എത്രയെത്ര മൊഴിപ്പൊരുളുകളുടെ വേലിയേറ്റമാണ് ഈ കവിതകള്‍ പാടുന്നത്


ഐറിസ്കടല്‍ത്തിരത്തില്‍ നിന്നൊരു  ആക്വാനോട്ടിനെയാണ് സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന കവിതയില്‍ കവി അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത്. അവശതകള്‍ക്കിടയിലും കനവ്  നെയ്യുന്ന  ചരിത്രത്തിളക്കങ്ങള്‍ പ്രതീക്ഷയുടേതാണ്.

'സ്രാവിന്റെ ചിറകുള്ള പെണ്ണ്' പ്രകാശന ചടങ്ങിൽ നിന്ന്

വിതയെഴുത്തിന് തനിമയുടെ കരുത്തുറ്റ രാഷ്ട്രീയം ഉണ്ട്. മനുഷ്യന്‍ എന്ന പദത്തിന്റെ അഴക്, വേര്‍തിരിവുകള്‍ കൂടാതെ ഏതൊരുവനും /ഏതൊരുവള്‍ക്കും തന്മയായി മാറുമ്പോള്‍ മാത്രം വെളിപ്പെടുന്ന ആ ഒന്നിലേക്കാണ് കവിത വിരല്‍ചൂണ്ടുന്നത്.

കവിതയുടെ ഐഡന്റിറ്റി എന്താണ് ?
കവിതയുടെ മേല്‍വിലാസത്തിന്റെ കാണാപ്പുറങ്ങളില്‍, എഴുതി വെളിപ്പെടാനുള്ള അടങ്ങാത്ത ആവേശങ്ങളോ എഴുത്തുപദവിക്കായുള്ള കിനാവുകളോ അല്ല, ആയിരിക്കുന്ന ജീവിതാവസ്ഥകളില്‍ നിഷേധിക്കപ്പെടുന്ന മനുഷ്യാന്തസ്സിനായുള്ള ആവശ്യം തിരിച്ചറിയുന്ന കരുത്തുറ്റ പോരാട്ടമാണുള്ളത്. സമൂഹനിര്‍മ്മിത വരേണ്യമിത്തുകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ്, നീക്കിനിര്‍ത്തപ്പെടുന്ന തന്മ(identtiy)കള്‍ ബോധപൂര്‍വമായ നടത്തുന്ന അപനിര്‍മ്മാണം ഇന്ന് കവിതയുടെ വായനയെ ഗൗരവതരമാക്കുന്നു. കവിത മുറിവേല്ക്കുന്നതും മുറിവേല്‍പിക്കുന്നതും നീതിനിഷേധങ്ങള്‍ക്കും ഇടമില്ലാതാകലുകള്‍ക്കും വേണ്ടിയാണ്. കവിതയുടെ ജനിതകപാഠങ്ങളില്‍ സ്വരമില്ലാത്തവരുടെ സാംസ്‌കാരികതകള്‍കൂടി ഉള്‍ച്ചേര്‍ക്കപ്പെടേണ്ടതാണ് .

കവിതയുടെ സാംസ്‌കാരികപഠനങ്ങളില്‍ വളരെ പ്രധാനമായ വായനയാണ് subaltern perspective നല്‍കുന്നത്. സമൂഹത്തിന്റെ അരികുകളിലേക്കും അതുവഴി ജീവിതത്തിന്റെ വിളുമ്പുകളി(edge of life)ലേക്കും തള്ളിയകറ്റപ്പെടുന്നവരുടെ സാമൂഹികപദവിയും ജീവിതപരിതോവസ്ഥകളും subaltern cultural studies ന്റെ പരിധിയില്‍ വരുന്ന ആകാംക്ഷകളാണ്. ചരിത്രം മൗനം പാലിച്ച ഇടങ്ങളില്‍ മായ്ക്കപ്പെട്ട കീഴാളതന്മകളുടെ മേല് വിലാസം തിരിച്ചുപിടിച്ച് സമകാലികതയില്‍ പ്രത്യക്ഷമായി തുടരാനുള്ള രാഷ്ട്രീയ ഇടപെടലുകളാണ് കീഴാള സാംസ്‌കാരികപഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
എഴുത്തില്‍, പ്രത്യേകിച്ചും കവിതയില്‍ ഇത് പ്രകടമാണ്.

