സതീഷ് ബാബു പയ്യന്നൂർ
സതീഷ്ബാബു പയ്യന്നൂരിന്റെ ഒടുവിലത്തെ കഥാസമാഹാരമായ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്‌റ്റോറിബോര്‍ഡിന് ഡോ. സ്വപ്ന സി കോമ്പാത്തിൻെറ ആസ്വാദനം.
'Death is not the greatest loss in life. The greatest loss is what dies inside us while we live.'
Norman Cousins
അപ്രതീക്ഷിതമായ മരണത്തിലൂടെ സതീഷ് ബാബു പയ്യന്നൂര്‍ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് അദ്ദേഹത്തിന്റെ മാതൃഭൂമി കഥാസമാഹാരം 'സ്റ്റോറിബോര്‍ഡ്' പുറത്തിറങ്ങുന്നത്. മഴയും മരണവും ഇടവിട്ട് പെയ്യുന്ന പതിനഞ്ച് കഥകളുടെ സമാഹാരമാണിത്. മരണത്തിന്റെ മരവിച്ച തണുപ്പും മഴയുടെ ഉണര്‍വേകുന്ന കുളിര്‍മയും വാക്കടയാളങ്ങളിലൂടെ അവശേഷിപ്പിക്കുന്ന കഥകള്‍. കാലത്തിനൊപ്പമുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രമേയപരിചരണമാണ് ഇക്കഥകളുടെ ഹൈലൈറ്റെങ്കിലും വളരെ സൂക്ഷ്മതയോടെ ഗൃഹാതുരതയുടെ നാരുകള്‍ കൊണ്ടാണ് സതീഷ് ബാബു അതില്‍ ചിത്രത്തുന്നലുകള്‍ നടത്തിയിട്ടുള്ളത്. സംഗീതവും സിനിമയും സാഹിത്യവും ഇടകലര്‍ന്നുള്ള ജുഗല്‍ബന്ദിപോലെ അവ അനുവാചകനിലേക്കിറങ്ങി വരുന്നു. പല ആനുകാലികങ്ങളിലായി, പല കാലങ്ങളിലായിപ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരമാണ് 'സ്റ്റോറിബോര്‍ഡ്'. ഈ സമാഹാരത്തിന്റെ പിന്‍കുറിപ്പില്‍ 'സതീഷ് ബാബുവിന്റെ കഥകള്‍ വേനലില്‍ തിമിര്‍ത്തുപെയ്യുന്ന പെരുമഴയാണ് 'എന്നാണ് മധുപാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
'കാലം സര്‍വ്വത്ര മാറിക്കൊണ്ടിരുന്നു. അയാളും'എന്നാണ് ഉള്ളം എന്ന കഥയിലെ സച്ചിദാനന്ദന്‍ വിശ്വസിച്ചിരുന്നത്. തന്റെ ആത്മാവും റിട്ടയര്‍മെന്റിന് കൊതിക്കുകയാണോ എന്ന് കഥയുടെ തുടക്കത്തില്‍ സച്ചിദാനന്ദന്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ കഥാന്ത്യത്തില്‍ തന്റെ ക്രോണിക് ബാച്ചിലര്‍ ജീവിതത്തിന് മനോഹരമായ ഒരു അവസാനം അയാള്‍ തന്നെ കണ്ടെത്തുന്നു. 'ഒറ്റയ്ക്കുള്ള ജീവിതം ഒരു സുഖമാണ് സ്വാതന്ത്ര്യമാണ് ' എന്ന് പ്രഖ്യാപിച്ച സച്ചിദാനന്ദന്റെ ജീവിതത്തിലെ മാറ്റം മാത്രമല്ല, സച്ചിദാനന്ദനുമായി ബന്ധപ്പെട്ട മറ്റു പല ദൂരുഹജീവിതങ്ങളുടെയും കഥ കൂടിയാണ് ഉളളം. 2020-ല്‍ മാതൃഭൂമി ഓണപതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കഥ സംഗീതസാന്ദ്രമായ അനുഭവമാണ്. രാഗങ്ങളും കച്ചേരികളും കഥയുടെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിയ്ക്കുന്നു. കാലത്തിന്റെ പുനരാവര്‍ത്തനമാണ് കൂവളങ്കര കുടുംബയോഗം എന്ന കഥയുടെ കാതല്‍. റവന്യൂ സെക്രട്ടറി നീലകണ്ഠന്‍ കാലത്തിനൊപ്പം സഞ്ചരിച്ച ഒരാളാണ്. വിപ്ലവം പറയുകയും പ്രസംഗിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ സ്വന്തം കുടുംബത്തിന് സംഭവിച്ച ബാധ്യതകളെ അദ്ദേഹം അവഗണിച്ചു. എന്നാല്‍ സ്വന്തം മകളടക്കമുള്ള അടുത്ത തലമുറയിലെ കുട്ടികള്‍ തന്റെ പ്രവര്‍ത്തികളെ തിരുത്താന്‍ ശ്രമിക്കുന്നതിന് അദ്ദേഹം സാക്ഷിയാകേണ്ടി വരുന്നു. അമ്മയുടെ മരണം ആഘോഷിക്കുന്ന സിനിമാക്കാരന്റെ കഥയാണ് ചാവ്. ബന്ധങ്ങളേക്കാള്‍ പ്രശസ്തിക്ക് പ്രാധാന്യം കൊടുക്കുന്ന പ്രേമനെന്ന സിനിമാക്കാരന്റെ കഥയില്ലായ്മയാണ് ഈ കഥയുടെ പ്രമേയം.
കിഴക്കന്‍ കാറ്റില്‍ പെയ്ത മഴയില്‍ ശാഠ്യക്കാരനായ ഒരപ്പൂപ്പനുണ്ട്. തറവാട് വീടായ എട്ടുകെട്ട് പൊളിച്ചു വിറ്റ് വാശി തീര്‍ക്കാന്‍ ശ്രമിക്കുന്ന അപ്പൂപ്പന്‍. അപ്പൂപ്പന്റെ വാശി മറ്റാരോടുമല്ല. മരിച്ചുപോയ ഭാര്യയോടാണ്. അതും നിസ്സാരകാര്യത്തിന്. തന്നോട് ചോദിക്കാതെ സ്വന്തം മാല മകള്‍ക്കൂരി കൊടുത്തു എന്നതാണ് ആ അമ്മ ചെയ്ത കുറ്റം. പക്ഷേ പഴമയുടെ ഗന്ധം ഇഷ്ടപ്പെടുന്ന, കിഴക്കിന്റെ പരമ്പരാഗതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കിടെക്ട് കൂടിയായ പേരക്കുട്ടിയും സുഹൃത്തുക്കളും അപ്പൂപ്പനെ സ്വാധീനിക്കുന്നു. രാമകൃഷ്ണ അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കഥ അവിശ്വസനീയമായ ക്ലൈമാക്‌സിലേക്ക് കടക്കുന്ന ഒരുകുറ്റാന്വേഷണ കഥയുടെ തിരക്കഥയാണെന്ന് തന്നെ പറയാം. അവിശ്വസനീയമായ ഒരു മരണത്തിന്റെ കഥയാണ് മൃത്യോര്‍മാ. തന്റെ മകനാണ് മരിച്ചതെന്നറിയാതെ മറ്റൊരാളെ ആശ്വസിപ്പിക്കുന്ന രാമസ്വാമി അയ്യര്‍ എന്ന കഥാപാത്രം ഉള്ളിലൊരു നീറ്റലായി മാറും. അപൂര്‍വമായ ഒരു അച്ഛന്‍ -മകന്‍ ബന്ധമാണ് നനഞ്ഞ വസ്ത്രത്തിലുള്ളത്.
സ്റ്റോറിബോര്‍ഡ് എന്ന ശീര്‍ഷക കഥ നിരാശകളില്‍ നിന്ന് നിരാശകളിലേക്കുള്ള സിനിമാസീനുകളുടെ ഒരു സ്റ്റോറി ബോര്‍ഡാണ്. സാബുരാജ് പണിക്കര്‍ എന്ന സാബുക്കുട്ടനും മഹിമേന്ദ്രന്‍ എന്ന സംവിധായകനും ഫ്‌ലാറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ശേഖരപിള്ള സാറും എഴുതപ്പെടാത്ത തിരക്കഥയിലെ പ്രധാന കഥാപാത്രങ്ങളാണ്. അപ്രധാനം എന്ന കഥയാണ് ഈ സമാഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയെന്ന് വായന ബോധ്യപ്പെടുത്തുന്നു.ക്ലാരയുടെ കാമുകനും ,അക്ഷരപ്പൂട്ടുകളും പത്രമോഫീസുമായി ബന്ധപ്പെട്ട ചില വ്യാകുലതകളെയാണ് വരച്ചിടുന്നത്. സെക്രട്ടറിയേറ്റ് സര്‍വീസ് ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട വരുംകാല ലോകത്തിന്റെ വാതായനം അത്യപൂര്‍വ്വമായൊരു മാനസികൈകൃത്തിന്റെ കഥയാണ് പറയുന്നത്.
പലകാലങ്ങളിലായി എഴുതപ്പെട്ട കഥകളാണെങ്കിലും കാലത്തെ വെല്ലുന്ന ആഖ്യാനശൈലികൊണ്ടും സാര്‍വ്വലൗകികമായ പ്രമേയ പരിചരണംകൊണ്ടും ഏറെ ഹൃദ്യമായ അനുഭവം നല്‍കുന്നു. മരണമെന്ന അനിവാര്യമായ സത്യത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന വിധത്തില്‍ കഥയിലെ കഥാപാത്രങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ സതീഷ് ബാബു പയ്യന്നൂര്‍ വിജയിച്ചിരിക്കുന്നു. ഓരോ കഥയും വൈവിധ്യമുള്ള പരിസരത്തെ അടയാളപ്പെടുത്തുന്നു. സ്വാഭാവികവും അതേസമയം ദുരൂഹവുമായ ചില സംഭവങ്ങളിലൂടെയാണ് കഥകളെല്ലാം വികസിക്കുന്നത്. ഒരു കഥ തന്നെ മറ്റനേകം കഥകളിലേക്ക് വേരുകള്‍ പടര്‍ത്തുന്നുണ്ട്. കോകില വാതില്‍ തുറക്കുമ്പോള്‍, കഫറ്റേരിയ ,അപ്രധാനം തുടങ്ങിയ കഥകള്‍ മനശാസ്ത്രപരമായ സമീപനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. സംഗീതവും ഉപനിഷത്തും ദര്‍ശനങ്ങളും ചോദ്യവും ഉത്തരവും നിറഞ്ഞ ഈ കഥകള്‍ ലൗകികവും ആത്മീയവുമായ നിരവധി സമസ്യകളിലേക്കുള്ള ഉത്തരസൂചിക കൂടിയാണ്.
Content Highlights: satheeshbabu payyannur, storyboard, review, dr swapna c kombath, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..