്തിന്റെ - മമ്മൂട്ടി - എന്ന ആഗോളബ്രാന്‍ഡിനെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ബിപിന്‍ ചന്ദ്രന്‍ രചിച്ച മഹാനടന്‍ എന്ന പുസ്തകം. ഒരു സിനിമാനടന്റെ പ്രതിച്ഛായ നിര്‍മിക്കപ്പെടുകയും അപനിര്‍മിക്കപ്പെടുകയും പുനര്‍ നിര്‍മിക്കപ്പെടുകയും വിഗ്രഹവത്കരിക്കപ്പെടുകയും ചെയ്യുന്നതിന്റെ രഹസ്യങ്ങളിലേക്ക് ഗവേഷണ താത്പര്യത്തോടെ ബിപിന്‍ നടന്നടുക്കുന്നു. ഒരു താരമെന്ന രീതിയില്‍ മമ്മൂട്ടിയെ സൃഷ്ടിച്ചെടുത്ത ചരിത്രാവസ്ഥകളെ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം, അഭിനേതാവിന്റെ സാമൂഹിക പ്രതിബദ്ധത, പ്രത്യയശാസ്ത്രാഭിമുഖ്യം, നിലനില്പ് ഭീഷണികളെ അനായാസേന കൈകാര്യം ചെയ്യുന്ന മിടുക്ക് എന്നീ മമ്മൂട്ടീനിലപാടുകളെ സവിശേഷാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുവാനും ഒന്നാം ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.
തച്ചന്റെ നടന്‍ എന്ന രണ്ടാംഭാഗം മമ്മൂട്ടി എന്ന താരത്തിന്റെ മൂല്യം വര്‍ധിപ്പിച്ച പ്രധാന കഥാപാത്രങ്ങളുടെ തച്ചുവേലയുമായി ബന്ധപ്പെട്ടതാണ്. അഭിനേതാവെന്ന നിലയില്‍ മാറ്റുരക്കാന്‍ കിട്ടിയ അത്തരം അവസരങ്ങളാണ് മമ്മൂട്ടിയെ ആരാധകപ്രീതിക്കും ബഹുമതികള്‍ക്കും അര്‍ഹനാക്കിയത്. എം.ടി.യെ പോലുള്ള ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ തന്റെ ഭാവനയെ മമ്മൂട്ടിക്കനുസരിച്ച് പാകപ്പെടുത്തിയതെങ്ങിനെയെന്ന് ഈ ഭാഗം വിശദീകരിക്കുന്നു. അവിടെ നിന്നാണ് സ്വയം നിര്‍മിച്ചെടുത്ത താരസിംഹാസനത്തില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലാത്ത കഠിനാദ്ധ്വാനിയെ കാണുന്നത്.
മമ്മൂട്ടി എന്ന നയതന്ത്രജ്ഞനായ വാഗ്മിയെ വെളിപ്പെടുത്തുന്ന അഭിമുഖവും എം.ടി മമ്മൂട്ടിയെക്കുറിച്ചെഴുതിയ ലേഖനവും മമ്മൂട്ടിച്ചിത്രങ്ങളുടെ വിശദാംശങ്ങളടങ്ങുന്ന പട്ടികയും ചേര്‍ത്തൊരു മമ്മൂട്ടി പുസ്തകമാണ് മഹാനടന്‍. വിഷയം എന്തു തന്നെയായാലും ലോകസാഹിത്യത്തെ മുഴുവന്‍ അതിലേക്കാവാഹിക്കുന്ന ബിപിന്‍ ചന്ദ്രന്‍ ഇഫക്ട് ഇതിലും ദൃശ്യമാണ്.
ഒരു നടന്‍ സ്വാഭാവിക പരിണാമത്തിലൂടെ മഹാനടനമായി മാറുന്നതിന്റെ നേര്‍ചിത്രണമാണ് മഹാനടന്‍ എന്ന രചന. സൗന്ദര്യാനുഭൂതികളെ കുറിച്ചുള്ള ചര്‍ച്ചയില്‍, വലിപ്പം കൂടുമ്പോള്‍ മഹനീയത കൂടുന്നുവെന്ന് ബര്‍ക്ക് അഭിപ്രായപ്പെടുന്നത് പോലെ ഉയരത്തിലേക്കുയരത്തില്‍ മമ്മൂട്ടി വളര്‍ന്നുപൊങ്ങുന്നു. ഒപ്പം മലയാള സിനിമയുടെ ഗരിമയും. അഭിനയത്തെയും വ്യക്തിത്വത്തെയുമെല്ലാം ഭൗതികഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തിയാണ് നമുക്ക് ശീലം. അത്തരത്തില്‍ വെള്ളത്തിരയ്ക്കനുയോജ്യമായി തന്നെത്തന്നെ മാറ്റിയെടുക്കുന്ന ഒരു മികച്ച അഭിനേതാവിന്, ഉടലിനെ ആയുധമാക്കുന്ന കലാസ്‌നേഹിയ്ക്ക് ഈ പുസ്തകത്തില്‍ തന്നെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന അഭിമുഖത്തില്‍ സൂചിപ്പിച്ചതു പോലെ ' ബാരിയേഴ്‌സിനെ ബ്രേക്ക് ചെയ്യുകയും പരിമിതികളെ മറികടക്കുകയും 'ചെയ്യുന്ന ഒരഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ' മഹാനടന്‍.
Content Highlights :Swapna C. Kombath reviews the book Mahanadan by Bipin Chandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..