'സാംസ്‌കാരിക ആധിപത്യങ്ങളാല്‍ വഴിവിലക്കപ്പെടുന്നതും പരിമിതിയിലേക്ക് വകഞ്ഞൊതുക്കുന്നതുമായ എന്തും subaltern ആണെന്നും അത് വേറിടലിന്റെ ഇട(a space of difference)മാണെന്നും' അധിനിവേശാനന്തര സൈദ്ധാന്തികയായ ഗായത്രി ചക്രവര്‍ത്തി സ്പീവാക് കീഴാളതയെ നിര്‍വചിക്കുന്നു. എഴുതപ്പെട്ട ചരിത്രങ്ങള്‍ അപനിര്‍മ്മിക്കുന്നതിലേക്ക്, വിട്ടുനില്ക്കുന്ന വംശങ്ങളുടെയും ജനതകളുടെയും ചരിത്രം വീണ്ടെടുക്കുകയും ഇടങ്ങള്‍ പൂരിപ്പിക്കുകയും ചെയ്യുകയാണ് എഴുത്തിന്റെ ലക്ഷ്യം എന്നും നേരിന്റെ വേറിട്ട വായനകൂടി ചരിത്രമാക്കുകയാണ് കീഴാളപാഠമെന്നും ഈ അപനിര്‍മിതി നയപരമായുള്ള അനിവാര്യതാവാദരാഷ്ട്രിയ (tsrategic essentialism)മാണെന്നും തുടര്‍ന്ന് ഗായത്രി വിവരിക്കുന്നു.

ആരാണ് കീഴാളര്‍ എന്നതിന് കേവലം അടിച്ചമര്‍ത്തപ്പെട്ടവരോ തുല്യപങ്കാളിത്തം സാധ്യമാകാത്തവരോ അല്ലെന്നും തൊഴിലാളിവര്‍ഗ്ഗം എന്ന ഗ്രാംഷിയുടെ സൂചിതത്തിലെ ആരുടെ ശബ്ദമാണോ കേള്‍ക്കാതെപോകുന്നത്, സാംസ്‌കാരികമേല്‌ക്കൈയുള്ള മധ്യവര്‍ഗ്ഗത്തിന്റെ ആഖ്യാനങ്ങളില്‍നിന്ന് ആരാണോ പുറത്താക്കപ്പെടുന്നത് അവരാണ് കീഴാളര്‍ എന്നും അവരുടെ തിരിച്ചറിവുകളില്‍നിന്നുള്ള മുന്നേറ്റവും അവരുടെ തന്മയില്‍നിന്ന് ഉരുവപ്പെടുന്ന വായ്ത്താരിയുമാണ് കീഴാള എഴുത്തെന്നും ഗായത്രി ചക്രവര്‍ത്തി ഉറപ്പിക്കുന്നു. അവര്‍ക്ക് ഒരു മധ്യസ്ഥന്റെയും മുഖവുര വേണ്ടതില്ല; ചൂണ്ടിക്കാണിച്ച് നീക്കിനിര്‍ത്തേണ്ട കൊളോണിയല്‍ കൗതുകപ്രദര്‍ശനജന്മങ്ങളുമല്ല അവര്‍. അവരുടെ ഇടം ഒഴിഞ്ഞുകൊടുക്കുക മാത്രമേ നീതിയാവു.

ഈ സമാന്തരസാംസ്‌കാരിക പഠനപശ്ചാത്തലത്തില്‍ കേരളത്തിലെ അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ തങ്ങളുടെ മേല് വിലാസം വായ്ത്തരിയിലേക്ക് പകര്‍ത്തുകയും സാഹിത്യാധിപത്യങ്ങളുടെ ഞെരുക്കങ്ങളെ അതിജീവിക്കുകയും സ്വന്തം ഇടം തിരിച്ചുപിടിക്കുകയും ചെയ്യുന്നത് പ്രതീക്ഷ നല്‍കുന്നു. ഐന്തിണകളുടെ അകമെഴുത്ത് പൊരുളുകളെ അധികാരമാക്കി തിണമയക്കത്തെ മൊഴിയാലും സൂചകങ്ങളാലും പരിസ്ഥിതിചേരും നാള്‍വഴികളില്‍ ഇണക്കി വീണ്ടും എഴുത്തിന്റെ കളങ്ങളില്‍ കുടിവെയ്ക്കുകയാണ് കടലെഴുത്തില്‍. അത് നെയ്തല്‍ തിണക്കവിപാടലിന്റെ തുടര്‍ച്ചയാകുന്നു.

