സാറാജോസഫ്, പുസ്തകത്തിൻെറ കവർ
മലയാളിയെ സംബന്ധിച്ചിടത്തോളം ആമുഖം ആവശ്യമില്ലാത്ത എഴുത്തുകാരിയാണ് സാറാ ജോസഫ്. എഴുത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ സാറടീച്ചര്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനുഷ്യസ്‌നേഹിയാണ്. മലയാളി സ്ത്രീയെ സ്വത്വബോധത്തിലേക്കും സംഘബോധത്തിലേക്കും വഴി നടത്തിയവരില്‍ പ്രധാനി. പെണ്ണെഴുത്ത് എന്ന പദത്തിന്റെ ശരിയായ രാഷ്ട്രീയം നമുക്ക് ബോധ്യമാകുന്നത് സാറടീച്ചറുടെ കൃതികളിലൂടെയാണ്. ടീച്ചറുടെ അപാരമായ അനുഭവസമ്പത്തിനെയും ആഴത്തിലുള്ള ചിന്തകളെയും ഒരു പുസ്തകത്തില്‍ ഒതുക്കുക എന്നത് സമുദ്രത്തെ കൈക്കുടന്നയില്‍ ഒതുക്കുന്നതുപോലെ ശ്രമകരമാണ്. ആ കൃത്യം വളരെ ശ്രദ്ധയോടെ, ഭാവനയോടെ, ഒഴുക്കോടെ സൂക്ഷ്മമായി നിര്‍വഹിച്ചിരിക്കുകയാണ്
'സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍' എന്ന പുസ്തകത്തിലൂടെ കെ.വി. സുമംഗല.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ജീവചരിത്രകൃതിയില്‍ ഉരുവം, ഒരിടത്ത്, മുറിയുന്ന നിശബ്ദതകള്‍, എതിര്‍നിലയിലെ പ്രതിരോധങ്ങള്‍, ആലയം എന്നിങ്ങനെ അഞ്ചു തലക്കെട്ടുകളിലായി സാറാടീച്ചറുടെ ജീവിതത്തെ ക്രമീകരിക്കുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ കെ. ജി എസ്, സാറാ ജോസഫ് എന്ന അഗ്‌നി സുമംഗലയുടെ ഭാഷയില്‍ ജ്വലിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. 'കിളരം വെച്ചു തുടങ്ങുന്ന നാഗരികതയുടെ ഓരത്ത് നാമ്പിടുന്ന മെഴുതിരിനാളമായും, ആളിയുണരാന്‍ സിരയില്‍ കുളിര്‍സ്പര്‍ശം കാത്തുകിടക്കുന്ന തൃഷ്ണയുടെ കനല്‍പ്പൊള്ളലായും, കഥനങ്ങളില്‍ സമഗ്രമാവുന്ന ചോദനാജ്വാലയായും, സമനീതിക്കായി കടുമൂര്‍ച്ഛ വീശുന്ന ക്ഷുബ്ധപ്രകാശമായും, സന്ധ്യയ്ക്ക് സരോന്മുഖമാവുന്ന സ്‌നേഹദീപമായും ,വളര്‍ന്നു പടര്‍ന്ന് പടിഞ്ഞ ചരിത്രമാകുന്ന സാറാ ജോസഫ് എന്ന അഗ്‌നിയെ സുമംഗല നേര്‍മൊഴിയില്‍ ആവാഹിച്ചിരുത്തിയിരിക്കുന്നു എന്നാണ് സാറാഗ്‌നി എന്ന അവതാരികയില്‍ കെ..ജി.എസ് കവിത പോലെ കുറിച്ചിടുന്നത്.
'സാഹിത്യത്തെയും സാമൂഹ്യവര്‍ത്തമാനത്തെയും ഒപ്പം കൊണ്ട് നടന്ന ഒരു പെണ്ണകത്തിന്റെ സങ്കീര്‍ണ്ണമായ വൈവിദ്ധ്യങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത് 'എന്ന വെളിപ്പെടുത്തലാണ് അഗ്‌നിമുകിലുകള്‍ പിറന്നയിടം എന്ന ആമുഖത്തിന്റെ സവിശേഷത. സാധാരണ ജീവചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാല്പനികമായ ഭാഷയും കണ്‍മുന്നില്‍ തെളിയുന്ന ജീവിതചിത്രങ്ങളുമാണ് ഈ ജീവചരിത്രത്തിന്റെ വ്യത്യസ്തത. കല്ലടുപ്പുകള്‍ വേവുകള്‍,വാഴ്‌വുകള്‍ ,ചുവടുകള്‍ ഇറങ്ങിപ്പുറപ്പെട്ടവള്‍, ദൈവം എന്ന ആനന്ദം തുടങ്ങി മുപ്പത്തിയാറ് തലക്കെട്ടുകളിലൂടെയാണ് 1946 മുതല്‍ 2023 വരെയുള്ള സാറായനത്തെ സുമംഗല അടയാളപ്പെടുത്തുന്നത്. പലതവണ പല അഭിമുഖങ്ങളിലൂടെ ടീച്ചര്‍ പറഞ്ഞുതീര്‍ത്ത വീടിനെക്കുറിച്ചും ബാല്യത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാണ് ഉരുവം എന്ന ഒന്നാം ഖണ്ഡത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ക്രമമായ ചിട്ടപ്പെടുത്തലിലൂടെ അത് നാല്‍പ്പതുകളിലെയും അമ്പതുകളിലെയും കുരിയച്ചിറയുടെ ചരിത്രമാകുന്നു. തൃശ്ശൂരിന്റെ ഭൂതകാലം അമ്പതുകളിലെ വിശ്വാസത്തോടും പ്രവണതകളോടും പ്രസ്ഥാനങ്ങളോടും ദാരിദ്ര്യത്തോടും സ്ത്രീകളോടും പ്രതികരിച്ചതെങ്ങിനെ എന്ന് വ്യക്തമാക്കുന്നു.
