കെ.പി രാമനുണ്ണിയുടെ 'ഹൈന്ദവം': വര്‍ഗ്ഗീയതയതക്കെതിരെയുള്ള ധൈഷണിക പ്രതിരോധം


ഷുക്കൂര്‍ ഉഗ്രപുരം

കെ.പി രാമനുണ്ണി

ഞങ്ങള്‍ വിട്ട് മാറി കടലിനെ അഭിമുഖീകരിച്ചിരുന്നു. കല്ലുമോതിരങ്ങള്‍ കറങ്ങുന്ന വിരലുകളില്‍ നിന്ന് തുടങ്ങി, കൈകളിലൂടെ, നെഞ്ചിലൂടെ ത്രികോണാകൃതിയിലുള്ള താടിയെല്ലില്‍ വിങ്ങുന്ന രോമങ്ങളിലൂടെ സഞ്ചരിച്ച് ഞാനയാളുടെ തടാകം പോലുള്ള മിഴികളിലെത്തി നിന്നു. അപ്പോള്‍ അയാള്‍ ആദ്യമായി സംസാരിച്ചു.

'കുഞ്ഞ് ഈ നാട്ടുകാരനല്ലേ?'
'അതെ'.
'ഹിന്ദുവല്ലേ?'
'അതെ'
'ബീവിമാരുടെയും ഭഗവതിമാരുടെയും കഥകള്‍ കേള്‍ക്കാന്‍ നടക്കുകയല്ലേ?'
'അതെ. അതുതന്നെ!'
'നമ്മുടെ നാട്ടില്‍ വറ്റിത്താണ നൂറ് നൂറ് കഥകള്‍ കേള്‍ക്കണോ? '
'അയ്യോ വേണമല്ലോ.'

പ്രായനിര്‍ണ്ണയം സാധിക്കാത്ത ഈ മനുഷ്യന്റെ അത്ഭുതജ്ഞാനത്തില്‍ എനിക്കൊട്ടും അതിശയം തോന്നിയില്ല. നാടിന്റെ സ്ഥലപുരാണങ്ങള്‍ക്കായി തെണ്ടുന്ന ഞാന്‍ ഒരു നായക്കുട്ടിയുടെ ആദരവോടെ അയാളിലേക്ക് ഒതുങ്ങിയിരുന്നു.
'മോനേ, ഇത് എത്രാമത്തെ ബീവിയാണെന്നറിയ്യോ?'
'ഇല്ല'
'ഇത് നമ്മുടെ നാട്ടില്‍ വരുന്ന മൂന്നാമത്തെ ബീവിയാ. പിന്നെ ഒരിമ്മിണി ഭഗോതിമാരുണ്ട്. ദേവന്‍മാരുണ്ട്. ഔലിയാക്കന്‍മാരുണ്ട്. അവര്‍ക്കെല്ലാം പുരാണങ്ങളുമുണ്ട്.'
'ഇതെല്ലാം ആരുടേയാ?'
'നമ്മുടെയെല്ലാം'
'പഷ്ട്! ഈ ബീവിമാരെല്ലാം മോന്റെയാണ്. മോന്‍ ഹിന്ദുവാണെങ്കിലും അതുപോലെത്തന്നെ ഈ ദേവന്‍മാരും ഭഗോതിമാരുമെല്ലാം എന്റേതുമാണ്. ഞാന്‍ മുസല്‍മാനാണെങ്കിലും-
ആദ്യത്തെ ബീവി വന്നത് മോന്റെ സമുദായത്തില്‍ നിന്നായിരുന്നു. അതെ, ഒരു നായര്‍ തറവാട്ടില്‍ നിന്ന് കേട്ടിട്ടുണ്ടോ അസ്തമിച്ച മേലേപ്പുല്ലാരത്തറവാട്ടിനെ പറ്റി? ശരി. കഥ ഞാന്‍ പറഞ്ഞു തരാം.'