ഫാ.പോള്‍ സണ്ണി തിരുവനന്തപുരത്ത് തുമ്പ എന്ന തീരഗ്രാമത്തില്‍ നിന്നുള്ള കവിയാണ്. 2008 മാര്‍ച്ചില്‍ പുരോഹിതനായി കര്‍മമേല്‍ക്കുന്ന നാളില്‍ത്തന്നെ അദ്ദേഹത്തിന്റെ ആദ്യകവിതകള്‍ കടലെഴുത്ത് എന്ന പേരില്‍ പ്രകാശിതമായി. ഇടയനായ കവിയുടെ ആദ്യരചനയില്‍ അദ്ദേഹം തന്റെ എഴുത്തുനിലപാട് വ്യക്തമാക്കി. പതിനാല് വര്‍ഷത്തിനിപ്പുറം, പാകപ്പെടലുകളുടെയും തിരിച്ചറിവുകളുടെയും അനുഭവങ്ങളാല്‍ ആഴപ്പെട്ട രണ്ടാമത്തെ കവിതക്കൂട്ടം സ്രാവിന്റെ ചിറകുള്ള പെണ്ണ് ഇപ്പോഴിതാ വെളിച്ചം കണ്ടിരിക്കുന്നു. മുപ്പത്തിയെട്ട് കവിതകളുടെ ഈ പുസ്തകം മാതൃഭൂമിയുടെ ഗ്രാസ് റൂട്‌സ് ആണ് പ്രസാധനം ചെയ്തിരിക്കുന്നത്. കവി കുരീപ്പുഴ ശ്രീകുമാറിന്റെ ആമുഖവും ഡോ എന്‍ രേണുകയുടെ പഠനവും ഈ കവിതകള്‍ക്ക് അഴകും അര്‍ത്ഥവും പകരുന്നു .

കടലിടത്തിന്റെ തന്മയെ മൊഴിയാക്കുന്ന കടപ്പെറപാസയില്‍ത്തന്നെ കുറിച്ചിരിക്കുന്ന പന്ത്രണ്ട് കവിതകള്‍ (കുമ്പാരി, പത്രാക്ക്, കട്ടമരം, പുറങ്കടല്‍, വേളാ കെമ്പ്ണ്, തെരണ്ടി, വാങ്ക് വരണ്, ഒപ്പാരി, ആമച്ചോര, മുതലപ്പൊഴി, തൊറക്കാര്, ഒതക്കളി) കടല് ജീവിതങ്ങളുടെ നേരവസ്ഥകളുടേതാണ്; മറ്റ് കവിതകള്‍ പൊതു എഴുത്തിന്റെ വഴികളില്‍ ചിട്ടപ്പെടുത്തിയതും.

തീരത്തെ എഴുത്തില്‍ സാമാന്യമായി കടന്നുവരുന്ന പ്രമേയം കടല്‍ജിവിതത്തിന്റ തിരസ്‌കാരചിത്രങ്ങളും സാമാന്യനാള്‍വഴികള്‍ സമ്മാനിക്കുന്ന ജീവിതനിഷേധങ്ങളും ആയിരിക്കെ തന്മയെ വെളിപ്പെടുത്തുന്നതിലേക്ക് സാമൂഹികസാംസ്‌കാരിക സൂചകങ്ങളെ കരുത്തോടെ കവിതയില്‍ അവതരിപ്പിക്കുകയും കടലറിവിന്റെ മികവുകളെ മഹിതമായി പാടുകയുമാണ് ഈ കവിതകള്‍. തീരമൊഴി അടക്കംപറച്ചിലുകളായി വീടകങ്ങള്‍ക്കും തൊഴിലിടങ്ങള്‍ക്കും വേണ്ടി പിന്നിലേക്ക് നീക്കിനിര്‍ത്തേണ്ടിവരുന്നതിന്റെ ദൈന്യമുണ്ട് ഈ കവിതകളില്‍... എന്നാല്‍ പുറംലോകത്തിനൊപ്പം നിലവാരപ്പെട്ട മൊഴിയും തങ്ങള്‍ക്ക് വഴങ്ങുമെന്നും തെളിവേകാന്‍ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും മെച്ചമായ കവിതകള്‍ മെനയുമ്പോള്‍ പിളര്‍ക്കപ്പെട്ട സ്വത്വത്തിന്റെ നിഴലുകള്‍ മിന്നിമറയുന്നു.