മുറപ്രകാരം ഇടേണ്ട അന്നമ്മ എന്ന പേരിനു പകരം അപ്പാപ്പന്‍ പഴയ നിയമത്തില്‍ നിന്നും കണ്ടെത്തിയ സന്തതി പരമ്പരകളുടെ അമ്മയായ സാറ എന്ന പേര് കുഞ്ഞിനിടുമ്പോള്‍ അവള്‍ കേരളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയും ആകുമെന്ന് പ്രതീക്ഷിച്ചിരിക്കും. രണ്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തേണ്ടി വന്ന സാറ എന്ന മിടുക്കി പെണ്‍കുട്ടിയെ നമ്മള്‍ അറിഞ്ഞിരുന്നില്ല. കെട്ടിച്ചു വിടണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമാണ് സ്വന്തം അമ്മയ്ക്ക് സാറയെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ അധ്വാനിച്ചാലേ ഉണ്ടാവൂ എന്ന അറിവ് അവര്‍ക്ക് പകര്‍ന്നുനല്‍കിയത് ഭര്‍ത്താവിന്റെ അമ്മയാണ്. വിവാഹവും മൂന്നു മക്കളുടെ ഉത്തരവാദിത്തവും സാമ്പത്തികമായ അരക്ഷിതാവസ്ഥയും സാറയെ തളര്‍ത്തിയില്ല. കുടുംബത്തോടും സമുദായത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കേണ്ടി വരുന്ന മാനസികാവസ്ഥയിലും തനിക്ക് തന്നെ ഊര്‍ജ്ജം പകരേണ്ടത് താന്‍ തന്നെയാണെന്ന ബോധ്യത്തിലാണ് ജോലിയോടൊപ്പം ഉപരിപഠനവും തുടര്‍ന്നത്. സത്യം പറഞ്ഞാല്‍ ചലച്ചിത്രത്തെ വെല്ലുന്ന സൂപ്പര്‍ ക്ലൈമാക്‌സാണ് സാറടീച്ചറുടെ ജീവിതം .
കഠിനമായി അധ്വാനിക്കാനുള്ള മനസ്സ്, അതാണ് അവരെ ഇന്ന് കാണുന്ന സാറാ ജോസഫിലേക്കെത്തിച്ച മൂലധനം. പട്ടാമ്പി കോളേജിലെ ജീവിതമാണ് ടീച്ചറെ മാറ്റിമറിച്ചത്. ടീച്ചറുടെ നേതൃത്വത്തില്‍ ആരംഭിച്ച മാനുഷി എന്ന സംഘടന കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രത്തിലെ പ്രഥമ നാഴികക്കല്ലാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഓരോ സംഭവവും ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും പ്രതിഷേധിക്കേണ്ടതിന്റെ ഉത്തരവാദിത്തവും ഒരു തലമുറയെ ബോധ്യപ്പെടുത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യത്തെ സധൈര്യം ഏറ്റെടുത്ത സാറയെ ഒരിടത്ത് എന്ന ഖണ്ഡത്തില്‍ നമ്മള്‍ വായിച്ചെടുക്കുന്നു. തുടര്‍ന്നുള്ള മൂന്നു ഖണ്ഡങ്ങളും കേരള ചരിത്രത്തിന്റൈ സ്ത്രീ സമീപനങ്ങളുടെ, വിവിധ പ്രത്യയശാസ്ത്രങ്ങളുടെ സ്ത്രീപക്ഷത്തെ ,സ്ത്രീകളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ സമീപിച്ചതെങ്ങനെ എന്ന് വിശദമാക്കുന്നു. സമാന്തരമായ ഒരു ബോധധാരയയിലൂടെ സമരം നടത്താനും വിജയിക്കാനും സാധിച്ച പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരിയുടെ വളര്‍ച്ചയും അവള്‍ ചരിത്രമായി മാറുന്നതുമാണ് അവസാന ഖണ്ഡങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
മകള്‍, സഹോദരി, ഭാര്യ, അമ്മ, അധ്യാപിക, സ്‌നേഹിത, സാഹിത്യകാരി, സംഘടനാ പ്രവര്‍ത്തക, രാഷ്ട്രീയപ്രവര്‍ത്തക എന്നിങ്ങനെ വിവിധ പദവികളില്‍ സാറാ ജോസഫ് സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തുന്നതെങ്ങനെ എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. മികച്ച ഒരു ജീവചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃതി സാറാ ജോസഫിനെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകള്‍ എന്ന അനുസ്യൂതിയുടെ പ്രാരംഭമാണ്. പ്രതിസന്ധികളെയും പ്രതിരോധങ്ങളെയും ചെറുത്തുതോല്‍പ്പിച്ച അസാധാരണ സ്ത്രീയുടെ അതിഗംഭീരമായ ജീവിതത്തെ നിരന്തരം പിന്തുടരാന്‍ ഓരോ വായനക്കാരെയും പ്രചോദിപ്പിക്കുന്ന രചനയാണിത്. കനല്‍ വഴികളെ താണ്ടി, ചരിത്രം സൃഷ്ടിച്ച സാറാ ജോസഫിന്റെ ജീവിതത്തെ സര്‍ഗാത്മകമായി അടയാളപ്പെടുത്തിയ ഈ കൃതി കേരളചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീ പ്രതിഷേധങ്ങളുടെ മാനിഫെസ്റ്റോയാണ്...ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും പാഠപുസ്തകമാണ് സുമംഗലയുടെ ഈ ചരിത്രനിയോഗം.
Content Highlights: sarah joseph, k.v sumangala, dr swapna c kombath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..