മേതിൽ രാധാകൃഷ്ണൻ, അജയ് പി. മങ്ങാട്ട് | Photo: Mathrubhumi
മേതിലിന്റെ പ്രശസ്ത നോവലായ 'സൂര്യവംശം' പ്രസിദ്ധീകരിച്ച് അമ്പത് വര്‍ഷം തികയുമ്പോള്‍ മാതൃഭൂമി ബുക്സ് നോവലിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളസാഹിത്യ വായനക്കാരില്‍ മേതിലിയന്പക്ഷം എന്ന വിശേഷണമര്‍ഹിക്കുന്ന ഒരു വിഭാഗം വായനക്കാര്‍ നെഞ്ചേറ്റിയ നോവലാണ് 'സൂര്യവംശം'. 'സൂര്യവംശ'ത്തെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ അജയ് പി. മങ്ങാട്ട് എഴുതുന്നു..
90കളുടെ ആരംഭത്തിലാണു ഞാന്‍ മേതില്‍ വായിക്കുന്നത്. 'നായകന്മാര് ശവപേടകങ്ങളില്‍', 'ഭൂമിയെയും മരണത്തെയും കുറിച്ച്' എന്നീ പുസ്തകങ്ങള്‍ അക്കാലത്തു വിപിപിയായി വന്നു. ഉണ്ണി ആര്. ഒരു ദിവസം 'സൂര്യവംശം' കൊണ്ടുവന്നു. അതില്‍ കെ.പി. നിര്‍മല്‍കുമാറിന്റെ അവതാരിക ചേര്‍ത്തിരുന്നുവെന്നാണ് എന്റെ ഓര്മ. അക്കാലത്ത് ഈ നോവല്‍ ഔട്ട് ഓഫ് പ്രിന്റ് ആയിരുന്നു. അതിനാല്‍ വളരെ വിലപിടിപ്പുള്ള ഒന്നായിട്ടാണ് ഉണ്ണി അത് എനിക്കു തന്നത്. അന്നു വായിച്ചു മടക്കിയതിനുശേഷം 'സൂര്യവംശം' ഞാന്‍ കയ്യിലെടുക്കുന്നത് ഇപ്പോഴാണ്; ഈ പുതിയ പതിപ്പ്.
അക്കാലം ഒരു ജ്വരം ആയാണ് മേതില്‍ അനുഭവപ്പെട്ടത്. ഒരു ഉറുമ്പിന് കൂട് ഇളകിയതുപോലെ വാക്കുകള്‍ക്കുള്ളില്‍ നിന്ന് വാക്കുകളുടെ പാച്ചില്‍ കണ്ടു. ആ ഓര്‍മയുടെ അനുഭൂതികള്‍ ഇപ്പോഴും എന്നെ സന്തോഷിപ്പിക്കുന്നു. ആത്മവിശ്വാസം നല്കുന്നു. ആ സ്വാധീനം എന്തായിരുന്നുവെന്നു ചോദിച്ചാല്‍ ശരിക്കും എഴുത്തുകൊണ്ടുള്ളതാണ്. ഉദാഹരണത്തിനു 'സൂര്യവംശ'ത്തിലെ ഈ വരികള്‍..
''എന്നാല്‍ എന്റെ രഹസ്യമോ? ഇത് എന്റെ ഒരു ഞരമ്പാണ്, വാരിയെല്ലാണ്, ഹൃദയംതന്നെയാണ്. എന്നില്‍നിന്ന് ഊരിയെടുത്ത് ഞാനൊരിക്കലും ഇതിനെ ലോകത്തിന്റെ എക്സിബിഷന് സ്റ്റാളില്‍ കണ്ണാടിക്കൂട്ടിലിട്ടുവെക്കില്ല. എന്റെ ഞരമ്പും വാരിയെല്ലും ഹൃദയവുമില്ലെങ്കില്‍ ഞാന്‍ തന്നെയില്ല. എന്നല്ല, ചോര കട്ടപിടിച്ച ഒരു ഞരമ്പ്, ഇറച്ചിക്കഷണങ്ങള്‍ ഒട്ടിനില്ക്കുന്ന ഒരു വാരിയെല്ല്, കരിനീലിച്ചുപോയ ഒരു ഹൃദയം ആയെപ്പോലെയോ, പുഷ്പചഷകങ്ങളെപ്പോലെയോ, ദന്തത്തില്‍ കൊത്തിയെടുത്ത പക്ഷികളെപ്പോലെയോ മേശപ്പുറത്തുവെക്കാവുന്ന ഒരു കൗതുകവസ്തുവല്ല. എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു പുറത്തുവെച്ചാല്‍ അത് അറപ്പാണ്, നാറ്റമാണ്. പക്ഷെ, എന്നില്‍ത്തന്നെ നില്‍ക്കുമ്പോഴോ, അത് ചലനമാണ്, ശക്തിയാണ്, പ്രവാഹമാണ്, വികാസമാണ്'.
അല്ലെങ്കില്‍, മറ്റൊരിടത്ത്.. 'ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുമ്പോള്‍, അവളുടെ കത്തുകളിലെ നക്ഷത്രം നിര്‍മ്മിക്കുന്ന ചില വരികള്‍, അവളുടെ കണ്ണുകളില്‍ പ്രത്യേക കോണത്തില്‍ വന്നുവീഴുന്ന നീലച്ചന്ദ്രന്‍, അവളുടെ, ഇളംകാറ്റിന്റെ അലകള്‍ പോലുള്ള കുറുനിരകളുടെ ഒരു പ്രത്യേക നിമിഷത്തിലെ ചലനങ്ങള്‍, അവള് സംസാരിക്കുന്നതിനിടയില്‍ ചുണ്ടുകളില്‍ തെളിഞ്ഞുഞ്ഞുമായുന്ന ഓറഞ്ചല്ലിയുടെ വടിവുകള്‍... ഈ വിശദാംശങ്ങള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ രേഖകള്‍ ഉളവാക്കും- ഒരു ഗ്രാമഫോണിലെ റെക്കോഡിലെ രേഖകള്‍പോലെ. ആ രേഖകളില്‍ അര്‍ഥവും സംഗീതവും ഉണ്ട്. (വിസ്മൃതിയുടെ നീണ്ട ഹിമപാതങ്ങള്ക്കുശേഷവും പ്രതലങ്ങളില്‍ തെളിഞ്ഞുകിടക്കുന്ന മനുഷ്യസ്പര്‍ശം മാറാത്ത മുദ്രകള്‍, വഴിത്താരകള്‍ വര്‍ഷങ്ങള്‍ വീണ് പറ്റിപ്പിടിച്ചാലും ഓര്‍മയുടെ സൂചിമുനകൊണ്ട് സ്പര്‍ശിച്ചാല്‍ മതി, അര്‍ഥവും സംഗീതവും ഉണര്‍ന്നുവരും'.
ഈ രീതിയിലുള്ള വായന അന്ന് എത്ര ജ്വരം പകര്‍ന്നു എന്നു വിവരിക്കുക എളുപ്പമല്ല. ഭാഷയ്ക്കുള്ളില്‍ വേണമെന്നു വച്ചാല്‍, തന്റേടങ്ങള്‍ സാധ്യമാകും എന്ന് മേതില്‍ ബോധ്യപ്പെടുത്തുകയായിരുന്നു..
Content Highlights: sooryavamsam malayalam novel, writer maythil radhakrishnan, writer ajay p mangattu, malayalam review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..