മിഥ്യയെങ്കിലും യാഥാര്‍ഥ്യത്തിന്റെ അതിരുകളോട് ചേര്‍ന്നുനില്‍ക്കുന്ന 'സ്വപ്‌നമെഴുത്തുകാരി'


By ഡോ. സ്വപ്ന.സി.കോമ്പാത്ത്. 

3 min read
Read later
Print
Share

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്മിത ഗിരീഷിന്റെ 'സ്വപ്‌നമെഴുത്തുകാരി' എന്ന പുസ്തകത്തിന് ഡോ. സ്വപ്‌ന സി കോമ്പാത്ത് എഴുതിയ ആസ്വാദനക്കുറിപ്പ്.

സ്മിത ഗിരീഷ്

'Dreaming permits each and everyone of us to be quietly and safely insane every night of our lives.' - William Charles Dement

നുഷ്യസാധ്യമായ ഏറ്റവും ശാന്തവും സുരക്ഷിതവുമായ ഉന്മാദാവസ്ഥയാണ് സ്വപ്നംകാണല്‍ എന്നാണ് അമേരിക്കന്‍ എഴുത്തുകാരനും നിദ്രാഗവേഷകനുമായ വില്യം ചാള്‍സ് ഡിമെറ്റിന്റെ അഭിപ്രായം. ഉറക്കത്തിലെ സ്വപ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം അങ്ങനെ പറയുന്നത്. എന്നാല്‍ ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ജീവിതമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലൂടെ നമ്മള്‍ പലപ്പോഴും കടന്നുപോകാറുണ്ട്. അത്തരം ചില കാഴ്ചകളോ ഗന്ധങ്ങളോ നമ്മോടൊപ്പമുണ്ടായിരുന്നവര്‍ക്കുപോലും അനുഭവിക്കാനാകാതെ വരുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. വിഭ്രാന്തിയെന്ന് പലരും വിചാരിക്കുന്ന അത്തരം ഉന്മാദാവസ്ഥകളെ മാത്രം പിന്തുടരുന്ന രചനകള്‍ നമ്മുടെ ഫിക്ഷനില്‍ വളരെ വിരളമാണ്. അവ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്മിതാ ഗിരീഷിന്റെ 'സ്വപ്നമെഴുത്തുകാരി' എന്ന പുസ്തകം.

'സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് വേര്‍തിരിക്കാനാവാത്ത അനുഭവങ്ങളുടെ ലോകമാണ് ഈ പുസ്തകം എന്നാണ് ' പ്രശസ്ത എഴുത്തുകാരി ആര്‍. രാജശ്രീ ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. 'ഭൂമിയിലേക്കാളേറെ സ്വപ്നങ്ങളില്‍ ആയിരുന്നു ജീവിച്ചിട്ടുള്ളത് 'എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സ്മിതാഗിരീഷ് ഇതിനെ അനുഭവങ്ങള്‍ എന്നാണോ കഥകള്‍ എന്നാണോ വിളിക്കുക എന്നറിയില്ല എന്ന നിസ്സഹായത ബോധ്യപ്പെടുത്തുന്നുണ്ട്. അനുഭവകഥകള്‍ എന്ന ഒരു ഉപശീര്‍ഷകത്തില്‍ മാതൃഭൂമി ഈ രചനകളുടെ സ്വഭാവത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആത്മകഥാംശം ഉള്ളവയാണ് സാധാരണ അനുഭവകഥകള്‍. ഓര്‍മ്മയെഴുത്തുകള്‍ എന്നോ അനുഭവക്കുറിപ്പുകള്‍ എന്നോ ഉള്ള തലക്കെട്ടുകളില്‍ നാം കണ്ട് പരിചയിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി അനുഭവവും ഭാവനയും ഇഴചേര്‍ത്ത് മെനഞ്ഞെടുത്ത ഒരു സാങ്കല്പിക ലോകമാണ് ഈ സമാഹാരത്തിലെ എല്ലാ രചനകളുടെയും ഭൂമിക.