ഈ കവിതകളിലെ നെയ്തല്‍ തിണക്കവിതയാണ് കുമ്പാരീ. മാമോദീസ വഴിയായി കിട്ടുന്ന തലതൊട്ടപ്പനാണ് കുമ്പാരി. ഏത് ചടങ്ങിനും മുന്നിട്ടുനില്ക്കുന്ന കാര്‍ന്നോര്. കുമ്പാരി താങ്ങേണ്ടവന്‍ കൂടിയാകുമ്പോള്‍ ഏത് നോവും നേരായിപ്പറയാം. കടല്‍വറുതിയും ഇല്ലായ്മകളും തിരയ്‌ക്കൊപ്പം ഉയര്‍ന്നെത്തുമ്പോള്‍, 'റേഷനരിയുടെ മണമാക്കും ദൈവം ' എന്ന് മാറത്തലയ്ക്കുന്ന മീനവര്‍ പറയാതെപറയുന്ന നേരുകള്‍ കനപ്പെട്ടതാണ്. മതവും രാഷ്ട്രീയവും അണികളായി കൊണ്ടുനടക്കുമ്പോഴും അംഗീകാരമില്ലാത്ത അടിമകളായി തുടരുന്നവരുടെ വിഷാദം 'എങ്കളുടെ കവരുകൊ മാത്രം പൂക്കിണില്ല ' എന്ന വരികളില്‍ തിളയ്ക്കുകയാണ്. ' നാങ്കോ പാലാളി കടഞ്ച് കുടിച്ചിട്ടില്ല ചങ്ക് കടഞ്ച് എടുത്തതാക്കും എന്ന കടല്‍ ' എന്ന് കടലിനെ ഉള്ളിലേക്ക് എടുക്കുന്ന കരുത്തില്‍ പൊതു മിത്തുകളുടെ അപനിര്‍മിതി ശക്തമാണ് . കടലേറ്റവും കടല്‍ കൈയേറ്റവും മാറിമാറി നേരിട്ട് പരവശമാകുന്നവര്‍ക്ക് നാങ്കോ ഃ നീങ്കോ എന്ന വേറിടലിന്റെ രാഷ്ട്രീയം നിശ്ചയമുണ്ട്.

ക്രൈസ്തവവിശ്വാസമേറ്റ കടല്‍ജീവിതങ്ങള്‍ നൂറ്റാണ്ടുകളായി തൊഴിലിടത്തിനും ആചാരവഴക്കങ്ങള്‍ക്കുമിടയില്‍ തുരുത്തുകളായി അടുത്തുമകന്നും നോവറിഞ്ഞവരാണ്. അവരുടെ തനിമയുള്ള സ്വരം ഇടര്‍ച്ച വീണ പത്രാക്ക് എന്ന കടല്‍ച്ചെണ്ടയാണ് എന്ന് പ്രതീകാത്മകമായി പറഞ്ഞുവയ്ക്കുന്ന പത്രാക്ക് എന്ന കവിത കടല്‍ജീവിതത്തിന്റെ മെറ്റഫര്‍ ആയിത്തീരുന്നു. മരമണിയും ചിന്ത് പാട്ടും തൂമ്പാവും നാഗരികാണലും നിറയുന്ന പെസഹാക്കാലം വേറിട്ട മാനങ്ങളുടേതാണ്. 'ഒള്ളതെല്ലാം നാന്‍ നേരേ മൊകത്ത് പാത്ത് ചൊല്ല് ' എന്ന് അധികാരികളെ നേരിടാന്‍ കഴിഞ്ഞാലും പത്രാക്ക് എന്ന കടല്‍ച്ചെണ്ടയ്ക്ക് ആരവങ്ങളില്‍ മാഞ്ഞുപോകാനാണ് വിധി. നിരാകരിക്കപ്പെടുന്നവന്റെ ഉള്‍ത്താപം പൊള്ളലേല്പിക്കുന്നതാണ് .

'നെയ്തല്‍ത്തിണയുടെ
നീരായത്തിലുണ്ടെന്റെ
ചരിത്രം !
മൊഴിമാറ്റം ചെയ്യാനാവില്ല
ഞങ്ങടെ കടപ്പൊറപ്പാസ!!' (തിണ )
എന്ന് തിണയോടിണങ്ങുന്ന കവിതകള്‍കൊണ്ട് ചരിത്രം തീര്‍ക്കുന്നു കവി .

'ഒരു ദളിതനോ മുക്കുവനോ
എന്നാണ് ഞങ്ങളുടെ
നാട്ടില്‍ വാഴ്ത്തപ്പെട്ടവനായി
വാഴിക്കപ്പെടുക ?' (പാമരദൈവം ) എന്ന മുറിവേല്‍ക്കല്‍;

'കടല്‍ വന്നെന്റെ തീരം
മുറിച്ചെടുത്തു
എന്റെ കുടിലിനെ ,
കിടാങ്ങളെ
കടല്‍ക്കലി കൊണ്ടുപോയി' (പുറങ്കടല്‍ )എന്ന നിസ്സഹായതയുടെ പേരും നോവ് ;

'ഒരുക്കാകൂടിയെന്‍
ചെല്ലമൊവന്
പെറ്റതായ കന്നത്തില്
മുത്തമിടട്ടേ !' (ഒപ്പാരി ) എന്ന അമ്മമാരുടെ ചിന്തുകള്‍ ;

'ഊതിവീര്‍പ്പിച്ച നുണകള്‍
വിക്കുകൂടാതെ പറയുന്ന
താണല്ലോ നമ്മുടെ ചരിത്രം .
എങ്കിലും നേരിന്റെയൊരു
കുറിമാനമെങ്കിലും ചരിത്രത്തില്‍
പതിയാതിരിക്കില്ല .(തിരപ്പൂട്ട് ) എന്ന മാറ്റത്തിനായുള്ള വിങ്ങല്‍ ;
ഇങ്ങനെ എത്രയെത്ര മൊഴിപ്പൊരുളുകളുടെ വേലിയേറ്റമാണ് ഈ കവിതകള്‍ പാടുന്നത് !

പുസ്തകം വാങ്ങാം

കടല്‍ത്തിരത്തില്‍ നിന്നൊരു ആക്വാനോട്ടിനെയാണ് സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന കവിതയില്‍ കവി അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത്. അവശതകള്‍ക്കിടയിലും കനവ് നെയ്യുന്ന ചരിത്രത്തിളക്കങ്ങള്‍ പ്രതീക്ഷയുടേതാണ്. അനീഷയെപ്പോലെ കടലറിയാന്‍ ഇറങ്ങുന്ന ഗവേഷകര്‍ ഇനിയും ഇവിടെയുണ്ട് ... കേരളതീരത്തിന്റെ റെയ്ച്ചല്‍ കാഴ്‌സണ്‍മാരും സില്‍വിയ ഏള്‍മാരും...... അവരുടെ കനല്‍വഴികളിലാണ് തീരവും കവിയും നാളെയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നത് .

കടലറിവുകളില്‍നിന്ന് ഇണങ്ങിയ രൂപകങ്ങള്‍(metaphor) കണ്ടെത്തി കവിതയ്ക്ക് തിണമാനം പകരുകയാണ് കവി. അധിനിവേശമൊഴിപ്പകിട്ടുകളെ റദ്ദുചെയ്തുകൊണ്ട് തനിമയുള്ള മേല് വിലാസം അപനിര്‍മ്മിച്ചെടുക്കുന്ന ചരിത്രമെഴുത്താണ് കവിയുടെ കടലെഴുത്തില്‍ വായിക്കുന്നത്.

കടലെഴുത്തുകാര്‍ക്ക് കുമ്പാരികളില്ല; പുറമെഴുത്തിന്റെ തമ്പുരാക്കന്‍മാരെ വണങ്ങാതെ, കയങ്ങളിലും നിലവെള്ളം ചവുട്ടി ഈ കടല്‍ കടന്നെത്തുമെന്ന അഭിമാനം ഒരു കീഴാളരാഷ്ട്രീയമായിത്തന്നെ ഫാ. പോള്‍ സണ്ണി പുലര്‍ത്തുന്നു.

Content Highlights: sravinte chirakulla pennu mathrubhumi books poems review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented