ജ്ഞാനഭാരം
ഇ.സന്തോഷ്കുമാർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ജ്ഞാനഭാരം' എന്ന നോവലിന് സുരേന്ദ്രൻ പൂന്തോട്ടത്തിൽ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.
മലയാള സാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത എഴുത്തുകാരനായ ഇ.സന്തോഷ് കുമാറിന്റെ ഏറ്റവും നോവലാണ് ''ജ്ഞാനഭാരം''. കോവിഡ്-19 എന്ന മഹാമാരി ലോകമൊട്ടാകെ വ്യാപിക്കുകയും മനുഷ്യവംശത്തിനു തന്നെ ഭീഷണി ഉയർത്തുകയും ചെയ്യുന്ന വേളയിൽ രചിക്കപ്പെട്ട കൃതി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡ:ശ്ശ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ആ അവസരത്തിൽ തന്നെ വായനക്കാരുടെ ശ്രദ്ധ ആകർഷിച്ച രചനയാണത്. ജ്ഞാനസമ്പാദനമെന്നത് ഉദാത്തമായ കർമ്മമെന്നിരിക്കെ ജ്ഞാനം ഭാരമായി പരിണമിക്കുന്നത് എങ്ങനെയെന്ന് കാലികമായ ചുറ്റുപാടിൽ അങ്ങേയറ്റം അടുക്കും ചിട്ടയോടെയും കൂടി പ്രതിപാദിക്കുന്നതാണ് ഈ ആഖ്യാനം. ലളിതസുന്ദരമായ ആശയങ്ങളിലൂടെ ദാർശനികതയുടെ ഗഹനതീരങ്ങളിലേക്ക് അടുക്കുന്ന യാനപാത്രമാണ് 'ജ്ഞാനഭാരം' എന്ന നോവൽ. 'അമ്യൂസ്മെന്റ് പാർക്ക്' എന്ന ആദ്യനോവലിൽ തന്നെ തത്വവിചാരത്തിന്റെ അംശങ്ങളെ സ്വാംശീകരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരന്റെ രൂപഭാവങ്ങൾ ഇ.സന്തോഷ്കുമാറിൽ പ്രകടമാണ് എന്ന് കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.
മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണെങ്കിലും പൂനയിലേക്കും കൊൽക്കത്തയിലേക്കും ഉള്ള ആഖ്യാതാവിന്റെ സ്ഥലംമാറ്റം കാരണം മുഖ്യകഥാപാത്രവുമായുള്ള വിനിമയത്തിൽ ഇടവേളകൾ സ്വാഭാവികമായും വരുന്നുണ്ട്. ആഖ്യാതാവിന്റെ ഔദ്യോഗിക ജീവിതത്തിനിടെ മുംബൈയിൽ വച്ച് പരിചയപ്പെടാൻ ഇടയാകുന്ന കൈലാസ് പാട്ടീൽ എന്ന വയോവൃദ്ധനിൽ വ്യത്യസ്തത കണ്ടെത്തുന്ന സന്ദർഭമാണ് നോവലിലേക്കുള്ള പ്രവേശിക എന്ന് പറയാം. ഈ രംഗത്തിന്റെ ചുവടുപിടിച്ചു പുരോഗമിക്കുന്ന നോവലിൽ തെളിച്ചമാർന്ന ആശയരൂപങ്ങളും സർഗാത്മകതയും പരസ്പരം മത്സരിച്ചുകൊണ്ട് 'നോവൽ' എന്ന സാഹിത്യരൂപത്തിന്റെ ഊടും പാവും നെയ്തെടുക്കുകയാണ്. മനുഷ്യരുടെ വിചാരധാരയും ബോധമണ്ഡലവും എത്രകണ്ട് ഗഹനവും ഗൂഢവുമാണെന്ന ആലോചനയെ ഉറപ്പിക്കുന്നവിധത്തിലാണ് നോവലിലെ കഥാപാത്രങ്ങളുടെ ചെയ്തികൾ.