സൂഫി പറഞ്ഞ കഥ എന്ന നോവലിലെ വരികളാണ് മുകളില്‍ എഴുതിയത്. നമ്മുടെ സമൂഹത്തിലെ മാറ്റിനിര്‍ത്താനാവാത്ത സ്‌നേഹപാരസ്പര്യത്തിന്റെ കഥ പറയുന്ന സൂഫി പറഞ്ഞ കഥ മലയാളത്തിന് സമ്മാനിച്ചത് Ponnani school of thought (പൊന്നാനി ധൈഷണിക ചിന്താധാര) -ലെ പ്രമുഖനായ തൂലികക്കാരന്‍ കെ.പി രാമനുണ്ണിയാണ്. സൂഫി പറഞ്ഞ കഥ ആഖ്യാനത്തിലെ പൊന്നാനി ദേശത്തെ വിശുദ്ധയായ മഖ്ബറയുടെ പിന്നിലെ ഐതിഹ്യം എത്ര വലിയ പൊരുള്‍ മുറ്റി നില്‍ക്കുന്നതാണ്! സമുദ്രം പോല്‍ പ്രവിശാലമായ ഹിന്ദുസ്ഥാനി ദേശസംസ്‌ക്കാരത്തിലെ ഇരുപുഴകള്‍ ഒഴുകി ഇഴുകിച്ചേരുന്നത് ഈ വിശുദ്ധ ദേശത്തിന്റെ സംസ്‌കൃതിയുടെ സമുദ്രത്തിലാണ്! ഈ ദേശത്തെ ഞാന്‍ വിശുദ്ധദേശമെന്ന് എഴുതിയത് ആലങ്കാരികമായല്ല! Ponnani school of thought ലെ വിശ്വവിഖ്യാത ചരിത്രകാരന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങള്‍ ഈ നാടിനെ കുറിച്ചെഴുതിയത് ശാന്തി ഭവനം, വിശുദ്ധ ഭൂമി - ദാറുല്‍ ഹുദ എന്ന് തന്നെയാണ്! ആ പൊന്നാനി ചിന്ത ധാരയിലെ പടച്ചോന്റെ റഹ്‌മത്ത് ഒരുപാട് ലഭിച്ച അനുഗ്രഹീത തൂലികക്കാരനാണ് കെ.പി രാമനുണ്ണി എന്ന മലപ്പുറത്ത് കാരുടെ ഉണ്ണി! പൊന്നാനി വലിയ ജുമാമസ്ജിന്റെ മിനാരങ്ങള്‍ മാനത്തേക്ക് വിരല്‍ ചൂണ്ടി ഈ സമൂഹത്തെ ദ്യോതിപ്പിക്കുന്നത് നിങ്ങള്‍ ഒന്നാവൂ എന്നാണ്!

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം' മതത്തിന്റെ പേരില്‍ നടക്കുന്ന പോരിനും വിഭാഗീയതയ്ക്കും വെറുപ്പിനും എതിരെയുള്ള ശക്തമായ ചിന്തകളാണ് മുന്നോട്ട് വെക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദരതുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ കഥ പറച്ചില്‍ മതത്തിന്റെ കനത്ത മതിലുകള്‍ തകര്‍ക്കുന്നവയാണ്. കൃഷ്ണന്‍ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് നബി കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്നേഹത്തിന്റെ ഒരുമയുടെ ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാര്‍ക്ക് നല്‍കുന്നത്! ഈ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസിയായ കെ.പി രാമനുണ്ണി ചെയ്തത് അവാര്‍ഡ് തുക മുഴുവന്‍ ട്രെയിനില്‍ മതഭ്രാന്തന്‍മാരുടെ കുത്തേറ്റ് മരിച്ച പതിനാറുകാരന്‍ ജുനൈദിന്റെ വീട്ടിലെത്തി എല്ലാം നഷ്ടപ്പെട്ട അവന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും നല്‍കി ആശ്വാസ വചസ്സുകളും സമര്‍പ്പിച്ച് യഥാര്‍ത്ഥ ഇന്ത്യന്‍ പൈതൃകത്തെ സചേതനമാക്കുകയായിരുന്നു!