ജോണ്‍ എന്ന കടങ്കഥ, ഹരികുലം നൃത്ത വിദ്യാലയം, മിര്‍ദ്ദിഫില്‍ കണ്ട കാഴ്ചകള്‍, സാമറിന്റെ മകള്‍, ലിഫ്റ്റിലെ പച്ചമരം, നരേന്ദ്രന്റെ വീട്, പ്രതീഷിന്റെ അമ്മ, ജോസ് എന്നൊരാള്‍, നട്ടുച്ചയുടെ രഹസ്യം, സ്റ്റുഡിയോയില്‍ കണ്ടവര്‍, ലതാ മന്ദിരത്തിലെ നിത്യ ലക്ഷ്മി, ഒരു മനുഷ്യനും അയാളുടെ രണ്ടു സ്ത്രീകളും, ചായ ചിത്രത്തിലെ സ്ത്രീ, ലളിതഗാനം പോലെ, കൗലത്ത് എന്ന പൊന്നാനിക്കാരി, ദി നെയിം ഓഫ് ദി റോസ്, അടച്ചിട്ടിടങ്ങള്‍, ഫ്ളവർ വേസ്, അയച്ചുകിട്ടിയ അപൂര്‍വ പുസ്തകങ്ങള്‍, തിരുമാതിയമ്മ, എന്റെ കുഞ്ഞിന്റെ ഡോക്ടര്‍, പൊന്മ, ടോമിയങ്കിള്‍ എന്നിങ്ങനെ -പ്രസാധകരുടെ ഭാഷ കടമെടുത്താല്‍ 23 അനുഭവ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഈ കഥകളെല്ലാം 'ഞാന്‍ ' എന്ന വിവാഹിതയും അമ്മയും യുവതിയുമായ പ്രധാന കഥാപാത്രത്തിന്റെ അനുഭവങ്ങളാണ്. ഫ്‌ലൈറ്റും, ലിഫ്റ്റും, ഫ്‌ലാറ്റും പോലെ ഭൂമിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഇടങ്ങളും ബസ്റ്റാന്റും, വക്കീലാപ്പീസും, വിജനമായ നാട്ടുവഴികളും പോലെ സാധാരണ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇടങ്ങളും ഈ കഥകളിലുണ്ട്. വാട്‌സാപ്പില്ലാക്കാലവും, ഇന്‍സ്റ്റാപരിചയവും പോലെ പരസ്പരം ചേരാത്ത കാലവും അവയെ ചേര്‍ക്കുന്ന കണ്ണിയായി 'ഞാനും' കഥയെ നമ്മോടു വരിഞ്ഞുമുറുക്കുന്നു.

സ്മിതയുടെ അനുഭവങ്ങളാണോ ഇതെന്ന ചിന്തയില്‍ വായന തുടങ്ങിയാലും ആഖ്യാതാവും കഥയിലെ ആ 'ഞാനും ' ഒന്നാണെന്ന് വാശിപിടിക്കേണ്ടതില്ലെന്ന് വായനക്കാര്‍ സ്വയം ബോധ്യപ്പെടുന്ന രീതിയില്‍ രസകരമായി മുന്നേറുന്ന തരത്തിലുള്ള പ്രമേയവും രചനയുടെ ലാളിത്യവും ഒഴുക്കും എടുത്തുപറയേണ്ടതാണ്. ലോകസാഹിത്യത്തിലും സംഗീതത്തിലും അവഗാഹമുള്ള, സര്‍ഗാത്മകതയാല്‍ അനുഗ്രഹീതയായ ഒരാളുടെ ഉള്ളിലെ അപരത്തത്തിലേക്കാണ് ഈ കഥകള്‍ വിരല്‍ ചൂണ്ടുന്നത്. ബോര്‍ഡിംഗ് സ്‌കൂള്‍, സ്റ്റുഡിയോ, ഹോസ്റ്റല്‍, വിവാഹാനന്തരജീവിതം, അന്യരാജ്യത്തെ ഫ്‌ലാറ്റിലെ ഏകാന്തത, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, മൂഡ്‌സ്വിങ്ങ് പോലുള്ള പല കാലങ്ങളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തിയവ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഈ അനുഭവ കഥകള്‍ മാനുഷികവും അമാനുഷികവുമായ വിവിധ ഇടങ്ങളില്‍ എത്തിച്ചേരുന്ന സ്ത്രീ മനസ്സിനെ പ്രതിനിധീകരിക്കുന്നു.

പുറമേക്ക് നിരീശ്വരവാദിയും ഉള്ളില്‍ ഈശ്വരവാദിയുമായ ഒരാളുടെ സംഘര്‍ഷം, ബോധത്തിനും അബോധത്തിനും ഇടയിലുള്ള മാനസികാവസ്ഥ എന്നിവയൊക്കെ ഭാവനാത്മകമായി ചിത്രീകരിക്കുമ്പോള്‍ സ്മിതയുടെ രചനകള്‍ക്ക് സാല്‍വോദാര്‍ ദാലിയുടെ ചിന്തകളോടും രചനകളോടട് സാമ്യം തോന്നുന്നു. നമ്മളുറങ്ങുമ്പോള്‍ മറ്റൊരു ലോകത്ത് ഉണര്‍ന്നിരിക്കുകയാണ് (when we a re asleep in the world, we are awake in another world -Salvodar dali) എന്നാണ് ദാലി പറഞ്ഞതെങ്കില്‍ ഈ ലോകത്ത് ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ നമ്മളിലൊരപരനുണ്ടെന്നും ആ അപരന്‍ സൃഷ്ടിക്കുന്ന ലോകത്തെ അപൂര്‍വ്വം പേര്‍ക്കെങ്കിലും അനുഭവിക്കാനാവുമെന്നും സ്വപ്നമെഴുത്തുകാരിയിലെ രചനകള്‍ ബോധ്യപ്പെടുത്തുന്നു. മരിച്ചുപോയ സഹോദരന്റെ പുനര്‍ജന്മമാണ് താനെന്നാണ് ദാലി ചിന്തിച്ചിരുന്നത്. 'ഞങ്ങള്‍ പരസ്പരപൂരകങ്ങളാണ്, രണ്ടു വ്യത്യസ്ത വസ്തുക്കളെ പ്രതിഫലിപ്പിക്കുന്ന ജലകണങ്ങളെപ്പോലെ'എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നതും. അതുപോലെ തന്നെ ജീവിതത്തിനും രചനയ്ക്കുമിടയില്‍ വിളക്കി ചേര്‍ക്കപ്പെട്ട ഒരു കണ്ണിയായിരിക്കണം സ്മിതയും സ്വപ്നമെഴുത്തുകാരിയായ 'ഞാനും '.

കോട്ടയവും കുന്നംകുളവും ഷാര്‍ജയും ദുബായിയും തൃശ്ശൂരും നാഗലശ്ശേരിയും സൈബറിടവുമെല്ലാം ഒരുപോലെ പൂക്കുന്ന ഈ കഥകളിലെ ജീവിതം മിഥ്യയെങ്കിലും യാഥാര്‍ഥ്യത്തിന്റെ അതിരുകളോട് ചേര്‍ന്നുനില്‍ക്കുന്നു. പുതുമയുള്ള ആഖ്യാനവും അമാനുഷികമായ പരിസരങ്ങളും പരിഭ്രമിപ്പിക്കുന്ന ക്ലൈമാക്‌സുകളും ലളിതമായ പ്രമേയപരിചരണവുമെല്ലാം ഏറെ ഹൃദ്യമാണ്. നാടന്‍ രുചികളും അപൂര്‍വ്വമായ സുഗന്ധങ്ങളും നമ്മുടെയെല്ലാം മനസ്സിലെ അസാധ്യമായ സ്വപ്നങ്ങളും വിചിത്രവിഭ്രാന്തികളുള്ള മനുഷ്യരും ചേര്‍ന്ന വലിയ കവിതപോലെ സുന്ദരമായ വായനാനുഭവമാണ് 'സ്വപ്നമെഴുത്തുകാരി.

Content Highlights: Smitha Girish, Dr. Swapna C Kombath, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
E Santhosh Kumar

4 min

'ജ്ഞാനഭാരം'; ചില പുസ്തകങ്ങളിലെ ചില മനുഷ്യര്‍

Jun 8, 2021


Book Review

3 min

അഷ്ടദേശങ്ങളിലേക്കിഷ്ടയാത്രകള്‍

Apr 3, 2023


Sonia cheriyan book

3 min

ഇന്ത്യന്‍ റെയിന്‍ബോ; മനസ്സിലിടം പിടിക്കുന്ന, മിഠായി പോലുള്ള പട്ടാളക്കഥകള്‍

Mar 15, 2023

Most Commented