കൈലാസ് പാട്ടീലിന്റെ ഭാര്യ മാധവി, മകൻ വിഘ്നേഷ് പാട്ടീൽ, ഭുവൻ ദേശായ്, മകൻ നരേഷ് ദേശായ്, ജഗദ, സോഹൻ, ഡോ.എറീക്ക ഗോമസ് അരുണാചലം ഖുർഷിദ് എന്നിങ്ങനെ കുറെ കഥാപാത്രങ്ങൾ നോവലിലുണ്ട്. അവരുടെ ഉള്ളിലിരിപ്പും നീക്കങ്ങളും മനുഷ്യമനസ്സിലെ നന്മതിന്മകളും നിഗൂഢതകളും വെളിവാക്കുന്നു.
പിതൃ-പുത്ര ബന്ധത്തിന്റെ ഊഷ്മളതയും വശ്യതയും വെളിപ്പെടുന്നതാണ് കൈലാസ് പാട്ടീലിന്റെ പിതാവിന്റെ നീക്കങ്ങൾ. നിരക്ഷരനെങ്കിലും തന്റെ മകൻ തന്റെ യജമാനനെ പോലെ ഉന്നതനായ വക്കീൽ ആകണമെന്ന ഉദ്ദേശ്യം ഉള്ളതിനാലാണ് പഴയതും കലഹരണപ്പെട്ടതും ആയ വിജ്ഞാനകോശം മകന് എത്തിച്ചു കൊടുക്കുന്നത്. അത് അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ പ്രയോജനപ്പെടുന്നില്ലെങ്കിലും, ജോലിയിൽ നിന്ന് വിരമിച്ച ശേഷം അതു മുഴുവൻ ആയാസപ്പെട്ട് പഠിച്ചെടുക്കാൻ കൈലാസ് പാട്ടീൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. കൂടാതെ അച്ഛന്റെ നടക്കാത്ത ആഗ്രഹം തന്റെ മകൻ വിഘ്നേഷിലൂടെ നേടുന്നുമുണ്ട്.
മനുഷ്യമനസ്സിനെ മഥിക്കുന്ന ഒട്ടനേകം സമസ്യകളും അതിനുള്ള ഉത്തരം തേടിയുള്ള നീക്കങ്ങളും നോവലിന്റെ ഗൗരവസ്വഭാവം നിലനിർത്തുന്നു. ജ്ഞാനം /വിജ്ഞാനം എന്നിവയെ കുറിച്ചുള്ള വിശകലനങ്ങളിൽ നമ്മുടെ ധാരണകളെ തകിടം മറിക്കുന്ന കണ്ടെത്തലുകൾ കാണാം. അവയെ ഇഴകീറി പരിശോധിക്കുന്നത് അതീവ കൗതുകതരം തന്നെ. മനുഷ്യർ തമ്മിലുള്ള -സ്ത്രീ,പുരുഷന്മാർക്കിടയിലുള്ള- വ്യവഹാരങ്ങളെ സൂക്ഷ്മതയോടെയും മന:ശാസ്ത്രപരമായും അപഗ്രഥിക്കാൻ ജീവിതത്തിന്റെ ആഴവും പരപ്പും അറിഞ്ഞവർക്കേ സാധിക്കൂ എന്ന് പറയാറുണ്ട്. മനുഷ്യരുടെ ഓരോ നിമിഷത്തെയും ചിന്തകൾ വരെ സങ്കീർണമാണ്. ലോകത്തെ തന്നെ അട്ടിമറിക്കാൻ ശേഷിയുള്ള, വലിയ രീതിയിലെ വിസ്ഫോടനത്തിനു കളമൊരുക്കുന്ന ഭ്രമകല്പനകൾ രൂപപ്പെടുന്നത് ജ്ഞാനവും വിവേകവും ഇടകലർന്ന ഉർവ്വരതയിലാണ്.
അറിവോ ജ്ഞാനമോ സൗന്ദര്യമോ സർഗ്ഗകായികശേഷിയോ എന്താണ് ഒരാളുടെ സവിശേഷത? എന്താണ് മനുഷ്യന്റെ തനിമ? ഒരാളുടെ ജീവിതം മറ്റൊരാളുടേതിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്നിങ്ങനെ അനേകം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. പൂർണ്ണമായ ഉത്തരങ്ങൾ ഇല്ലെങ്കിലും ഏറെക്കുറെ ശരിയായ ഉത്തരം കേൾക്കാനിടവന്നതായി ഇതിൽ പറയുന്നുണ്ട്.
മുമ്പത്തേക്കാൾ നൂറു മടങ്ങു ശേഷിയുള്ള കമ്പൂട്ടറുകൾ, അൽഗോരിതം, നിർമ്മിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, റോബോട്ടിക്സ് എന്നിവയും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളും ഒക്കെ പരാമർശ വിഷയമാകുന്നു. മനുഷ്യരുടെ ബുദ്ധിവൈഭവത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണല്ലോ അവയൊക്കെ.
നൂറുകണക്കിന് വർഷങ്ങളെടുത്ത് പതിയെ ആർജ്ജിച്ച വിജ്ഞാനശേഖരം നൊടിയിടയിൽ ശേഖരിക്കാനും ഉപയോഗപ്പെടുത്താനും കഴിയുന്നത്ര വളർച്ച നേടിയിട്ടും ആത്യന്തികമായി മനുഷ്യൻ എന്തുനേടി എന്ന ചോദ്യം ഉയരുന്നു. അത്തരം സാധ്യതകൾ തന്നെ ഒരു വംശം എന്ന നിലയിൽ മനുഷ്യന് വെല്ലുവിളിയാകുമോ എന്നും സന്ദേഹിക്കുന്നു.
ഇതോടൊപ്പം സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ നോവലിൽ കൃത്യമായ അനുപാതത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. അതുവഴി പൊതുസമൂഹത്തിന്റെ സൂക്ഷ്മമായ രാഷ്ട്രീയത്തെ സംബോധന ചെയ്യാനുള്ള പാളി കഥാപാത്രങ്ങളുടെ ചുറ്റുവട്ടങ്ങളിലേക്ക് ലയിച്ചുചേരുകയാണ്. ഈ ഘട്ടത്തിലാണ് അഡ്വക്കേറ്റ് ഭുവൻ ദേശായ് എന്ന കഥാപാത്രത്തെ പരിശോധിക്കേണ്ടത്.
അഡ്വക്കേറ്റ് ഭുവൻ ദേശായ് ഒരു വലിയ ബ്രാൻഡ് ആയിരുന്നു. രാഷ്ട്രീയക്കാരനുമേൽ, ഭരണകൂടത്തിനുമേൽ, കോടതിക്കുമേൽ ഒക്കെ മുകളിലായിരുന്നു സ്ഥാനം. എന്നിട്ടോ? ഒടുവിൽ എന്തു നേടി? പണവും പ്രതാപവും മേൽക്കോയ്മയും ഒന്നും തുണച്ചില്ല. അന്ത്യം ദാരുണമായി. എല്ലാം സ്വന്തം കർമ്മങ്ങളുടെ ഫലമാണെന്നു കാണാം. ഏതൊക്കെ വിധത്തിലാണ് മനുഷ്യരുടെയും (മനുഷ്യനിർമ്മിത പൊതുസംവിധാനത്തിന്റെയും) പതനം സംജാതമാവുക എന്നതിന്റെ ദൃഷ്ടാന്തമാണിത്. ഭുവൻ ദേശായിയുടെ മിടുക്കനായ മകൻ നരേഷ് ദേശായിയോ, റാങ്കോടെ പാസ്സായവൻ; അഭിഭാഷക രംഗത്ത് തിളങ്ങിയവൻ. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടേക്കോ പോകേണ്ട അവസ്ഥയിലും. 'വിജയം കൊയ്യുന്നവൻ ലോകത്തെ ജീവിക്കാൻ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു' എന്നു നരേഷ് ദേശായി കൈലാസിനോട് പറയുന്ന ഒരു രംഗമുണ്ട്.
മനുഷ്യവ്യവഹാരങ്ങളിലെ ചില മുഹൂർത്തങ്ങൾ ജീവസ്സുറ്റതാക്കാൻ നോവലിസ്റ്റ് കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അതിലൊന്ന് ഹൈക്കോടതിയിൽ പുതുതായി ചാർജ്ജെടുത്ത ചീഫ് ജസ്റ്റിസ് തന്നെക്കുറിച്ച് അന്വേഷിച്ചു എന്ന വിവരം അറിഞ്ഞപ്പോൾ വെറുമൊരു വക്കീൽ ഗുമസ്തൻ മാത്രമായ കൈലാസ് പാട്ടീൽ ഒന്ന് പകച്ചു. അത് വായനക്കാരനും പകർന്നു കിട്ടുന്നു. മറ്റൊരു സന്ദർഭം പ്രശസ്തമായ ബജാജ് ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള എം.ബി.എ ക്കാരൻ, മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് തന്റെ പിതാവിന്റെ ചെറിയ പുസ്തകക്കടയിൽ വില്പനക്കാരനായി എത്തുന്നു എന്നതാണ്.
നോവലിന്റെ ബ്ലർബിൽ കൊടുത്ത ഒരു വാക്യത്തെ സവിശേഷമായി വിശകലനം ചെയ്യുന്നത് കൃതിയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നു. ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചുതീർക്കുക എന്നത് പരമപ്രധാനമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ ഭൂതകാലത്തിലൊരിടത്തു ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന. 'ജ്ഞാനഭാര'ത്തിന്റെ കാമ്പും കാതലുമായ സുവർണവാക്യമായി ഇതിനെ പരിഗണിക്കാം. അതേ പോലെ വായനയിൽ പ്രകാശിക്കുന്ന ചില വരികൾ ആവർത്തിച്ചു ഉച്ചരിക്കേണ്ടതാണ്.
''പഴയതാണെങ്കിൽ സൂക്ഷിക്കണം ഖുർഷിദ്, പൊടിയുണ്ടെങ്കിൽ എനിക്ക് തുമ്മൽ വരും. അലർജിയുണ്ട്. ആളുകൾ കൊറോണയായിട്ടെടുക്കും ഞാൻ എന്റെ മാസ്ക് മൂക്കിനുമേലേക്ക് വലിച്ചിട്ടു ബലം പരിശോധിക്കുന്നതുപോലെ ഒന്ന് പിടിച്ചുനോക്കി''. (പുറം 179)
നോവൽ എത്രമേൽ സമകാലികമാണെന്നു തെളിയാൻ വേറെന്തു വേണം?
ജ്ഞാനം ഉത്‌പാദിപ്പിക്കുന്ന വസ്തുക്കളായി പുസ്തകങ്ങളെ കാണുക എന്നത് ഭൗതികമായ പ്രക്രിയയാണ്. ആത്മീയതലത്തിൽ, മനുഷ്യരെയും ലോകത്തെയും വിമലീകരിക്കുന്ന ദൗത്യം അവയ്ക്കുണ്ട്. ഈ അഭിപ്രായം തൊട്ടറിയാൻ കഴിയുന്നത് പുസ്തകങ്ങൾ പകർന്നുതരുന്ന പ്രകാശകേന്ദ്രത്തിന്റെ സ്രോതസ്സ് എന്നെന്നും നിലനിൽക്കുന്നതാണെന്ന വിശ്വാസം രൂഢമൂലമാവുമ്പോഴാണ്.
ഇനി നോവലിലെ സവിശേഷമായ ചില വരികളിലൂടെ ഒന്ന് കണ്ണോടിക്കാം.
'അദ്ദേഹം എന്നെ നോക്കുകയായിരുന്നു. എന്നാൽ വീണ്ടും ആലോചിക്കുമ്പോൾ എന്നെയല്ല മനുഷ്യന് എന്ന വലിയ ശൂന്യതയിലേക്കാണ്
ആ നോട്ടമെന്ന് എനിക്ക് തോന്നി. അസ്വസ്ഥമമായ ഒരു മൗനം ഞങ്ങളെ ചൂഴ്ന്നു. എങ്ങനെയാണ് ആ നിശ്ശബ്ദത ഭേദിക്കേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ മുഖം തിരിച്ചു' (പുറം 85)
'വിജ്ഞാനകോശം വായിച്ചുതീർക്കുന്നത് അച്ഛന്റെ ആണ്ടുദിവസത്തോട് അനുബന്ധിച്ച് ഒരു പുണ്യപുസ്തകം വായിക്കുന്നത് പോലെ ആയിരുന്നു. ഒരു ബലിതർപ്പണം' (പുറം 88)
'സത്യത്തിൽ ചെറിയ മനുഷ്യരുടെ ജീവിതത്തിലൊന്നും എന്റെ അച്ഛന് വലിയ താൽപര്യമുണ്ടായിരുന്നില്ല. ദരിദ്രനായ ഒരുത്തനെ അദ്ദേഹം എളുപ്പം അവഗണിക്കും. എന്നാൽ ദരിദ്രരുടെ ആൾക്കൂട്ടത്തെ ആദരിക്കും. അവർക്കു മുന്നിൽ നടക്കും. ഒരു പാവപ്പെട്ടവന്റെ അടിസ്ഥാനപരമായ അവകാശത്തെപ്പോലും ഞെരിച്ചു കളഞ്ഞെന്നിരിക്കും. എന്നാൽ ഒരു ജനതയുടെ മനുഷ്യാവകാശത്തിന് കൊടിപിടിച്ചു മുന്നിലുണ്ടാവും'
'രാഷ്ട്രീയമായ ശരികളുമായി നടക്കുന്നവരോട് എനിക്കിപ്പോൾ പേടിയാണ് കൈലാസ്. രാഷ്ട്രീയശരികൾ നടപ്പിലാക്കുന്നതിനുവേണ്ടി ഏതു തെറ്റും അവർ ചെയ്യും'(പുറം 150)
'നുണകളെപ്പോലും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുമോ എന്നാണ് കഥാകൃത്തുക്കൾ നോക്കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ സാധിച്ചാൽ കുട്ടിച്ചാത്തൻ നായകനായ കഥയാണെങ്കിൽപോലും ആളുകൾ അത് കൈയ്യടിച്ച് സ്വീകരിക്കും. അതേസമയം തികച്ചും വാസ്തവമായ ഒരു ജീവിതത്തെ ആർക്കും സംശയം തോന്നാനിടയില്ലാത്ത നിലയിൽ എങ്ങനെ എഴുതും?' (പുറം 162)
വർത്തമാനകാലജീവിതങ്ങളെ, അസഹിഷ്ണുതകളെ, ആഗ്രഹങ്ങളെയെല്ലാം തന്നെ 'ജ്ഞാനഭാര'ത്തിൽ ഒതുക്കിയ ഇ. സന്തോഷ്കുമാറിന്റെ ഏറ്റവും പുതിയ സൃഷ്ടി മഹത്തായ ഒരു വായനാനുഭവം തന്നെയാണ്.
Content Highlights :Surendran Poonthottathil Reviews the Novel jnanabharam By E SanthoshKumar Published by Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..