സര്‍വ്വായുധ വിഭൂഷിതരായ പോര്‍ച്ചുഗീസുകാരുടെ കായബലത്തെ പേനയുടെ നിബ്ബ് കൊണ്ട് തോല്‍പ്പിച്ച ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം! സമൂഹത്തിന് എക്കാലത്തും നെഞ്ചോട് ചേര്‍ക്കാന്‍ മങ്ങാട്ടച്ചനും കുഞ്ഞായില്‍ മുസ്ലിയാരും ആത്മസൗഹൃദവലയത്താല്‍ രചിച്ച ഒന്നാകലിന്റെ മര്‍മ്മ പ്രധാന നര്‍മ്മ കഥകള്‍! ഞാന്‍ പിറന്ന മണ്ണിന് വൈദേശികര്‍ക്ക് നികുതി നല്‍കില്ലെന്ന് പ്രഖ്യാപിച്ച വെളിയങ്കോട് ഉമര്‍ ഖാളി! അങ്ങനെയങ്ങനെ നീണ്ടുപോകുന്ന പൊന്നാനി പെരുമയിലെ ഒരു കണ്ണിയാണ് കെ.പി രാമനുണ്ണിയും.

അദ്ദേഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം കേവലം ഒരു എഴുത്തുകാരന്‍ മാത്രല്ല! നോമ്പിനും പെരുന്നാളിനും പാണക്കാട് തങ്ങള്‍ പിറകണ്ടതുറപ്പിച്ചാല്‍ പിറ്റേന്ന് രാവിലെ ഞങ്ങളുടെ വീട്ടുപടിക്കലും പള്ളിയിലും എത്തുന്ന പത്രത്താളിലേയും ആനുകാലികങ്ങളിലേയും അക്ഷരക്കൂട്ടങ്ങളുടെ ഇടയിലെ ഒഴിച്ചു കൂടാനാകാത്ത ഒരു പേരാണ് കെ.പി രാമനുണ്ണി എന്നത്! ആ തൂലികയാല്‍ കോര്‍ത്തു വെച്ച അക്ഷരങ്ങളുടെ വിശുദ്ധി കൂടിയാണ് ഞങ്ങള്‍ക്ക് നോമ്പിന്റെയും പെരുന്നാളിന്റെയും ആത്മീയതയുടെ സുഗന്ധം!

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മാസങ്ങള്‍ക്ക് മുമ്പ് ഒരു സായാഹ്നത്തില്‍ പുഴക്കരയില്‍ ഇരിക്കുമ്പോള്‍ കൂലിപ്പണി കഴിഞ്ഞ് സലാം ബായ് കുളിക്കാന്‍ വന്നിട്ടുണ്ട്. പുഴയിലിറങ്ങും മുമ്പ് അവന്‍ എന്റെയടുത്ത് വര്‍ത്തമാനത്തിനിരുന്നു. വായനശാലയില്‍ വെച്ച് ഇടക്ക് കാണുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. അവന് മൊബൈല്‍ ഫോണ്‍ ഇല്ല. അത് കൊണ്ട് തന്നെ വാട്‌സാപ്പോ ഫേസ്ബുക്കോ ഒന്നും അവനില്ല! സ്‌കൂളില്‍ പത്താം ക്ലാസ് വരെ അവന്‍ പോയിട്ട് പോലുമില്ല. പുഴക്കരയിലിരുന്നപ്പോള്‍ അവന്‍ പറഞ്ഞു- എന്തൊരു കാലമാണല്ലേ ഇത്! നമ്മളെ എല്ലാര്‍ക്കും ദേശ്യാണ്, എന്തോര് വര്‍ഗ്ഗീയതയാണ്!. എന്തൊക്കെ അക്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മനുഷ്യന്‍മാരെയാണ് തല്ലി കൊല്ലുന്നത്. അവന്‍ നിരാശയോടെ പറഞ്ഞു നിര്‍ത്തി.

അവന്റെ സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇടപെട്ടു- നിങ്ങള്‍ പറഞ്ഞതില്‍ ചില തിരുത്തലുകള്‍ വരുത്തിക്കോട്ടെ ഞാന്‍? ഓന്‍ സമ്മതിച്ചു. പത്രത്തില്‍ കണ്ട വാര്‍ത്ത മനസ്സിലാക്കി വര്‍ഗ്ഗീയതയോ മതഭ്രാന്തോ നമ്മള്‍ അളക്കരുത്. ഏതെങ്കിലും സംഭവങ്ങളെ എടുത്ത് ഒരു സമൂഹത്തെ മുഴുവന്‍ വര്‍ഗ്ഗീയവാദികള്‍ എന്നൊക്കെ പറയുന്നത് ശരിയല്ല. ഈ രാജ്യത്ത് വര്‍ഗ്ഗീയതക്ക് വേര് പിടിക്കാന്‍ കഴിയില്ല. ഏതൊക്കെയോ വെളിച്ചം വെക്കാത്ത വിവരം വെക്കാത്ത നാടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് അതൊക്കെ രാജ്യത്തെ പൊതു സ്വഭാവമാണ് എന്ന് പറഞ്ഞാല്‍ കളവായി മാറില്ലേ? സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല ആ പറച്ചിലുകള്‍! രാജ്യത്ത് മുസ്ലിം സമൂഹത്തിന്റെ നീതിക്കായി ശബ്ദിച്ചതിന്റെ പേരില്‍ ജീവിതം തന്നെ നഷ്ടപ്പെട്ട അനവധി ഹിന്ദു മത വിശ്വാസികളില്ലേ? മഹാത്മാഗാന്ധി മുതല്‍ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ മനുഷ്യര്‍! നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഹിന്ദുവിനെ വര്‍ഗ്ഗീയ വാദിയായി നീ കണ്ടിട്ടുണ്ടോ?
അവന്‍ പറഞ്ഞു: ഇല്ല; നമ്മുടെ നാട്ടിലെ ഹിന്ദുക്കളുടെ കൂടെ ഒരുമിച്ചല്ലേ ഞാനൊക്കെ ജോലി ചെയ്യുന്നത്, ഞങ്ങള്‍ക്കിടയില്‍ എന്ത് വര്‍ഗ്ഗീയത

ഇന്നത്തെ ഇന്ത്യയില്‍ നാം പരസ്പരം തെറ്റിദ്ധരിച്ച് വിഭിന്ന ദ്രുവങ്ങളില്‍ സംശയാലുക്കളായി മാറുന്ന കാലത്ത് നന്മ തുടിക്കുന്ന പാരസ്പര്യത്തിന്റെ വാതായനങ്ങളായി മാറുന്ന കഥകളാണ് കെ.പി രാമനുണ്ണി രചിക്കുന്നതത്രയും, അതിനാല്‍ തന്നെ ഈ ഹൈന്ദവം കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നതിനെ ഞാന്‍ ഇബാദത്തായി (ദൈവിക ആരാധനയായി) കാണുന്നു.

കഥാകാരന്‍ കെ.പി. രാമനുണ്ണിയുടെ പുതിയ കഥാസമാഹാരം ഹൈന്ദവം പുറത്തിറങ്ങുകയാണ്- ഹൈന്ദവം, വാരിയംകുന്നത്ത് വീണ്ടും, കേരളാമാരത്തോണ്‍, സര്‍വൈലന്‍സ്, പൂര്‍ണ്ണനാരീശ്വരന്‍, ശ്വാസം മുട്ട്, പുരുഷച്ഛിദ്രം, പരമ പീഡനം, ചിരിയും കരച്ചിലും തുടങ്ങിയവയാണ് പുതിയ കഥാസമാഹാരത്തിലെ വിഭവങ്ങള്‍. വര്‍ഗ്ഗീയതയതക്കെതിരെയുള്ള ധൈഷണിക പ്രതിരോധം കൂടിയാണ് ഈ പുസ്തകം.


Content Highlights: K.P Ramanunni, Shukkur Ugrapuram, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented